Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയ താണ്ഡവത്തിൽ വിറച്ച് കേരളം; മുല്ലപ്പെരിയാർ നിറഞ്ഞു കവിഞ്ഞതോടെ പുലർച്ചെ രണ്ട് മണിക്ക് ഡാം തുറന്നത് ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് കൂട്ടി; ചെറുതോണി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം പെരിയാറിലേക്ക്; ആലുവയിൽ വൻ പ്രതിസന്ധി; നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു; വയനാടും കോഴിക്കോട്ടെ മലയോരവും മൂന്നാറും പൂർണ്ണമായും ഒറ്റപ്പെട്ടു; കുട്ടനാട് പ്രതിസന്ധി അതിരൂക്ഷം; തിരുവനന്തപുരത്തും ആഞ്ഞുവീശി കാലവർഷം; പേമാരിയിൽ 7 ജില്ലകളിൽ റെഡ് അലർട്ട്

പ്രളയ താണ്ഡവത്തിൽ വിറച്ച് കേരളം; മുല്ലപ്പെരിയാർ നിറഞ്ഞു കവിഞ്ഞതോടെ പുലർച്ചെ രണ്ട് മണിക്ക് ഡാം തുറന്നത് ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് കൂട്ടി; ചെറുതോണി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം പെരിയാറിലേക്ക്; ആലുവയിൽ വൻ പ്രതിസന്ധി;  നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു; വയനാടും കോഴിക്കോട്ടെ മലയോരവും മൂന്നാറും പൂർണ്ണമായും ഒറ്റപ്പെട്ടു; കുട്ടനാട് പ്രതിസന്ധി അതിരൂക്ഷം; തിരുവനന്തപുരത്തും ആഞ്ഞുവീശി കാലവർഷം; പേമാരിയിൽ 7 ജില്ലകളിൽ റെഡ് അലർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഴയുടെ പ്രളയ താണ്ഡവം കേരളത്തിൽ തുടരുന്നു. സംസ്ഥാനത്തുടനീളം ഇന്നലെ രാത്രി പെരുമഴയായിരുന്നു. ഇപ്പോഴും മഴയ്ക്ക് ശമനമില്ല, ഇതോടെ ഭീതി ഉയരുകയാണ്. മുല്ലപ്പെരിയാർ ഡാം തുറന്നതും ഇടുക്കിയിൽ നിന്ന് കൂടുതൽ വെള്ളമൊഴുക്കുന്നതും പെരിയാറിന്റെ തീരത്തെ ആശങ്കയിലാക്കി. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു. ഇടുക്കിയിലും കോഴിക്കോടും വയനാടും ഭീതി കൂട്ടുന്നു. എല്ലാ ഡാമുകളും നിറഞ്ഞു കവിയുകയാണ്. ഡാമുകളിൽ നിന്ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവും കൂട്ടും. മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് പാലക്കാട് ജില്ലകളിൽ 15 വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

വയനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂരിന്റെയും മലപ്പുറത്തിന്റെയും മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയിൽ നിരവധി ഉരുൾപൊട്ടലുണ്ടായി. കോഴിക്കോട് പുതുപ്പാടി കണ്ണപ്പൻകുന്ന്, കരുവാരക്കുണ്ട് മണിലിയാപാടം, താമരശേരി മൈലിളാംപാറയിൽ ഉരുൾപൊട്ടി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മലപ്പുറം ആഢ്യൻപാറ ജലവൈദ്യുതി പദ്ധതി അടച്ചിടും. സുരക്ഷാജിവനക്കാരോട് പദ്ധതി പ്രദേശത്ത് നിന്ന് മാറിനിൽക്കാൽ നിർദ്ദേശം നൽകി. ചാലിയാർ കരകവിഞ്ഞതിനാൽ നിലമ്പൂരിൽ ഭീതി അതിശക്തമാണ്. കൊച്ചിയിലും ദുരിതങ്ങൾ ഏറുകയാണ്. പെരിയാർ നിറഞ്ഞു കവിയുന്നതോടെ ആലുവ വീണ്ടും വെള്ളത്തിനടിയിലായി. ഇടുക്കിയിലെ ജലനിരപ്പ് ഉയരുന്നതും പ്രതിസന്ധിയാണ്.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. 11 ഷട്ടറുകൾ ഒരടി വീതമാണ് തുറന്നത്. ജലനിരപ്പ് 140 അടി പിന്നിട്ടതിന് പിന്നാലെ ബുധനാഴ്ച പുലർച്ച 2.30 ഓടെയാണ് ഷട്ടറുകൾ തമിഴ്‌നാട് തുറന്നത്. സെക്കന്റിൽ 4490 ഘനയടി വെള്ളമാണ് സ്പിൽ വേ പുറത്തേക്കൊഴുകുന്നത്. ഇതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരും. നിലവിൽ മുല്ലപെരിയാറിലെ മൂന്ന് ഷട്ടറുകൾ അടച്ചിട്ടുണ്ട്. എന്നാൽ ശക്തമായ മഴ തുടർന്നാൽ എന്തു ചെയ്യണമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. പമ്പാ നദിയും കരവിഞ്ഞൊഴുകുകയാണ്. ഇതു മൂലം ശബരിമല ക്ഷേത്രത്തിലെ നിറപുത്തിരിയും പ്രതിസന്ധിയിലായി. തിരുവനന്തപുരത്തും മഴ തുടരുകയാണ്. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.

മൂല്ലപ്പെരിയാർ തുറന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് നേരത്തെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും സർക്കാർ നടപടികളുമായി സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്ന സാഹചര്യം മുന്നിൽ കണ്ട് ചെറുതോണിയിൽ നിന്നും വർധിച്ച അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടാൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നേരത്തെ തീരുമാനിച്ചതാണ്. ഇതനുസരിച്ച് ബുധനാഴ്ച പുലർച്ച മുതൽ സെക്കന്റിൽ ഏഴര ലക്ഷം ലിറ്റർ വെള്ളമാണ് ചെറുതോണിയിൽ പുറത്തേക്കൊഴുക്കുന്നത്. ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിപ്പ് പുലർച്ചെ നാലു മണിയോടെ 2398.28 അടിയിലെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം വണ്ടിപ്പെരിയാർ ചപ്പാത്തുവഴി ഇടുക്കിയിലേക്ക് എത്തുന്നതോടെ അണക്കെട്ടിൽ വീണ്ടും വെള്ളം ഉയരും. പെരിയാറിന്റെ തീരത്തുള്ള അയ്യായിരത്തോളം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റുന്നുണ്ട്.

ഇടുക്കിയിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക്

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ചെറുതോണി വഴി പുറത്ത് വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും വർധിപ്പിക്കും. സെക്കന്റിൽ ആറു ലക്ഷം ലിറ്റർ വെള്ളമാണ് നിലവിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ വഴി പുറത്ത് വിടുന്നത്. ഇത് എട്ട് ലക്ഷം ലിറ്ററാക്കി ഉയർത്തും. ബുധനാഴ്ച പുലർച്ച ഒരു മണിയോടെയായിരിക്കും കൂടുതൽ അളവിൽ വെള്ളം പുറത്തുവിടുകയെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ഇതേ തുടർന്ന് പെരിയാറിന്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഇടുക്കിയിൽ 2397.74 അടിയാണ് നിലവിലെ ജലനിരപ്പ്.

ജലനിരപ്പ് ഉയർന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ സാധ്യതയുള്ളതിനാൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനിടെ ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു. അണക്കെട്ടിന്റെ സംഭരണ ശേഷിയേക്കാൾ ഉയർന്നിട്ടുണ്ട് ഇവിടുത്തെ ജലനിരപ്പ്. രാത്രി പത്ത് മണിയോടെ 169.10 മീറ്ററാണ് ഇടമലയാറിലെ ജലനിരപ്പ്. 169 മീറ്ററാണ് ഇടമലയാറിന്റെ പരമാവധി ശേഷി.

നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു

വെള്ളം കയറിയതിനെത്തുുടർന്ന് നെടുമ്പാശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. നേരത്തെ പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ വിമാനങ്ങളിറക്കുന്നത് നിറുത്തി വെച്ചതായി സിയാൽ അറിയിച്ചിരുന്നു. പിന്നീട്, വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിക്കാത്ത അവസ്ഥ വന്നതോടെ വിമാനത്താവലം നാല് ദിവസത്തേക്ക് അടച്ചിടാൻ തീരുാനിക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിലും വെള്ളം കയറിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചതിനാൽ എയർ ഇന്ത്യാ എക്സ്‌പ്രസിന്റെ എല്ലാ സർവീസുകളും മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു.

ശബരിമലയിൽ നിറപുത്തിരി വൈകും

ബുധനാഴ്ച നടക്കാനിരുന്ന നിറപുത്തരി ആഘോഷത്തിനായി നെൽ കതിരുകളുമായി സന്നിധാനത്തേക്ക് തിരിച്ച തന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യാത്ര നിർത്തിവച്ചു. തന്ത്രിയും സംഘവും ഉപ്പുപാറക്കടുത്തുള്ള വനംവകുപ്പിന്റെ പെരിയാർ കടുവാ സങ്കേതം ക്യാമ്പിൽ താമസിക്കും. പമ്പയിൽ മഴയായതിനാൽ തീർത്ഥാടകർക്കും ശബരിമലയിലേക്ക് പോകാനാവാത്ത അവസ്ഥയാണുള്ളത്.

കനത്ത മഴയും മൂടൽ മഞ്ഞും വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്ത് വനം വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് യാത്ര നിർത്തിവച്ചത്. മാത്രമല്ല തീർത്ഥാടന കാലമല്ലാത്തതിനാൽ പാത ഏറെ ദുർഘടമായിരിക്കുന്നതും യാത്ര നിർത്തിവെക്കാൻ കാരണമായി. നാളെ രാവിലെ കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് യാത്ര തുടരും. ബുധനാഴ്ച രാവിലെ ആറിന് സന്നിധാനത്ത് നടത്താനിരുന്ന നിറപുത്തരിച്ചടങ്ങുകൾ സംഘം എത്തിയതിന് ശേഷമാകും നടത്തുക.

കോഴിക്കോടും നാശ നഷ്ടം രൂക്ഷം; വയനാട് ഒറ്റപ്പെട്ടു

മഴയിൽ കോഴിക്കോട് ജില്ലയുടെ മലയോരം പൂർണമായും ഒറ്റപ്പെടുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുതൽ തുടങ്ങിയ മഴയിൽ ശക്തമായ മലവെള്ളപ്പാച്ചിലാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയ താമരശ്ശേരി കണ്ണപ്പൻ കുണ്ടിൽ വീണ്ടും ഉരുൾപൊട്ടി. താമരശ്ശേരി ചുരത്തിൽ മാത്രം രണ്ടിടത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇരുവഞ്ഞിപ്പുഴയും പൂനൂർപുഴയും കുറ്റ്യാടിപ്പുഴയും കരകവിഞ്ഞൊഴുകുന്നു. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായി റോഡ് ഒലിച്ചുപോയ കക്കയം ഭാഗത്ത് വീണ്ടും ഉരുൾപൊട്ടി. കക്കയത്ത് രണ്ടിടത്താണ് ഉരുൾപൊട്ടിയത്.

താമരശ്ശേരി വനത്തിലും ചിപ്പിലിത്തോടും ഉരുൾപൊട്ടി. കൃഷിയിടങ്ങളും പാടങ്ങളും പൂർണമായും വെള്ളത്തിനടിയിലായി. കോഴിക്കോട് നായാടുംപൊയിലിലാണ് റോഡ് ഒലിച്ചുപോയത്. കക്കയം ഡാമിന്റെ പെരുവണ്ണാമൂഴി ഷട്ടർ തുറന്ന് ആറടി വരെ വെള്ളം ഒഴുക്കാൻ സാധ്യതയുള്ളതിനാൽ കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരും പരിസരവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, ചെങ്ങരോത്ത്, കുറ്റ്യാടി പഞ്ചായത്തുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. പുഴയുടെ തീരത്തുനിന്ന് മാറി താമസിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

കനത്ത മഴയിൽ വ്യാപകമായി മണ്ണിടിച്ചിൽ ഉള്ളതിനാൽ കക്കയം - തലയാട് റോഡിൽ വാഹന ഗതാഗതം പരിമിതപ്പെടുത്തി. മലയോരങ്ങളിൽ രാത്രകാല യാത്ര പരിമിതപ്പെടുത്തണമെന്ന് ബന്ധപ്പെട്ടവർ നിർദ്ദേശിച്ചു. ഉരുൾപൊട്ടലുണ്ടായതിനാൽ വയനാട് ചുരം റോഡിലൂടെയുള്ള യാത്ര കർശനമായി പരിമിതപ്പെടുത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ യു.വി ജോസ് അറിയിച്ചിട്ടുണ്ട്.

പഴയ മൂന്നാർ ആട്ടുപാലം ഒലിച്ചുപോയി

മൂന്നാറിൽ അതിശക്തമായ മഴയാണു പെയ്തിതിറങ്ങിയത്. മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകൾകൂടി തുറന്നതോടെ മുതിരപ്പുഴയാർ കരകവിഞ്ഞൊഴുകി. മുതിരപ്പുഴയാറിന്റെ കൈവഴികളായ നല്ലതണ്ണിയാറും കന്നിമലയാറും തിങ്കളാഴ്‌ച്ച രാത്രിയിൽത്തന്നെ കര കവിഞ്ഞിരുന്നു. ഡാമിന്റെ ഷട്ടറുകൾകൂടി തുറന്നതോടെ മുതിരപ്പുഴയാറിൽ ജലനിരപ്പ് 10 അടി ഉയർന്നു. ഇതോടെ മറയൂർ ജങ്ഷൻ മുതൽ മൂലക്കടവരെയുള്ള മുതിരപ്പുഴയാറിന്റെ തീരത്തെ വീടുകളും വ്യാപാരസ്ഥാപനങ്ങളും മുങ്ങി.

ചരിത്രപ്രസിദ്ധമായ പഴയ മൂന്നാർ ആട്ടുപാലം ഒലിച്ചുപോയി. ദേശീയപാത അടക്കമുള്ള റോഡുകളിൽ വെള്ളം കയറിയതോടെ മൂന്നാർ ടൗൺ പൂർണമായി ഒറ്റപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട്. മൂന്നാറിലേക്കുള്ള എല്ലാ റോഡുകളിലും രാത്രിയാത്രക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP