Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റെക്കോഡ് മഴ, പ്രളയക്കെടുതി; ഇന്ന് മരിച്ചത് 25 പേർ; കൂടുതൽ കേന്ദ്രസേന കേരളത്തിലേക്ക്; മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റെ ഒളിച്ചു കളി ആശങ്ക കൂട്ടുന്നുവെന്ന് വിലയിരുത്തി പിണറായി സർക്കാർ; പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താൻ വ്യോമ, നാവിക, കര സേനകളെ സജീവമാക്കും; പെരിയാറിന്റെ തീരത്ത് ഹർത്താൽ പ്രതീതി; പേമാരിയിൽ എട്ട് ജില്ലകളിൽ ജീവിത ദുരിതം തുടരുന്നു

റെക്കോഡ് മഴ, പ്രളയക്കെടുതി; ഇന്ന് മരിച്ചത് 25 പേർ; കൂടുതൽ കേന്ദ്രസേന കേരളത്തിലേക്ക്; മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റെ ഒളിച്ചു കളി ആശങ്ക കൂട്ടുന്നുവെന്ന് വിലയിരുത്തി പിണറായി സർക്കാർ; പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താൻ വ്യോമ, നാവിക, കര സേനകളെ സജീവമാക്കും; പെരിയാറിന്റെ തീരത്ത് ഹർത്താൽ പ്രതീതി; പേമാരിയിൽ എട്ട് ജില്ലകളിൽ ജീവിത ദുരിതം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ കേന്ദ്ര സേനയെ ആവശ്യപ്പെടാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താൻ വ്യോമ, നാവിക, കര സേനകളുടെ സഹായം തേടാനും കളക്ടർമാരെ സഹായിക്കാൻ സ്പെഷ്യൽ ഓഫീസർമാരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.

ജലനിരപ്പ് 142 അടിയിലേക്കുയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കാൻ യോഗത്തിൽ തീരുമാനമായി. ജലനിരപ്പ് 142 അടിയിലേക്കുയർത്താൻ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചുവെന്നാണ് യോഗത്തിന്റെ വിലയിരുത്തിൽ. ഇത് കേരളത്തിന് ഏറെ വെല്ലുവിളിയാണ്. നിലവിൽ കേരളത്തിൽ 33 ഡാമുകൾ തുറന്നിട്ടുണ്ട്. കേരളത്തിലെ 44 നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ഈ സാഹചര്യത്തിൽ മഴക്കെടുതി അതിരൂക്ഷമാകാനുള്ള സാധ്യത സർക്കാർ തിരിച്ചറിയുന്നുണ്ട്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ഇപ്പോഴും തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ട്. സ്പിൽവേ പുലർച്ചെ രണ്ടരയ്ക്ക് തുറന്നിട്ടും ജലനിരപ്പ് ഉയരുന്നതാണ് കേരളത്തിന്റെ ആശങ്കയ്ക്ക് കാരണം. പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റർ പരിധിയിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ നിന്നും പുറത്തുവിടുന്ന ജലത്തിന്റെ അളവ് സെക്കന്റിൽ 15 ലക്ഷം ഘനമീറ്ററായി ഉയർത്തി. മുല്ലപ്പെരിയാറിന്റെ സമീപ പ്രദേശമായ ചപ്പാത്തിൽ പാലം പൂർണമായും വെള്ളത്തിൽ മുങ്ങി.

അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഹർത്താലിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. മലപ്പുറം, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ഉരുൾപ്പൊട്ടൽ വ്യാപകമാകുന്നുണ്ട്. ഇതിനോടകം 12 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് അടിയന്തര സാഹചര്യം നേരിടാനാണ് സർക്കാർ കൂടുതൽ സേനയെ ആവശ്യപ്പെടുന്നത്. പല ജില്ലകളിലും റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്. ദുരിതപെയ്ത്തിൽ ഇന്ന് മാത്രം ഏഴ് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇടുക്കി, മലപ്പുറം, തൃശൂർ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്യുന്നത്.

മൂന്നാറിൽ പോസ്റ്റ് ഓഫീസിന് സമീപം ലോഡ്ജ് തകർന്ന് വീണ് ഒരാൾ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഏഴ് പെരെ നാട്ടുകാർ രക്ഷപ്പെടുത്തി. മലപ്പുറം പുളിക്കൽ കൈതക്കുണ്ടയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് കണ്ണനാരി അസീസും ഭാര്യ സുനീറയും മരിച്ചു. അടുത്തമുറിയിലായിരുന്ന മക്കൾ രക്ഷപ്പെട്ടു. തൃശൂർ വലപ്പാട് പൊട്ടിവീ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് മത്സ്യത്തൊഴിലാളിയായ രവീന്ദ്രൻ മരിച്ചു. റാന്നിയിൽ മുങ്ങിയ വീട്ടിൽ ഷോക്കേറ്റ് ഒരാളും മരിച്ചു.ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾ പൊട്ടി മൂന്ന് പേർ മരിച്ചു. നെടുങ്കണ്ടം പച്ചടി പത്തുവളപ്പിന് സമീപമാണ് ഉരുൾപൊട്ടിയത്.

ചിരിത്രത്തിലാദ്യമായാണ് ഇത്രയും അണക്കെട്ടുകൾ ഒരുമിച്ച് തുറക്കുന്നത്. പമ്പ അണക്കെട്ട് തുറന്നതും ശക്തമായ മഴയും പമ്പാനദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായി. പമ്പ തീരത്തുള്ളവർക്ക് അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. റാന്നി ടൗൺ, ഇട്ടിയപ്പാറ, വടശേരിക്കര, ആറന്മുള സത്രക്കടവ് തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നെടുമ്പാശേരി എയർപ്പോർട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് എയർപോർട്ട് നാല് ദിവസത്തേക്ക് അടച്ചിരിക്കുകയാണ്. റൺവേയിലും പാർക്കിങ് ബേയിലും വെള്ളം നിറഞ്ഞൊഴുകുകയാണ്. വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിലും വെള്ളം കയറയതോടെയാണ് വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചത്. ചെങ്കൽതോട് കരകവിഞ്ഞ് ഒഴുകുന്നതാണ് വിമാനത്താവളത്തിൽ വെള്ളം കയറാൻ കാരണം.

ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് കേരളത്തിലെ കനത്ത മഴയക്ക് കാരണം. ഇന്ന് വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമായി എട്ട് ജില്ലകളിൽ ശക്തമായി മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുകയാണ്. ഇത് ശനിയാഴ്ച വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. 1924 (മലയാള വർഷം 1099), 1961, 1994, 1999, 2008 തുടങ്ങിയ വർഷങ്ങളിലായിരുന്നു ഇതിനു മുമ്പ് വലിയൊരു മഴയ്ക്കു കേരളം സാക്ഷ്യം വഹിച്ചത്. ഇത്തവണ പെയ്യുന്ന മഴ ആ റെക്കോഡുകളും തകർക്കുമോ എന്ന ആശങ്ക ശക്തമാവുകയാണ്. പലയിടത്തും 27 സെന്റിമീറ്ററിലധികം മഴയാണു തുടർച്ചയായി പെയ്യുന്നത്. ഇതുമൂലമുള്ള മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും തുടരുന്നതും പേടിപ്പെടുത്തുന്ന സാഹചര്യത്തിലേക്കു കേരളത്തെ തള്ളിവിട്ടിരിക്കുകയാണ്.

ബുധനാഴ്ച രാവിടെ എട്ടു വരെയുള്ള 24 മണിക്കൂറിൽ പീരുമേട്ടിലാണ് ഏറ്റവും കനത്ത മഴ രേഖപ്പെടുത്തിയത്; 27 സെന്റീമീറ്റർ. ഇടുക്കിയിൽ 23 സെന്റിമീറ്ററും മൂന്നാറിൽ 22 സെന്റിമീറ്ററും മഴ ലഭിച്ചു. മറ്റിടങ്ങളിൽ ലഭിച്ച മഴയുടെ അളവ് ഇങ്ങനെ: കരിപ്പൂർ (21 സെന്റിമീറ്റർ), കോഴിക്കോട് (20), ഇരിക്കൂർ, ആലത്തൂർ (18), തൊടുപുഴ (17), മട്ടന്നൂർ, തളിപ്പറമ്പ് (14). അടുത്ത നാലു ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ അതീവ ജാഗ്രത പുലർത്താൻ ഉദ്യോഗസ്ഥർക്കും ദുരന്തനിവാരണ രംഗത്തുള്ള ഏജൻസികൾക്കും അദ്ദേഹം നിർദ്ദേശം നൽകി. ദുരന്തനിവാരണ പ്രവർത്തനത്തിലും ദുരിതാശ്വാസത്തിലും എല്ലാം മറന്ന് മുഴുകാൻ അദ്ദേഹം സന്നദ്ധസംഘടനകളോടും ജനങ്ങളോടും അഭ്യർത്ഥിച്ചു.

കേരളത്തിലെ പല ജില്ലകളും ഗുരുതരമായ വെള്ളപ്പൊക്കം നേരിടുകയാണ്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പമ്പയിലെ വെള്ളപ്പൊക്കം കാരണം റാന്നി, തിരുവല്ല തുടങ്ങിയ പ്രദേശങ്ങൾ വലിയ ഭീഷണി നേരിടുകയാണ്. ഇടുക്കി, മുല്ലപ്പെരിയാർ, മാട്ടുപ്പെട്ടി അണക്കെട്ടുകളിൽ നിന്നും വെള്ളം തുറന്നുവിടുന്നതു കാരണം ഇടുക്കി ജില്ലയിലെ മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുന്നു. ആലുവ, പരവൂർ തുടങ്ങി പെരിയാറിന്റെ കരയിലുള്ള പ്രദേശങ്ങളും വെള്ളപ്പൊക്കക്കെടുതി നേരിടുന്നു. ഇടമലയാർ അണക്കെട്ടിൽ ഇപ്പോൾ പരമാവധിയിലധികം വെള്ളം നിൽക്കുന്ന അവസ്ഥയിലാണ്. ഷോളയാർ, പെരിങ്ങൽകുത്ത് എന്നിവിടങ്ങളിൽ നിന്ന് വെള്ളം തുറന്നുവിടുന്നതു കാരണം ചാലക്കുടി പുഴയിലും വെള്ളം പൊങ്ങുകയാണ്. സംസ്ഥാനത്തെ 35 ജലസംഭരണികളിൽ നിന്നും ഇപ്പോൾ വെള്ളം തുറന്നു വിട്ടുക്കൊണ്ടിരിക്കുകയാണ്. നീണ്ട കാലത്തിനു ശേഷമാണ് മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്നു വിടുന്നത്. കുട്ടനാട്ടിലും വെള്ളം ഉയരാൻ സാധ്യതയുണ്ട്.

വെള്ളപ്പൊക്കം കാരണം പമ്പ, ഭാരതപ്പുഴ, പെരിയാർ, ചാലിയാർ തുടങ്ങിയ നദികളിൽ നിന്നുള്ള ശുദ്ധജലവിതരണം തകരാറിലായിരിക്കുകയാണ്. വാട്ടർ അഥോറിറ്റിയുടെ പമ്പ് സെറ്റുകൾ പലതും കേടായി. ശുദ്ധീകരണ പ്ലാന്റുകൾ പലതും പ്രവർത്തനരഹിതമായി ഈ സാഹചര്യം നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.ജലവിതരണം തകരാറിലാവാത്ത സ്ഥലങ്ങളിൽ നിന്ന് വെള്ളം ശേഖരിച്ച് വെള്ളം അവശ്യമുള്ള മേഖലകളിൽ എത്തിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. ടാങ്കുകളിൽ വെള്ളം സംഭരിച്ച് ബോട്ടുകളിൽ ജനങ്ങൾക്ക് എത്തിക്കണം. വാട്ടർ അഥോറിറ്റിയുടെ സംവിധാനത്തിലൂടെ ലഭിക്കുന്ന വെള്ളത്തിന്റെ ഉപയോഗം പരിമിതപ്പെടുത്താൻ ജനങ്ങളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.രക്ഷാപ്രവർത്തനത്തിന് കൂടുതൽ ബോട്ടുകൾ തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവരാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി.

കിട്ടാവുന്നിടത്തുനിന്നെല്ലാം ബോട്ടുകൾ എത്തിച്ച് വെള്ളപ്പൊക്കം കൂടുതലുള്ള സ്ഥാലങ്ങളിൽ ലഭ്യമാക്കണം. വെള്ളപ്പൊക്കഭീഷണി കണക്കിലെടുത്ത് തിരുവല്ലയിലേക്ക് നേവിയുടെയും ആർമിയുടെയും വിഭാഗങ്ങളെ അയച്ചുകഴിഞ്ഞു. അത്യാവശ്യ സഹായത്തിന് അയൽ സംസ്ഥാനങ്ങളെ ബന്ധപ്പെടാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP