Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോനി നീങ്ങുന്നത് വടക്ക് കിഴക്കൻ ദിശയിലേക്ക്; തമിഴ്‌നാട്-ആന്ധ്ര തീരങ്ങളിൽ നിന്ന് ഗതിമാറിയുള്ള പോക്ക് കേരളത്തിന് ആശ്വാസമാകും; അതിതീവ്ര ന്യൂനമർദ്ദം കേരളത്തിലെത്തിക്കുക അതിശക്തമായ മഴയെന്നും പ്രവചനം; കാറ്റ് വീശുക 60 കിലോമീറ്റർ വേഗതയിൽ; പ്രളയത്തിനുള്ള സാധ്യത അടഞ്ഞെന്ന വിലയിരുത്തലിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; മഴയെ പ്രതിരോധിക്കാൻ യെല്ലോ അലർട്ട് തുടരും; മത്സ്യബന്ധനത്തിനും വിനോദ സഞ്ചാരത്തിനും മുൻകരുതൽ നിയന്ത്രണം

ഫോനി നീങ്ങുന്നത് വടക്ക് കിഴക്കൻ ദിശയിലേക്ക്; തമിഴ്‌നാട്-ആന്ധ്ര തീരങ്ങളിൽ നിന്ന് ഗതിമാറിയുള്ള പോക്ക് കേരളത്തിന് ആശ്വാസമാകും; അതിതീവ്ര ന്യൂനമർദ്ദം കേരളത്തിലെത്തിക്കുക അതിശക്തമായ മഴയെന്നും പ്രവചനം; കാറ്റ് വീശുക 60 കിലോമീറ്റർ വേഗതയിൽ; പ്രളയത്തിനുള്ള സാധ്യത അടഞ്ഞെന്ന വിലയിരുത്തലിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; മഴയെ പ്രതിരോധിക്കാൻ യെല്ലോ അലർട്ട് തുടരും; മത്സ്യബന്ധനത്തിനും വിനോദ സഞ്ചാരത്തിനും മുൻകരുതൽ നിയന്ത്രണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് ഭീതിയിൽ നിന്ന് കേരളം ഒഴിവാകുന്നു. അതിശക്തമായ മഴ കേരളത്തിലുണ്ടാകും. ഇന്നത്തോടെ ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റ് കേരളത്തിൽ ആഞ്ഞടിക്കില്ല. ചുഴലിയുടെ ദിശമാറുന്നതാണ് ഇതിന് കാരണം.

ശക്തിപ്രാപിക്കുന്നതിൽ ഇന്നു മണിക്കൂറിൽ 145 കിലോമീറ്റർ വരെയും നാളെ 155 കിലോമീറ്റർ വരെയുമായിരിക്കും ഫോനിയുടെ വേഗം എന്നാണു വിലയിരുത്തൽ. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരപ്രകാരം തമിഴ്‌നാട്, ആന്ധ്ര തീരത്ത് അടുക്കാതെ വടക്കുകിഴക്കൻ ദിശയിലാണു ഫോനി നീങ്ങുന്നത്. ഇതാണ് കേരളത്തിന് രക്ഷയാകുന്നത്. കേരളം ചുഴലിക്കാറ്റിന്റെ പരിധിയിൽ ഇല്ലെങ്കിലും അതിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നേരത്തെ 100 കിലോ മീറ്റർ വേഗതയിൽ കാറ്റ് അടിക്കുമെന്ന ഭീതി ഉണ്ടായിരുന്നു.

വടക്ക് കിഴക്കൻ ദിശയിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. ഇതിനെത്തുടർന്ന് കേരളത്തിൽ വ്യാപകമായി മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനൽകി.ഫോനി ചുഴലിക്കാറ്റ് അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളിൽ അതിതീവ്രചുഴലിക്കാറ്റാകും. തുടർന്ന് ബംഗ്ലാദേശ് ഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ചുഴലിക്കാറ്റ് തീരത്ത് നിന്ന് അകലുകയാണെങ്കിലും കേരളത്തിൽ ജാഗ്രതാ നിർദ്ദേശം തുടരും. കേരളത്തിൽ ശക്തമായ മഴയുണ്ടാകും. കടൽ പ്രക്ഷുബ്ദമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മലയോര മേഖലകളിലേക്കും ബീച്ചുകളിലേക്കുമുള്ള വിനോദ സഞ്ചാരം വിലക്കി.

ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്നും നാളെയും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോടു ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കുപടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും കേരള തീരത്തും മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ തിരിച്ചെത്തണമെന്നും നിർദ്ദേശിച്ചു. തമിഴ്‌നാട് തീരത്തിന്റെ 300 കിലോമീറ്റർ വരെ അകലെ ചുഴലി എത്തുമെന്നും ഇതിന്റെ ഫലമായി വടക്കൻ തമിഴ്‌നാട്ടിൽ ഇന്നു മുതൽ വ്യാഴാഴ്ച വരെ മിതമായ മഴ ലഭിക്കുമെന്നുമാണു പ്രവചനം.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. മലയോര മേഖലയിലെ റോഡുകൾക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിനു പോകാതിരിക്കുക. ഒരു കാരണവശാലും നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത്. പാലങ്ങളിലും നദിക്കരയിലും കയറി സെൽഫി എടുക്കുന്നത് ഒഴിവാക്കുണമെന്നും നിർദ്ദേശിച്ചു.

കനത്ത മഴയിൽ ഉരുൾ പൊട്ടിയാൽ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. നദിയിൽ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക. നദിക്കരയോടു ചേർന്നു താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക. വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യണമെന്നും ദുരന്ത നിവാരണ അഥോറിട്ടി ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP