Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടക്ക് പെയ്തിറങ്ങുന്നത് അതിതീവ്ര കാലവർഷം; തെക്കും ദുരിതപെയ്ത് തുടരുന്നു; കോഴിക്കോടും വയനാടും കണ്ണൂരിലും റെഡ് അലർട്ട് തുടരും; എറണാകുളത്തും ഇടുക്കിയിലും തൃശ്ശൂരിലും മലപ്പുറത്തും കാസർകോടും ഓറഞ്ച് അലർട്ട്; ഇതുവരെ മരിച്ചത് എട്ട് പേർ; മലയോര യാത്രകൾ നിയന്ത്രിക്കണമെന്ന മുന്നറിയിപ്പ് തുടരുന്നു; കടൽതീരത്തും അതീവ ജാഗ്രതാ നിർദ്ദേശം; ഡാമുകളിലേക്ക് നീരൊഴുക്ക് കൂടുന്നത് വൈദ്യുത പ്രതിസന്ധിക്ക് പരിഹാരമാകും; മഴക്കെടുതികൾക്ക് ശമനമില്ല

വടക്ക് പെയ്തിറങ്ങുന്നത് അതിതീവ്ര കാലവർഷം; തെക്കും ദുരിതപെയ്ത് തുടരുന്നു; കോഴിക്കോടും വയനാടും കണ്ണൂരിലും റെഡ് അലർട്ട് തുടരും; എറണാകുളത്തും ഇടുക്കിയിലും തൃശ്ശൂരിലും മലപ്പുറത്തും കാസർകോടും ഓറഞ്ച് അലർട്ട്; ഇതുവരെ മരിച്ചത് എട്ട് പേർ; മലയോര യാത്രകൾ നിയന്ത്രിക്കണമെന്ന മുന്നറിയിപ്പ് തുടരുന്നു; കടൽതീരത്തും അതീവ ജാഗ്രതാ നിർദ്ദേശം; ഡാമുകളിലേക്ക് നീരൊഴുക്ക് കൂടുന്നത് വൈദ്യുത പ്രതിസന്ധിക്ക് പരിഹാരമാകും; മഴക്കെടുതികൾക്ക് ശമനമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് നാലുപേർകൂടി മരിച്ചു. ഒരാളെ കാണാതായി. ഇതോടെ മൂന്നു ദിവസത്തിനിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം എട്ടായി. 18 കുടുംബങ്ങളിലെ 75 പേരെക്കൂടി ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചതായി ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ഇതോടെ ക്യാമ്പുകളുടെ എണ്ണം 17 ആയി. 260 കുടുംബങ്ങളിലെ 1142 പേരാണ് ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നത്. ഇതുവരെ സംസ്ഥാനത്താകെ രണ്ടു വീടുകൾ പൂർണമായും 34 വീടുകൾ ഭാഗികമായും തകർന്നുവെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച വരെ കനത്തമഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്നു. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ അതിതീവ്ര മഴയാണു പ്രതീക്ഷിക്കുന്നത്.

രണ്ടു ദിവസം മുൻപു വരെ സംസ്ഥാനത്ത് ഈ സീസണിൽ ലഭിക്കേണ്ട മഴയെക്കാൾ 46 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ജൂൺ ഒന്നു മുതൽ ജൂലൈ 21 വരെയുള്ള കണക്കനുസരിച്ചു കേരളത്തിൽ 33% മാത്രമായി മഴക്കുറവ്. സീസണിൽ രാജ്യത്ത് ഏറ്റവുമധികം മഴ പെയ്ത സംസ്ഥാനം ഗോവയാണ്. 1628.8 മില്ലീമീറ്റർ മഴ ഇവിടെ പെയ്തു. കാലവർഷ സീസണിൽ ഇന്നലെ വരെ 1148.3 മില്ലിമീറ്റർ മഴ ലഭിക്കേണ്ട കേരളത്തിൽ ഇത്തവണ ലഭിച്ചതു 773.2 മില്ലിമീറ്റർ മഴയാണ്. മഴക്കുറവിൽ ഡൽഹിക്കാണ് ആദ്യ സ്ഥാനം 73 ശതമാനം. മണിപ്പുർ (60%), ഗുജറാത്ത് (46%), ജാർഖണ്ഡ് (43%) എന്നീ സംസ്ഥാനങ്ങളും തൊട്ടുപിന്നിലുണ്ട്. കേരളം ഒൻപതാം സ്ഥാനത്താണ്. അതുകൊണ്ട് തന്നെ ഏതാനും ദിവസമായി മൺസൂൺ ശക്തമായതു കേരളത്തിലെ ജലക്ഷാമം പരിഹരിക്കുമെന്നാണ് കണക്കുകൂട്ടൽ.

എറണാകുളത്ത് മതിൽ ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും കണ്ണൂരിൽ ജീപ്പ് ഒഴുക്കിൽപെട്ട് ഒരാളെ കാണാതാവുകയും ചെയ്തു. കൊല്ലത്ത് വള്ളം തകർന്നു കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം അഞ്ചുതെങ്ങിൽ കണ്ടെത്തി. കിടങ്ങൂരിൽ കാവാലിപ്പുഴ ഭാഗത്തു നിന്നു മീനച്ചിലാറ്റിൽ കാണാതായ ചേർപ്പുങ്കൽ കളപ്പുരയ്ക്കൽ മനേഷിന്റെ (32) മൃതദേഹം പുന്നത്തുറ പള്ളിക്കര കടവിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവറായിരുന്നു. സംസ്‌കാരം നടത്തി. എറണാകുളം എടവനക്കാട്ട് മതിൽ ഇടിഞ്ഞു വീണ് തമിഴ്‌നാട് ഡിണ്ടിഗൽ ആന്തൂർ സ്വദേശി തങ്കവേലുവാണ് (32) മരിച്ചത്. ഒരാൾക്കു പരുക്കേറ്റു. കണ്ണൂരിൽ ഇരിട്ടി മുച്യാട് മണിക്കടവ് ചപ്പാത്ത് പാലത്തിൽ നിന്നു ജീപ്പ് മറിഞ്ഞ് കാരിത്തടത്തിൽ കുര്യന്റെ മകൻ ലിതീഷിനെയാണ് (30) കാണാതായത്. ജീപ്പും കണ്ടെത്താനായില്ല.

കടലിൽ കാണാതായ കന്യാകുമാരി കൊല്ലങ്കോട് നീരോടി തോണി തുറൈ വിളാകം ജോണിന്റെ മകൻ സഹായരാജിന്റെ (32) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന രാജു, ജോൺ ബോസ്‌കോ എന്നിവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കണ്ണൂരും കോഴിക്കോടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 22ന് (തിങ്കൾ) അവധിയായിരിക്കുമെന്നു ജില്ലാ കലക്ടർ അറിയിച്ചു. സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കോട്ടയം ജില്ലയിൽ കോട്ടയം നഗരസഭയിലേയും, ആർപ്പൂക്കര, അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലേയും പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ 22ന് അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിൽ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഐസിഎസ്ഇ, സിബിഎസ്ഇ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. കോളജുകൾക്കും പ്രൊഫഷനൽ കോളജുകൾക്കും അവധിയില്ല. തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന വെട്ടുകാട് സെന്റ് മേരീസ് എൽപി സ്‌കൂളിന് ജില്ലാ കലക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിക്കും. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നു കലക്ടർ അഭ്യർത്ഥിച്ചു.

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചാൽ ജില്ലാ കലക്ടറുടെയും ജില്ലാ ഇൻഫർമേഷൻ ഓഫിസറുടെയും ഔദ്യോഗിക ഫേസ്‌ബുക് പേജുകളിൽ അറിയിപ്പുണ്ടാകുമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു. കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

വൈദ്യുത പ്രതിസന്ധി മാറുന്നു

സംസ്ഥാനത്ത് 25 വരെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ സാധ്യതയുമുണ്ട്. വ്യാഴാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. സംസ്ഥാനതീരത്തേക്ക് പടിഞ്ഞാറ് ദിശയിൽനിന്ന് 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മഴക്കെടുതി തുടരുകയാണ്. ആലപ്പുഴയിൽ കടലാക്രമണ ബാധിത പ്രദേശങ്ങളായ കാട്ടൂരിലും ആറാട്ടുപുഴയിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ആകെ 54 കുടുംബങ്ങളിലെ 225 പേർ ക്യാമ്പിലുണ്ട്.

മീനച്ചിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. കോട്ടയം ജില്ലയിൽ നാല് ക്യാമ്പുകൾ തുറന്നു. 18 കുടുംബങ്ങളിൽനിന്നായി 82 പേരുണ്ട്. പത്തനംതിട്ട ജില്ലയിൽ തീവ്രത നേരിയ തോതിൽ കുറഞ്ഞെങ്കിലും മഴ തുടരുകയാണ്. രണ്ടു ക്യാമ്പ് തുറന്നു. 18 കുടുംബങ്ങളിലെ 67 പേരെ പാർപ്പിച്ചിട്ടുണ്ട്. മൂന്നാറിനും പള്ളിവാസലിനുമിടെ ദേശീയപാതയിൽ അഞ്ചിടത്ത് മണ്ണിടിഞ്ഞു. കല്ലാർകുട്ടി, മലങ്കര, അണക്കെട്ടുകൾ തുറന്നു. ഞായറാഴ്ച സംഭരണി പ്രദേശത്ത് 78 മില്ലിമീറ്റർ മഴപെയ്തു. ഇടുക്കി - ചെറുതോണി ജലസംഭരണിയിൽ 2310 അടിയാണ് ജലനിരപ്പ്. പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. മലമ്പുഴയിൽ ജലനിരപ്പ് 104.35 മീറ്ററായി. കാഞ്ഞിരപ്പുഴ അണക്കെട്ടിൽ 89.45 മീറ്ററായി. കണ്ണൂർ ജില്ലയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്.

വൈദ്യുതി ബോർഡിന്റെ ഡാമുകളിലും അതിവേഗം വെള്ളം നിറയുകയാണ്. അതുകൊണ്ട് തന്നെ വൈദ്യുത പ്രതിസന്ധിക്ക് ആശ്വാസമാണ് ഈ മഴ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP