Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവളപ്പാറയിൽ ഉണ്ടായത് വൻ ദുരന്തം; ഉരുൾപൊട്ടലിൽ 50നും 100നും ഇടയിൽ ആളുകളെ കാണാനില്ലെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ; വയനാട്ടിലെ പൂത്തൂർ മലയിൽ ഒഴുകി പോയത് നൂറ് ഏക്കറും നിരവധി ആളുകളും; രക്ഷാപ്രവർത്തനത്തിനും പേമാരി വെല്ലുവിളി; മഴക്കെടുതിയിൽ ഇന്ന് മാത്രം മരിച്ചത് 32 പേർ; പെരിയാറും ചാലക്കുടിപുഴയും ഭാരതപ്പുഴയും പമ്പയും ഒഴുകുന്നത് കരകവിഞ്ഞ്; തീവ്ര മഴ തുടരുമെന്ന് പ്രവചനം; ഏഴ് ജില്ലകളിൽ നാളേയും റെഡ് അലർട്ട്; മിന്നൽ പ്രളയത്തിൽ കേരളമാകെ പ്രതിസന്ധി

കുവളപ്പാറയിൽ ഉണ്ടായത് വൻ ദുരന്തം; ഉരുൾപൊട്ടലിൽ 50നും 100നും ഇടയിൽ ആളുകളെ കാണാനില്ലെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ; വയനാട്ടിലെ പൂത്തൂർ മലയിൽ ഒഴുകി പോയത് നൂറ് ഏക്കറും നിരവധി ആളുകളും; രക്ഷാപ്രവർത്തനത്തിനും പേമാരി വെല്ലുവിളി; മഴക്കെടുതിയിൽ ഇന്ന് മാത്രം മരിച്ചത് 32 പേർ; പെരിയാറും ചാലക്കുടിപുഴയും ഭാരതപ്പുഴയും പമ്പയും ഒഴുകുന്നത് കരകവിഞ്ഞ്; തീവ്ര മഴ തുടരുമെന്ന് പ്രവചനം; ഏഴ് ജില്ലകളിൽ നാളേയും റെഡ് അലർട്ട്; മിന്നൽ പ്രളയത്തിൽ കേരളമാകെ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ഏഴ് ജില്ലകളിൽ റെഡ് അലർട്ട്. റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ളസാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്. നാളെ 24 മണിക്കൂറിൽ 204 മില്ലി മീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. അതിനാൽ കേരള ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായും പാലിക്കണമെന്നും സർക്കാർ അറിയിച്ചു. ഇന്ന് മിന്നൽ പ്രളയത്തിൽ മരിച്ചത് 32 പേരാണ്. നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ഭൂദാനം കവളപ്പാറയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ 50 നും 100 നും ഇടയിൽ ആളുകളെ കാണാതായതായി നിലമ്പൂർ എംഎ‍ൽഎ പി.വി അൻവർ അറിയിച്ചു. അതുകൊണ്ട് തന്നെ ഈ മേഖലയിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്. വയനാട്ടിലെ പുത്തൂർമലയിലെ ഉരുൾപൊട്ടലും ഒരു ഗ്രാമത്തെ ഇല്ലാതാക്കി.

കവളപ്പാറയിലെ ദുരന്തത്തിന്റെ ഞെട്ടൽ തീരുന്നതിന് പിന്നാലെ മലപ്പുറത്തും അട്ടപ്പാടിയിലും വീണ്ടും ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട്. മലപ്പുറത്ത് കോട്ടക്കുന്ന്, വഴിക്കടവ് എന്നിവിടങ്ങളിലും ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. കോട്ടക്കുന്നിൽ മൂന്നുപേർ മണ്ണിനടിയിൽ പെട്ടതായി റിപ്പോർട്ടുകളുണ്ട്. വീടുകളുടെ മുകളിലേക്ക് മണ്ണും പാറയും വീഴുകയായിരുന്നു. വഴിക്കടവ് ചെക്ക് പോസ്റ്റിന് സമീപമാണ് ഉരുൾപൊട്ടിയത്. ഇവിടെനിന്ന് ഒരു മൃതദേഹം ലഭിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ കുറവൻപാടി ഉണ്ണിമലയിലെ കുടുംബങ്ങളാണ് ഉരുൾ പൊട്ടിയതിന് തുടർന്ന് കുടുങ്ങിക്കിടക്കുന്നത്. റോഡ് തകർന്നതിനാൽ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ സാധിക്കുന്നില്ല.

കവളപ്പാറയിൽ ദുരന്തത്തിന് സമാനമാണ്‌ പുത്തൂർമലയിലെ ഉരുൾപെട്ടലും. വയനാട്ടിലെ ഏകദേശം നാനൂറോളം വീടുകളാണ് പുത്തുമലയിൽ ഉണ്ടായിരുന്നത്. ഇവ തകർന്ന് തരിപ്പണമായി. പുത്തുമല ഇല്ലാതായി തീർന്നിരിക്കുന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അത്രത്തോളം ഭീകരമാണ് സാഹചര്യം. നാൽപതോളം പേർ മണ്ണിനടിയിൽ പെട്ടിരിക്കുമെന്നാണ് രക്ഷപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഔദ്യോഗിക കണക്ക് എത്രയായിരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. റവന്യൂ അധികൃതർ, മെഡിക്കൽ സംഘം, പൊലീസ്, സന്നദ്ധ സംഘടനകൾ എന്നിവരെല്ലാം ക്യാമ്പുകളിലെത്തി ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നുണ്ട്.

വിവിധ നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നു. പെരിയാർ,വളപട്ടണം പുഴ, കുതിരപ്പുഴ, കുറുമൻപുഴ എന്നിവയെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കേന്ദ്ര ജലക്കമ്മീഷന്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറും അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. രാത്രിയോടെ ശക്തികുറഞ്ഞാലും മലയോരമേഖലയിൽ പ്രത്യേകം ജാഗ്രത പുലർത്തണം. വടക്കൻ കേരളത്തിൽ ശക്തമായ കാറ്റും മഴും ഉണ്ടാകാനിടയുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ പെയ്യുന്നത്. നാളേയ്ക്ക് ശേഷം മഴ കുറയാമെന്നാണ് പ്രതീക്ഷ. എന്നാൽ ഓഗസ്റ്റ് 15ന് വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്. കടൽപ്രക്ഷുബ്ദമാകാനും സാധ്യത. കേരളത്തിൽ എല്ലാ ജില്ലകളിലും മഴ പെയ്യുന്നുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് മഴ വലിയ ഭീതി പടർത്താത്തത്.

ഇതുവരെ സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകളിലായി 5936 കുടുംബങ്ങളിലെ 22165 പേർ ഈ ക്യാമ്പുകളിലുണ്ട്. വയനാടാണ് ഏറ്റവും കൂടതൽ പേരുള്ളത്. 9951 പേർ ക്യാമ്പിലുണ്ട്. കോട്ടയത്ത് 114, ഇടുക്കി 799, എറണാകുളത്ത് 1575, തൃശൂർ 536, പാലക്കാട് 1200, മലപ്പുറം 4106, കോഴിക്കോട് 1653, കണ്ണൂർ 1483 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ എണ്ണം. ചാലക്കുടി പുഴയിലും വെള്ളം ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ തീവ്രമായ പ്രളയസ്ഥിതിയില്ല. മന്ത്രിമാർക്ക് ജില്ലകളിൽ ചുമതലനൽകിയിട്ടുണ്ട്. കുറ്റ്യാടിയും പെരിങ്ങൽക്കൂത്തുമാണ് ഇപ്പോൾ തുറന്നത്. ഇടുക്കിയിൽ 30 പമ്പ 50 കക്കി 25 ഷോളയാർ 40 ഇടമലയാർ 40 ബാണാസുരസാഗർ 78 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. പെരിയാർ നിറഞ്ഞൊഴുകുകയാണ്. ആലുവയിൽ കുടിവെള്ളവും മുടങ്ങി.

അതിനിടെ ജില്ലകൾക്ക് അടിയന്തിര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ നിന്ന് 22.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. വയനാടിന് രണ്ടരക്കോടി രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക് രണ്ടു കോടി രൂപയും നൽകും.

കവളപ്പാറയിലേത് വിളിച്ചു വരുത്തിയ ദുരന്തം

നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ഭൂദാനം കവളപ്പാറയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ 50 നും 100 നും ഇടയിൽ ആളുകളെ കാണാതായതായി നിലമ്പൂർ എംഎ‍ൽഎ പി.വി അൻവർ അറിയിച്ചു. മലയുടെ താഴ്‌വാര പ്രദേശമായ ഒരു ഗ്രാമം ഒന്നായി ഒലിച്ചുപോയെന്നും രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്നും അൻവർ വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് എംഎ‍ൽഎ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന തരത്തിൽ പ്രതികരണം നടത്തിയത്. ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് അറിയിക്കുവാനുള്ളത്. പോത്തുകല്ല് പഞ്ചായത്തിൽ പെട്ട കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ,30-ഓളം വീടുകൾ മണ്ണിനടിയിലായിട്ടുണ്ട്.ഏകദേശം അൻപതിനും നൂറിനുമിടയിൽ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികളിൽ നിന്ന് ലഭ്യമായ വിവരം.മലയുടെ താഴ്‌വരയായ ഒരു പ്രദേശം ഒന്നാകെ ഉരുൾപൊട്ടലിൽ പെട്ട് ഒലിച്ച് പോയി മണ്ണിൽ അമരുകയാണുണ്ടായത്.

ദുരന്തപ്രദേശത്ത് നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.തിരച്ചിൽ ഏറെ ദുഷ്‌ക്കരമാണ്.സൈന്യത്തിന്റെ സേവനം ഉണ്ടെങ്കിൽ മാത്രമേ മണ്ണിനിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ,അവരെ രക്ഷിക്കാനാകൂ.പ്രദേശത്തേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ട്.സിഗ്നൽ ലഭ്യതയുടെ അഭാവം മൂലം കമ്മ്യൂണിക്കേഷനിലും ബുദ്ധിമുട്ടുണ്ട്.രാവിലെ മുതൽ തന്നെ,ഞാനുൾപ്പെടെ കവളപ്പാറയിൽ ക്യാമ്പ് ചെയ്ത് സാധ്യമായ തരത്തിലുള്ള രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.സൈന്യത്തിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.സർക്കാർ തീരുമാനപ്രകാരം പാലക്കാട് നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടൻ കവളപ്പാറയിൽ എത്തും.കൂടുതൽ ജീവനുകൾ നഷ്ടപ്പെടാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.കവളപ്പാറയിലെ ജനങ്ങൾക്കൊപ്പം ഈ നാട് ഒന്നാകെ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു-ഇതായിരുന്നു അൻവറിന്റെ കുറിപ്പ്. ഇതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി പുറം ലോകത്ത് എത്തുന്നത്.

മൂന്ന് ദിവസമായ കനത്ത മഴയായിട്ടും നേരത്തെ ഉരുൾപൊട്ടലുണ്ടായ കവളപ്പാറ അടക്കമുള്ള പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടവും പൊലീസും യാതൊരു മുന്നറിയിപ്പും നൽകിയില്ലെന്നും ജനങ്ങളെ ഒഴിപ്പിക്കാൻ നടപടി എടുത്തിരുന്നെങ്കിൽ നിരവധി ജീവനുകൾ രക്ഷപ്പെടുമായിരുന്നുമെന്നുമാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെ ഉണ്ടായ ഉരുൾ പൊട്ടലിൽ ഏകദേശം മുപ്പതോളം വീടുകൾ തകർന്നിരുന്നു. പതിനഞ്ച് വർഷം മുമ്പ് മണ്ണിടിച്ചിലുണ്ടായ പ്രദേശമാണ് കവളപ്പാറ. അന്ന് ഇത്ര ജനവാസമില്ലാത്തതിനാൽ വലിയ ദുരന്തം ഉണ്ടായില്ല. കഴിഞ്ഞ വർഷം പ്രളയകാലത്ത് അതീവ ജാഗ്രത കവളപ്പാറ നിവാസികൾക്ക് ലഭിച്ചിരുന്നു. ചെറിയ മണ്ണിടിച്ചിലുണ്ടായതിനാൽ അഞ്ച് ദിവസത്തോളം ജനങ്ങളെ ഭൂദാനത്തുള്ള സർക്കാർ സ്‌കൂളിലെ ക്യാമ്പിൽ പാർപ്പിച്ചു. എന്നാൽ ഇത്തവണ മഴ കനത്തിട്ടും ജാഗ്രതക്കുറവുണ്ടായി.

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ മഴജാഗ്രത നിർദ്ദേശമുണ്ട്. വടക്കൻ കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ജാഗ്രതാ നിർദ്ദേശമുണ്ടായിട്ടും മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള, നേരത്തെ മണ്ണിലിടിച്ചിലുണ്ടായ സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കാൻ അധികാരികൾ ശ്രദ്ധിക്കാത്താണ് അപകടത്തിന് ആക്കം കൂട്ടിയത്. പഞ്ചായത്ത് മുഖേന ഉച്ചഭാഷണിയിലൂടെയും പൊലീസ് മുഖേനെയും നിർദ്ദേശം നൽകി ജനങ്ങളെ ബോധവാന്മാരാക്കിയിരുന്നെങ്കിൽ കവളപ്പാറയിൽ ഇത്രവലിയ ദുരന്തമുണ്ടാകില്ലായിരുന്നുവെന്നാണ് വിലയിരുത്തൽ.

കവളപ്പാറയ്ക്ക് സമീപത്തുള്ള ഭൂദാനം, തുടിമുട്ടി, പനങ്കയം, കൂവക്കോൽ, കൊട്ടുപാറ, പാതാർ എന്നവിടങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. പൂളപ്പാടം മുസ്ലിം പള്ളി, എൽപി സ്‌കൂൾ, മാർത്തോമ പള്ളി എന്നിവിടങ്ങളിലായി മൂന്ന് ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മൂന്ന് ക്യാമ്പുകളിലുമായി 2000ഓളം പേരാണ് ഉള്ളത്. കവളപ്പാറയ്ക്ക് പുറമെ പാതാർ, മുരികാഞ്ഞിരം എന്നീ പ്രദേശങ്ങളിലും ചെറിയ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്ത് നിരവധി വീടുകളാണ് തകർന്നത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ പ്രളയകാലത്ത് ആദ്യം ഉരുൾപൊട്ടിയ ആഡ്യൻപാറയും കവളപ്പാറയ്ക്ക് അടുത്താണ്.

പുത്തുമലയിൽ ഒലിച്ചു പോയത് നൂറേക്കറോളം സ്ഥലം

വയനാട് മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് നൂറേക്കറോളം സ്ഥലമാണ് ഒലിച്ചുപോയി. ഇവിടെ 15 പേരെ കാണാനില്ലെന്ന് നാട്ടുകാരും തൊഴിലാളികളും പറയുന്നു. ഒമ്പത് പേരുടെ മൃതദേഹം ലഭിച്ചു. അതിൽ രണ്ടു പേരെ തിരിച്ചറിഞ്ഞു. നാൽപതോളം വീടുകൾ തകർന്ന് ഒലിച്ചു പോയി. വാഹനങ്ങളും സ്ഥാപനങ്ങളും മണ്ണിനടിയിലാണ്. ബുധനാഴ്ച രാത്രി ചെറിയ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച രാലിലെ ഇവിടുത്തെ ആളുകളെ പൂർണമായും മാറ്റിത്താമസിപ്പിച്ചിരുന്നു. അതിനാൽ കൊടിയ ദുരന്തം ഒഴിവായി.

6 മുറികളുള്ള ഒരു പാടി പൂർണമായി ഒലിച്ചു പോയി. ഇവിടെയുണ്ടായിരുന്ന ലോറൻസിന്റെ ഭാര്യ കമല, ചന്ദ്രന്റെ ഭാര്യ അജിത, പനീർസെൽവം, ഭാര്യ റാണി എന്നിവരെ കാണാതായി. എസ്റ്റേറ്റിന്റെ പാടിക്കു സമീപം കന്റീൻ നടത്തുന്ന ഷൗക്കത്തിന്റെ ഒന്നര വയസുള്ള മകളുടെ മൃതദേഹം കിട്ടി. ഷൗക്കത്തും ഭാര്യയും ആശുപത്രിയിൽ. പുത്തുമല ബസ് സ്റ്റോപ്പിനു സമീപം കെഎസ്ആർടിസി ഡ്രൈവർ നൗഷാദിന്റെ ഭാര്യ ഹാജിറയുടെ മൃതദേഹം ലഭിച്ചു. ക്യാംപിലേക്ക് തൊഴിലാളികളെ എത്തിച്ച് കാറിൽ മടങ്ങുകയായിരുന്ന അവറാൻ, അബൂബക്കർ എന്നിവരെ കാണാതായി. ഇവർ സഞ്ചരിച്ച കാർ വെള്ളത്തിൽ ഒലിച്ചു പോകുന്നതു കണ്ടതായി തൊഴിലാളികൾ പറയുന്നു.

എസ്റ്റേറ്റിലെ ഒരു ജീവനക്കാരനെയും (ഇയാളുടെ പേര് അറിയില്ല) കാണാനില്ല. തിരിച്ചറിഞ്ഞത് ഒന്നര വയസുകാരിയുടെയും ഹാജിറയുടെയും ശരീരങ്ങൾ മാത്രം. പുത്തുമല ജുമാ മസ്ജിദ് പൂർണമായും തകർന്നു. ഇവിടെ ആരും ഉണ്ടായിരുന്നില്ലെന്ന് മുഹിയൂദ്ദിൻ സഖാഫി. കാഴ്ചക്കാരായി എത്തിയവർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന് ഇതേവരെ വ്യക്തമായിട്ടില്ല. ഉണ്ടെങ്കിൽ ദുരന്തസംഖ്യ ഇനിയും വർധിക്കും.

തീവണ്ടി ഗതാഗതം താറുമാറായി

മഴയിലും വെള്ളപ്പാച്ചിലിലും ട്രാക്കുകൾ തകർന്നതിനേത്തുടർന്ന് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഒട്ടുമിക്ക ട്രെയിനുകളും റദ്ദാക്കി. പാലക്കാട് - ഷൊറണൂർ, കോഴിക്കോട്-ഷൊറണൂർ, എറണാകുളം- ആലപ്പുഴ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം- തൃശൂർ പാതയിൽ പലയിടത്തായി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. ചാലക്കുടി പാലത്തിന്റെ നില തൃപ്തികരമാണെങ്കിൽ മാത്രം ഈ റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചേക്കും. നിലവിൽ മംഗലാപുരം - കോഴിക്കോട് പാത മാത്രമാണ് ഗതാഗതയോഗ്യമായത്.

ഒറ്റപ്പാലത്ത് ട്രാക്കിൽ വെള്ളം കയറിയതിനാലാണ് പാലക്കാട് -ഷൊറണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിയത്. ട്രാക്കിലേക്ക് മരം വീണ് തുടർച്ചയായി തടസ്സങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിലാണ് ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിയത്. കോട്ടയം പാതയിൽ ഏറ്റുമാനൂരും മരം വീണു. ചെന്നൈ മെയിൽ, തിരുവനന്തപുരം എക്സ്പ്രസ്, മാവേലി എക്സ്പ്രസ് തുടങ്ങിയവ റദ്ദാക്കിയവിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തെ തീവണ്ടിഗതാഗതം പൂർണമായി നിലച്ചതോടെ സഹായ ഹസ്തവുമായി കെ.എസ്.ആർ.ടി.സി. യാത്രയുമായി ബന്ധപ്പെട്ട സംശയദൂരീകരണത്തിനും സഹായത്തിനുമായി 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം കെ.എസ്.ആർ.ടി.സി തുറന്നിട്ടുണ്ട്.

നെടുമ്പാശേരി വിമാനം അടച്ചതിനാൽ വഴി തിരിച്ചുവിടുന്ന കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി. അധിക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ട്രെയിൻ ഗതാഗതം താറുമാറായ സാഹചര്യത്തിൽ എല്ലാ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും സർവീസ് ഉണ്ടായിരിക്കുമെന്നും കെ എസ് ആർ ടി സി തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. വാട്സാപ്പിലൂടെയും (8129562972) ഫെയ്സ് ബുക്ക് പേജിലൂടെയും 24 മണിക്കൂറും കെ എസ് ആർ ടി സി യുമായി ബന്ധപ്പെടാം.

റെഡ് അലേർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ പാലിക്കേണ്ട പൊതു നിർദ്ദേശങ്ങൾ

ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (പകൽ 7 മുതൽ രാത്രി 7) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക
മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാനൻ സാധ്യതയുണ്ട് എന്നതിനാലൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്.
മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്
ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്
പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെൽ്ഫി എടുക്കൽ ഒഴിവാക്കുക.
പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദ്ദേശം നൽകുക.
തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കിൽ മാറി താമസിക്കുക. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും.
ജലം കെട്ടിടത്തിനുള്ളിലൽ പ്രവേശിച്ചാൽ, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന് സ്വിച്ച് ഓഫ് ആക്കുക
ജില്ലാ എമെർജൻസി ഓപ്പറേഷന്സ് സെന്റര് നമ്പരുകൾ 1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് STD code ചേർക്കുക
പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പർ കയ്യിൽ സൂക്ഷിക്കുക.
വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ആയവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
വൈദ്യുതോപകരണങ്ങൾ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തിൽ വെക്കുക.
വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.
വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.
താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളിൽ ഉള്ളവർ ഫ്ലാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക.
രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നൽകാൻ പോകുക.
ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ റേഡിയോയില് ശ്രദ്ധിക്കുക
1. തിരുവനന്തപുരം MW (AM Channel): 1161 kHz
2. ആലപ്പുഴ MW (AM Channel): 576 kHz
3.തൃശൂര് MW (AM Channel): 630 kHz
4. കോഴിക്കോട് MW (AM Channel): 684 kHz

ഉദ്യോഗസ്ഥർക്കും സർക്കാർ വകുപ്പുകൾക്കുമുള്ള നിർദ്ദേശം

മഞ്ഞ, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടാൽ ഓരോ സർക്കാർ വകുപ്പും സ്വീകരിക്കേണ്ട നടപടികളും തയ്യാറെടുപ്പുകളും സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പ്രസിദ്ധീകരിച്ച 'കാലവർഷ-തുലാവർഷ ദുരന്ത മുന്നൊരുക്ക പ്രതികരണ മാർഗരേഖ' കൈപ്പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. മഴ മുന്നറിയിപ്പുകൾ സംബന്ധിച്ചുള്ള പൊതു വിവരങ്ങൾക്ക് അധ്യായം രണ്ട് കാണുക. വിവിധ സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് അധ്യായം 6, 7 എന്നിവ ആശ്രയിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP