Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാളെ രാവിലെ വരെ അതിശക്തമായ മഴ; ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദവും പേമാരിയായി പെയ്തിറങ്ങുന്നത് കേരളത്തിൽ; ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട്; പത്തനംതിട്ടയിലും തൃശൂരിലും പാലക്കാട്ടും കോഴിക്കോട്ടും കാസർകോട്ടും യെല്ലോ അലർട്ട്; കനത്ത മേഘാവരണം മാറിയിട്ടും മഴ തുടരുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളി; മിന്നൽ പേമാരിയിൽ ഇതുവരെ മരിച്ചത് 89പേർ; കണ്ടെത്താനുള്ളത് 54 പേരേയും

നാളെ രാവിലെ വരെ അതിശക്തമായ മഴ; ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദവും പേമാരിയായി പെയ്തിറങ്ങുന്നത് കേരളത്തിൽ; ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട്; പത്തനംതിട്ടയിലും തൃശൂരിലും പാലക്കാട്ടും കോഴിക്കോട്ടും കാസർകോട്ടും യെല്ലോ അലർട്ട്; കനത്ത മേഘാവരണം മാറിയിട്ടും മഴ തുടരുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളി; മിന്നൽ പേമാരിയിൽ ഇതുവരെ മരിച്ചത് 89പേർ; കണ്ടെത്താനുള്ളത് 54 പേരേയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികളിലെ ദുരിതങ്ങൾ തീരുന്നില്ല. ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപം കൊണ്ട ന്യൂനമർദ്ദവും കേരളത്തിൽ മഴയായി പെയ്തിറങ്ങുകയാണ്. സംസ്ഥാനത്തുടനീളം മഴ പെയ്യുന്നുണ്ട്. തിരുവനന്തപുരത്തും നല്ല മഴയുണ്ട്. ഈ കാലവർഷത്തിൽ അതിതീവ്രമഴ കേരളത്തിലുണ്ടായിരുന്നില്ല. ആകെ മരണം 89 ആയി. 50 ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. അതിനിടെ മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്. കേരളത്തിനു മുകളിൽനിന്നു കനത്ത മേഘാവരണം മാറുന്നതായാണു കാലാവസ്ഥാ കേന്ദ്രങ്ങളുടെ നിരീക്ഷണം. എങ്കിലും ബംഗാളിലെ ന്യൂനമർദ്ദം ഭീഷണിയായി തുടരുകയാണ്.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം കേരളത്തിന് വെല്ലുവിളിയാണ്. ഇതു പടിഞ്ഞാറൻ ദിശയിൽ നീങ്ങുന്നു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട്. ഒരിടത്തും റെഡ് അലർട്ടില്ല. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങൾ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ മഴ തീവ്രമാകില്ലെന്നാണ് വിദഗ്ധാഭിപ്രായം.

ബുധനാഴ്ച രാവിലെവരെ വീണ്ടും ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ദുരന്തമേഖലകളിൽനിന്ന്, പ്രത്യേകിച്ച് മലയോരത്തുനിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറിയവർ രണ്ടുദിവസത്തേക്കുകൂടി തിരിച്ചുപോകരുതെന്ന് സർക്കാർ നിർദ്ദേശം നൽകി. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. 15 മുതൽ മഴ കുറയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ പശ്ചിമബംഗാൾ തീരത്തിനടുത്ത് ന്യൂനമർദം രൂപ്പപെട്ടതാണ് വീണ്ടും മഴയ്ക്കു കാരണം. ചൊവ്വാഴ്ചയോടെ ന്യൂനമർദം കൂടുതൽ ശക്തിപ്പെടും.

ഉരുൾപൊട്ടലുണ്ടായ മലപ്പുറം നിലമ്പൂർ കവളപ്പാറയിൽ ആറും കോട്ടക്കുന്നിൽ ഒന്നും മൃതദേഹങ്ങൾ ചൊവ്വാഴ്ച കണ്ടെടുത്തു. കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം 19 ആയി. കാണാതായ 63 പേരിൽ നാലു പേർ തിരിച്ചെത്തിയതോടെ 59 പേർ അപകടത്തിൽപ്പെട്ടെന്നാണ് പുതിയ കണക്ക്. ബാക്കിയുള്ളവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. കവളപ്പാറയുടെ സമീപ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി ഇപ്പോഴും തുടരുകയാണ്. വയനാട് മേപ്പാടി പുത്തുമലയിൽ തിരച്ചിൽ തുടർന്നെങ്കിലും കാണാതായ ഏഴുപേരെക്കുറിച്ചും വിവരമില്ല. സംസ്ഥാനത്താകെ 1326 ക്യാംപുകളിലായി 2,50,638 ആളുകളുണ്ട്.

58 പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്താകെ 1654 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 2,87,585 പേർ ക്യാമ്പുകളിൽ കഴിയുന്നു. തിങ്കളാഴ്ച മാറി നിന്നതിനാൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലും ദുരിതാശ്വാസ പ്രവർത്തനങ്ങളും തിങ്കളാഴ്ച ഊർജിതമായി. കവളപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ മനുഷ്യസാധ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മന്ത്രി കെ.ടി ജലീൽ പറഞ്ഞു.

വയനാട്ടിലെ നീർവാരം ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിൽ ഭക്ഷ്യവിഷബാധയുണ്ടായി. കുട്ടികൾ അടക്കമുള്ള 30ഓളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുന്നാൾദിനത്തിൽ പുറത്തുനിന്നു ഭക്ഷണമെത്തിച്ചത് ഭക്ഷ്യ വിഷബാധയ്ക്കിടയാക്കിയത്. 29 പേർ വയറിളക്കവും ഛർദിയുമായി മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ഇതോടെ ക്യാമ്പുകളിൽ പുറത്തുനിന്നു ഭക്ഷണമെത്തിക്കുന്നത് ജില്ലാ ഭരണകൂടം തടഞ്ഞു. താത്പര്യപ്പെടുന്നവർ ക്യാമ്പിലെത്തി ഭക്ഷണം പാകംചെയ്തു നൽകണമെന്നും ആവശ്യപ്പെട്ടു.

9 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി

മഴയും വെള്ളക്കെട്ടും നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം,തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ ഇന്നും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയാണ് അവധി. കേന്ദ്രീയ വിദ്യാലയങ്ങൾക്കും മദ്രസകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും നാളത്തെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 13 നും 14നും ജില്ലാ കളക്ടർ പി.ബി. നൂഹ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകളും മാറ്റും. ഓഗസ്റ്റ് 13, 14, 16 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡി.ഫാം - പാർട്ട് ഒന്ന് സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം 26, 27, 29 തീയതികളിലേക്കു മാറ്റിയതായി ഡി.ഫാം ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ചെയർപേഴ്‌സൺ അറിയിച്ചു. മറ്റു തീയതികളിൽ പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.

മുഖ്യമന്ത്രി ദുരിതാശ്വാസ കേന്ദ്രത്തിൽ

പ്രളയ ബാധിത മേഖലകൾ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച സന്ദർശിക്കും. വയനാടും മലപ്പുറം ജില്ലയിലെ ഭൂദാനവുമാകും മുഖ്യമന്ത്രി സന്ദർശിക്കുക. ഉരുൾപൊട്ടലിലും പ്രളയത്തിലുമായി സംസ്ഥാനത്ത് ഇതുവരെ 76 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവിധ ജില്ലാ കളക്ടർമാരുമായി വീഡിയോ കോൺഫറൻസിങ് വഴി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

വയനാട് എംപി രാഹുൽഗാന്ധി ജില്ലാ ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി. കേരളം നേരിടുന്ന പ്രളയ ദുരിതം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളേട് പറഞ്ഞു. വയനാട് മാത്രമല്ല കേരളവും കർണാടകവും അടക്കമുള്ള സംസ്ഥാനങ്ങൾ പ്രളയ ദുരിതം നേരിടുകയാണ്. ജനങ്ങൾക്ക് കേന്ദ്ര സർക്കാർ പൂർണ പിന്തുണ ഉറപ്പാക്കണം. എല്ലാവരും ഒന്നിച്ചാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒന്നിനെയും രാഷ്ട്രീവത്കരിക്കരുത്. വയനാട്ടിലെ മുഴുവൻ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചാണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതെന്നും രാഹുൽഗാന്ധി വ്യക്തമാക്കി.

കവളപ്പാറയിൽ രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറം കവളപ്പാറയിൽ നിന്ന് തിങ്കളാഴ്ച ആറ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കോട്ടക്കുന്നിൽ മണ്ണിടിച്ചിലിൽ കാണാതായ സരോജിനിയുടെ മൃതദേഹവും കണ്ടെടുത്തു. വയനാട് പുത്തുമലയിൽ കാണാതായ എട്ടുപേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.

കവളപ്പാറയിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനിടെയാണ് കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചത്. 45 പേരോളം ഇവിടെ മണ്ണിടിയിലുണ്ടെന്നാണ് സൂചന. മഴ മറിയ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായിട്ടുണ്ട്. ഉറ്റവരെ അന്വേഷിച്ച് നിരവധി ആളുകളാണ് കവളപ്പാറയിലേക്ക് എത്തുന്നത്. സൈന്യത്തിന്റെയും ഫയർ ആൻഡ് റെസ്‌ക്യു സംഘത്തിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. കവളപ്പാറയിൽ മൂന്നുഭാഗത്തുകൂടിയാണ് ഉരുൾപൊട്ടിയത്. ഈ ഭാഗങ്ങളിലെല്ലാം വീടുകളുണ്ടായിരുന്നു. ഉരുൾപൊട്ടലുണ്ടായ പുത്തുമലയിലും യന്ത്രങ്ങളെത്തിച്ച് തിരച്ചിൽ തുടങ്ങി. നൂറേക്കറോളം മണ്ണിനടിയിലായ ഇവിടെ എട്ട് പേരോളം ഇനിയും മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. പുത്തുമലയുടെ ഭൂപടം തയ്യാറാക്കിയാണ് സൈന്യം തിരച്ചിൽ നടത്തുന്നത്.

വയനാട് പുത്തുമലയിൽ കാണാതായ എട്ടുപേരെക്കൂടി കണ്ടെത്താൻ ചൊവ്വാഴ്ച 600 പേരെ അണിനിരത്തി വൻ തിരച്ചിൽ നടത്തും. ഉരുൾപൊട്ടിയ ചാലിൽ വെള്ളമുള്ളതിനാൽ സന്നദ്ധപ്രവർത്തകർ കൂടി അപകടത്തിലാവുന്ന അവസ്ഥയാണ്. ഇതിനാൽ ചാലിയാറിലേക്ക് വെള്ളം ഒഴുക്കിവിടാൻ ചെറിയൊരു പാലം തകർക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP