Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറബിക്കടലിലെ ന്യൂനമർദ്ദം അതിതീവ്രമായി മാറി; നീങ്ങുന്നത് ഒമാൻ തീരത്തേക്കും; ബംഗാൾ ഉൾക്കടലിൽ മറ്റെന്നാൾ വീണ്ടും ന്യൂനമർദ്ദം രൂപം കൊള്ളാൻ സാധ്യത ഏറെ; ഇത് നീങ്ങുക ആന്ധ്ര-തമിഴ്‌നാട് തീരത്തേക്ക്; തുലാവർഷം കേരളത്തിൽ കടുകട്ടിയാകും; അഞ്ച് ദിവസത്തേക്ക് കനത്ത മഴയും ഇടി മിന്നലെന്നും കാലാവസ്ഥാ മുന്നറിയിപ്പ്; തിരുവനന്തപുരത്തും എറണാകുളത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും തൃശൂരിലും കൊല്ലത്തും ഇന്ന് സ്‌കൂളുകൾക്ക് അവധി; തോരാമഴയിൽ വീണ്ടും പ്രളയ ഭീഷണി

അറബിക്കടലിലെ ന്യൂനമർദ്ദം അതിതീവ്രമായി മാറി; നീങ്ങുന്നത് ഒമാൻ തീരത്തേക്കും; ബംഗാൾ ഉൾക്കടലിൽ മറ്റെന്നാൾ വീണ്ടും ന്യൂനമർദ്ദം രൂപം കൊള്ളാൻ സാധ്യത ഏറെ; ഇത് നീങ്ങുക ആന്ധ്ര-തമിഴ്‌നാട് തീരത്തേക്ക്; തുലാവർഷം കേരളത്തിൽ കടുകട്ടിയാകും; അഞ്ച് ദിവസത്തേക്ക് കനത്ത മഴയും ഇടി മിന്നലെന്നും കാലാവസ്ഥാ മുന്നറിയിപ്പ്; തിരുവനന്തപുരത്തും എറണാകുളത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും തൃശൂരിലും കൊല്ലത്തും ഇന്ന് സ്‌കൂളുകൾക്ക് അവധി; തോരാമഴയിൽ വീണ്ടും പ്രളയ ഭീഷണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടുത്ത അഞ്ചുദിവസം സംസ്ഥാനത്തു കനത്തമഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രഖ്യാപിക്കുമ്പോൾ വീണ്ടും പ്രളയ ഭീതിയിലേക്ക് സംസ്ഥാനം എത്തുകയാണ്. തുലാവർഷത്തോടനുബന്ധിച്ച് ശക്തമായ ഇടിമിന്നലുമുണ്ടാകും.

ഇന്നു തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. മിക്ക ഡാമുകളും നിറഞ്ഞു കവിയുന്ന അവസ്ഥയ്ക്ക് തൊട്ടടുത്താണ്. നിർത്താതെ പെയ്യുന്ന മഴയാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ എല്ലാ ജില്ലകളിലും ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദ്വീപിനും കേരളത്തിനും ഇടയിൽ രൂപപ്പെട്ട ന്യൂനമർദമാണ് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു കാരണമാകുന്നത്. 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി മാറി ഒമാൻ തീരത്തേക്കു നീങ്ങും. ഇതിന്റെ ഫലമായി 24 വരെ കേരളത്തിൽ കനത്ത തുലാമഴ പ്രതീക്ഷിക്കാം.

23-നു കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 24-നു മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെലോ അലെർട്ട് പുറപ്പെടുവിച്ചു. 64.5-115.5 മില്ലീമീറ്റർ മഴയാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തേത്തുടർന്ന് ശക്തമായ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഇന്നു കടലിൽ പോകരുതെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ള കേരളം, കർണാടകം, മഹാരാഷ്ട്ര തീരങ്ങളിലും തെക്കുകിഴക്കൻ, മധ്യകിഴക്കൻ അറബിക്കടൽ പ്രദേശങ്ങളിലും ലക്ഷദ്വീപ്, മാന്നാർ കടലിടുക്ക് പ്രദേശങ്ങളിലുമാണു ജാഗ്രതാനിർദ്ദേശം. മുന്നറിയിപ്പിൽ മാറ്റം വരുന്നതുവരെ മത്സ്യത്തൊഴിലാളികളെ കടലിൽ പോകുന്നതിൽനിന്നു വിലക്കാൻ ജില്ലാഭരണകൂടത്തിനും ഫിഷറീസ് വകുപ്പിനും പൊലീസിനും നിർദ്ദേശം നൽകി.

കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് തിരുവനന്തപുരം , എറണാകുളം, ആലപ്പുഴ, പത്തനംത്തിട്ട, തൃശൂർ കൊല്ലം ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും കനത്ത മഴ സംബന്ധിച്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രഫഷണൽ കോളേജ് ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ വദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എറണാകുളം ജില്ലയിലെ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂകളുകൾ കേന്ദ്രീയ വിദ്യാലായം , അങ്കണവാടികൾ എന്നിവക്ക് അവധി ബാധകമാണ്. കൊല്ലത്തുകൊട്ടാരക്കര താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെ അവധി പ്രഖ്യാപിച്ചു. 

ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയിൽ വിള്ളലുകൾ കാണപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന സമയത്തു മാറിത്താമസിക്കണം. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദ്ദേശം നൽകിയതായും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്നപ്രദേശങ്ങളിൽ പ്രളയങ്ങൾക്കും മലയോര മേഖലയിൽ മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കും കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ചയോടെ ന്യൂനമർദ്ദം ഒമാൻ തീരത്തേക്ക് നീങ്ങിയേക്കും. ബംഗാൾ ഉൾക്കടലിൽ മറ്റന്നാൾ പുതിയ ന്യൂനമർദ്ദം രൂപം കൊള്ളാൻ സാധ്യതയുമുണ്ട്. ഇത് ആന്ധ്ര തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ന്യൂനമർദ്ദങ്ങൾ രൂപം കൊള്ളുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ-

ഒക്ടോബർ 21-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, ഇടുക്കി, കോഴിക്കോട്
ഒക്ടോബർ 22-ന് കോഴിക്കോട് ,വയനാട്
ഒക്ടോബർ 23-ന് കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർകോട്
ഒക്ടോബർ 24-ന് മലപ്പുറം, കോഴിക്കോട്,കണ്ണൂർ,കാസർകോട്

കാലവർഷം പിന്നിട്ട് തുലവാർഷവും ഇടതടവില്ലാതെ പെയ്തതതോടെ സംസ്ഥാനത്ത് കാർഷിക മേഖലക്കുണ്ടാവുന്നത് വൻ തിരിച്ചടി. നെല്ല്, കാപ്പി, ഇഞ്ചി, കുരുമുളക്, കമുക്, മഞ്ഞൾ, വാഴ എന്നിവക്കെല്ലാം തുടർച്ചയായുണ്ടാകുന്ന മഴ ദോഷം വരുത്തുമെന്ന് കർഷകർ പറഞ്ഞു. കാലവർഷക്കെടുതിയാൽ ഹെക്ടർകണക്കിന് കൃഷി നശിച്ചതിന് പിന്നാലെയാണ് തുടർമഴ വിളകളെ ഒന്നടങ്കം ബാധിക്കുന്നത്. ഡിസംബറിൽ കൊയ്ത്ത് ആരംഭിക്കുന്ന നെൽ കർഷകർ കടുത്ത ആശങ്കിയലാണ്. പാടങ്ങളിൽ നെല്ല് കതിരുടന്ന സമയമാണിപ്പോൾ. തുടർച്ചയായി മഴ പെയ്യുന്നതിനാൽ നെല്ല് പതിരാവുമെന്ന് കർഷകർ പറഞ്ഞു. നല്ല വെയിൽ കിട്ടേണ്ട സമയത്താണ്.

നെയ്യാർ ഡാമിലെ ജലനിരപ്പ് ഉയർന്നു

കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാൽ നെയ്യാർ ഡാമിലെ ജല നിരപ്പ് ഉയർന്നു. ഇപ്പോൾ ജലനിരപ്പ് 83.45 മീറ്റർ ആണ്. പരമാവധി ജല നിരപ്പ് 84. 750 മീറ്റർ ആണ്. നാലിഞ്ച് ഉയർത്തിയിരുന്ന ഷട്ടർ നീരൊഴിക്കിനെ തുടർന്നു ആറിഞ്ചായി ഉയർത്തിയിട്ടുണ്ട്. നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് അധികൃതർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP