Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരേക്കർ പള്ളിഭൂമി ജാതിമതഭേദമന്യേ വീട് നഷ്ടപ്പെട്ട പത്ത് പേർക്കായി വീതിച്ച് പള്ളി വികാരി; വീട് നഷ്ടപ്പെട്ടവർക്ക് ഫ്‌ളാറ്റ് പണിയാൻ 21 സെന്റ് സ്ഥലം വെറുതെ കൊടുത്ത് സ്‌കൈവാലി മിനറൽ വാട്ടർ കമ്പനി ഉടമ; വീതം കിട്ടിയ 18 സെന്റ് സ്ഥലം വിട്ടു നൽകി മറ്റൊരാൾ കൂടി; ദുരിതമുഖത്ത് ആന്റണിയുടേയും അഹമ്മദ് പട്ടേലിന്റേയും മക്കളും; കേരളം പുനർനിർമ്മിക്കാൻ തമ്മിൽ മത്സരിച്ച് സന്മനസ്സുള്ള മലയാളികൾ

ഒരേക്കർ പള്ളിഭൂമി ജാതിമതഭേദമന്യേ വീട് നഷ്ടപ്പെട്ട പത്ത് പേർക്കായി വീതിച്ച് പള്ളി വികാരി; വീട് നഷ്ടപ്പെട്ടവർക്ക് ഫ്‌ളാറ്റ് പണിയാൻ 21 സെന്റ് സ്ഥലം വെറുതെ കൊടുത്ത് സ്‌കൈവാലി മിനറൽ വാട്ടർ കമ്പനി ഉടമ; വീതം കിട്ടിയ 18 സെന്റ് സ്ഥലം വിട്ടു നൽകി മറ്റൊരാൾ കൂടി; ദുരിതമുഖത്ത് ആന്റണിയുടേയും അഹമ്മദ് പട്ടേലിന്റേയും മക്കളും; കേരളം പുനർനിർമ്മിക്കാൻ തമ്മിൽ മത്സരിച്ച് സന്മനസ്സുള്ള മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളം പ്രളയക്കെടുതിയിൽ വിറങ്ങലിക്കുകയാണ്. ഇതിനിടെയിൽ കേൾക്കുന്നത് സുമനസ്സുകളുടെ കഥയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചലഞ്ച് കേരളം ഏറ്റെടുത്തു. നിരവധി പേരാണ് ഒരു മാസത്തെ ശമ്പളം സർക്കാരിന് നൽകുന്നത്. കേരളത്തിന്റെ പുനർനിർമ്മാണത്തിന് മലയാളികളുടെ സഹായ പ്രവാഹം നിലയ്ക്കാതെ തുടരുമ്പോൾ സമൂഹവും പ്രതീക്ഷയിലാണ്. പ്രളയക്കെടുതിയെ അതിവേഗം അതിജീവിക്കാൻ കേരളത്തിന് കഴിയുമെന്നാണ് സഹായപെരുമഴ വ്യക്തമാക്കുന്നത്. ഇതിനിടെയിൽ തങ്ങളുടെ സ്വത്തും ദാനം ചെയ്ത് മാതൃക സൃഷ്ടിക്കുന്നവരുമുണ്ട്.

മാതൃകയായി ഭൂമി വിട്ട് നൽകി കാസർകോട്ടെ ബെഡൂർ സെന്റ് ജോസഫ് ഇടവക

ഭവനരഹിതരായ കുടുംബങ്ങൾക്കു കൈത്താങ്ങാകാൻ കാസർകോട്ടെ ബെഡൂർ സെന്റ് ജോസഫ് ഇടവക സമൂഹവും രംഗത്ത് വരികയാണ്. വെസ്റ്റ് എളേരി പഞ്ചായത്തിലെ ബെഡൂരിലെ ഒരേക്കർ ഭൂമി 10 കുടുംബങ്ങൾക്കായി വിട്ടുനൽകും. ജാതിമത ഭേദമെന്യേ 10 സെന്റ് ഭൂമി വീതമാണു നൽകുക.

ഇവിടേക്കു ശുദ്ധജലവും വൈദ്യുതിയും ദേവാലയത്തിന്റെ നേതൃത്വത്തിൽ എത്തിക്കും. തലശ്ശേരി അതിരൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്) ക്കാണു ഗുണഭോക്താവിനെ തിരഞ്ഞെടുക്കാനുള്ള ചുമതല. അർഹതയുള്ള കുടുംബങ്ങളെ തലശ്ശേരി അതിരൂപതയുടെ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സ്മാരക ഭവന പദ്ധതിയിലേക്കും പരിഗണിക്കുമെന്നും ഇതിനായുള്ള അപേക്ഷകളും ടിഎസ്എസ് മുഖേന സമർപ്പിക്കുമെന്നും ഇടവക വികാരി ഫാ. മാത്യു പയ്യനാട്ട് പറഞ്ഞു.

ഭൂമി നൽകി സ്‌കൈവാലി മിനറൽ വാട്ടർ കമ്പനി ഉടമയും

കിടപ്പാടം നഷ്ടപ്പെട്ടവർക്കായി 21 സെന്റ് ഭൂമി ദാനം ചെയ്തു യുവാവിന്റെ മഹാമനസ്‌കതയും ചർച്ചയാവുകയാണ്. സ്‌കൈവാലി മിനറൽ വാട്ടർ കമ്പനി ഉടമ ചെറുവണ്ണൂർ പഴുക്കടക്കണ്ടി അനിൽ കുമാറാണ് ഒളവണ്ണ വില്ലേജിലെ കോഴിക്കോടൻകുന്നിലുള്ള ഭൂമി ദാനം ചെയ്തത്.

ആധാരം ഉൾപ്പെടെയുള്ള രേഖകൾ എ.പ്രദീപ് കുമാർ എംഎൽഎ, കലക്ടർ യു.വി.ജോസ് എന്നിവരുടെ സാന്നിധ്യത്തിൽ മന്ത്രി ടി.പി.രാമകൃഷ്ണനു കൈമാറി. വീടു നഷ്ടപ്പെട്ടവർക്കു ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കുന്നതിനു ഭൂമി പ്രയോജനപ്പെടുത്തണമെന്നാണ് അനിൽ കുമാറിന്റെ അഭ്യർത്ഥന. ഇത്തരത്തിൽ നിരവധി പേരാണ് കോഴിക്കോട് സഹായവുമായി എത്തുന്നത്.

കോട്ടയത്തെ മാളികയിൽ ബിൽഡിങ്‌സിൽ ഷാജൻ ജോണും സഹായവുമായി രംഗത്ത് വരുന്നു. പയ്യപ്പാടിയിലെ പാലക്കുന്നേൽ വീട്ടിൽ കുടുംബ ഓഹരിയായി ലഭിച്ച 18 സെന്റ് ദുരിത ബാധിതരായവർക്കു വിട്ടുനൽകുകയാണ് ഷാജൺ ജോൺ. ബിസിനസ് ചെയ്യുന്ന ഷാജൻ വെള്ളപ്പൊക്ക ദുരിതബാധിതരെ എങ്ങനെ സഹായിക്കണമെന്നു ചിന്തിച്ചപ്പോൾ ഭാര്യ ജാൻസിയാണു സ്ഥലം വിട്ടു നൽകാമെന്ന ആശയം മുന്നോട്ടു വച്ചത്.

പയ്യപ്പാടി കൊച്ചുമറ്റം റൂട്ടിലാണു കുടുംബ വീടിനുനോടു ചേർന്നു വഴിയും എല്ലാ സൗകര്യമുള്ള ഈ സ്ഥലം. റബർ മരങ്ങളാണ് ഇവിടെയുള്ളത്. ഈ സ്ഥലം മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുന്നതിനു സന്നദ്ധത അറിയിച്ചു കലക്ടർക്കു കത്തു നൽകുമെന്നു ഷാജൻ അറിയിച്ചു.

മാതൃകയായി നേതാക്കളുടെ മക്കൾ

കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ ആന്റണിയുടെ മകൻ അനിലും അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലും ദുരിതാശ്വാസത്തിൽ സജീവമായി പങ്കെടുക്കുന്നു.

തിരുവനന്തപുരം, ആലപ്പുഴ, വയനാട്, മലപ്പുറം ജില്ലകളിലായിരുന്നു പ്രവർത്തനം. രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള വിപുലമായ ബന്ധങ്ങൾ ഉപയോഗിച്ച് ഇരുവരും കേരളത്തിലെ ക്യാംപുകളിലെത്തിച്ചത് ഏതാണ്ട് 15 ടൺ സാധനങ്ങളാണ്. അഹമ്മദ് പട്ടേലിന്റെ നാടായ ഗുജറാത്തിൽനിന്നു മാത്രം ആറു ടണ്ണോളം സാധനങ്ങളെത്തിച്ചു. സൈബർ സുരക്ഷാരംഗത്തു പ്രവർത്തിക്കുന്ന അനിൽ നവോത്ഥാൻ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ ഭാഗമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP