Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാസർകോട് ചുഴലിക്കാറ്റ് നാശം വിതച്ചത് 15 മിനിറ്റോളം; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും കനത്ത മഴ തുടരുന്നു; തലസ്ഥാനത്ത് മഴി എത്തി നോക്കി മടങ്ങി; 11 അണക്കെട്ടുകൾ തുറന്നതോടെ മിക്ക നദികളിലും ജലനിരപ്പുയർന്നു; കുട്ടനാട്ടിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളപ്പൊക്കം; ഹൈറേഞ്ചുകളിൽ കനത്ത മഴ; വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം; നിലക്കുറിഞ്ഞി വസന്തം കാണാനും വിലക്ക്; കേരളം വീണ്ടും മഴക്കെടുതിയിലേക്ക്

കാസർകോട് ചുഴലിക്കാറ്റ് നാശം വിതച്ചത് 15 മിനിറ്റോളം; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും കനത്ത മഴ തുടരുന്നു; തലസ്ഥാനത്ത് മഴി എത്തി നോക്കി മടങ്ങി; 11 അണക്കെട്ടുകൾ തുറന്നതോടെ മിക്ക നദികളിലും ജലനിരപ്പുയർന്നു; കുട്ടനാട്ടിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളപ്പൊക്കം; ഹൈറേഞ്ചുകളിൽ കനത്ത മഴ; വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം; നിലക്കുറിഞ്ഞി വസന്തം കാണാനും വിലക്ക്; കേരളം വീണ്ടും മഴക്കെടുതിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നാൽപ്പതിനായിരം കോടി രൂപയുടെ നാശം വിതച്ച മഹാപേമാരി. അതിൽ നിന്ന് കേരളം കരകയറുമ്പോൾ വീണ്ടും പ്രകൃതിയുടെ ക്ഷോഭം കേരളക്കരയിലേക്ക്. സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ കാറ്റും മഴയും ദുരിതമെത്തിക്കുകയാണ്. കാസർകോട് നഗരത്തിൽ 15 മിനിറ്റോളം ചുഴലിക്കാറ്റ് വീശിയടിച്ചു. ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും കനത്തമഴ തുടരുകയാണ്. കാലാവസ്ഥാപ്രവചനം മുൻനിർത്തി അണക്കെട്ടുകളിലെ ജലനിരപ്പ് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ ഞായറാഴ്ച കേരളത്തിൽ അതിശക്തമായ മഴയുണ്ടാകുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടാണ് മഴയും കാറ്റും കാസർകോടിനെ പിടിച്ചുലച്ചത്. കനത്ത കാറ്റിൽ കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയി. മൊബൈൽ ടവറുകളും പരസ്യ ബോർഡുകളും നിലം പൊത്തി. പത്തനംതിട്ടയിലും മൂന്നാർ ഉൾപ്പെടെ ഇടുക്കി ജില്ലയിലെ മിക്കപ്രദേശങ്ങളിലും കനത്തമഴയുണ്ടായി. സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത നൽകി ന്യൂനമർദം വെള്ളിയാഴ്ച ലക്ഷദ്വീപിനു സമീപം രൂപമെടുക്കുമെന്നാണ് മുന്നറിയിപ്പ്. ലക്ഷദ്വീപിനു സമീപം 50 കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റായി മാറിയാൽ ഒമാൻ തീരത്തേക്കു നീങ്ങാനാണു സാധ്യത. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ഇന്നു തന്നെ തീരത്തു മടങ്ങിയെത്തണമെന്നു കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചു.

ഏഴിനു കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി,മലപ്പുറം, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശവുമുണ്ട്. മിക്ക ജില്ലകളിലും അഞ്ചു മുതൽ ഏഴു വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ നാലു മുതൽ ആറു വരെ തീയതികളിലും തൃശൂരും പാലക്കാടും ആറിനും പത്തനംതിട്ടയിൽ ഏഴിനും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മൂന്നാറിലും മഴ ശക്തമാകുകയാണ്. വ്യാഴാഴ്ച രാവിലെ മുതൽ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഹൈറേഞ്ച് മേഖലകളിൽ ചിലയിടങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. ഈ സാഹചര്യത്തിൽ മൂന്നാറിലേക്ക് യാത്രാ നിരോധനമുണ്ട്.

ന്യൂനമർദത്തിന്റെ സഞ്ചാരപാത ഇന്ന് അറിയാം

ന്യൂനമർദത്തിന്റെ സഞ്ചാരപാത ഇന്നു വൈകിട്ടോടെ വ്യക്തമാകും. മറ്റന്നാളോടെ ഇത് അതിശക്തമായ ന്യൂനമർദമോ ചുഴലിക്കാറ്റോ ആയി മാറാം. മറ്റന്നാൾ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കിക്കു പുറമേ മലപ്പുറത്തുകൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു. മലമ്പുഴ ഉൾപ്പെടെ 12 ഡാമുകൾ തുറന്നിട്ടുണ്ടെങ്കിലും ആശങ്ക വേണ്ട. നെയ്യാർ, അരുവിക്കര, പേപ്പറ (മൂന്നും തിരുവനന്തപുരം), മാട്ടുപെട്ടി, പൊന്മുടി (ഇടുക്കി), പെരിങ്ങൽക്കുത്ത്, ചിമ്മിനി, പീച്ചി, ഷോളയാർ (നാലും തൃശൂർ), മംഗലം, പോത്തുണ്ടി (രണ്ടും പാലക്കാട്) എന്നിവയാണു നിലവിൽ തുറന്നിട്ടുള്ള മറ്റു ഡാമുകൾ. ഡാമുകൾ തുറന്നു വിടുകയോ ഷട്ടറുകൾ കൂടുതൽ ഉയർത്തുകയോ ചെയ്യണമെങ്കിൽ കലക്ടർമാരുടെ അനുവാദം വാങ്ങണമെന്നു ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദ്ദേശം.

ഇടുക്കിയിൽ യാത്രയ്ക്ക് നിയന്ത്രണമുണ്ട്. വിനോദസഞ്ചാര നിരോധനം നിരോധിച്ചു. ഇടുക്കി ജില്ലയിൽ രാത്രി 7 മണിക്കും രാവിലെ 7 മണിക്കും ഇടയിൽ മലയോര മേഖലയിൽ ഇന്നു മുതൽ യാത്രാ നിയന്ത്രണം ഉറപ്പുവരുത്തുമെന്ന് ഇടുക്കി കലക്ടർ കെ. ജീവൻബാബു പറഞ്ഞു. ജില്ലയിൽ വിനോദസഞ്ചാരം (നീലക്കുറിഞ്ഞി സന്ദർശനം ഉൾപ്പെടെ), അഡ്വഞ്ചർ ടൂറിസം, ബോട്ടിങ്, ഓഫ് റോഡ് ഡ്രൈവിങ് എന്നിവ പൂർണമായി നിരോധിച്ചു. പെരുമഴ പ്രതീക്ഷിച്ച് ഇടുക്കി അണക്കെട്ട് തുറക്കാനുള്ള മുന്നൊരുക്കങ്ങൾ കെഎസ്ഇബി തുടങ്ങി. ചെറുതോണി അണക്കെട്ടിൽ കൺട്രോൾ റൂം ഇന്നുമുതൽ പ്രവർത്തനം തുടങ്ങും. അണക്കെട്ടിന്റെ ഷട്ടറുകളിലൂടെ സെക്കൻഡിൽ 50000 ലീറ്റർ വെള്ളം പുറത്തേക്കൊഴുക്കാനാണു ആലോചന. അഞ്ചു ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ മാത്രം 40 സെന്റീമീറ്റർ ഉയർത്താനാണു നീക്കം. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ മറ്റു ഷട്ടറുകളും ഉയർത്തും. ഇതോടെ പെരിയാറിൽ വീണ്ടും ജലനിരപ്പ് ഉയരും.

ഇന്നു10 ന് കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും. ചൊവ്വ രാവിലെ 2387.66 അടിയായിരുന്നു ജലനിരപ്പ്. സംഭരണയിൽ ഇപ്പോൾ 83 ശതമാനം വെള്ളമുണ്ട്. 2403 അടിയാണു അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

തിങ്കളാഴ്ച വരെ അതിശക്തമായ മഴ

കേരളത്തിൽ തിങ്കളാഴ്ചവരെ അതിശക്തമായ മഴയുണ്ടാകും. ഞായറാഴ്ച അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച മുതൽ മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം. ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനടുത്തായി മറ്റൊരു അന്തരീക്ഷച്ചുഴിയും രൂപം കൊണ്ടിട്ടുണ്ട്. ഇതും എട്ടാംതീയതിയോടെ ന്യൂനമർദമായി മാറാനുള്ള സാധ്യതയുണ്ട്. ഇവ രണ്ടിന്റെയും സ്വാധീനഫലമായി പലയിടങ്ങളിലും മഴ കൂടുതലായി പെയ്യുന്നുണ്ട്.

ശക്തമായ മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ പല ജില്ലകളിലും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയേറെയാണെന്ന് വിദഗ്ദ്ധർ. കേരളത്തെ മുഴുവൻ ബാധിച്ച ഒരു പ്രളയം കടന്നുപോയതിനാൽ പ്രകൃതിക്ക് കാലാവസ്ഥാമാറ്റങ്ങൾ താങ്ങാനുള്ള ശേഷി കുറവാണ്. പലയിടങ്ങളിലും പ്രളയത്തിന് ശേഷം ഭൂമി വിണ്ടുകീറി. 20 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള കുന്നുകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർ അതിജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.

കുട്ടനാട്ടിൽ ദുരിതം തുടങ്ങി, തിരമാലകളും വില്ലനാകും

മഴ ശക്തമായതും കിഴക്കൻ വെള്ളത്തിന്റെ വരവു വർധിച്ചതും കാരണം കുട്ടനാട്ടിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി. 2 ദിവസത്തിനിടെ ജലാശയങ്ങളിൽ വെള്ളം ഒരടിയോളം ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിലാണു ഭീഷണി.

ഇന്നലെ സംസ്ഥാനത്ത് ഏറ്റവും അധികം മഴ ലഭിച്ചത് ആലപ്പുഴയിൽ. 122.8 മില്ലീമീറ്റർ മഴയാണ് ഒറ്റ ദിവസം ആലപ്പുഴയിൽ ലഭിച്ചതെന്നു കാലാവസ്ഥാ വകുപ്പിന്റെ കണക്കു വ്യക്തമാക്കുന്നു. ഇന്നലെ രാവിലെ 8 വരെയുള്ള കണക്കാണിത്. ചാലക്കുടിയാണു രണ്ടാമത്-117. 2 മില്ലീമീറ്റർ. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് 89.4 മില്ലീമീറ്റർ മഴ ലഭിച്ചു. ആലപ്പുഴയിൽ മഴ കനത്തെങ്കിലും, തൊട്ടടുത്ത സെന്ററായ മങ്കൊമ്പിൽ 30 മില്ലീമീറ്റർ മാത്രമായിരുന്നു മഴ. ചേർത്തലയിൽ 13.9 മില്ലീമീറ്റർ മാത്രവും. കുമരകത്ത് 74 മില്ലീമീറ്റർ മഴ പെയ്തപ്പോൾ തൊട്ടടുത്ത കോട്ടയത്ത് 16.8 മില്ലീമീറ്ററേ ഉണ്ടായുള്ളൂ. പാലക്കാട് ജില്ലയിൽ ഏതാണ്ട് എല്ലാ പ്രദേശത്തും നല്ല മഴ ലഭിച്ചു. പറമ്പിക്കുളം-85, തൃത്താല-72, ചിറ്റൂർ-71.0, പാലക്കാട്-57.8, ഒറ്റപ്പാലം-45.2 മില്ലീമീറ്റർ വീതം. ഇന്നലെ ഏറ്റവും കൂടുതൽ മഴ റിപ്പോർട്ട് ചെയ്ത മറ്റു പ്രദേശങ്ങൾ (മില്ലീമീറ്ററിൽ): പെരിന്തൽമണ്ണ-81, തൃത്താല-72, ചിറ്റൂർ-71, കായംകുളം-66.4, കൊടുങ്ങല്ലൂർ-65.

അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച ദിവസങ്ങളിൽ തിരമാലകൾക്കും ശക്തി കൂടുമെന്നു വിദഗ്ദ്ധർ. ഓഗസ്റ്റിലെ പ്രളയത്തിൽ കടൽ ശാന്തമായിരുന്നു. എന്നാൽ, ഇത്തവണ അമാവാസി അടുപ്പിച്ച് ന്യൂനമർദം രൂപപ്പെടുന്നതിനാൽ കൂടുതൽ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. 9 നാണ് അമാവാസി. 8 നും 9 നും തിരമാല ഒരു മീറ്റർ വരെ ഉയരാം. ഇതു കടലിന്റെ സ്വീകരണ ശേഷിയെ ബാധിക്കും. പ്രളയം കഴിഞ്ഞ് കടൽ വളരെ ശാന്തമായിരുന്നതിനാലാണു വലിയ തോതിൽ വെള്ളം ഇറങ്ങിയത്. അമാവാസിക്കു മൂന്നു ദിവസം മുൻപു മുതൽ തിരമാലകളുടെ ശക്തി കൂടും. ഇത് അമാവാസി കഴിഞ്ഞു മൂന്നു ദിവസം കൂടി നീണ്ടു നിൽക്കാനും സാധ്യതയുണ്ട്.

അണക്കെട്ടുകളിൽ ജാഗ്രത

മഴ കൂടുന്ന സാഹചര്യത്തിൽ അണക്കെട്ടുകളിൽ സുരക്ഷ ശക്തമാക്കി. സംഭരണ ശേഷി 95 ശതമാനം കഴിഞ്ഞതിനാൽ അഞ്ച് പ്രധാന ഡാമുകൾ തുറന്നിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഒറ്റ ദിവസംകൊണ്ട് മൂന്നടി ഉയർന്നു. ബുധനാഴ്ച 127 അടിയായിരുന്ന ജലനിരപ്പ് 130-ലെത്തി. തുലാവർഷത്തിൽ ഒറ്റദിവസത്തെ മഴയിൽ ആറടിയിലേറെ ജലനിരപ്പുയർന്ന ചരിത്രം മുല്ലപ്പെരിയാർ അണക്കെട്ടിനുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഉപസമിതി അടുത്തുതന്നെ അണക്കെട്ട് സന്ദർശിക്കാൻ സാധ്യതയുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച ഉച്ചമുതൽ കനത്ത മഴ പെയ്യുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം വരെ അണക്കെട്ടിൽ 35 മില്ലിമീറ്ററും തേക്കടിയിൽ 38 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. അണക്കെട്ടിലേക്ക് സെക്കൻഡിൽ 5500 ഘനയടി വെള്ളം എത്തുമ്പോൾ തമിഴ്‌നാട് 1450 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.

കല്ലാർകുട്ടി അണക്കെട്ടിന്റെ സംഭരണശേഷി 97 ശതമാനത്തിലെത്തിയതിനാൽ ഒരു ഷട്ടർ ഒന്നരയടി ഉയർത്തി സെക്കൻഡിൽ 1500 ലിറ്റർ വെള്ളം ഒഴുക്കി വിടുന്നുണ്ട്. മാട്ടുപ്പട്ടി അണക്കെട്ടിന്റെ രണ്ടു ഷട്ടർ ഒരടിവീതം ഉയർത്തി. സെക്കൻഡിൽ 2500 ലിറ്റർ വെള്ളമാണ് ഒഴുക്കിവിടുന്നത്. പൊന്മുടി അണക്കെട്ടിന്റെ രണ്ടു ഷട്ടറും കുണ്ടള അണക്കെട്ടിന്റെ രണ്ടു ഗേറ്റും തുറന്നിട്ടുണ്ട്. ആനയിറങ്കൽ ഡാമിന് ഷട്ടർ സംവിധാനമില്ലാത്തതിനാൽ നിറഞ്ഞൊഴുകുന്നു. എന്നാൽ, പാംബ്ല അണക്കെട്ടിൽ സംഭരണ ശേഷിയുടെ 72 ശതമാനം വെള്ളമേയുള്ളൂ. പൊരിങ്ങൽക്കുത്തിലെ വാൽവുകൾ തുറക്കും. ചാലക്കുടി പുഴയിൽ രണ്ടടി വെള്ളം ഉയർന്നേക്കാം.

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകൾ മുപ്പതു സെന്റീമീറ്റർ വീതം ഉയർത്തി. 115.06 മീറ്റർ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിൽ ജലനിരപ്പ് 114.03 മീറ്ററിലേക്ക് ഉയർന്നതോടെയാണ് തുറന്നത്. കൽപ്പാത്തിയുടെയും ഭാരതപ്പുഴയുടെയും ഓരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. മംഗലംഡാം,പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകളും ഉയർത്തി. അട്ടപ്പാടിയും നെല്ലിയാമ്പതിയും ഉൾപ്പെടെ മലയോരമേഖലകളിൽ നേരിയതോതിൽ മഴ ലഭിക്കുന്നുണ്ട്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് നെല്ലിയാമ്പതിയിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രാ വിലക്ക് തുടരും. ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകളിൽ നിന്നും കൂടുതൽ ജലം തുറന്നുവിട്ടു.

അതിരപ്പിള്ളിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇടുക്കി ജില്ലയിലും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ വിനോദസഞ്ചാരത്തിന് നിരോധനം ഏർപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP