Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മഴ വീണ്ടും കനക്കുമ്പോൾ സംസ്ഥാനം അതീവജാഗ്രതയിൽ; കെടുതികളിൽ മരണം 95; തിരൂരിൽ വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ അച്ഛൻ മരിച്ചു; കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു; കണ്ടെത്താനുള്ളത് 39 പേരെ; പുത്തുമലയിൽ കണ്ടെത്താനുള്ളത് ഏഴുപേരെ; ഇടുക്കിയിലും ആലപ്പുഴയിലും എറണാകുളത്തും റെഡ് അലേർട്ട്; 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി; പിഎസ് സി വകുപ്പ്തല പരീക്ഷ മാറ്റിവച്ചു

മഴ വീണ്ടും കനക്കുമ്പോൾ സംസ്ഥാനം അതീവജാഗ്രതയിൽ; കെടുതികളിൽ മരണം 95; തിരൂരിൽ വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ അച്ഛൻ മരിച്ചു; കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു; കണ്ടെത്താനുള്ളത് 39 പേരെ; പുത്തുമലയിൽ കണ്ടെത്താനുള്ളത് ഏഴുപേരെ; ഇടുക്കിയിലും ആലപ്പുഴയിലും എറണാകുളത്തും റെഡ് അലേർട്ട്; 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി; പിഎസ് സി വകുപ്പ്തല പരീക്ഷ മാറ്റിവച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. മഴക്കെടുതിയിൽ മരണം 95 ആയി ഉയർന്നു. കനത്ത മഴയ്ക്കുള്ള സാധ്യതയെത്തുടർന്നു സംസ്ഥാനത്തു മൂന്നിടത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ജാഗ്രതാനിർദ്ദേശം.തിരൂരിൽ, വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിച്ച ശേഷം അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. തിരുനാവായ സ്വദേശി അബ്ദുൾ റസാഖാണ് മരിച്ചത്. കവളപ്പാറയിലുണ്ടായ ഉരുൾപ്പൊട്ടലിൽ അകപ്പെട്ടവർക്കായി നടത്തിവരുന്ന തിരച്ചിലിൽ ഇന്ന് ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. സ്ത്രീയുടേതെന്ന് സംശയിക്കുന്ന ഭാഗികമായിട്ടുള്ള ഒരു മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിൽ 20 പേരുടെ മരണം സ്ഥിരീകരിച്ചു. എന്നാൽ 20 പേരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇനി 39 പേരെയാണ് കവളപ്പാറയിൽ നിന്നും കണ്ടെത്തേണ്ടത്.

വയനാട് പുത്തുമലയിലും തുടർച്ചയായി അഞ്ചാം ദിവസം നടത്തുന്ന രക്ഷാപ്രവർത്തനം തുടരുകയാണ്. പുത്തുമലയിൽ കണ്ടെത്താനുള്ളത് ഏഴുപേരെയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
എറണാകുളം, കോഴിക്കോട്, വയനാട്, തൃശൂർ, മലപ്പുറം, കണ്ണൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് അവധി. ബുധനാഴ്ച നടത്തേണ്ടിയിരുന്ന വകുപ്പു തല പരീക്ഷ മാറ്റിയതായി പി.എസ്.സി അറിയിച്ചു.

സംസ്ഥാനത്ത് 1243 ദുരിതാശ്വാസ ക്യാമ്പുകളിൽ 224506 പേർ ഇപ്പോൾ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ദുരിതാശ്വാസ നിധിയെ കുറിച്ച് വ്യാജപ്രചാരണങ്ങൾ നടത്തുന്നതിനെതിരെ മാധ്യമങ്ങൾ തന്നെ ഒറ്റക്കെട്ടായി രംഗത്ത് വന്നുവെന്നും പിണറായി വിജയൻ കുറിച്ചു. 'ഈ ഘട്ടത്തിൽ സഹായ ഹസ്തം നീട്ടുന്നവർ ഒട്ടേറെയാണ്. സവിശേഷമായ ചില അനുഭവങ്ങൾ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിന് ഒന്നും കൊടുക്കേണ്ടതില്ല എന്ന ദുഷ്പ്രചാരണം നടത്തുന്നവരെ നിരാശപ്പെടുത്തുന്ന അനുഭവമാണത്. ഇക്കാര്യത്തിൽ നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ നടത്തുന്ന ഇടപെടൽ പ്രശംസനീയമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചു നടത്തിയ വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടാൻ മാധ്യമങ്ങൾ ഏറെക്കുറെ ഒറ്റക്കെട്ടായി തന്നെ രംഗത്തു വന്നു. നേരിയ അപവാദമേ അതിനുള്ളൂ. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സഹായ ശേഖരണം മുടക്കാനുള്ള ശ്രമങ്ങളെയും മാധ്യമങ്ങൾ ശക്തമായി എതിർത്തു. വാർത്തകളിലൂടെ മാത്രമല്ല, മാധ്യമ പ്രവർത്തകർ വ്യക്തിപരമായി വളണ്ടിയർമാരായി രംഗത്തിറങ്ങിയും നടത്തിയ ഇടപെടൽ നാടിനെ സ്‌നേഹിക്കുന്ന എല്ലാവരെയും ആവേശഭരിതരാക്കുന്നതാണ്. തിരുവനന്തപുരം നഗരസഭയിലെ കലക്ഷൻ സെന്ററിൽ നിരവധി മാധ്യമ പ്രവർത്തകരെ കാണാനിടയായി. തലസ്ഥാനത്തെ പ്രസ്സ് ക്ലബ് നടത്തിയ ഇടപെടലും ശ്രദ്ധേയമാണ്. ഒരുതരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കും തകർക്കാനാവാത്തതാണ് അതിജീവനത്തിനുള്ള നിശ്ചയദാർഢ്യം എന്ന് ആത്മവിശ്വാസത്തോടെ പറയാനാകുന്ന അവസ്ഥയാണിത്.'

പാഠപുസ്തകം പോയ കുട്ടികൾ വിഷമിക്കേണ്ട

പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട 1 മുതൽ 12 ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങൾ നൽകാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആവശ്യക്കാരായ വിദ്യാർത്ഥികളിൽ നിന്ന് പ്രഥമാധ്യാപകർ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം. വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ അടിയന്തിരമായി ലഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നല്കിയിട്ടുണ്ട്.

മൂന്നിടത്ത് റെഡ് അലേർട്ട്; ഒമ്പത് ജില്ലകളിൽ അവധി

എറണാകുളം ജില്ലയിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകാത്തതിനാലാണ് അവധി നൽകിയതെന്ന് കളക്ടർ എസ്.സുഹാസ് അറിയിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റിൽ പറഞ്ഞു. പരീക്ഷകൾ സംബന്ധിച്ച് സർവകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടത്.

കോഴിക്കോട് പ്രൊഫഷണൽ കോളേജുകൾ അടക്കം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കും. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. ബുധനാഴ്ച റെഡ് അലർട്ട് നിലനിൽക്കുന്നതും പല വിദ്യാലയങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നതും വിദ്യാർത്ഥികളിൽ പലരും ദുരിതാശ്വാസക്യാമ്പുകളിലായതും പരിഗണിച്ചാണ് അവധി.

വയനാട് ജില്ലയിലെ പലയിടത്തും വെള്ളക്കെട്ട് പൂർണ്ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും ദുരന്ത സാധ്യത ഒഴിവാക്കുന്നതിനുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അംഗൻവാടികൾക്കും അവധി ബാധകമാണ്. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല.

മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും ദുരിതാശ്വാസ ക്യാമ്പുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടർന്നുവരുന്നതിനാലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗൻവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം) ബുധനാഴ്ച അവധിയായിരിക്കും.

കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും ദുരന്തനിവാരണ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലും കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മദ്രസകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. ട്യൂഷൻ സെന്ററുകളും മറ്റു സ്വകാര്യ വിദ്യാലയങ്ങളും പ്രവർത്തിക്കാൻ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP