Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജസ്ഥാൻ പോയാൽ കേന്ദ്ര ഭരണവും പോവുമെന്ന് തിരിച്ചറിഞ്ഞ് വസുന്ധരയുടെ അപ്രമാദിത്വത്തിന്‌ കൈകൊടുത്ത് ബിജെപി നേതൃത്വം; കോൺഗ്രസിന്റെ മുസ്ലിം പ്രേമം മുതലെടുക്കാൻ യോഗി ആദിത്യനാഥിനെ ഇറക്കി പരമാവധി ഹിന്ദു ധ്രുവീകരണം ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ; മോദിയും അമിത് ഷായും ആദിത്യനാഥും രംഗം കീഴടക്കിയതോടെ ഈസി വാക്കോവർ മങ്ങിയെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസ്; രാജസ്ഥാനിലെ ഭരണവിരുദ്ധ തരംഗത്തെ ഹിന്ദു ധ്രൂവീകരണം അട്ടിമറിക്കുമോ?

രാജസ്ഥാൻ പോയാൽ കേന്ദ്ര ഭരണവും പോവുമെന്ന് തിരിച്ചറിഞ്ഞ് വസുന്ധരയുടെ അപ്രമാദിത്വത്തിന്‌ കൈകൊടുത്ത് ബിജെപി നേതൃത്വം; കോൺഗ്രസിന്റെ മുസ്ലിം പ്രേമം മുതലെടുക്കാൻ യോഗി ആദിത്യനാഥിനെ ഇറക്കി പരമാവധി ഹിന്ദു ധ്രുവീകരണം ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ; മോദിയും അമിത് ഷായും ആദിത്യനാഥും രംഗം കീഴടക്കിയതോടെ ഈസി വാക്കോവർ മങ്ങിയെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസ്; രാജസ്ഥാനിലെ ഭരണവിരുദ്ധ തരംഗത്തെ ഹിന്ദു ധ്രൂവീകരണം അട്ടിമറിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് അതിനിർണ്ണായകമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണം നിലനിർത്തി കേന്ദ്ര ഭരണം വീണ്ടും പിടിച്ചെടുക്കുകയാണ് ലക്ഷ്യം. രാജസ്ഥാനിലും മധ്യപ്രദേശിലും തോറ്റാൽ കോൺഗ്രസിന് കരുത്ത് കൂടും. ഇത് തിരിച്ചറിഞ്ഞ് മധ്യപ്രദേശിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ രാജസ്ഥാനിൽ പിടിമുറുക്കുകയാണ് ബിജെപി. കോൺഗ്രസിന് ഈസി വാക്ക് ഓവർ പ്രവചിക്കുന്ന സ്ഥലമാണ് രാജസ്ഥാൻ. മുഖ്യമന്ത്രി വസുന്ധരാ രാജ സിന്ധ്യയുടെ ഭരണത്തിനെതിരായ വികാരം അതിശക്തമാണ്. സച്ചിൻ പൈലറ്റിനെ മുന്നിൽ നിർത്തിയുള്ള കോൺഗ്രസ് പോരാട്ടം ദേശീയ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. ഇതിനിടെയാണ് ആളും ആരവവുമായി ഹിന്ദു മുദ്രാവാക്യവുമായി ബിജെപി കളം നിറയുന്നത്. ഭരണ വിരുദ്ധതയെ ഹിന്ദു ധ്രുവീകരണത്തിലൂടെ മറികടക്കാനാണ് അമിത് ഷായുടെ തന്ത്രം. പ്രധാനമന്ത്രി മോദിക്കൊപ്പം താര പ്രചാരകനായി യുപി മുഖ്യമന്ത്രി ആദിത്യനാഥ് മാറുന്നതും അതുകൊണ്ടാണ്.

ആർഎസ്എസുമായുള്ള ഭിന്നതകൾ പറഞ്ഞുതീർത്തതും അവർ തെരഞ്ഞെടുപ്പിൽ പൂർണതോതിൽ സജീവമാകാൻ തീരുമാനിച്ചതുമാണ് ബിജെപിക്ക് ഗുണകരമായി മാറുന്നത്. പടലപിണക്കങ്ങൾ മാറ്റിവച്ചു സംസ്ഥാനത്ത് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മേൽക്കോയ്മ അംഗീകരിച്ചു പ്രവർത്തിക്കാനുള്ള പാർട്ടിതീരുമാനവും പ്രധാനമായി. 2019ൽ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്താൻ രാജസ്ഥാൻ നിർണായകമാണെന്ന തിരിച്ചറിനാണ് ഇതിന് കാരണം. കഴിഞ്ഞദിവസമാണു ബിജെപിയിലെയും ആർഎസ്എസിലെയും മുതിർന്ന സംസ്ഥാന നേതാക്കൾ ചർച്ച നടത്തി, പ്രശ്‌നങ്ങൾ തൽക്കാലം മാറ്റിവച്ച് വിജയത്തിനായി കൃത്യമായ പദ്ധതിയോടെ പ്രവർത്തിക്കാൻ തീരുമാനിച്ചത്. നേരത്തേ, ഉപതെരഞ്ഞെടുപ്പുകളിൽ ആർഎസ്എസ് വിട്ടുനിന്നതോടെ പാർട്ടി വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. മുഖ്യമന്ത്രിയെ മാറ്റുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അന്നത്തെ ആർഎസ്എസ് നീക്കങ്ങൾ. തത്കാലം അത് ഉപേക്ഷിക്കുകയാണ്.

സംസ്ഥാനത്തു പാർട്ടി കടുത്ത വെല്ലുവിളി നേരിടുന്നതായ വിലയിരുത്തലുകളുടെ പശ്ചാത്തലത്തിൽ, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയുമായി പലവട്ടം ചർച്ച നടത്തി. രാജസ്ഥാനിലെ വോട്ടെടുപ്പ് അവസാന ഘട്ടത്തിലാണെന്നതിനാൽ പ്രചാരണം കൂടുതൽ തീവ്രവും വികാരപരവുമാക്കാനുള്ള ശ്രമത്തിലാണു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരെക്കാൾ കൂടുതൽ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കുന്നതു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. അയോധ്യയിലെ രാമക്ഷേത്ര പ്രചരണത്തിൽ നിറയ്ക്കാനാണ് ഇത്. മുസ്ലിം വോട്ടുകളുടെ ധ്രുവീകരണത്തിന് കോൺഗ്രസ് ശ്രമിക്കുന്നുവെന്നും അത് തിരിച്ചറിയണമെന്നുമാണ് ബിജെപിയുടെ പ്രചരണം. മുസ്ലിം വോട്ടുകൾ നിർണായകമായ 16 മണ്ഡലങ്ങളുണ്ട്. പതിനഞ്ചിലും കോൺഗ്രസ് മുസ്ലിം സ്ഥാനാർത്ഥികളെ മൽസരിപ്പിക്കുന്നു. ഇതെല്ലാം ബിജെപി ചർച്ചയാക്കുന്നുണ്ട്. ഈ 16 മണ്ഡലങ്ങളിലായി മൽസരിക്കുന്ന 382 പേരിൽ 125 പേരും മുസ്ലിംകൾ ആണെന്നതു കോൺഗ്രസിനു തലവേദനയാണ്.

കാർഷിക കടാശ്വാസവും സ്ത്രീകൾക്കും പെൺകുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസവും യുവാക്കൾക്കു തൊഴിലും ഉറപ്പുനൽകി രാജസ്ഥാനിൽ കോൺഗ്രസ് പ്രകടന പത്രിക. അധികാരത്തിലേറിയാൽ 10 ദിവസത്തിനകം കാർഷിക കടം എഴുതിത്ത്ത്ത്തള്ളുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നടപ്പാക്കുമെന്നു പത്രിക പുറത്തിറക്കിക്കൊണ്ടു പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ്, മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവർ പറഞ്ഞു. എന്നാൽ ഇതൊന്നും ചർച്ചയാകാത്ത രീതിയിൽ വർഗ്ഗീയത ആളിക്കത്തിക്കുകയാണ് ബിജെപി. ഇതോടെ ഇസി വാക്കോവർ സാധ്യത മങ്ങിയെന്ന് കോൺഗ്രസും തിരിച്ചറിയുന്നു. പണക്കൊഴുപ്പും തെരഞ്ഞെടുപ്പിൽ നിറയുന്നുണ്ട്. ഇതെല്ലാം ബിജെപിക്ക് വോട്ടായി മാറുമെന്നാണ് പ്രതീക്ഷകൾ.

1998 ന് ശേഷം ഒരു പാർട്ടിക്കും ഭരണതുടർച്ച നൽകാത്ത സംസ്ഥാനമാണ് രാജസ്ഥാൻ. അതുകൊണ്ട് തന്നെ ഇത്തവണ കാറ്റ് കോൺഗ്രസിന് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പുറത്തുവന്ന സർവ്വേകളിൽ എല്ലാം തന്നെ രാജസ്ഥാൻ ബിജെപിയെ കൈവിടുമെന്നും വ്യക്തമാക്കുന്നുണ്ട്. ഇത് കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും കാറ്റിന് അനുസരിച്ചുള്ള പ്രകടനം കാഴ്ച വച്ചാൽ മാത്രമേ വിജയത്തേരിലേറാനാകൂയെന്ന് കോൺഗ്രസ് നേതൃത്വം കണക്കാക്കുന്നു. ഇതിനിടെയാണ് ഹിന്ദുത്വം ഇറക്കിയുള്ള ബിജെപിയുടെ പ്രചരണ തന്ത്രമെത്തുന്നത്. മധ്യപ്രദേശിൽ മൃദു ഹിന്ദുത്വ നിലപാടുകൾ കോൺഗ്രസും സ്വീകരിച്ചിരുന്നു. എന്നാൽ ആത്മവിശ്വാസ കൂടുതൽ കാരണം രാജസ്ഥാനിൽ അത് വേണ്ടെന്ന് വച്ചു. ഇതും തിരിച്ചടിയായെന്ന് ഇപ്പോൾ കോൺഗ്രസ് തിരിച്ചറിയുന്നു. എങ്കിലും ഭൂരിപക്ഷം നേടാനാകുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്.

ബിജെപി നേതൃനിരയിലെ മോദി കഴിഞ്ഞാൽ ഏറ്റവും താരമൂല്യമുള്ള നേതാവാണ് യോഗി.രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യോഗി ആദിത്യനാഥിനെ കൊണ്ടുവരാൻ ശ്രമം തുടങ്ങിയിട്ട് നാളേറെയായെങ്കിലും യോഗിയുടെ തിരക്കുകൾ കാരണം നടന്നിരുന്നില്ല.ഒടുവിൽ പങ്കെടുക്കുന്ന ആറു റാലികളിൽ ആദ്യ രണ്ടുദിനങ്ങളിലെ റാലികൾ തീരുമാനിച്ചിരിക്കുന്നു. യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന റാലികളെല്ലാം തന്നെ മുസ്ലിം മതവിഭാഗക്കാർ ഏറെയുള്ള മണ്ഡലങ്ങളിലാണ് തീരുമാനിച്ചിരിക്കുന്നത്. ഹിന്ദു വികാരം ആളിക്കത്തിക്കാനുള്ള നീക്കമാണ് ഇത്. അയോധ്യയും മറ്റും പ്രചരണത്തിൽ നിറച്ച് നേട്ടമുണ്ടാക്കാനുള്ള നീക്കം. മോദി വികസനം ചർച്ചയാക്കുമ്പോൾ ആദിത്യനാഥിലൂടെ തീവ്രഹിന്ദുത്വം ചർച്ചയാക്കാനാണ് ബിജെപി നീക്കം.

ഇരുനൂറിൽ 163 സീറ്റും നേടിയാണു ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നത്. വെറും 21 സീറ്റുകൾ മാത്രം നേടാനെ കോൺഗ്രസിന് കഴിഞ്ഞുള്ളൂ. എന്നാൽ സമാനതകളില്ലാത്ത പരാജയം ഏറ്റുവാങ്ങിയ സ്ഥിതിയല്ല ഇപ്പോൾ രാജസ്ഥാനിൽ കോൺഗ്രസിന് ഉള്ളത്. ബിജെപിയുടെ വസുന്ധര രാജെ സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം ശക്തമാണ്. ഇത് വോട്ടാക്കി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് കോൺഗ്രസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP