Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദ്രാവിഡ പാർട്ടികളുടെ നെഞ്ചിടിപ്പേറ്റി സ്‌റ്റൈൽമന്നനും രാഷ്ട്രീയത്തിലേക്ക്; കമൽഹാസന്റെ സിനിമാ ജീവിതത്തിന്റെ 60ാം വാർഷികാഘോഷത്തിൽ നടൻ പറഞ്ഞത് തമിഴ് രാഷ്ട്രീയം എന്നും അത്ഭുതങ്ങളുടെ കലവറയെന്ന്; തൊട്ടുപിറകെ 40 വർഷമായി ഒന്നിച്ചുള്ള രജനിയുമായി സഹകരിക്കുന്നതിൽ തടസമില്ലെന്ന് കമൽഹാസനും; തമിഴ് മക്കളുടെ കണ്ണും കരളുമായ രണ്ട് നടന്മാർ ഒന്നിച്ച് രാഷ്ട്രീയപാർട്ടി വരുമോ? രജനീകാന്തും കമൽഹാസനും രാഷ്ട്രീയത്തിലും ഒന്നിക്കുമോയെന്ന ചർച്ചയിൽ തമിഴകം

ദ്രാവിഡ പാർട്ടികളുടെ നെഞ്ചിടിപ്പേറ്റി സ്‌റ്റൈൽമന്നനും രാഷ്ട്രീയത്തിലേക്ക്; കമൽഹാസന്റെ സിനിമാ ജീവിതത്തിന്റെ 60ാം വാർഷികാഘോഷത്തിൽ നടൻ പറഞ്ഞത് തമിഴ് രാഷ്ട്രീയം എന്നും അത്ഭുതങ്ങളുടെ കലവറയെന്ന്; തൊട്ടുപിറകെ 40 വർഷമായി ഒന്നിച്ചുള്ള രജനിയുമായി സഹകരിക്കുന്നതിൽ തടസമില്ലെന്ന് കമൽഹാസനും; തമിഴ് മക്കളുടെ കണ്ണും കരളുമായ രണ്ട് നടന്മാർ ഒന്നിച്ച് രാഷ്ട്രീയപാർട്ടി വരുമോ? രജനീകാന്തും കമൽഹാസനും രാഷ്ട്രീയത്തിലും ഒന്നിക്കുമോയെന്ന ചർച്ചയിൽ തമിഴകം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: വെള്ളിത്തിരയും അധികാരവുമായി എന്നും അഭേദ്യമായ ബന്ധമുള്ള നാടാണ് തമിഴകം. എംജിആറും കരുണാനിധിയും ജയലളിതയും തൊട്ട് ഇവിടെ ദീർഘകാലം അരങ്ങുവാണ രാഷ്ട്രീയ നേതാക്കൾ ഒക്കെയും ചലച്ചിത്ര ലോകത്ത് നിന്ന് ഉള്ളവരാണ്. എക്കാലവും സിനിമാ താരങ്ങളോട് അങ്ങേയറ്റത്തെ വീരാരാധന നിലനിർത്തുന്നവരുമാണ് തമിഴ് മക്കൾ. എന്നാൽ നിലവിൽ എഐഡിഎംകെയുടെയോ ഡിഎംകെയുടേയോ നേതൃത്വത്തിൽ പ്രശസ്തനായ ഒരു സിനിമാ താരമില്ല. ഇതിനിടയിലാണ് ഈ ഇരുദ്രാവിഡ പാർട്ടികളുടെയും നെഞ്ചിടിപ്പ് ഒരുപോല കൂട്ടിക്കൊണ്ട്, തമിഴ്‌നാടിന്റെ കണ്ണും കരളുമായ രണ്ട് സൂപ്പർ താരങ്ങൾ ഒന്നിക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്. മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിട്ടും അത് വേണ്ടത്ര ക്ലച്ച് പിടിക്കാതെപോയ കമൽഹാസനും രജനിയുടെ സഹകരണം ആശ്വാസമാവുമെന്ന് ഉറപ്പാണ്.

തമിഴ് രാഷ്ട്രീയത്തിൽ ഇനിയും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രഖ്യാപിച്ച രജനികാന്ത് കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുന്നതിൽ തടസമില്ലെന്നും വ്യക്തമാക്കി. ഇതോടെ തലൈവരുടെ പാർട്ടി പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന ചർച്ചകൾ സജീവമായി.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു പ്രഖ്യാപിച്ചതിനുശേഷം രാഷ്ട്രീയ നിലപാടുകളിൽ ചാഞ്ചാടി നിൽക്കുകയാണ് നടൻ രജനികാന്ത്.തന്നെ ആർക്കും കാവി പുതപ്പിക്കാനാവില്ലെന്ന പ്രഖ്യാപനത്തോടെ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്കും ഈയിടെ വിരാമമിട്ടു. കഴിഞ്ഞ ദിവസം നടന്ന കമൽഹാസന്റെ സിനിമാ ജീവിതത്തിന്റെ അറുപതാം വാർഷിക ആഘോഷത്തിനിടെ തമിഴ് രാഷ്ട്രീയം എന്നും അത്ഭുതങ്ങളുടെ കലവറയാണെന്നും ഇനിയും പ്രതീക്ഷിക്കാമെന്നും പറഞ്ഞതോടെയാണ് രജനികാന്തും കമലും ഒന്നിക്കുന്നെന്ന തരത്തിൽ ചർച്ചകൾ സജീവമായത്.

തൊട്ടുപിറകെ 40 വർഷമായി ഒന്നിച്ചുള്ള രജനിയുമായി സഹകരിക്കുന്നതിൽ തടസമില്ലെന്ന് കമൽഹാസൻ പ്രഖ്യാപിച്ചു. രജനികാന്തും അതംഗീകരിച്ചു. മാധ്യമങ്ങളെ കണ്ടതോടെ പുതിയ പാർട്ടി പ്രഖ്യാപനം ഉടനെന്ന പ്രതീതിയാണ് തമിഴ്‌നാട്ടിലെങ്ങും. ആരാധകകൂട്ടമായ രജനികാന്ത് മക്കൾ മൻട്രത്തെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുമെന്നാണ് സൂചന. ഈ പാർട്ടി കമൽഹാസന്റെ മക്കൾ നീതി മയ്യവുമായി സഖ്യമുണ്ടാക്കിയാവും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.'5 വർഷം മുൻപു താൻ മുഖ്യമന്ത്രിയാകുമെന്ന് എടപ്പാടി പളനിസാമി സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. പക്ഷേ അദ്ഭുതം സംഭവിച്ചു. എടപ്പാടിയുടെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെ സർക്കാർ 5 മാസം തികയ്ക്കില്ലെന്നാണ് രാഷ്ട്രീയ പണ്ഡിതർ പോലും അഭിപ്രായപ്പെട്ടത്. അപ്പോഴും അദ്ഭുതം സംഭവിച്ചു. തമിഴ് രാഷ്ട്രീയത്തിൽ എന്നും അദ്ഭുതങ്ങളാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും അങ്ങനെ തന്നെ. ഭാവിയിലും തമിഴ് രാഷ്ട്രീയ്ത്തിൽ അദ്ഭുതങ്ങൾ സംഭവിക്കും.'-രജനീകാന്ത് പറഞ്ഞു.

അതിനിടെ തമിഴ് രാഷ്ട്രീയത്തിൽ നടന്ന അദ്ഭുതമാണ് എടപ്പാടി പളനിസാമിക്കു മുഖ്യമന്ത്രിപദം ലഭിച്ചതെന്ന രജനീകാന്തിന്റെ പരാമർശത്തെ വിമർശിച്ച് അണ്ണാഡിഎംകെ. ഇന്നലെ പൊട്ടിമുളച്ച നേതാവല്ല പളനിസാമിയെന്നും 4 പതിറ്റാണ്ടുകാലത്തെ കഠിന പ്രയത്നമാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചതെന്നും അണ്ണാഡിഎംെക വക്താവ് ആർ.എം.ബാബു മുരുകവേൽ പറഞ്ഞു. പാർട്ടി എംഎൽഎമാരും പ്രവർത്തരു ചേർന്നാണു മുഖ്യമന്ത്രിയായി പളനിസാമിയെ തിരഞ്ഞെടുത്തത്. താഴെക്കിടയിൽ നിന്ന് ഉയർന്നുവന്ന നേതാവാണ് പളനിസാമി. നടൻ എന്ന നിലയിൽ ഇത്തരം പ്രസ്താവനകൾ ഒഴിവാക്കണം. അദ്ദേഹം അദ്ഭുതം സൃഷ്ടിക്കുമോ എന്നു കാലം തെളിയിക്കുമെന്നും ബാബു പറഞ്ഞു.
ഇതോടെ രജനിയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും തമിഴകത്ത് ചൂടുള്ള ചർച്ചയായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു രജനീകാന്ത് നേരത്തേ വ്യക്തമാക്കിയിരുന്നു. 2020 ഓഗസ്റ്റിനും സെപ്റ്റബറിനും ഇടയിൽ രജനി രാഷട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. ആരാധക സംഘടനയായ രജനി മക്കൾ മൻട്രം പേര് മാറ്റി രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനാണു പദ്ധതിയെന്നും റിപ്പോർട്ടുകളുണ്ട്. 6 മാസത്തിനുള്ളിൽ പാർട്ടിയുടെ ഭരണഘടനയും, നിയമാവലിയും ഉണ്ടാക്കുമെന്നാണു പുറത്തുവരുന്ന വിവരം.

തമിഴ് രാഷ്ട്രീയത്തിന്റെ നെടും തൂണുകളായിരുന്ന ജയലളിതയുടെയും കരുണാനിധിയുടെയും മരണത്തോടെ ഉണ്ടായ ശക്തനായ നേതാവിന്റെ അഭാവം തന്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ നികത്തുകയാണു രജനീകാന്തിന്റെ ലക്ഷ്യമെന്ന് സുഹൃത്തും രാഷ്ട്രീയ ഉപദേശകനുമായ തമിഴരുവി മണിയൻ പറഞ്ഞു. അണ്ണാഡിഎംകെ, ഡിഎംകെ എന്നീ പാർട്ടികളുടെ ബദൽ രാഷ്ട്രീയമാകും രജനീകാന്ത് മുന്നോട്ടുവയ്ക്കുക എന്നാണു സൂചന. ബിജെപിയിൽ ചേരുമെന്ന പ്രചാരണം തള്ളി നേരത്തെ രജനീകാന്ത് തള്ളിയതും സജീവചർച്ചയായിരുന്നു. ബിജെപിയുടെ കെണിയിൽ വീഴില്ലെന്നും തന്നെയും തിരുവള്ളുവരെയും ഒന്നും കാവിവൽക്കരിക്കാനുള്ള ശ്രമം നടക്കില്ലെന്നും രജനീകാന്ത് പറഞ്ഞു. കവി തിരുവള്ളുവർ കാവി വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രം തമിഴ്‌നാട് ബിജെപി പ്രചരിപ്പിച്ചതിനു പിന്നാലെയാണ് പ്രസ്താവനയുമായി സൂപ്പർസ്റ്റാർ രംഗത്തെത്തിയത്.

തിരുവള്ളുവറിനെ കാവി പൂശുന്നത് ബിജെപി അജൻഡയാണ്. ഇതൊന്നും പ്രാധാന്യമുള്ള വിഷയമായി താൻ കരുതുന്നില്ല.ചർച്ച ചെയ്യേണ്ട ഒരുപാട് വിഷയങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്. ബിജെപി പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ല. തന്നെ ബിജെപിയുടെ അംഗമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും രജനീകാന്ത് ചെന്നൈയിൽ പറഞ്ഞു. ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (ഐഎഫ്എഫ്ഐ) രജനീകാന്തിനെ പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കുമെന്നു കേന്ദ്ര സർക്കാർ അറിയിച്ചതിനു പിന്നാലെയാണ് ബിജെപിക്കെതിരെ താരത്തിന്റെ പ്രസ്താവന. ഐകൺ ഓഫ് ഗോൾഡൻ ജൂബിലി അവാർഡ് രജനിക്കു സമ്മാനിക്കുമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ കഴിഞ്ഞ ആഴ്ച അറിയിച്ചത്. അതേസസയം രജനി തങ്ങൾക്കൊപ്പമെത്തുമെന്ന പ്രതീക്ഷ ബിജെപി ഇപ്പോഴും കൈവിട്ടിട്ടില്ല. നദീസംയോജനം, ഹൈഡ്രോകാർബൺ പദ്ധതി പിൻവലിക്കുക, പാവപ്പെട്ടവർക്കു ഭവന പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സഖ്യ നിബന്ധനയായി ബിജെപി നേതൃത്വത്തിനു മുന്നിൽ അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ഇവ കേന്ദ്രം നടപ്പാക്കിയാൽ രജനീകാന്തിനും, ബിജെപിക്കും തമിഴ്‌നാട്ടിൽ ജനസമ്മതി ഉയരുമെന്നാണ് വിലയിരുത്തൽ.

'ദൈവം അനുവദിക്കുമെങ്കിൽ' രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് 2017ൽ രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. നോട്ടു നിരോധനം, ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370ാം വകുപ്പ് റദ്ദാക്കൽ തുടങ്ങിയ കേന്ദ്ര സർക്കാർ നടപടികളെ പിന്തുണച്ചതോടെ താരം ബിജെപിയിൽ ചേരുമെന്നും അഭ്യൂഹങ്ങൾ ഉയർന്നു. അതോടെയാണ് ഇപ്പോൾ വിശദീകരണവുമായി രജനീകാന്ത് തന്നെ രംഗത്തെത്തിയത്. 2021 നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രജനി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് ആരാധകർ കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP