Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാലുവർഷത്തിനിടെ 739 ദിവസം അവധി; വാർഷിക രഹസ്യ റിപ്പോർട്ടുകളിലെ വിലയിരുത്തലും മികച്ചതല്ല; നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചുവെന്നും ചീഫ് സെക്രട്ടറിതല സമിതിയുടെ കണ്ടെത്തൽ; അഴിമതിവിരുദ്ധ പ്രതിച്ഛായയും മികച്ച അക്കാദമിക മികവുമുള്ള ഉദ്യോഗസ്ഥനെ പുറത്താക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രി; റിപ്പോർട്ടിൽ വിശദീകരണം തേടി ചീഫ് സെക്രട്ടറിയുടെ നീക്കത്തിന് പിണറായിയുടെ ചെക്ക്; ഒടുവിൽ രാജുനാരായണ സ്വാമിക്ക് ലൈഫ് ലൈൻ

നാലുവർഷത്തിനിടെ 739 ദിവസം അവധി; വാർഷിക രഹസ്യ റിപ്പോർട്ടുകളിലെ വിലയിരുത്തലും മികച്ചതല്ല; നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചുവെന്നും ചീഫ് സെക്രട്ടറിതല സമിതിയുടെ കണ്ടെത്തൽ; അഴിമതിവിരുദ്ധ പ്രതിച്ഛായയും മികച്ച അക്കാദമിക മികവുമുള്ള ഉദ്യോഗസ്ഥനെ പുറത്താക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രി; റിപ്പോർട്ടിൽ വിശദീകരണം തേടി ചീഫ് സെക്രട്ടറിയുടെ നീക്കത്തിന് പിണറായിയുടെ ചെക്ക്; ഒടുവിൽ രാജുനാരായണ സ്വാമിക്ക് ലൈഫ് ലൈൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജു നാരായണ സ്വാമിയെ പിരിച്ചു വിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടു നിൽക്കില്ലെന്ന് സൂചന. രാജു നാരായണ സ്വാമിക്കെതിരെ അച്ചടക്കനടപടി എടുക്കണമെന്നാവശ്യപ്പെട്ട റിപ്പോർട്ട് മുഖ്യമന്ത്രി തിരിച്ചയച്ചത് ഇതിന്റെ ഭാഗമാണ്. നാരായണസ്വാമിക്കെതിരെ ഉടൻ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് അദ്ധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചയച്ചത്. ഇതോടെ രാജു നാരായണ സ്വാമിക്കെതിരെ ഉടൻ നടപടി ഉണ്ടാവില്ലെന്ന് ഉറപ്പായി. മുഖ്യമന്ത്രി ശുപാർശ അംഗീകരിച്ചിരുന്നുവെങ്കിൽ അതു കേന്ദ്ര പഴ്‌സനൽ മന്ത്രാലയത്തിനു വിടുകയും കേന്ദ്ര സർക്കാർ തുടർ നടപടി സ്വീകരിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ നീക്കം രാജു നാരായണ സ്വാമിക്ക് തുണയാണ്.

അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണസ്വാമിയ്‌ക്കെതിരെ കടുത്ത നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ടാണ് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് നൽകാനായി തയ്യാറാക്കിയത്. മന്ത്രാലയത്തിന് സമർപ്പിക്കും മുമ്പ് മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി നൽകിയ റിപ്പോർട്ടാണ് ഇപ്പോൾ തിരിച്ചയച്ചത്. സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ അച്ചടക്കമോ ഉത്തരവാദിത്വമോ കാട്ടുന്നില്ലെന്നാണ് രാജു നാരായണ സ്വാമിയെ പിരിച്ചുവിടാൻ കാരണമായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കണ്ടെത്തിയത്. നാലുവർഷത്തിനിടെ അദ്ദേഹം 739 ദിവസം അവധിയിലായിരുന്നു. വാർഷിക രഹസ്യ റിപ്പോർട്ടുകളിലെ വിലയിരുത്തലും മികച്ചതായിരുന്നില്ലെന്ന് സമിതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അഴിമതിക്കെതിരെ എടുത്ത നിലപാടാണ് പിരിച്ചു വിടൽ നീക്കത്തിന് പിന്നിലെന്ന് രാജു നാരായണ സ്വാമി ആരോപിച്ചിരുന്നു. അഴിമതിക്കാർക്കെതിരെ നടപടി എടുത്ത രാജു നാരായണ സ്വാമിയെ പിരിച്ചുവിടാനുള്ള നീക്കത്തെ എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് പിണറായി കരുതലെടുക്കുന്നത്.

ചീഫ് സെക്രട്ടറി ടോംജോസിന് പുറമെ തദ്ദേശസെക്രട്ടറി ടി.കെ. ജോസ്, ആരോഗ്യസെക്രട്ടറി രാജൻ ഖോബ്രഗഡെ, പൊതുമരാമത്ത് സെക്രട്ടറി ജി. കമലവർദ്ധന റാവു, കർണാടകയിൽനിന്നുള്ള ചീഫ് സെക്രട്ടറി അനിൽകുമാർ എന്നിവരാണ് രാജു നാരയാണ സ്വാമിക്കെതിരെ റിപ്പോർട്ട് തയ്യാറാക്കിയ സമിതിയിലുണ്ടായിരുന്നത്. കേന്ദ്ര പേഴ്സണൽ മന്ത്രാലയമാണ് രാജു നാരായണ സ്വാമിക്കെതിരായ നടപടി തുടങ്ങിയത്. നാലു ചോദ്യങ്ങൾ ഉന്നയിച്ചാണു ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നത തല സമിതിക്കു മുഖ്യമന്ത്രി പിണറായി വിജയൻ ഫയൽ മടക്കി അയച്ചത്. നാളികേര വികസന ബോർഡ് ചെയർമാനായി കേന്ദ്ര ഡപ്യുട്ടേഷനിലായിരുന്ന രാജുവിന്റെ ഡപ്യൂട്ടേഷൻ ഇടയ്ക്കു വച്ച് അവസാനിപ്പിച്ചപ്പോൾ അദ്ദേഹം അതിനെതിരെ കേസിനു പോയോ എന്നും ഇതു സംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകൾ നിലവിലുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചിട്ടുണ്ട്.

ഡപ്യൂട്ടേഷൻ അവസാനിപ്പിച്ചപ്പോൾ സംസ്ഥാന സർക്കാരിനു രാജു എന്തെങ്കിലും കത്തു നൽകിയിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ആരാഞ്ഞു. അദ്ദേഹത്തിന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ പല പ്രതികൂല പരാമർശങ്ങളും ഉണ്ട്. അതു നീക്കുന്നതിന് അദ്ദേഹം അപ്പീൽ നൽകിയിട്ടുണ്ടോയെന്നാണു മുഖ്യമന്ത്രി ചോദിച്ചിരിക്കുന്ന മറ്റൊരു കാര്യം. മുഖ്യമന്ത്രി ശുപാർശ അംഗീകരിച്ചിരുന്നുവെങ്കിൽ അതു കേന്ദ്ര പഴ്‌സനൽ മന്ത്രാലയത്തിനു വിടുകയും കേന്ദ്ര സർക്കാർ തുടർ നടപടി സ്വീകരിക്കുകയും ചെയ്യുമായിരുന്നു. മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ പലതും രാജു നാരായണ സ്വാമി പൊതു സമൂഹത്തിൽ ഉന്നയിച്ചതാണ്. രാജു നാരായണ സ്വാമിയെ പിരിച്ചു വിടുന്നത് സർക്കാരിന് തലവേദനയുണ്ടാക്കാൻ പോന്ന വിഷയമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി കരുതലോടെ ഇടപെടുന്നത്. ഫലത്തിൽ ഇത് സ്വാമിക്ക് അനുകൂലമാകുകയും ചെയ്യും.

അഴിമതിവിരുദ്ധ പ്രതിച്ഛായയും മികച്ച അക്കാദമിക മികവുമുള്ള രാജു നാരായണ സ്വാമിയെ പുറത്താക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഗൗരവമായ കേസുകളൊന്നും നേരിടാത്ത അദ്ദേഹത്തെ പിരിച്ചുവിടാൻ കണ്ടെത്തിയ കാരണങ്ങൾ അതിന് പര്യാപ്തമല്ലെന്ന വിലയിരുത്തലും സർക്കാരിനുണ്ട്. ഏറെ നിയമനടപടികൾക്ക് വഴിവെക്കുന്ന തീരുമാനം ദോഷമേ ചെയ്യൂവെന്നാണ് സർക്കാർ നിഗമനം. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വിശദീകരണം ചോദിക്കൽ. ചീഫ് സെക്രട്ടറി അടക്കമുള്ളവരുമായി രാജു നാരായണ സ്വാമിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ട്. ഇതെല്ലാം പിരിച്ചുവിടലിൽ സ്വാധീനിച്ചതായാണ് വിലയിരുത്തൽ.

കേന്ദ്ര സംസ്ഥാന സർവീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചു. സുപ്രധാന തസ്തികകൾ വഹിക്കുമ്പോഴും ഓഫീസുകളിൽ പലപ്പോഴും ഹാജരായിരുന്നില്ല, കേന്ദ്ര സർവീസിൽ നിന്ന് തിരികെ എത്തിയത് സംസ്ഥാന സർക്കാരിനെ അറിയിച്ചില്ല,നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തെ കാലാവധി പൂർത്തിയാക്കിയതിന് ശേഷം എവിടെയാണെന്നതിന് സർക്കാർ രേഖകളില്ല തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കെതിരെ ഉയർന്നത്.നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും നാരായണ സ്വാമിയെ മാർച്ചിൽ നീക്കിയിരുന്നു. ഇതിനെതിരെയുള്ള പരാതി കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്.

കേസ് നിലവിലുള്ളത് മൂലമാണ് കേന്ദ്ര സർവീസിൽ ചേരാത്തതെന്ന് പറഞ്ഞ നാരായണ സ്വാമി ഇക്കാര്യം ചീഫ് സെക്രട്ടറിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും അവകാശപ്പെടുന്നു.സർവീസ് കാലാവധി 10 വർഷം കൂടി ശേഷിക്കെയാണ് രാജുനാരായണ സ്വാമിക്കെതിരെ സർക്കാർ നടപടിക്കൊരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ വന്നത്. പിരിച്ചുവിടാൻ കേരളം ശുപാർശ നൽകി അത് കേന്ദ്ര പേഴ്സണൽ മന്ത്രാലയം അംഗീകരിച്ചാൽ സംസ്ഥാനത്ത് പിരിച്ചുവിടപ്പെടുന്ന ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥനാകും രാജു നാരായണ സ്വാമി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP