Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും മേൽ മുഖ്യമന്ത്രിയെ ഉപദേശിച്ച് വഷളാക്കുന്നത് മുത്തൂറ്റ് മുതലാളിയുടെ സെക്യൂരിറ്റി ഓഫീസർ; മുഖ്യമന്ത്രിയുടെ അവലോകന യോഗങ്ങളിൽ ഡിജിപിക്ക് പോലും വാ തുറക്കാൻ കഴിയില്ല; പ്രെമോഷനും നിയമനവും പോലും ചാരക്കേസിലെ വിവാദ നായകന്റെ കൈകളിൽ; ആഭ്യന്തര സെക്രട്ടറിയുടെ പണി വെറും ഒപ്പിടൽ മാത്രം; കരുണാകരന്റെ വിശ്വസ്തനായി കുപ്രസിദ്ധി നേടിയ ശ്രീവാസ്തവ മുത്തൂറ്റ് മുതലാളിയുടെ ഓഫീസിലിരുന്നു കേരളാ പൊലീസിനെ നയിക്കുമ്പോൾ

ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും മേൽ മുഖ്യമന്ത്രിയെ ഉപദേശിച്ച് വഷളാക്കുന്നത് മുത്തൂറ്റ് മുതലാളിയുടെ സെക്യൂരിറ്റി ഓഫീസർ; മുഖ്യമന്ത്രിയുടെ അവലോകന യോഗങ്ങളിൽ ഡിജിപിക്ക് പോലും വാ തുറക്കാൻ കഴിയില്ല; പ്രെമോഷനും നിയമനവും പോലും ചാരക്കേസിലെ വിവാദ നായകന്റെ കൈകളിൽ; ആഭ്യന്തര സെക്രട്ടറിയുടെ പണി വെറും ഒപ്പിടൽ മാത്രം; കരുണാകരന്റെ വിശ്വസ്തനായി കുപ്രസിദ്ധി നേടിയ ശ്രീവാസ്തവ മുത്തൂറ്റ് മുതലാളിയുടെ ഓഫീസിലിരുന്നു കേരളാ പൊലീസിനെ നയിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പ്രധാന ചിട്ടിക്കമ്പനിക്കുമുള്ളത് ഒരു സുരക്ഷാ ഉപദേഷ്ടാവ്. ഇതാണ് അവസ്ഥ. മുത്തൂറ്റ് ഗ്രൂപ്പിന്റെ സെക്യൂരിറ്റി ഉപദേഷ്ടാവാണ് മുൻ ഡിജിപി രമൺ ശ്രീവാസ്തവ. മുത്തൂറ്റിന്റെ ഓഫിസിൽ ഇരുന്നാണ് ചീഫ് സെക്രട്ടറി റാങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഉപദേഷ്ടാവായിരിക്കുന്ന മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവ കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മുകളിലാണ് ശ്രീവാസ്തവ. ആഭ്യന്തര സെക്രട്ടറി പോലും രമൺ ശ്രീവാസ്തവയും ഉത്തരവുകളാണ് നടപ്പാക്കുന്നത്. ഇങ്ങനെ പൊലീസ് ഭരണത്തിൽ മുഖ്യമന്ത്രി അറിയാതെ താൽപ്പര്യങ്ങൾ നടപ്പാക്കപ്പെടുന്നു. ഇതാണ് കേരളാ പൊലീസിനെ വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് നയിക്കുന്നത്.

എന്ത് പറ്റിയാലും ശ്രീവാസ്തവ നോക്കുമെന്ന് പറയുന്ന പൊലീസുകാർ പോലും സർവ്വീസിലുണ്ട്. ബെഹ്‌റയുടെ തലയ്ക്കുമുകളിലൂടെ പുറപ്പെടുവിക്കുന്ന കല്പനകൾ പുറപ്പെടുവിച്ച് കേരളാ പൊലീസിലെ സൂപ്പർ ഡിജിപിയായി ശ്രീവാസ്തവ വിലസുകയാണെന്ന പരാതി സിപിഎമ്മിനും ഉണ്ട്. കഴിവുള്ള ഉദ്യാഗസ്ഥരെ മൂലയ്ക്കിരുത്തുന്നു. കെ കരുണാകരന്റെ വിശ്വസ്തനായിരുന്നു ശ്രീവാസ്തവ. ചാരക്കേസിൽ കുടുങ്ങിയ കരുണാകരന്റെ വിശ്വസ്തൻ. ഒടുവിൽ കുറ്റവിമുക്തി നേടി ഡിജിപി പദവിയുമായി ബിഎസ് എഫിന്റെ തലവനുമായി. ഈ പരിചയം മുതൽക്കൂട്ടാനാക്കാനായിരുന്നു ശ്രീവാസ്തവയെ മുഖ്യമന്ത്രി ഉപദേഷ്ടാവാക്കിയത്. സുപ്രീംകോടതി വിധിയുമായി ടിപി സെൻകുമാർ പൊലീസ് ആസ്ഥാനത്ത് ഡിജിപിയായെത്തിയ നാണക്കേടായിരുന്നു ശ്രീവാസ്തവയെ നിയമിക്കാൻ പിണറായിയെ പ്രേരിപ്പിച്ചത്. സെൻകുമാർ പോയി ബെഹ്‌റ എത്തിയതോടെ പൊലീസ് ഭരണം ശ്രീവാസ്തവയ്ക്ക് സ്വന്തമാവുകയായിരുന്നു.

കാർഷികോത്പാദന കമ്മിഷണർ പദവിയിൽ ആഭ്യന്തരസെക്രട്ടറി സുബ്രത ബിശ്വാസിനെ ഒതുക്കിയിരിക്കുകയാണ്. ആഭ്യന്തരം, വിജിലൻസ് ഫയലുകൾ ഒപ്പിടാൻ മാത്രമാണ് അദ്ദേഹം ഓഫീസിലെത്തുന്നത്. തീരുമാനമെല്ലാം ശ്രീവാസ്തവ എടുക്കും. പൊലീസ് കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയെ ഉപദേശിക്കുക മാത്രമാണ് ശ്രീവാസ്തവ ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. പ്രതിഫലം വാങ്ങാത്തതിനാൽ സ്വകാര്യ ജോലി പ്രശ്‌നമില്ലെന്നും പറയുന്നു. അങ്ങനെ മുത്തൂറ്റിന്റെ ഓഫീസിൽ ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്ന സൂപ്പർ കോപ്പാവുകയാണ് മുൻ ഡിജിപി. ഇതിനെതിരെ പ്രതിഷേധം അണപൊട്ടുകയാണ്. വരാപ്പുഴ കസ്റ്റഡി മരണത്തിൽ ഉൾപ്പെടെ സർക്കാരിനെ വെട്ടിലാക്കിയ തീരുമാനങ്ങൾക്ക് കാരണം ശ്രീവാസ്തവയാണെന്ന് സിപിഎമ്മിനും അഭിപ്രായമുണ്ട്. കരുണാകരന്റെ വിശ്വസ്തന്റെ ഉള്ളിലുള്ളത് കോൺഗ്രസ് താൽപ്പര്യമാണെന്ന വിലയിരുത്തലും സിപിഎം നേതാക്കൾക്കുണ്ട്.

സെൻകുമാറിന്റെ കാലത്ത് പൊലീസ് ഭരണത്തിൽ ഇടപെടാതെ നിന്ന ശ്രീവാസ്തവ പിന്നീട് സേനയെ കൈപ്പിടിയിലാക്കി. തുടക്കത്തിലെ ഇടപെടൽ അതിരു വിട്ടപ്പോഴാണ് അന്നത്തെ ഡി.ജി.പി സെൻകുമാർ, ശ്രീവാസ്തവ മുഖ്യമന്ത്രിയെ ഉപദേശിച്ചാൽ മതിയെന്നും പൊലീസിനോട് വേണ്ടെന്നും തുറന്നടിച്ചത്. സെൻകുമാർ പടിയിറങ്ങിയതോടെ ബെഹ്‌റ വിധേയനായി. പൊലീസ് ഉദ്യോഗസ്ഥരുമായുള്ള മുഖ്യമന്ത്രിയുടെ യോഗത്തിൽ ശ്രീവാസ്തവ പങ്കെടുത്തതിനെ ഉത്തരമേഖലാ ഡി.ജി.പിയായിരുന്ന രാജേഷ് ദിവാൻ എതിർത്തിരുന്നു. മുഖ്യമന്ത്രിയുടെ തൊട്ടടുത്തുള്ള ശ്രീവാസ്തവയുടെ സീറ്റിലെ നെയിം ബോർഡ് അകലെയുള്ള കസേരയിലേക്ക് ദിവാൻ മാറ്റിവച്ചു. പിന്നീട് പൊലീസിന്റെ യോഗങ്ങളിലെല്ലാം അഭിപ്രായം പറയുന്നത് പതിവാക്കിയ ശ്രീവാസ്തവ ഇന്റലിജൻസ് മേധാവിയെയും ആഭ്യന്തര സെക്രട്ടറിയെയും മൂലയിലേക്ക് ഒതുക്കി.

പിണറായിയെ പേടിച്ച് ആരും പരാതിയും പറഞ്ഞില്ല. ഡിജിപി സ്ഥാനം പോകാതിരിക്കാൻ ബെഹ്‌റയും എല്ലാം സഹിച്ചു. ഋഷിരാജ് സിംഗിനെ സേനയ്ക്ക് പുറത്ത് നിർത്തുന്നതും ശ്രീവാസ്തവയുടെ തന്ത്രമാണ്. തനിക്ക് വിധേയരാകുന്നവർ മാത്രം താക്കോൽ സ്ഥാനങ്ങളിലെന്ന നയമാണ് ശ്രീവാസ്തവ എടുക്കുന്നത്. വിജിലൻസ് ഡയറക്ടറായിരുന്ന ഡിജിപി ജേക്കബ് തോമസിനെ മാറ്റി നിർത്തുന്നതിന് പിന്നിലും ചരട് വലിച്ചത് ശ്രീവാസ്തവയാണെന്ന ആരോപണം ശക്തമാണ്. സംസ്ഥാനത്തുടനീളമുള്ള സംഭവങ്ങൾ സ്റ്റേറ്റ് പൊലീസ് മോണിട്ടറിങ് റൂം തത്സമയം ശ്രീവാസ്തവയെ അറിയിക്കണം. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് പൊലീസിന്റെ ഓപ്പറേഷനുകൾ. ഇന്റലിജൻസ് റിപ്പോർട്ടുകൾ ശ്രീവാസ്തവയാണ് വിലയിരുത്തുന്നത്. തുടക്കത്തിൽ ബെഹ്‌റ ശ്രീവാസ്തവയുമായി അടുപ്പത്തിലായിരുന്നില്ല, പിന്നീട് വിധേയനായി.

ചീഫ് സെക്രട്ടറിയുടെ റാങ്കുള്ളതിനാൽ ഏത് ഉദ്യോഗസ്ഥനെയും വിളിച്ചുവരുത്താം. ഏത് ഫയലും പരിശോധിക്കാം. കോൺസ്റ്റബിൾ മുതൽ ഡി.ജി.പി വരെയുള്ള നിയമനവും സ്ഥലംമാറ്റവും നിയന്ത്രിക്കുന്നു. ഉദ്യോഗസ്ഥരെ നേരിട്ടുവിളിച്ച് നിർദ്ദേശം നൽകുന്നു. അങ്ങനെ പൊലീസിനെ കൈപ്പിടിയിലാക്കി. മുത്തൂറ്റിന്റെ ധനകാര്യ കമ്പനിയുടെ ചീഫ് സെക്യൂരിറ്റി അഡൈ്വസറുമാണ് ശ്രീവാസ്തവ. പൊലീസ് ആസ്ഥാനത്തിനു തൊട്ടടുത്ത്, വെള്ളയമ്പലത്ത് കമ്പനിയുടെ ഓഫീസിലിരുന്നാണ് പൊലീസിനെ ഭരിക്കുന്നത്. നല്ല നിയമനത്തിനായി ഐ.പി.എസുകാർ ഈ ഓഫീസ് കയറി ഇറങ്ങുകയാണ്. പെൻഷൻ ഉള്ളതിനാൽ ഉപദേഷ്ടാവിന്റെ റോളിൽ ശ്രീവാസ്തവയ്ക്ക് ശമ്പളം ഇല്ല. എന്നാൽ ചീഫ് സെക്രട്ടറിയുടെ യാത്രാബത്തയും ദിനബത്തയും നൽകുന്നുണ്ട്. ഇന്നോവകാറും ഡ്രൈവറുമുണ്ട്. പെൻഷൻകാരനായതിനാൽ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ശമ്പളം വാങ്ങാനും തടസമില്ല. അങ്ങനെ എന്തുകൊണ്ടും നേട്ടമാവുകയാണ് ശ്രീവാസ്തവയ്ക്ക് പൊലീസിലെ സൂപ്പർ ഡിജിപി സ്ഥാനം.

അലഹബാദ് സ്വദേശിയായ ശ്രീവാസ്തവ 1973 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഐ.എസ്.ആർ.ഒ ചാരക്കേസിൽ സസ്‌പെൻഷനിലായിരുന്നു. പാലക്കാട്ടെ വെടിവയ്പുകേസിലും കുടുങ്ങി. കരുണാകരന്റെ അതിവിശ്വസ്തനായിരുന്നു ശ്രീവാസ്തവ. ചാരക്കേസിൽ ശ്രീവാസ്തവയെ ന്യായീകരിച്ച കെ. കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതും കേരളത്തിൽ രാഷ്ട്രീയ ചരിത്രത്തിലുണ്ടാക്കിയ കോളിളക്കം ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP