Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയം വന്ന് എല്ലാം തകർത്തിട്ടും പാഠം പഠിക്കാതെ നമ്മുടെ സർക്കാർ; കിൻഫ്ര-ഇൻകെൽ സംയുക്ത പദ്ധതിക്കായി രാമനാട്ടുകരയിൽ 86 ഏക്കർ വയൽ മണ്ണിട്ട് നികത്തുന്നത് നെൽവയൽ തണ്ണീർത്തട നിയമത്തിൽ വെള്ളം ചേർത്ത്; വി എസ് സർക്കാരിന്റെ കാലത്ത് ഏറ്റെടുത്ത സ്ഥലത്ത് വികസന പ്രവർത്തനങ്ങൾ നടത്താൻ ധൃതി പിടിച്ചു നീക്കം: ദേശിയ പാതയ്ക്കും ഉയരത്തിൽ വയൽ മണ്ണിട്ട് നികത്തുന്നത് സർക്കാർ ആവശ്യങ്ങൾക്ക് നെൽവയലുകൾ മണ്ണിട്ട് നികത്താമെന്ന് നിയമം പൊളിച്ചെഴുതിയ ശേഷം

പ്രളയം വന്ന് എല്ലാം തകർത്തിട്ടും പാഠം പഠിക്കാതെ നമ്മുടെ സർക്കാർ; കിൻഫ്ര-ഇൻകെൽ സംയുക്ത പദ്ധതിക്കായി രാമനാട്ടുകരയിൽ 86 ഏക്കർ വയൽ മണ്ണിട്ട് നികത്തുന്നത് നെൽവയൽ തണ്ണീർത്തട നിയമത്തിൽ വെള്ളം ചേർത്ത്; വി എസ് സർക്കാരിന്റെ കാലത്ത് ഏറ്റെടുത്ത സ്ഥലത്ത് വികസന പ്രവർത്തനങ്ങൾ നടത്താൻ ധൃതി പിടിച്ചു നീക്കം: ദേശിയ പാതയ്ക്കും ഉയരത്തിൽ വയൽ മണ്ണിട്ട് നികത്തുന്നത് സർക്കാർ ആവശ്യങ്ങൾക്ക് നെൽവയലുകൾ മണ്ണിട്ട് നികത്താമെന്ന് നിയമം പൊളിച്ചെഴുതിയ ശേഷം

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: 'പണ്ടൊക്കെ എവിടെയെങ്കിലും വയൽ നികത്തുന്നുണ്ടെങ്കിൽ അവിടെയൊരു കൊടികുത്തി അതിനെ തടയാൻ മുൻപന്തിയിലുണ്ടായിരുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ, ഇന്നാരെങ്കിലും വയൽ നികത്തുന്നതിനെ എതിർത്താൽ അവരെ വികസന വിരോധികളെന്ന് വിളിച്ച് കളിയാക്കുകയും പറ്റിയാൽ അവർക്കിട്ട് രണ്ട് പൊട്ടിക്കുന്നവരുടെയും പാർട്ടിയായി കേരളത്തിലെ കമ്മ്യൂണിസ്റ്റ്പാർട്ടി'. ഇത് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ നിർദ്ദിഷ്ട കിൻഫ്ര-ഇൻകെൽ സംയുക്ത നോളേജ് പാർക്കിന്റെ പദ്ധതിപ്രദേശത്ത് താമസിക്കുന്ന മണ്ണൊടി രാമദാസന്റെ വാക്കുകളാണ്. ഇതുപറയാൻ മാത്രം രാമദാസിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഒരു ദുരനുഭവമാണ്. ഒരു പക്ഷേ കേരളത്തിൽ അദ്ദേഹത്തിന് മാത്രം അനുഭവിക്കേണ്ടി വന്ന അവസ്ഥയായിരിക്കാം ഇത്. അതിനെ കുറിച്ച് പിന്നീട് പറയാം. ഇപ്പോൾ കാര്യത്തിലേക്ക് വരാം.

വി എസ് സർക്കാറിന്റെ അവസാന കാലത്താണ് രാമനാട്ടുകരയിൽ നാഷണൽ ഹൈവേക്ക് സമീപത്തായി 86 ഏക്കർ നെൽവയൽ സർക്കാർ ഏറ്റെടുക്കുന്നത്. ഇൻകെൽ-കിൻഫ്ര എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അഡ്വാൻസ്ഡ് നോളേജ് പാർക്കായിരുന്നു ലക്ഷ്യം. രാമനാട്ടുകര ഫറോക്ക് ഭാഗങ്ങളിലുള്ള ചെരുപ്പ് ഫാക്ടറികളിലേക്കാവശ്യമായ ഫൂട് വെയർ ഡിസൈനർമാരെ വാർത്തെടുക്കുന്നതിന് ആവശ്യമായ കോഴ്സുകൾ, കേന്ദ്രസർക്കാറിന്റെ സഹായത്തോടെയുള്ള മീഡിയ അക്കാദമി, ഐടി അധിഷ്ഠിത കോഴ്സുകൾ തുടങ്ങി നിരവധി പദ്ധതികളാണ് ഇതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ ഏറ്റെടുത്ത ഭൂമി നെൽവയലായതിനാൽ പഴയ നെൽവയൽ തണ്ണീർതട നിയമപ്രകാരം ഇവിടെ കെട്ടിടങ്ങളുണ്ടാക്കാൻ പറ്റുമായിരുന്നില്ല. അതിനാൽ തന്നെ ഏറ്റെടുത്ത് വർഷങ്ങളിത്രയായും ഇവിടെ നിർമ്മാണ പ്രവർത്തികളും നടന്നിരുന്നില്ല. പദ്ധതിയുടെ ഭാഗമായുള്ള നെൽവയൽ നികത്തുന്നതിനെതിരെ അന്ന് തന്നെ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം കമ്മറ്റി കോടതിയിൽ ഹർജി ഫയൽ ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലും പ്രദേശവാസികളുടെ എതിർപ്പുകളുണ്ടായതിനെ തുടർന്നും വയൽ നികത്താതെ പൈലിങ് നടത്തി തൂണുകളിൽ കെട്ടിടങ്ങളുണ്ടാക്കുമെന്നായിരുന്നു ഇൻകെൽ-കിൻഫ്ര അധികൃതർ സ്ഥലത്തെത്തി ഉറപ്പ് നൽകിയിരുന്നത്. നാളിതുവരെയായും ഇവിടെയൊരു നിർമ്മാണ പ്രവർത്തികളും നടന്നിരുന്നില്ല.

എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി. നെൽവയൽ തണ്ണീർത്തട നിയമത്തിൽ സർക്കാർ വെള്ളം ചേർത്തു. സർക്കാർ ആവശ്യങ്ങൾക്ക് നെൽവയലുകൾ മണ്ണിട്ട് നികത്താമെന്ന് പുതിയ നിയമം കൊണ്ടുവന്നു. ഇതോടുകൂടി കഴിഞ്ഞ ഏതാനും മാസങ്ങളായി പദ്ധതി പ്രദേശത്ത് വ്യപകമായി മണ്ണിട്ടുനികത്താനും തുടങ്ങി. എന്തിലേറെ നിലവിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലൊക്കെ മണ്ണെടുക്കുന്നതിനും ക്വാറികൾ പ്രവർത്തിക്കുന്നതിനും നിരോധനമുള്ള സമയമാണ്. എന്നിട്ടുപോലും ഒരു സർക്കാർ പദ്ധതിക്കായി ഇന്നലെയും ഇവിടെ ലോഡ് കണക്കിന് മണ്ണാണ് മലപ്പുറം ജില്ലയുടെ വാഴയൂർ ഭാഗങ്ങളിൽ നിന്നെത്തിച്ചിട്ടുള്ളത്. പുതിയ നെൽവയൽ തണ്ണീർതട നിയമപ്രകാരം സർക്കാർ ആവശ്യങ്ങൾക്ക് നികത്താനായി ഏറ്റെടുത്ത ഭൂമിയുടെ 30 ശതമാനം ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കണമെന്ന വ്യവസ്ഥപാലിച്ചാണ് ഇവിടെ ഇപ്പോൾ നികത്തൽ നടക്കുന്നതെങ്കിലും ഈ 30 ശതമാനംകൊണ്ട് എന്ത്കാര്യമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. നൂറ് ഏക്കറിനടുത്ത് വരുന്ന ഈ നിർദ്ദിഷ്ട വയലും അതിലെ മൺകുഴികളും അതുപോലെ തന്നെയുണ്ടായിട്ടും ഈ പ്രളയകാലത്ത് വയലിന് സമീപത്തെ വീടുകളിലും അംഗനവാടിയിലും വെള്ളം കയറിയിരുന്നു. അപ്പോൾ ഈ വയലെല്ലാം മണ്ണിട്ട് മൂടിയാലുള്ള അവസ്ഥയോ?.

നിലവിൽ മണ്ണിട്ട് തുടങ്ങിയിരിക്കുന്നത് ദേശീയ പാതയേക്കാളും ഉയരത്തിലാണ്. എന്നാൽ ദേശീയ പാതയിൽ നിന്ന് മുട്ടുകുന്ന്, ചെറയാംകുന്ന് ഭാഗങ്ങളിലേക്കുള്ള റോഡ് ദേശീയപാതയുടെ പകുതി ഉയരത്തിലാണ്. അത് ഈ വയലിന്റെ കരയിലൂടെയുമാണ്. വയൽ ദേശീയപാതയേക്കാൾ ഉയരത്തിൽ മണ്ണിട്ട് മൂടിയാൽ ഈ റോഡ് എല്ലാകലാത്തും വെള്ളത്തിലാകും. ഇത്രയധികം വയലിൽ സംഭരിച്ചിരുന്ന ജലം ഈ റോഡിലേക്കും അതിവേഗം ദേശീയപാതയിലേക്കും കടക്കും. അതോടൊപ്പം തന്നെ സമീപത്തെ വീടുകളിലേക്കും.

രാമദാസിന്റെ കഥ
ഇനി നമുക്ക് തുടക്കത്തിൽ പറഞ്ഞ രാമദാസിന്റെ വാക്കുകളിലേക്ക് വരാം. അദ്ദേഹത്തെ അങ്ങനെ പറയാൻ ഇടയാക്കിയ കാരണത്തിലേക്കും. ഒരു പക്ഷെ കാർഷിക കേരളത്തിൽ നെൽകൃഷി ചെയ്തതിന് പിഴ അടക്കേണ്ടി വന്ന അപൂർവ്വം വ്യക്തികളിൽ ഒരാളാകാം മണ്ണൊടി രാമദാസൻ. ഇൻകെൽ-കിൻഫ്ര നിർദ്ദിഷ്ട നോളേജ് പാർക്കിനായി ഏറ്റെടുത്ത നെൽവയലിന് സമീപത്താണ് രാമദാസന്റെയും വീട്. സർക്കാർ ഏറ്റെടുത്തതിൽ രാമദാസിന്റെ ഭൂമിയുമുണ്ടായിരുന്നു. സർക്കാർ ഏറ്റെടുത്തിട്ടും വർഷങ്ങളോളം തരിശായി കിടന്ന ഭൂമി കണ്ടപ്പോൾ രമാദിസിന്റെ കർഷക മനസ്സിന് വല്ലാത്ത വിഷമം. അയാൾ അദ്ദേഹത്തിന്റെ നിലത്തിൽ നെൽകൃഷിയിറക്കി.

നെല്ലിന് കതിരുവരാറായ സമയത്ത് വീട്ടിലേക്ക് രണ്ട് സർക്കാർ പ്രതിനിധികൾ വന്നു പറഞ്ഞു നിങ്ങൾ സർക്കാറിന്റെ പദ്ധതിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്നു. ഞങ്ങളുടെ പദ്ധതി പ്രദേശത്തിന് സമീപം നിങ്ങൾ കൃഷിചെയ്ത് ഞങ്ങളുടെ പദ്ധതിക്ക് തടസ്സം നിൽക്കുന്നതാണെന്നും അതിനാൽ ഞങ്ങൾ വിധിക്കുന്ന പിഴയടക്കാൻ നിങ്ങൾ ബാധ്യസ്ഥനാണെന്നും. ഇതിന്റെ പിറികിൽ കോടതി കയറിയിറങ്ങാൻ പണവും സാഹചര്യവുമില്ലാതിരുന്ന രാമദാസാകെട്ടെ ഉടൻ തന്നെ അവർ പറഞ്ഞ പിഴയടക്കുകയും ചെയ്തു. മാത്രമല്ല അന്ന് കൊയ്യാൻപാകമായിരുന്ന ഓരേക്കർ നെൽകൃഷി കൊയ്തെടുക്കാനാക്കാനാകാതെ നശിക്കുകയും ചെയ്തു. അല്ലെങ്കിൽ കൊയ്തെടുക്കാൻ കാർഷിക കേരളത്തിലെ സർക്കാർ സംവിധാനങ്ങൾ അുവദിച്ചില്ലെന്ന് പറയാം. ഈ സംഭവം കഴിഞ്ഞിട്ട് അഞ്ച് വർഷങ്ങളായി. ആ നെൽപാടമിപ്പോഴും തരിശായി കിടക്കുന്നു. പിഴയടക്കേണ്ടി വരുമോ എന്ന് പേടിച്ച് സ്വന്തം സ്ഥലത്ത്പോലും വിത്തിറക്കാനാകാത്ത അവസ്ഥയിൽ രാമദാസിനെ പോലുള്ള കർഷകർ.



നിലവിൽ കേരളവും രാമനാട്ടുകര നഗരസഭയും ഭരിക്കുന്നത് കർഷകത്തൊഴിലാളികളുടെ ചോരയിൽ പടുത്തുയർത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്. ഈ ദിവസം വരെ ഇത്രയും വലിയ നെൽവയൽ മണ്ണിട്ടുനികത്തുന്നതിനെതിരെ ഒരു ചെറുവിരലനക്കാനോ, ഒരു കൊടികുത്താനോ പോലും കേരളത്തിലെ കമ്മ്യൂണിസ്റ്റ്പാർട്ടികൾ ഇങ്ങോട്ട് വന്നിട്ടില്ല എന്നതാണ് ഇവിടുത്തെ കർഷകരെ സംബന്ധിച്ച് ഏറ്റവും വലിയ സങ്കടമുണ്ടാക്കുന്ന കാര്യം. മാത്രവുമല്ല പ്രദേശത്തെ സിപിഎമ്മുമാകരുടെ ഇപ്പോഴത്തെ നിലപാടാണ് ഏറ്റവും അത്ഭുതപ്പെടുത്തിയത്. വെള്ളം നമുക്ക് അറബിക്കടലിലേക്ക് ഒഴുക്കി വിടാം ഈ വയലൊക്കെ നികത്തി വികസനം വരട്ടെയെന്നാണ് ഇവരുടെ നിലപാട്. ഒരുപടികൂടികടന്ന് ഈ വയൽ നികത്തി ഇവിടെ നോളേജ് പാർക്ക് സ്ഥാപിച്ചിട്ടില്ലെങ്കിൽ വരുംകാലങ്ങളിൽ ഇവിടെയൊക്കെ മാപ്പിളമാർ വന്ന് വീടുവെക്കുമെന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റ് നേതാക്കളുമുണ്ട് രാമനാട്ടുകരയിൽ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP