Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശിവകുമാറിനെ വിട്ടൊരു കളിയില്ലെന്ന് ചെന്നിത്തല; അടൂർ പ്രകാശിനേയും ഭാരവാഹിയാക്കാൻ ഉറച്ച് ഗ്രൂപ്പ് ലീഡർ; കെസിയുടെ മനസ്സിലുള്ളത് അനിൽകുമാറിന്റെ പേരും; പുനഃസംഘടനയിൽ തെളിയുന്നത് ഐ ഗ്രൂപ്പിനുള്ളിലെ കലഹം; കെ മുരളീധരന്റെ വെടിപൊട്ടിക്കൽ ഭാരവാഹിയാകാൻ ആഗ്രഹിക്കുന്ന നേതാക്കളുടെ മനസ്സ് തിരിച്ചറിഞ്ഞ്; സ്ഥാനമൊഴിയാൻ സുധാകരനും കൊടിക്കുന്നിലിനും വിമുഖത; വിശാല ഐ ഗ്രൂപ്പ് പല വഴിക്ക്; 'ഒരാൾ ഒരു പദവി'യിൽ ചെന്നിത്തല നേരിടുന്നത് വമ്പൻ പ്രതിസന്ധി

ശിവകുമാറിനെ വിട്ടൊരു കളിയില്ലെന്ന് ചെന്നിത്തല; അടൂർ പ്രകാശിനേയും ഭാരവാഹിയാക്കാൻ ഉറച്ച് ഗ്രൂപ്പ് ലീഡർ; കെസിയുടെ മനസ്സിലുള്ളത് അനിൽകുമാറിന്റെ പേരും; പുനഃസംഘടനയിൽ തെളിയുന്നത് ഐ ഗ്രൂപ്പിനുള്ളിലെ കലഹം; കെ മുരളീധരന്റെ വെടിപൊട്ടിക്കൽ ഭാരവാഹിയാകാൻ ആഗ്രഹിക്കുന്ന നേതാക്കളുടെ മനസ്സ് തിരിച്ചറിഞ്ഞ്; സ്ഥാനമൊഴിയാൻ സുധാകരനും കൊടിക്കുന്നിലിനും വിമുഖത; വിശാല ഐ ഗ്രൂപ്പ് പല വഴിക്ക്; 'ഒരാൾ ഒരു പദവി'യിൽ ചെന്നിത്തല നേരിടുന്നത് വമ്പൻ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് നീങ്ങുന്ന രമേശ് ചെന്നിത്തലയ്ക്ക് വെല്ലുവിളിയായി ഐ ഗ്രൂപ്പിൽ പാളയത്തി പട. കെപിസിസി പുനഃസംഘടന വൈകാൻ കാരണം ചെന്നിത്തലയുടെ നിലപാടാണെന്ന പരാതി ഐ ഗ്രൂപ്പിൽ വ്യാപകമാണ്. ഒരാൾക്ക് ഒരു പദവിയെന്ന നയം നടപ്പാക്കാനാണ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് താൽപ്പര്യം. ഇതിന് ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും പിന്തുണയ്ക്കുന്നു. എംഎൽഎമാർക്കും എംപിമാർക്കും കെപിസിസിയിൽ ഭാരവാഹിത്വം നൽകേണ്ടതില്ലെന്നാണ് വി എം സുധീരന്റേയും പക്ഷം. എന്നാൽ അടൂർ പ്രകാശ്, വി എസ്.ശിവകുമാർ, എ.പി.അനിൽ കുമാർ എന്നിവരെ ഭാരവാഹിയാക്കാനാണ് ചെന്നിത്തലയുടെ നീക്കം. ഇതിനെതിരെ ഐ ഗ്രൂപ്പിൽ കലാപം പൊട്ടിപുറപ്പെട്ടിട്ടുണ്ട്.

ഐ ഗ്രൂപ്പിന്റെ ഭാഗമായി കെപിസിസിയിൽ എത്താൻ ആഗ്രഹിച്ചവരെല്ലാം ചെന്നിത്തലയുമായി പിണക്കത്തിലാണ്. ഇതിനൊപ്പം കെസി വേണുഗോപാലും ചില നീക്കങ്ങൾ നടത്തുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് വി എസ് ശിവകുമാറിനെ കൊണ്ടു വരാനാണ് ചെന്നിത്തലയ്ക്ക് താൽപ്പര്യം. എന്നാൽ കെ പി അനിൽകുമാർ എന്ന മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ വർ്ക്കിങ് പ്രസിഡന്റാക്കാനാണ് കെസിയുടെ കരുനീക്കം. മൂന്ന് വർക്കിങ് പ്രസിഡന്റുമാരാണ് കെപിസിസിക്കുള്ളത്. ഇതിൽ കെ സുധാകരനും കൊടിക്കുന്നിൽ സുരേഷിനും സ്ഥാനം ഒഴിയാനും മടിയാണ്. അന്തരിച്ച എംഐ ഷാനവാസിന്റെ സ്ഥാനത്തേക്കാണ് ശിവകുമാറും അനിൽകുമാറും മത്സരിക്കുന്നത്. ഇതിൽ ശിവകുമാർ എംഎൽഎയാണ്.

വി എസ് ശിവകുമാർ എൻ എസ് എസ് നോമിനിയെന്ന തരത്തിലാണ് ഭാരവാഹിയാകാൻ ശ്രമിക്കുന്നത്. എൻ എസ് എസുമായി ഏറെ അടുപ്പമുള്ള കെസി വേണുഗോപാൽ മറ്റൊരു പേര് നിർദ്ദേശിക്കുമ്പോൾ അത് മറ്റൊരു പ്രതിസന്ധിയാകുന്നു. കെപിസിസി പുനഃസംഘടനയുടെയും നിയമസഭാ ഉപതിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെയും പ്രാരംഭ ചർച്ച കോൺഗ്രസ് സംസ്ഥാന നേതൃത്വം തിരക്കിട്ട് ആരംഭിച്ചിരുന്നു. പുനഃസംഘടന പെട്ടെന്ന് പൂർത്തിയാക്കാൻ രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചതിനു പിന്നാലെ തന്നെ ഇതിനായി ചുമതലപ്പെടുത്തിയ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ പ്രത്യേകമായി കൂടിയാലോചന നടത്തി. ഈ കൂടിയാലോചനയിലാണ് പുനഃസംഘടനയിൽ ശിവകുമാറിനെ വർക്കിങ് പ്രസിഡന്റാക്കണമെന്ന നിലപാടിൽ ചെന്നിത്തല ഉറച്ച് നിന്നത്. പുനഃസംഘടന ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ലെന്നു മുല്ലപ്പള്ളി വ്യക്തമാക്കി.

എന്നാൽ എംഎൽഎയായ ശിവകുമാറിനെ വർക്കിങ് പ്രസിഡന്റാക്കരുതെന്ന് ഉമ്മൻ ചാണ്ടിയും നിലപാട് എടുത്തു. ഇതോടെ മുല്ലപ്പള്ളി വെട്ടിലായി. ഇതിന് പിന്നാലെയാണ് ഐ ഗ്രൂപ്പിൽ വെടിപൊട്ടിയത്. കെ സി വേണുഗോപാൽ എഐസിസിയിൽ സംഘടനാ ജനറൽ സെക്രട്ടറിയാണ്. അതുകൊണ്ട് തന്നെ കെസിയെ തള്ളാനും കഴിയില്ല. ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവർക്കും കെപിസിസിയിൽ സ്ഥാനം ലഭിക്കണമെന്നാണ് ചെന്നിത്തലയുടെ ആഗ്രഹം,. ഇതോടെയാണ് ഐ ഗ്രൂപ്പിലെ തന്നെ ജനപ്രതിനിധികൾ അല്ലാത്ത നേതാക്കൾ പ്രതിഷേധവുമായി രംഗത്ത് വരുന്നത്. ചെന്നിത്തലയോട് എതിർപ്പുള്ളവർ കെസി വേണുഗോപാലുമായി അടുക്കുകയാണ്. കെ മുരളീധരനും പരസ്യമായി തന്നെ ചെന്നിത്തലയുടെ നീക്കത്തെ തള്ളി പറഞ്ഞു, അതൃപ്തി വ്യക്തമാക്കി കെ മുരളീധരൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നൽകി. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും തമ്മിൽ കൂടിയാലോചിച്ച് സ്വന്തക്കാരെ തിരുകി കയറ്റുന്നത് അംഗീകരിക്കില്ലെന്നാണ് മുരളീധരൻ പറയുന്നത്.

നിങ്ങളുടെയൊക്കെ ഇഷ്ടത്തിനനുസരിച്ച് പുനഃസംഘടന പൂർത്തിയാക്കിക്കൊള്ളൂവെന്ന ധ്വനിയും മുരളിയുടെ കത്തിലുണ്ട്. നേരത്തെ ചില പേരുകൾ ഭാരവാഹിത്വത്തിനായി മുരളി നിർദ്ദേശിച്ചിരുന്നെങ്കിലും അംഗീകരിച്ചില്ല. ഇനിയാരെയും ഭാരവാഹികളായി നിർദ്ദേശിക്കുന്നില്ലെന്ന് മുരളീധരൻ കത്തിൽ വ്യക്തമാക്കി. എന്നാൽ ഐ ഗ്രൂപ്പിലെ പോരാണ് മുരളീധരന്റെ കത്തിന് പിന്നിലുള്ളതെന്ന് കോൺഗ്രസിൽ ഏവർക്കും അറിയാം. ജംബോ സമിതി വേണ്ടെന്നും 'ഒരാൾ ഒരു പദവി' എന്ന അടിസ്ഥാനത്തിൽ ഭാരവാഹികളെ തീരുമാനിക്കുമെന്നുമാണ് പുനഃസംഘടനയുടെ ആദ്യഘട്ടത്തിൽ അവകാശപ്പെട്ടത്. ഭാരവാഹികളുടെ എണ്ണം 21 ആയി ചുരുക്കി തയ്യാറാക്കിയ പട്ടികയാണ് മൂന്നുപേരും വീതംവയ്പായത്. ചെന്നിത്തല നൽകിയ ഐ ഗ്രൂപ്പ് നോമിനികളിലേറെയും ജനപ്രതിനിധികളാണ്. എ ഗ്രൂപ്പ് ജനപ്രതിനിധികളെ ഒഴിവാക്കി. എ കെ ആന്റണിയും കെ സി വേണുഗോപാലും നിർദ്ദേശിച്ച പേരുകളടങ്ങിയ ലിസ്റ്റാണ് മുല്ലപ്പള്ളി നൽകിയത്. ഇതോടെ ഒരാൾ ഒരു പദവി തത്വവും അട്ടിമറിക്കപ്പെട്ടുവെന്ന അവസ്ഥ വന്നു. ഇതിന് കാരണം ചെന്നിത്തലയാണെന്നാണ് ഐ ഗ്രൂപ്പിനുള്ളിലെ പൊതു വികാരം.

ജനപ്രതിനിധികളായവരെ പുനഃസംഘടനയിൽ പരിഗണിക്കുന്നതും വർക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിവാക്കി വൈസ് പ്രസിഡന്റ് സ്ഥാനം പുനഃസ്ഥാപിക്കുന്നതുമാണ് തർക്കവിഷയമായി നിന്നിരുന്നത്. ഒരാൾക്ക് ഒരു പദവിയെന്ന മുല്ലപ്പള്ളിയുടെ നിലപാടിനെ എ ഗ്രൂപ്പ് പിന്തുണച്ചപ്പോൾ പറ്റില്ലെന്ന നിലപാടിൽ ഐ ഗ്രൂപ്പ് ഉറച്ചുനിന്നു. പുനഃസംഘടന എത്രയും വേഗം തീർക്കുകയെന്ന ലക്ഷ്യത്തോടെ ഐ ഗ്രൂപ്പ് സമ്മർദത്തിന് നേതൃത്വം വഴങ്ങിയെന്നാണ് സൂചന. ഇതോടെയാണ് മുരളീധരൻ രംഗത്തുവന്നതും. വി എം സുധീരനടക്കമുള്ളവർ നിർദ്ദേശിച്ച പേരുകൾ തഴയപ്പെട്ടാൽ അവരും പരസ്യമായി രംഗത്തെത്തും. ഭാരവാഹികളെ നിശ്ചയിക്കാൻ കൂടിയാലോചന നടത്തിയില്ലെന്നും ചിലർ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും കെ. മുരളീധരൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു നൽകിയ കത്തിൽ പറയുന്നുണ്ട്.

രാഷ്ട്രീയ കാര്യസമിതിയിൽ പറഞ്ഞ കാര്യങ്ങൾ പോലും മുഖവിലയ്‌ക്കെടുത്തില്ലെന്നും മുരളീധരൻ വ്യക്തമാക്കി. മുൻ കെപിസിസി പ്രസിഡന്റായിട്ട് പോലും പുനഃസംഘടന സംബന്ധിച്ച് ഒരു കാര്യവും തന്നോട് ആലോചിച്ചിട്ടില്ല. രണ്ടോ മൂന്നോ പേർ ചേർന്നാണ് എല്ലാം തീരുമാനിക്കുന്നത്. ഭാരവാഹികളായി ഒരാളുടേയും പേരു നിർദ്ദേശിക്കാൻ ഇനിയില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാം. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം ഇനി ആരും ചോദിക്കേണ്ടതില്ലെന്നുമാണ് മുരളീധരൻ പാർട്ടി നേതൃത്വത്തിന് നൽകിയ കത്തിലെ ഉള്ളടക്കം. മുരളീധരൻ നിർദ്ദേശിച്ച പേരുകൾക്കു പകരം മറ്റു ചിലരെ ഭാരവാഹികളാക്കിയതാണ് പ്രകോപനത്തിന് കാരണം. ജനപ്രതിനിധികളാകാനും ഭാരവാഹികളാകാനും ഒരേ നേതാക്കൾത്തന്നെ മതിയെങ്കിൽ മറ്റു നേതാക്കൾ എന്തിനെന്നാണ് മുരളീധരന്റ ചോദ്യം. ഇരട്ടപ്പദവി നൽകുന്നതിലുള്ള എതിർപ്പ് ചിലർ എ.കെ. ആന്റണിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, എ ഗ്രൂപ്പ് ഭാരവാഹികളാക്കേണ്ടവരുടെ പട്ടിക നേതൃത്വത്തിനു നൽകികഴിഞ്ഞു.

ഒരാൾക്ക് ഒരു പദവി എന്ന നിബന്ധനയിൽ മുതിർന്ന നേതാക്കൾ ഭിന്നാഭിപ്രായം ഉയർത്തിയതോടെ കെപിസിസി പുനഃസംഘടന വഴിമുട്ടി. ജൂലൈ മാസം അവസാനത്തോടെ ഭാരവാഹികളെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പുനഃസംഘടന മുടങ്ങിയതോടെ കെപിസിസി ഭാരവാഹികളുടെ ദ്വിദിന ക്യാമ്പ് മാറ്റിവെക്കുകയും ചെയ്തിരുന്നു. ഒറ്റ പദവി ആശയത്തിന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുടെ പിന്തുണ ലഭിച്ചെങ്കിലും രമേശ് ചെന്നിത്തല അംഗീകരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP