Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ശ്രീവൽസം ഗ്രൂപ്പിനെ വിവാദങ്ങളിലെത്തിച്ചത് അച്ഛനും മകനും തമ്മിലെ അധികാരത്തർക്കം? ഓണക്കച്ചവടം പൊടിപൊടിപ്പിക്കുമെന്ന് വീമ്പു പറഞ്ഞ് പിള്ള ഷോറൂമിൽ; മാരാർജി ഭവന് അഞ്ചുകോടി കൊടുക്കാതിരുന്നത് ശ്രീവൽസത്തിന് വിനയായെന്ന് കോൺഗ്രസ് വെളിപ്പെടുത്തൽ; കുരുക്കിലാകുന്നത് ചെന്നിത്തല തന്നെ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

ശ്രീവൽസം ഗ്രൂപ്പിനെ വിവാദങ്ങളിലെത്തിച്ചത് അച്ഛനും മകനും തമ്മിലെ അധികാരത്തർക്കം? ഓണക്കച്ചവടം പൊടിപൊടിപ്പിക്കുമെന്ന് വീമ്പു പറഞ്ഞ് പിള്ള ഷോറൂമിൽ; മാരാർജി ഭവന് അഞ്ചുകോടി കൊടുക്കാതിരുന്നത് ശ്രീവൽസത്തിന് വിനയായെന്ന് കോൺഗ്രസ് വെളിപ്പെടുത്തൽ; കുരുക്കിലാകുന്നത് ചെന്നിത്തല തന്നെ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

ആലപ്പുഴ : ആദായനികുതി വകുപ്പിന്റെ റെയ്‌ഡോടെ ഒറ്റക്കെട്ടായിനിന്ന ശ്രീവൽസം ഗ്രൂപ്പ് ഇപ്പോൾ രണ്ടുതട്ടിലായെന്ന് സൂചന. കുടുംബ കലഹമാണ് ഗ്രൂപ്പിനെ പൊട്ടിതെറിയിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. അച്ഛനും മകനും ഒരുപോലെ സഞ്ചരിച്ചാണ് വ്യവസായ ശൃംഘല പടുത്തുയർത്തിയിരുന്നത്. എന്നാൽ കഴിഞ്ഞദിവസം വിവാദങ്ങൾ കൊഴുക്കുമ്പോഴും പിള്ള ഹരിപ്പാട്ടെത്തിയിരുന്നു. കുടുബ കലഹം മൂർച്ഛിച്ചതോടെ മകനെ ഉപേക്ഷിച്ച് പിള്ള ഒറ്റയ്ക്കാണ് വസ്ത്രശാലയിലെത്തിയത്. ഇരുന്നൂറോളം വരുന്ന ജീവനക്കാരെ വിളിച്ചുക്കൂട്ടി ഓണ കച്ചവടത്തിന് തയ്യാറായി കൊള്ളാൻ അറിയിച്ചിട്ടാണ് മടങ്ങിയത് റെയ്ഡുകൾ കാര്യമാക്കേണ്ടെന്നും ഒന്നും സംഭവിക്കില്ലെന്നും ജീവനക്കാർക്ക് ഉറപ്പ് നൽകിയാണ് അക്ഷോഭ്യനായി പിള്ള മടങ്ങിയത്.

കോടികളുടെ അഴിമതി ഇടപാടുകൾ നടന്ന ഹരിപ്പാട് മെഡിക്കൽ കോളജിന് പിന്നിലും ശ്രീവത്സം ഗ്രൂപ്പെന്ന് സൂചന. മെഡിക്കൽ കോളജിനായി ബിനാമി പേരിൽ ഏക്കറുകണക്കിന് സ്ഥലമാണ് കരുവാറ്റയിൽ വാങ്ങിക്കൂട്ടിയിട്ടുള്ളത്. കൂടാതെ ഹരിപ്പാട് നഗരത്തിൽ മാത്രം 200 ഏക്കറോളം ഭൂമി ഗ്രൂപ്പിന്റെ പേരിലുണ്ട്. ഗ്രൂപ്പ് ഉടമ എം കെ ആർ പിള്ള നേരിട്ടാണ് ഭൂമി ഇടപാടുകൾ നടത്തിയത്. രാധാമണി എന്ന സ്ത്രീയാണ് ഭൂമി ഇടപാട് നിയന്ത്രിക്കുന്നത്. ഇവരുടെ ഹരിപ്പാട്ടെ വസതിയിൽ ആദായവകുപ്പ് നടത്തിയ പരിശോധനയിൽ പത്ത് കോടി രൂപയുടെ ഭൂമി ഇടപാട് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അഞ്ച് വർഷം മുൻപാണ് ശ്രീവത്സം ഗ്രൂപ്പ് ഹരിപ്പാട് കേന്ദ്രീകരിച്ച് പുതിയ വ്യവസായങ്ങൾ ആരംഭിച്ചത്. ഇതിന് പിന്നീൽ രമേശ് ചെന്നിത്തലയാണെന്ന് സിപിഐ ആരോപണം ഉന്നയിച്ചു.

ശ്രീവത്സം ഗ്രൂപ്പ് ഹരിപ്പാട് കേന്ദ്രീകരിച്ച് വ്യവസായങ്ങൾ ആരംഭിച്ചതിന് പിന്നിൽ ഹരിപ്പാട് മെഡിക്കൽ കോളജ് എന്ന പദ്ധതി ലക്ഷ്യമിട്ടാണെന്നും ആക്ഷേപമുണ്ട്. മെഡിക്കൽ കോളജ് ആരംഭിക്കാനുള്ള പ്രാരംഭ ചർച്ച നടക്കുമ്പോൾ തന്നെ ഇതിന് പിന്നിൽ മലയാളിയായ ഒരു വ്യവസായി ആണെന്ന് ചർച്ച ഉണ്ടായിരുന്നു. അതിനിടെ ശ്രീവൽസം ഗ്രൂപ്പിനെ പിന്തുണച്ച് പുതിയ വാദവുമായി കോൺഗ്രസും രംഗത്ത് വന്നു. മാരാർജി ഭവന് അഞ്ചുകോടി നൽകണമെന്ന ബിജെപി ആവശ്യത്തിന് സമ്മതം മൂളാതിരന്നത് ശ്രീവൽസം ഗ്രൂപ്പിന് തിരിച്ചടിയായെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം.

യു ഡിഎഫിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും ശ്രിവൽസം ഗ്രൂപ്പിന് ചെയ്തിട്ടില്ലെന്നെന്നും നേതാക്കൾ പറയുന്നു. ഹരിപ്പാട്ട് പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ വെഡിങ് സെന്ററിന്റെ ഉദ്ഘാടനം മുടങ്ങിയത് യു ഡി എഫിന്റെ ശക്തമായ ഇടപെടൽ കൊണ്ടാണ്. ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നൽകാൻ നഗരസഭ വിസമ്മതിച്ചതാണ് ഉദ്ഘാടനം പാതിവഴിയിലുപേക്ഷിക്കാൻ കാരണമായത്. സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ സാക്ഷാൽ രമേശ് ചെന്നിത്തല ഇടപ്പെട്ടിട്ടും നൽകാതയാണ് യു ഡി എഫ് നീതിപുലർത്തിയതെന്നും നഗരസഭയിലെതന്നെ ഒരു കോൺഗ്രസ് ഉന്നതൻ വ്യക്തമാക്കി.

ഇക്കാര്യത്തിൽ ചെന്നിത്തലയും ഈ നേതാവും തമ്മിൽ ഉടക്കുകയും ചെയ്തിരുന്നു. പിന്നീട് ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചശേഷമാണ് സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ വിവാദങ്ങൾ കൊഴുക്കുമ്പോൾ ബിജെപിയുടെ കൂടാരത്തിലേക്കാണ് ആരോപണങ്ങൾ നീങ്ങുന്നത്.തലസ്ഥാന നഗരിയിൽ ബിജെപി നേതാവ് മാരാരുടെ പേരിൽ പണിയുന്ന ആസ്ഥാന മന്ദിരത്തിന്റെ ഫണ്ടു പിരിവാണ് ശ്രീവൽസത്തെ ഇളക്കിയതെന്ന ശക്തമായ ആരോപണം ഉന്നയിച്ച് കോൺഗ്രസ് പ്രദേശിക നേതൃത്വം ഇപ്പോൾ രംഗത്തുണ്ട്. ചോദിച്ചത് അഞ്ചുകോടിയെങ്കിലും ഒരു കോടി നൽകാമെന്ന് രാജേന്ദ്രൻ പിള്ളയുടെ ഓഫർ ബിജെപി തള്ളികളയുകയായിരുന്നെന്നും കോൺഗ്രസ് നേതാക്കൾ. ഇതാണ് അഴിമതിക്ക് ദേശീയ മാനം കൈവന്നതെന്നും നേതാക്കൾ പറയുന്നു.

ബിജെപിയിലേക്ക് വിവാദങ്ങൾ തിരിച്ചുവിട്ട് തടിയൂരാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ ശക്തമായ ആരോപണവുമായാണ് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് രംഗത്തുള്ളത് . ശ്രീവൽസം ഗ്രൂപ്പിന് സഹായം ചെയ്ത ഹരിപ്പാട്ടുനിന്നും മന്ത്രി രമേശ് ചെന്നിത്തലയെന്ന് സൂചന നൽകി ആഞ്ചലോസ് രംഗത്തുണ്ട്. കേരള പൊലീസിന്റെ അകമഴിഞ്ഞ സേവനം ലഭിച്ചുവെന്ന് ഇന്റലിജൻസ് വിഭാഗം പറയുമ്പോൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സ്വാധീന ശക്തിയും രമേശ് ചെന്നിത്തലതന്നെ. തത്വത്തിൽ ശ്രീവൽസം ഗ്രൂപ്പിന്റെ യു ഡി എഫ് സംരക്ഷൻ രമേശ് ചെന്നിത്തല തന്നെയാണെന്ന് ഉറപ്പിച്ചാണ് മുൻ എം പിയും സിപിഐ ജില്ലാ സെക്രട്ടറിയുമായ ടി ജെ ആഞ്ചലോസ് ഇന്നലെ മാധ്യമ പ്രവർത്തകരെ കണ്ടത്.

അതേസമയം ഗ്രൂപ്പിന് ഹരിപ്പാട് നിലനിൽപ്പുണ്ടാക്കാൻ ഏറെ പണിപ്പെട്ടത് സി പി എം പ്രാദേശീക നേതാവ് കാർത്തികേയനാണെന്ന പ്രചരണം കടുത്തതോടെ സി പി എം പൊതുവെ പ്രതിരോധം തീർത്തിരിക്കുകയാണ്. ഈ സമയത്താണ് ആഞ്ചലോസ് രംഗപ്രവേശനം നടത്തിയിയത് വിവാദത്തിന് പുതിയമാനം കൈവരുത്തി. ഹരിപ്പാട് ഭൂമി വാങ്ങിക്കൂട്ടാൻ ശ്രീവൽസം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യുഡിഎഫാണെന്നും ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആഞ്ചലോസ് ആവശ്യപ്പെടുന്നു. ശ്രീവൽസം ഗ്രൂപ്പിന്റെ നിരവധി ഭൂമി ഇടപാടുകൾക്ക് യുഡിഎഫിന്റെ ഒരു മുൻ മന്ത്രിയാണ് ഇടനിലക്കാരനെപ്പോലെ പ്രവർത്തിച്ചതെന്നും ആഞ്ചലോസ് ആരോപിച്ചു. ഹരിപ്പാട് ശ്രീവൽസം ഗ്രൂപ്പിനു ജൂവലറിയും വസ്ത്രശാലയുമുണ്ട്. ഇവ തുടങ്ങാൻ വേണ്ടി കേരളത്തിനു പുറത്തും സ്വാധീനുമുള്ള യുഡിഎഫിന്റെ മുൻ മന്ത്രി സഹായിച്ചുവെന്നു ആഞ്ചലോസ് ആരോപിച്ചു.

ഹരിപ്പാടുൾപ്പെടെ പലയിടങ്ങളിലും വൻ തോതിലാണ് ശ്രീവൽസം ഗ്രൂപ്പ് അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. യുഡിഎഫ് ഭരണ കാലത്തായിരുന്നു ഇവയെല്ലാമെന്ന് ആഞ്ചലോസ് പറയുന്നു. ഇതിന് ആവശ്യമായ എല്ലാ സഹായവും സർക്കാരിൽ നിന്നും അവർക്കു ലഭിച്ചതായി അദ്ദേഹം ആരോപിക്കുന്നു. യുഡിഎഫിന്റെ മുൻ മന്ത്രിയും ശ്രീവൽസം ഗ്രൂപ്പും തമ്മിസുള്ള ബന്ധത്തെക്കുറിച്ച് എല്ലാവർക്കും അറിയാമായിരുന്നുവെന്നും ആഞ്ചലോസ് പറഞ്ഞു. ശ്രീവൽസം ഗ്രൂപ്പിന് എല്ലാ വിധ സഹായവും ചെയ്തു കൊടുത്ത യുഡിഎഫിന്റെ മുൻ നേതാക്കളെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും സമഗ്രമായി അന്വേഷിക്കണമെന്നു ആഞ്ചലോസ് ആവശ്യപ്പെട്ടു.

ഈ സാഹചര്യത്തിൽ കോൺഗ്രസിലും ചെന്നിത്തലയ്ക്ക് എതിരെ പടയൊരുക്കം തുടങ്ങി. കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചെന്നിത്തലയെ തകർക്കാൻ കിട്ടിയ അവസരമായി ഇതിനെ എ ഗ്രൂപ്പും കാണുന്നു. മനോരമയിലെ ഇന്നലത്തെ ചർച്ചയ്ക്ക് പിന്നിൽ ചില കോൺഗ്രസ് നേതാക്കളാണെന്ന് ഐ ഗ്രൂപ്പ് കരുതുന്നു. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ചെന്നിത്തല ഉയർത്തുന്നത്. ആരോപണങ്ങൾ ഇന്നലെ തന്നെ എ ഗ്രൂപ്പ് നിഷേധിച്ചിരുന്നു. എന്നിട്ടും ചെന്നിത്തലയെ വിവാദങ്ങളിൽ കുടുക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇതിന് സിപിഐ ശ്രമിക്കുന്നത് സ്വാഭാവികം. എന്നാൽ കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ അജണ്ട ദുരൂഹമാണ്-ഐ ഗ്രൂപ്പ് പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

ഹരിപ്പാട് നഗരത്തിന്റെ ഹൃദയഭാഗത്ത് 80 സെന്റ് സ്ഥലത്ത് വസ്ത്രവ്യാപാര ശാലയും 30 സെന്റിൽ ടൂവീലർ ഷോറൂമും കോടികൾ ആസ്തിയുള്ള സ്വർണ്ണാഭരണ ശാലയും ഇവർ ആരംഭിച്ചതാണ് സിപിഐയുടെ ആരോപണങ്ങൾ ആധാരം. പത്തനംതിട്ട കുളനട സ്വദേശിയായ എം കെ ആർ പിള്ള നാഗാലാന്റിലെ മുൻ അഡീഷണൽ എസ് പി യാണ്. വിരമിച്ചശേഷം നാഗാലാന്റ് പൊലീസിന്റെ ഉപദേശകനായി ജോലി ചെയ്യുന്നുണ്ട്. വസ്ത്രശാലകളും സ്വർണ്ണാഭരണ ശാലകളും റിയൽ എസ്റ്റേറ്റ് ബിസിനസ്സുമാണ് ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലുമായി ഗ്രൂപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ആയിരം കോടി രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയിരുന്നു.

അതിനിടെ ശ്രീവൽസം ഗ്രൂപ്പ് ഉടമ എം കെ ആർ പിള്ളയുടെ ബിസിനസ് പങ്കാളി രാധാമണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് വിശദമായ അന്വേഷണമാരംഭിച്ചു. പിള്ളയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിരുന്നത് രാധാമണിയാണെന്നാൺആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽകണ്ടെത്തിയിരിക്കുന്നത്. പിള്ളയുടെ പേരിലുള്ള 10 കോടിയുടെ റിയൽഎസ്റ്റേറ്റ് നിക്ഷേപങ്ങളുടെ രേഖകൾ രാധാമണിയുടെ ഹരിപ്പാട് ഡാണാപ്പടിയിലുള്ള വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. റെയ്ഡ് നടക്കുമ്പോൾ ഡൽഹിയിലെ നാഗാലാന്റ് ഹൗസിലായിരുന്ന രാധാമണിയെ ആദായനികുതിഉദ്യോഗസ്ഥർ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. രാധാമണിയിൽ നിന്ന് പിള്ളയുടെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ളനിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP