Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖനി രാജാവ് ജനാർദ്ദന റെഡ്ഡി ബാങ്കിന് മുന്നിൽ ക്യൂ നിന്നാണോ തുക വാങ്ങിയത് എന്ന് ചോദിച്ച ചെന്നിത്തലയ്ക്ക് ബിജു രമേശിനോട് ഈ ചോദ്യമില്ല; അടൂർ പ്രകാശിന്റെ മകന്റെ വിവാഹത്തിന് കോൺഗ്രസ് നേതാക്കൾക്ക് പങ്കെടുക്കുന്നതിൽ തടസമില്ലെന്ന് പ്രതിപക്ഷ നേതാവ്; കടം വാങ്ങിയും ചെക്കെഴുതി കൊടുത്തുമാണ് കല്യാണം നടത്തുന്നതെന്ന് ബിജു രമേശ്

ഖനി രാജാവ് ജനാർദ്ദന റെഡ്ഡി ബാങ്കിന് മുന്നിൽ ക്യൂ നിന്നാണോ തുക വാങ്ങിയത് എന്ന് ചോദിച്ച ചെന്നിത്തലയ്ക്ക് ബിജു രമേശിനോട് ഈ ചോദ്യമില്ല; അടൂർ പ്രകാശിന്റെ മകന്റെ വിവാഹത്തിന് കോൺഗ്രസ് നേതാക്കൾക്ക് പങ്കെടുക്കുന്നതിൽ തടസമില്ലെന്ന് പ്രതിപക്ഷ നേതാവ്; കടം വാങ്ങിയും ചെക്കെഴുതി കൊടുത്തുമാണ് കല്യാണം നടത്തുന്നതെന്ന് ബിജു രമേശ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനനന്തപുരം: 'കർണ്ണാടകത്തിൽ മുൻബിജെപി മന്ത്രി ജനാർദ്ദന റെഡ്ഡി മകളുടെ വിവാഹം നടത്തിയത് 500 കോടി പൊടിച്ചു കൊണ്ടാണ്. ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാൻ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ ഇദ്ദേഹത്തിന് എവിടെ നിന്നാണ് ഈ തുക ലഭിച്ചത്? ജനാർദ്ദന റെഡ്ഡി ബാങ്കിന് മുന്നിൽ ക്യൂ നിന്നാണോ തുക വാങ്ങിയത്. ഇതാണോ ബിജെപിക്കാരുടെ ലളിത ജീവിതം. ബിജെപിക്കാർക്ക് വിവരം മുൻകൂട്ടി ചോർത്തി കൊടുത്തു എന്ന ആരോപണം ശരിവയ്ക്കുന്നതാണ് ജനാർദ്ദന റെഡ്ഡിയുടെ മകളുടെ ആഡംബര കല്യാണം. ആഡംബരവും സുഖോലോലുപതയും കൂടിയതു കാരണമാണ് നോട്ടുകൾ പിൻവലിച്ചപ്പോൾ കേരളത്തിൽ ഇത്രയ്ക്ക് പ്രശ്‌നമുണ്ടായതെന്ന് പറഞ്ഞ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ മലയാളികളെ അപമാനിച്ചിരിക്കുകയാണ്. ആഡംബരം കാണിക്കാനല്ല സാധാരണക്കാർ ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിൽക്കുന്നത്. വിശപ്പടക്കാനുള്ള ഭക്ഷണം വാങ്ങാനുള്ള കാശിന് വേണ്ടിയാണ്.' - പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട നിരോധനം നോട്ട് നിരോധനം പ്രഖ്യാപിച്ചതോടെ ജനം ദുരിതത്തിലായതിന് പിന്നാലെ കർണാടകയിലെ ഖനിരാജാവും ബിജെപി മുൻ മന്ത്രിയുമായ ജനാര്ദ്ധന റെഡ്ഡിയുടെ മകളുടെ കോടികൾ പൊടിച്ചു കൊണ്ടുള്ള വിവാഹം നടന്നപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച ചോദ്യം ഇതായിരുന്നു.

നവംബർ 16നായിരുന്നു രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. അന്ന് ഇങ്ങനെയൊരു ഫേസ്‌ബുക്ക് പോസ്റ്റിടുമ്പോൾ ചെന്നിത്തല ഒരിക്കലും വിചാരിച്ചു കാണില്ല ഇത് തനിക്ക് തന്നെ കുരുക്കായി മാറുമെന്ന്. കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ അടൂർ പ്രകാശിന്റെ മകും മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെയും അത്യാഢാംബര വിവാഹത്തിന് സാക്ഷിയാകാൻ തലസ്ഥാനം ഒരുങ്ങുമ്പോൾ സോഷ്യൽ മീഡിയയുടെ ചോദ്യം ഉയരുന്നത് രമേശ് ചെന്നിത്തലയ്ക്ക് നേരെയാണ്. ബിജു രമേശ് എത്ര ബാങ്കിൽ ക്യൂ നിന്നു എന്ന ചോദ്യം എന്തുകൊണ്ട് ചെന്നിത്തല ചോദിച്ചില്ല എന്നാണ് ചോദ്യം. ആഡംബര വിവാഹങ്ങളെയും വിമർശിച്ചുകൊണ്ടായിരുന്നു ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റും വിമർശനവും.

കോൺഗ്രസ് എംഎൽഎയുടെ മകന്റെ അത്യാഢംബര വിവാഹത്തെ കുറിച്ചുള്ള ചോദ്യം ഇന്ന് മാദ്ധ്യമങ്ങളും ഉന്നയിക്കുകയുണ്ടായി. ആഡംബര വിവാഹങ്ങളോട് യോജിപ്പില്ലെന്നാണ് പ്രതിപക്ഷനേതാവ് വ്യക്തമാക്കിയതും. കോൺഗ്രസ് നേതാക്കൾക്ക് വിവാഹത്തിൽ പങ്കെടുക്കുന്നതിന് തടസമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കർണാടകത്തിൽ റെഡ്ഡിയുടെ മകളുടെ വിവാഹത്തിൽ നേതാക്കൾ പങ്കെടുക്കരുതെന്ന് ബിജെപി നേതൃത്വം നിർദേശിക്കുകയുണ്ടായി. എന്നാൽ, അത്തരമൊരു നിർദ്ദേശം ചെന്നിത്തലയുടെയോ കെപിസിസിയുടെയോ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കോടികൾ പൊടിച്ചു കൊണ്ടാണ് ബിജു രമേശിന്റെ മകളും അടൂർ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹം നടക്കുന്നത്.

അതേസമയം എവിടെ നിന്നാണ് ഈ നോട്ട് നിരോധന വേളയിൽ ഇത്രമാത്രം കോടികൾ ലഭിച്ചതെന്ന ചോദ്യത്തിന് മറുപടിയുമായി ബിജു രമേശ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. മോദി സർക്കാരിന്റെ സാമ്പത്തിക നയം തന്നെ വലിയ പ്രതിസന്ധിയിൽ എത്തിച്ചതായാണ് ബിജു വ്യക്തമാക്കിയത്. കുട്ടികളുടെ വിവാഹം നടത്താൻ കരുതിയിരുന്ന പൈസയും റദ്ദാക്കിയതിൽ പെടും. പിന്നെ പല ബിസിനസുകളിൽ നിന്നുള്ള പണം വകമാറ്റിയും സുഹൃത്തുക്കളുടെ കൈയിൽ നിന്ന് കടം വാങ്ങിയും ചെക്കെഴുതി കൊടുത്തുമാണ് കല്യാണം നടത്തുന്നതെന്നും ബിജു രമേശ് വിശദീകരിച്ചു.

നോട്ടില്ലാ ദുരിതകാലത്തും കോടിക്കണക്കിന് രൂപയാണ് അജയ് കൃഷ്ണനും മേഘാ രമേശും തമ്മിലുള്ള വിവാഹത്തിനായി മുടക്കുന്നത്. തിരുവനന്തപുരം ആനയറ കിംസ് ആശുപത്രിക്ക് എതിർ വശമുള്ള രാജധാനി ഗാർഡൻസിന്റെ എട്ടേക്കറിലാണ് പടുകൂറ്റൻ ആഡംബര വിവാഹപന്തൽ ഒരുങ്ങിയത്. നാളെ വൈകീട്ട് ആറ് മണിക്കാണ് വിവാഹം. തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുന്ന പനീർസെൽവമടക്കം നിരവധി വിവിഐപിമാരും സംസ്ഥാനത്തെ മന്ത്രിമാരും മറ്റനേകം പ്രമുഖരും പ്രശസ്തരുമടക്കം ആയിരത്തിലേറെപ്പേർ ചടങ്ങിൽ പങ്കെടുക്കും. ഇവരുടെ സുരക്ഷയ്ക്കായുള്ള പ്രത്യേക കമാൻഡോ സംഘവും എത്തിച്ചേർന്നിട്ടുണ്ട്.

വമ്പൻ ബോളിവുഡ് ഷൂട്ടിങ് സെറ്റുകൾക്ക് സമാനമായി തയ്യാറാക്കുന്ന വേദിക്ക് 120 അടി നീളവും 50 അടി പൊക്കവുമാണുള്ളത്. മൈസൂർ കൊട്ടാരത്തിന്റെ രീതിയിലാണ് വിവാഹപ്പന്തലിന്റെ കവാടം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ അക്ഷർധാമിന്റെ മാതൃകയിലാണ് വധൂവരന്മാർ ഇരിക്കുന്ന വേദിയുടെ നിർമ്മാണം. ആകെ 80000 സ്‌ക്വയർ ഫീറ്റിലാണ് വിവാഹവേദി ഒരുക്കിയിരിക്കുന്നത്. ഏകദേശം ഇരുപതിനായിരം പേർക്ക് കല്യാണ ചടങ്ങുകൾ കാണാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. വിവാഹ പന്തലിൽ ഗായിക ശ്വേതാ മോഹന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ബെന്നറ്റ് ആൻഡ് ദി ബാന്റിന്റെ മ്യൂസിക് ഫ്യൂഷൻ ഉൾപ്പെടെയുള്ള പരിപാടികളും അരങ്ങേറും.

അഞ്ഞൂറോളം ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർ ചേർന്ന് ഒരു മാസത്തിലേറെ ചെലവിട്ടാണ് ഈ പടുകൂറ്റൻ പന്തലൊരുക്കിയത്. ആറായിരം പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് വിവാഹപന്തൽ തയ്യാറാക്കിയിരിക്കുന്നത്. സൽക്കാരത്തിന് വിളമ്പുന്നത് നൂറിലധികം വിഭവ സമൃദ്ധമായ വിഭവങ്ങളാണ്. നാൽപ്പത്തഞ്ച് മിനിറ്റിൽ 600 കിലോ ചിക്കൻ ബിരിയാണി അടക്കം 15 വിഭവങ്ങൾ തത്സമയം തയ്യാറാക്കിയാണ് വിളമ്പുന്നത്. ഇതിനായി ജർമ്മനിയിൽ നിന്നുള്ള പ്രത്യേക സംഘത്തെയും ബിജു രമേശ് എത്തിച്ചിട്ടുണ്ട്.

ചാർട്ടേഡ് അക്കൗണ്ടന്റാണ് വിവാഹിതനാകുന്ന അജയ് കൃഷ്ണൻ. അടൂരിൽ ഹോട്ടൽ ഉൾപ്പെടെയുള്ള അടൂർ പ്രകാശിന്റെയും കുടുംബത്തിന്റെയും ബിസിനസ് നോക്കി നടത്തുന്നത് അജയ് കൃഷ്ണനാണ്. ബിജു രമേശിന്റെ രണ്ടാമത്തെ മകളാണ് മേഘാ ബി രമേശ്. യുഡിഎഫ് സർക്കാരിനെ പിടിച്ചുകുലുക്കിയ ബാർ കോഴയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ ഉയർത്തിയാണ് ബിജുരമേശ് വിവാദങ്ങളിലേക്ക് എത്തിയതും ശ്രദ്ധിക്കപ്പെട്ടതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP