Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കയറിനു വിപണിയില്ലാത്ത കസാഖിസ്ഥാനിലേക്കുള്ള അടൂർ പ്രകാശിനൊപ്പമുള്ള വിദേശ യാത്രകൾ വിവാദമായി; മന്ത്രി കടകംപള്ളിയും റാണി ജോർജും നടത്തിയ ലണ്ടൻ ട്രിപ്പുകൾ പാഴും; എന്നിട്ടും യാത്രാ മോഹം തീരാതെ ടൂറിസം സെക്രട്ടറി; തെരഞ്ഞെടുപ്പ് കാലത്തെ വിദേശയാത്രയും ഖജനാവിന് നഷ്ടം; ഫ്രാൻസിലുള്ള ഐഎഎസുകാരിക്ക് മടങ്ങിവരാൻ കത്ത് നൽകി ചീഫ് സെക്രട്ടറി; റാണി ജോർജ് ഐഎഎസിന്റെ മറ്റൊരു വിദേശയാത്രയ്ക്കും പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം

കയറിനു വിപണിയില്ലാത്ത കസാഖിസ്ഥാനിലേക്കുള്ള അടൂർ പ്രകാശിനൊപ്പമുള്ള വിദേശ യാത്രകൾ വിവാദമായി; മന്ത്രി കടകംപള്ളിയും റാണി ജോർജും നടത്തിയ ലണ്ടൻ ട്രിപ്പുകൾ പാഴും; എന്നിട്ടും യാത്രാ മോഹം തീരാതെ ടൂറിസം സെക്രട്ടറി; തെരഞ്ഞെടുപ്പ് കാലത്തെ വിദേശയാത്രയും ഖജനാവിന് നഷ്ടം; ഫ്രാൻസിലുള്ള ഐഎഎസുകാരിക്ക് മടങ്ങിവരാൻ കത്ത് നൽകി ചീഫ് സെക്രട്ടറി; റാണി ജോർജ് ഐഎഎസിന്റെ മറ്റൊരു വിദേശയാത്രയ്ക്കും പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദേശയാത്രയ്ക്കുപോയ ടൂറിസം സെക്രട്ടറി റാണി ജോർജിനെ മടക്കിവിളിച്ചു. അനുവാദം വാങ്ങാതെ പോയതിനാലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലുമാണ് നടപടി. റാണി ജോർജിന്റെ പല വിദേശയാത്രകളും വിവാദമുണ്ടാക്കിയിരുന്നു. സർക്കാരിന് ഗുണമില്ലാത്ത യാത്രകളാണ് സെക്രട്ടറി നടത്തുന്നതെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് കേസു പോലും ഉണ്ടായി. എന്നാൽ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയും ചെയ്തു. ഈയിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം നടത്തിയ ബ്രിട്ടൺ യാത്രയും കേരളത്തിന് ഗുണമുണ്ടാക്കുന്നതായിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ വിവാദം ഉണ്ടാകുന്നത്.

പാരീസിൽ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് ഇത്തവണ റാണി ജോർജ് പോയത്. 45 ദിവസം മുന്പ് റാണി ജോർജിന് സർക്കാർ വിദേശയാത്രയ്ക്ക് അനുമതി നൽകിയിരുന്നു. ഇതിനുശേഷമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നത്. ഇതോടെ സർക്കാരിന്റെ അനുമതിക്ക് സാധുത നഷ്ടമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടാൽ ഐഎഎസ് ഉദ്യോഗസ്ഥർ അടിയന്തര സാഹചര്യത്തിൽ മാത്രമേ യാത്ര നടത്താവൂ എന്നു ചട്ടമുണ്ട്. ഈ സാഹചര്യത്തിൽ വിദേശ യാത്ര നടത്താൻ റാണി ജോർജ് ചീഫ് സെക്രട്ടറിയുടെ അനുമതി തേടേണ്ടിയിരുന്നു. പക്ഷേ, ഇതുണ്ടായില്ല. ഇതേതുടർന്നാണ് റാണി ജോർജിനെ മടക്കിവിളിക്കാൻ ചീഫ് സെക്രട്ടറി തീരുമാനിച്ചത്. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പിന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. മടങ്ങിവരാനുള്ള നിർദ്ദേശം റാണി ജോർജിനു കൈമാറാൻ ഫ്രാൻസിലെ ഇന്ത്യൻ എംബസിയോടു പൊതുഭരണ വകുപ്പ് ആവശ്യപ്പെട്ടു. ഇതോടെ റാണി ജോർജ് മടങ്ങി വരും.

പാരീസിലേക്കുള്ള യാത്ര ചെലവുകൾ കൊണ്ട് സർക്കാരിന് ഒരു ഗുണവുമില്ല. അങ്ങോട്ടുമിങ്ങോട്ടുമുള്ള വിമാന യാത്രാക്കൂലിയും മറ്റ് ചെലവുകളും ഖജനാവിൽ നിന്ന് തന്നെ നൽകും. അങ്ങനെ പാരീസിൽ പോയതു കൊണ്ട് സർക്കാരിന് ഗുണമില്ലെങ്കിലും ഖജനാവ് നഷ്ടം ഉറപ്പായിട്ടുണ്ട്. ഈ തുക റാണി ജോർജിൽ നിന്ന് ഈടാക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ ഇതിന് വകുപ്പില്ല. അതുകൊണ്ട് തന്നെ ഖജനാവിൽ നിന്ന് തന്നെ പണം നൽകും. ഫലത്തിൽ റാണി ജോർജിന്റെ പാരീസ് യാത്ര കേരളത്തിന് നൽകുന്നത് ഖജനാവ് നഷ്ടം മാത്രമാണ്.

യുഡിഎഫ് സർക്കാരിന്റെ കാലത്തും റാണി ജോർജിന്റെ യാത്രകൾ വിവാദത്തിലായിരുന്നു. കയർ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനെന്ന പേരിൽ അന്നത്തെ മന്ത്രി അടൂർ പ്രകാശും കയർ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന റാണി ജോർജും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം വിദേശത്ത് ചുറ്റിയടിച്ചതിനെതിരെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം. അഴിമതിയില്ലെന്ന വിജിലൻസിന്റെ ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ട് തള്ളിയതു കൊണ്ട് തന്നെ വ്യക്തമായ അന്വേഷണം വിജിലൻസിന് നടത്തി. പിന്നീട് ഈ കേസിൽ റാണി ജോർജ് കുറ്റവിമുക്തയാകുകയും ചെയ്തു. സർക്കാർ തുക വകമാറ്റി വിദേശയാത്ര നടത്തിയെന്നുകാട്ടി പൊതുപ്രവർത്തകനായ സുധാകരൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പരാതി നൽകിയത്.

മന്ത്രിയും പരിവാരങ്ങളും വിദേശത്ത് ചുറ്റിയടിച്ചത് കയർ മാർക്കറ്റിങ് കൺസോർഷ്യം രൂപീകരിക്കാനായി മാറ്റിവച്ച തുക ഉപയോഗിച്ചാണെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു. 25ൽപരം രാജ്യങ്ങൾ ഇവർ സഞ്ചരിച്ചതായാണ് പരാതിയിൽ പറയുന്നത്. മിക്ക യാത്രകളും നടത്തിയത് അടൂർ പ്രകാശും റാണി ജോർജും രണ്ടു ഉദ്യോഗസ്ഥരും ചേർന്നാണ്. കയറിന് വിപണിയില്ലാത്ത കസാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും സംഘം സന്ദർശിച്ചു. 10 ലക്ഷത്തിന് മുകളിലാണ് ഓരോ യാത്രയ്ക്കും ശരാശരി ചെലവഴിച്ചത്. ചില രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി 60 ലക്ഷം രൂപവരെ ചെലവഴിച്ചു. അനധികൃതമായുള്ള ഈ കാശ് ചെലവാക്കലാണ് പ്രശ്നമാകുന്നത്. മതിയായ അനുമതിയില്ലാതെയാണ് ഈ യാത്രകളെന്നതാണ് പരാതി. എന്നാൽ എല്ലാ അനുമതിയും ഉണ്ടെന്നായിരുന്നു കണ്ടെത്തൽ. സർക്കാർ മാറി ഇടതുപക്ഷം വന്നപ്പോഴും റാണി ജോർജിന്റെ വിദേശയാത്രകൾ വിവാദമായി.

കേരളത്തിൽ വിനോദ സഞ്ചാരികളെ എത്തിക്കാൻ പോയവർഷം കേരള ടൂറിസം മന്ത്രി കടകംപളി സുരേന്ദ്രൻ പലവട്ടമാണ് ലണ്ടനിൽ എത്തിയത്. പലപ്പോഴും ആ വകയിൽ ഓക്‌സ്‌ഫോർഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളും ചുറ്റിക്കറങ്ങി. പലപ്പോഴും മന്ത്രി സംഘത്തിൽ വകുപ്പ് ഉദ്യോഗസ്ഥരായ റാണി ജോർജ്, വി വേണു, ബാലകിരൺ എന്നിവരടങ്ങിയ വൻസംഘം തന്നെ ഇടം പിടിക്കുകയൂം ചെയ്തിരുന്നു. വേൾഡ് ട്രാവൽ മാർട്ട് അടക്കമുള്ള വേദികളിൽ ലക്ഷങ്ങൾ പൊടിച്ചാണ് കേരള സംഘം ഇടം പിടിച്ചത്. പ്രളയ നാടിന്റെ നഷ്ടമൊന്നും മന്ത്രി സംഘത്തിന്റെ കറക്കത്തിന് കരണമായില്ല. പ്രളയം മൂലം അടുത്ത രണ്ടു വർഷത്തേക്ക് സഞ്ചാരികളെ പ്രതീക്ഷിക്കേണ്ട എന്ന ഔദ്യോഗിക ഉപദേശം ലഭിച്ചിട്ടും വിദേശത്തു കറങ്ങാൻ അതൊന്നും മന്ത്രിക്കും സംഘത്തിനും തടസമായതുമില്ല. എന്നാൽ ഈ സന്ദർശനം കൊണ്ടൊന്നും ഉദ്ദേശിച്ച ബ്രിട്ടീഷ് സഞ്ചാരികളുടെ മനസ്സിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ ആയില്ലെന്നതാണ് സത്യം. വിപരീത ഫലം ഉണ്ടാക്കാൻ കാരണമായ അനേകം കാര്യങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് ഇപ്പോൾ കേരള ടൂറിസം നേരിടുന്ന പ്രധാന പ്രതിസന്ധിയും.

പ്രതിവർഷം കേരളത്തിന് ആറു ലക്ഷം സഞ്ചാരികളെ സമ്മാനിക്കുന്ന ബ്രിട്ടീഷ് സന്ദർശക സംഘത്തിൽ നിന്നും ഇത്തവണ കാര്യമായ ഒലിച്ചുപോക്ക് ഉണ്ടായിട്ടുണ്ട്. അതിനു ആക്കം നൽകും വിധം പ്രമുഖ മാധ്യമ പ്രവർത്തകയായ ജെന്നി മാരിയെ പോലുള്ളവർ തുടർച്ചയായി ഇന്ത്യ സന്ദർശനത്തിന്റെ കയ്പ് നിറഞ്ഞ അനുഭവങ്ങളും ലക്ഷക്കണക്കിന് വായനക്കാരുള്ള മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതുമാണ്. കേരളത്തിൽ നിന്നും ടൂറിസം രംഗത്തിന്റെ പ്രചാരം നൽകാൻ എത്തുന്ന മന്ത്രി സംഘം ആയിരം വട്ടം വന്നു പോകുന്നതിന്റെ നൂറിരട്ടി ഫലം ചെയ്യുന്നതാണ് ജെന്നിയെ പോലുള്ളവർ നടത്തുന്ന നെഗറ്റീവ് റിവ്യൂകൾ. എന്നാൽ ഇത്തവണ ആ പതിവൊക്കെ തെറ്റിയിരിക്കുകയാണ്. കേരളത്തെ വേൾഡ് ട്രാവൽ മാർട്ടിന്റെ ഉത്തരവാദിത്ത ടൂറിസം ലിസ്റ്റിൽ എത്തിച്ചിട്ടും അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ട്രാവൽ ഏജൻസി ലിസ്റ്റിൽ നിന്നും കേരളം പുറത്തായിരിക്കുന്നു. കഴിഞ്ഞ വർഷം നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട 12 സ്ഥലങ്ങളുടെ കൂട്ടത്തിൽ കേരളത്തെ ഉൾപ്പെടുത്തിയ എ ബി ടി എ ഇത്തവണ മുൻഗണന ലിസ്റ്റിൽ നിന്നും കേരളത്തെ തഴഞ്ഞിരിക്കുകയാണ്. വേൾഡ് ട്രാവൽ മാർട്ടിൽ എത്തിയപ്പോൾ മന്ത്രിയും കൂട്ടരും നടത്തിയ ലോബിയിങ് ഒന്നും ഏറ്റില്ലെന്നു ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP