Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാന്നിയിലെ ഹോട്ടലിൽ നടന്നത് എന്ത്? ആദ്യം അടിച്ചതാര്? വിമുക്തഭടൻ ശിവകുമാറോ മദ്യപിച്ചെത്തിയ ജിജോയോ? ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് എക്സ്-സർവീസ് ലീഗ്; തന്നെ ആദ്യം മർദിച്ചയാളെയാണ് ശിവകുമാർ തിരികെ അടിച്ചതെന്നും ലീഗ്; ശിവകുമാറിന്റെ നില അതീവഗുരുതരം

റാന്നിയിലെ ഹോട്ടലിൽ നടന്നത് എന്ത്? ആദ്യം അടിച്ചതാര്? വിമുക്തഭടൻ ശിവകുമാറോ മദ്യപിച്ചെത്തിയ ജിജോയോ? ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് എക്സ്-സർവീസ് ലീഗ്; തന്നെ ആദ്യം മർദിച്ചയാളെയാണ് ശിവകുമാർ തിരികെ അടിച്ചതെന്നും ലീഗ്; ശിവകുമാറിന്റെ നില അതീവഗുരുതരം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: റാന്നി ബ്ലോക്ക് പടിയിലെ ആതിര ഹോട്ടലിന് മുന്നിൽ ഉടമയുടെയും ജീവനക്കാരുടെയും നാട്ടുകാരുടെയും ക്രൂരമർദനത്തിന് ഇരയായ കാർഗിൽ യോദ്ധാവ് ശിവകുമാറിന്റെ നില അതീവഗുരുതരം. പാൽ ട്രേ കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ഗുരുതരപരുക്കുള്ള വിമുക്തഭടന്റെ നിലയെ കുറിച്ച് ഒന്നും പറയാൻ കഴിയാത്ത അവസ്ഥ. അതിനിടെ ശിവകുമാറാണ് കുഴപ്പമുണ്ടാക്കിയത് എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ ഹോട്ടലുടമയും സംഘവും ചേർന്ന് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണ് എന്ന ആരോപണവുമായി എക്സ് സർവീസ് ലീഗ് രംഗത്തു വന്നു. ഇവരുടെ അഭിപ്രായം ശരി വയ്ക്കുന്ന തരത്തിലാണ് പൊലീസിന്റെയും നിലപാട്.

ഹോട്ടലിനുള്ളിലുണ്ടായ തർക്കത്തെ തുടർന്ന് അവിടെ ഭക്ഷണം കഴിക്കാൻ വന്ന ജിജോ എന്നയാൾ ശിവകുമാറിനെ മർദിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരും ശിവകുമാറുമായുള്ള തർക്കത്തിൽ ജിജോ കയറി ഏൽക്കുകയായിരുന്നു. രണ്ടു വട്ടം ശിവകുമാറിനെ മർദിച്ച ജിജോ പിന്നാലെ ചെന്ന് അസഭ്യം വിളിക്കുകയും ചെയ്തു. പുറത്തിറങ്ങിയ ശിവകുമാർ ജിജോയെ ഒറ്റയടിക്ക് താഴെ ഇടുന്ന രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആ അടിയിൽ ജിജോയുടെ ബോധവും പോയി. ഇത്തരം ഒരു കൊടുത്ത ശിവകുമാർ ആൾക്കൂട്ട ആക്രമണത്തിന് അർഹനാണ് എന്നുള്ള തരത്തിലാണ് ഇപ്പോഴുള്ള പ്രചാരണം.

ഈ വിഡിയോ ദൃശ്യം കണ്ടതോടെ നേരത്തേ ശിവകുമാറിനെ അനുകൂലിച്ച് പോസ്റ്റിട്ടവർ ഒക്കെ തന്നെ അത് പിൻവലിച്ച് നിലപാട് മാറ്റുകയാണ്. എന്നാൽ, കുറ്റം ചെയ്തത് ഹോട്ടലുടമയും ജീവനക്കാരും ആണെന്ന നിലപാടിൽ പൊലീസ് ഉറച്ചു നിൽക്കുന്നു. ശിവകുമാർ ഒരാളെ അടിച്ചുവെന്ന് ഇരിക്കട്ടെ, അതിന് അയാളെ ഇത്തരത്തിൽ ആക്രമിക്കാൻ അവർക്ക് ആരാണ് അധികാരം കൊടുത്തത് എന്നാണ് പൊലീസിന്റെ ചോദ്യം. ശിവകുമാറിന്റെ അടി കൊണ്ട ജിജോ ഇതുവരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി എക്സ് സർവീസ് ജില്ലാ സെക്രട്ടറി പത്മകുമാർ രംഗത്തു വന്നിരിക്കുന്നത്.

അദ്ദേഹം പറയുന്നത് ഇങ്ങനെ:

റാന്നി ബ്ലോക്കുപടിയിൽ ആതിര ഹോട്ടലിൽ ഉച്ചയ്ക്ക് 2.30 ന് ഭക്ഷണം കഴിക്കാനെത്തിയതാണ് വിമുക്ത ഭടനായ ശിവകുമാർ. പറോട്ടയും കറിയും തണുത്തു പോയതിനാൽ ചൂടാക്കി നൽകാൻ ആവശ്യപ്പെട്ടു. നല്കാമെന്നു പറഞ്ഞെങ്കിലും തൊഴിലാളികൾ അവഗണിക്കുകയായിരുന്നു. ഇതിനിടെ അവിടെ ഭക്ഷണം വാങ്ങാനെത്തിയ ജിജോയെന്നയാൾ അനാവശ്യമായി ഇടപെട്ടു. ഞങ്ങൾ തണുത്തത് കഴിക്കുന്നുണ്ടല്ലോ, വേണമെങ്കിൽ കഴിച്ചിട്ടു പോടാ എന്ന് ജിജോ പറഞ്ഞു.

മദ്യപിച്ചിട്ടുണ്ടായിരുന്ന ഇയാളോട് തനിക്ക് ഇതിലെന്താണ് കാര്യമെന്ന് വിമുക്തഭടൻ ചോദിച്ചു. അങ്ങനെ വഴക്കായി. ജിജോ ഹോട്ടൽ ഉടമ പ്രകാശിന്റെ ഒരു കൈക്കാരനാണ്. ഭക്ഷണം കഴിച്ച് മാന്യമായി കൗണ്ടറിൽ പണമടച്ചിട്ട് പുറത്തേക്കിറങ്ങിയ ശിവകുമാറിന്റെ പിറകെ കൂടിയ ജിജോ രണ്ടുവട്ടം അടിക്കുകയും പോകാൻ അനുവദിക്കാതെ ഫോൺ ചെയ്ത് പ്രകാശിനെ വരുത്താൻ ശ്രമിച്ചു. പോകാൻ ശ്രമിച്ച ശിവകുമാറിനെ തടയാൻ ശ്രമിക്കുമ്പോൾ നിവൃത്തിയില്ലാതെ ശിവകുമാറിന് ജിജോയെ കൈ കൊണ്ട് അടിക്കേണ്ടി വന്നു. അപ്പോഴേക്കും കാറിൽ എത്തിയ പ്രകാശ് ചാടിയിറങ്ങി ശിവകുമാറിനെ ഒരു അന്വേഷണവും നടത്താതെ മർദ്ദിക്കുകയായിരുന്നു. പെട്ടന്നു തന്നെ ഹോട്ടൽ ജീവനക്കാരും ഓട്ടോ ഡ്രൈവറും ഉൾപ്പെടെ ഒരു പറ്റം ഗുണ്ടകൾ ചേർന്ന് ശിവകുമാറിനെ അതിക്രൂരമായി മർദ്ദിച്ചു റോഡിലിട്ടു ചവിട്ടി. പാൽ വയ്ക്കുന്ന കട്ടിയുള്ള ബാസ്‌കറ്റു കൊണ്ട് പലതവണ തലയിൽ അടിച്ചു. നിന്നെ കൊല്ലുമെടാ എന്ന് ആക്രോശിച്ചു കൊണ്ടാണ് മർദ്ദിച്ചത്.

ഒരു മനുഷ്യൻ മരിച്ചു പോകാവുന്ന തരത്തിലാണ് മർദ്ദനം നടന്നത്. ചോര വാർന്ന ഇദ്ദേഹത്തെ പൊലീസെത്തി ഉടൻ അശുപത്രിയിലാക്കിയതിനാൽ ജീവൻ നിലനിർത്താനായി. തലയുടെ ആഘാതം ഗുരുതരമായ ന്യൂറോ പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. സൈനികനായി ആദ്യം എത്തിയ കാർഗിലിൽ വച്ച് 2002 ൽ ഷെല്ലിങ്ങിൽ കാൽമുട്ടു തകരുകയും അവിടെ റോഡ് ഇട്ടിരിക്കുകയുമാണ്. അദ്ദേഹത്തിന് അല്പം ബോഡി ഇൻസ്റ്റബിലിറ്റിയും ഇക്കാരണത്താലുണ്ട്. ഡിസെബിലിറ്റിയിലാണ് ഇദ്ദേഹം ഇക്കഴിഞ്ഞ വർഷം വിരമിക്കുന്നത്. ആരുമായും ഒരു വഴക്കിനും പോകുന്നയാളല്ല. വസ്തുതകൾ ഇതായിരിക്കെ കേസ് അട്ടിമറിക്കാനാണ് രാഷ്ട്രീയ ബന്ധങ്ങളുള്ള ഹോട്ടൽ ഉടമയും പൊലീസും ആദ്യം ശ്രമിച്ചത്. ലളിതമായ വകുപ്പുകളാണ് ആദ്യം ചുമത്തിയത്. ഹോട്ടലിലെ സിസിടിവിയിൽ എല്ലാ ദൃശ്യങ്ങളുമുണ്ടെങ്കിലും ശിവകുമാർ ജിജോയെ അടിക്കുന്ന ഭാഗം മാത്രം എഡിറ്റ് ചെയ്ത് ഇവർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.

ശിവകുമാർ മദ്യപാനിയെന്നും കഞ്ചാവ് ബിസിനസുകാരനെന്നും പ്രചരിപ്പിച്ചു (അത് ഇപ്പോഴും ചിലർ കാര്യമറിയാതെ പ്രചരിപ്പിക്കുന്നുണ്ട്). ഈശ്വരനിശ്ചയം പോലെയാണ് പുറത്ത് നടന്ന ഈ ആൾക്കൂട്ട മർദ്ദനം ആരോ വീഡിയോ എടുത്തത്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തതാണ് സത്യത്തിലേക്കുള്ള വഴിത്തിരിവുണ്ടാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP