Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനാറുകാരി പ്രസവിച്ചത് തലശ്ശേരി ബിഷപ്പിന് കീഴിലെ ആശുപത്രിയിൽ; ചോരക്കുഞ്ഞിനേയും അമ്മയേയും ഒളിവിൽ പാർപ്പിച്ചത് വയനാട്ടിലെ മഠത്തിൽ; എല്ലാം മറച്ചുവച്ച ഡോക്ടറും കന്യാസ്ത്രീകളും പോക്‌സോ കേസിൽ കുടുങ്ങും; ഫാ റോബിന്റെ പീഡനം വെട്ടിലാക്കുന്നത് രണ്ട് രൂപതകളെ; പുലിവാല് പിടിച്ച് കത്തോലിക്കാ സഭ

പതിനാറുകാരി പ്രസവിച്ചത് തലശ്ശേരി ബിഷപ്പിന് കീഴിലെ ആശുപത്രിയിൽ; ചോരക്കുഞ്ഞിനേയും അമ്മയേയും ഒളിവിൽ പാർപ്പിച്ചത് വയനാട്ടിലെ മഠത്തിൽ; എല്ലാം മറച്ചുവച്ച ഡോക്ടറും കന്യാസ്ത്രീകളും പോക്‌സോ കേസിൽ കുടുങ്ങും; ഫാ റോബിന്റെ പീഡനം വെട്ടിലാക്കുന്നത് രണ്ട് രൂപതകളെ; പുലിവാല് പിടിച്ച് കത്തോലിക്കാ സഭ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പീഡനത്തെത്തുടർന്ന് +1 വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ കത്തോലിക്ക സഭയ്ക്ക് എതിരേയും അന്വേഷണം. അറസ്റ്റിലായ ഫാദർ റോബിൻ വടക്കുംചേരി (48) കുറ്റം സമ്മതിച്ചു. വൈദികനെ സംരക്ഷിക്കാൻ ഉന്നത ഇടപെടൽ നടക്കുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ച ക്രിസ്തുരാജ ആശുപത്രി അധികൃതർക്കെതിരെയും വൈദികനെ രക്ഷപെടുത്താൻ ശ്രമിച്ചവർക്കെതിരെയും കേസെടുക്കാനും പൊലീസ് ആലോചിക്കുന്നു. മാനന്തവാടി രൂപതയ്ക്ക് കീഴിലാണ് ഫാദർ പ്രവർത്തിച്ചിരുന്നത്. തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രി സേക്രട് ഹാർഡ് കന്യാസ്ത്രീ മഠത്തിന് കീഴിലുള്ളതാണ്. തലശ്ശേരി അതിരൂപതയ്ക്ക് കീഴിലാണ് ഈ മഠത്തിന്റെ പ്രവർത്തനം. പെൺകുട്ടിയേയും നവജാത ശിശുവിനേയും ഒളിവിൽ താമസിപ്പിച്ചത് വൈത്തിരിയിലെ മഠത്തിലാണ്.  മാനന്തവാടി രൂപതയ്ക്ക് കീഴിലാണ് ഈ മഠമെന്നാണ് സൂചന. അതുകൊണ്ട് തന്നെ രണ്ട് രൂപതകളെ പ്രതിസന്ധിയിലാക്കുന്നതാണ് റോബിന്റെ പീഡനം.

ഈ സാഹചര്യത്തിൽ സഭയിലെ പല ഉന്നതരും ഈ കേസിൽ കുടുങ്ങുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ കേസ് അട്ടിമറിക്കാനും സഭയിലെ ഉന്നതർ ശ്രമം തുടങ്ങിയിട്ടുണ്ട്. കേസ് അന്വേഷണം റോബിൻ വടക്കുംചേരിയിൽ മാത്രം ഒതുക്കണമെന്നാണ് ആവശ്യം. കുട്ടികൾക്കെതിരായ അക്രമം തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് (പോക്സോ) ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ കഴിയുന്നതിനു മുൻപ് ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. ചോദ്യം ചെയ്യലിൽ റോബിൻ കുറ്റം സമ്മതിച്ചു. തുടർന്ന് വൈദികനെ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ സാഹചര്യത്തിലാണ് സഹായിച്ചവർക്കെതിരേയും പോസ്‌കോ ചുമത്തേണ്ട സാഹചര്യം വരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാകുളം പുത്തൻവേലിക്കര ലൂർദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. എഡ്വിൻ ഫിഗരിസ് പീഡിപ്പിച്ച കേസിൽ പെൺകുട്ടിയെ പരിശോധിച്ച വനിതാ ഡോക്ടർക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. വിചാരണ കോടതി ഡോക്ടറെ താക്കീത് ചെയ്യുകയും ഇത്തരം തെറ്റ് ഇനി ആവർത്തിക്കരുതെന്നും നിർദ്ദേശിച്ച് ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

അന്ന് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള 2012ലെ പോക്സോ നിയമപ്രകാരം ഡോ. അജിതയ്ക്കെതിരെ കേസ് എടുത്തത്. കേരളത്തിൽ ആദ്യമായാണ് പീഡനകേസിൽ പരിശോധിച്ച ഡോക്ടർക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇത് കോടതി ശരിവയ്ക്കുകയും ചെയ്തു. ഈ സാഹചര്യം കൊട്ടിയൂരിലെ പീഡനത്തിലും ഉണ്ട്. റോബിനെ സഹായിച്ചവരെല്ലാം പോസ്‌കോ പ്രകാരം അകത്താകാൻ സാധ്യത ഏറെയാണ്. എന്നാൽ ഇത് ഒഴിവാക്കാനുള്ള കള്ളക്കളികൾ സജീവമാണ്. പെൺകുട്ടിയെ ചികിൽസിച്ച ആശുപത്രി, പ്രസവം എടുത്ത ഡോക്ടർ, ഒളിവിൽ താമസിപ്പിച്ച കന്യാസ്ത്രീ മഠം എന്നിവരെല്ലാം പോസ്‌കോ പ്രകാരം പ്രതിസന്ധിയിലാകുമെന്ന തിരിച്ചറിവ് സഭയ്ക്ക് വന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ഫാദർ റോബിനെ പരസ്യമായി തന്നെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപത ആദ്യമേ രംഗത്ത് വന്നത്.

കുട്ടികൾക്കെതിരായ അക്രമം തടയുന്നതിനുള്ള പോക്സോ വകുപ്പാണ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ തന്നെ വിചാരണ കഴിയുംവരെ വൈദികന് ജാമ്യം ലഭിക്കില്ല. പീഡനത്തിന് ഇരയായ പെൺകുട്ടിയേയും പ്രസവിച്ച കുട്ടിയേയും ചൈൽഡ് ലൈൻ കണ്ടെത്തിയത് വയനാട്ടിലെ വൈത്തിരിയിലെ കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ നിന്നാണ്. പെൺകുട്ടിയുടെ പ്രായം പതിനാറാണെന്ന് ഇവർക്കും അറിയാമായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ ഈ അനാഥാലയത്തിന് എതിരേയും ആശുപത്രിക്കെതിരേയും കുട്ടിയുടെ മാതാപിതാക്കൾക്കെതിരേയും കേസ് എടുക്കണ്ടി വരും. ജാമ്യമില്ലാത്ത വകുപ്പായതിനാൽ ഇവർക്കെല്ലാം ദീർഘകാലം അകത്തു കിടക്കേണ്ടിയും വരും. ആശുപത്രി അധികൃതരും കന്യാസ്ത്രീകളും മറ്റേതെങ്കിലും സഭാ പ്രമുഖന്റെ പേര് മൊഴിയായി നൽകിയാൽ അവർക്കെതിരേയും കേസെടുക്കേണ്ടി വരും. അങ്ങനെ കത്തോലിക്കാ സഭ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ഈ പീഡനം മാറുകയാണ്.

പുത്തൻവേലിക്കര ലൂർദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. എഡ്വിൻ ഫിഗരിസ് പീഡനക്കേസിൽ സഭ സമർത്ഥമായി കൈ കഴുകിയിരുന്നു. അവിടെ പീഡനത്തിന് ഉത്തരവാദിയായ ഫിഗരിസിനെ സഹായിച്ചതിന് പ്രത്യക്ഷ തെളിവൊന്നും ഉണ്ടായില്ല. എന്നാൽ റോബിന്റെ കാര്യത്തിൽ അതല്ല അവസ്ഥ. ഇത് തന്നെയാണ് സഭയെ വെട്ടിലാക്കുന്നതും. അതുകൊണ്ട് കൂടിയാണ് പീഡനത്തിൽ പ്രതിയായ ഫാദർ റോബിൻ വടക്കുംചേരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ വൈദികനെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപത രംഗത്തെത്തിയതെന്നാണ് വിലയിരുത്തൽ. വൈദികനെ വികാരി സ്ഥാനത്തുനിന്നും പുറത്താക്കിയതായും, സഭാതലത്തിൽ നടപടി എടുക്കാൻ അന്വേഷണം തുടങ്ങിയതായും രൂപത ബിഷപ് വാർത്താകുറിപ്പിൽ അറിയിച്ചു. കൂടാതെ സഭാപരമായ കർമ്മങ്ങൾ ചെയ്യാനുള്ള മുഴുവൻ അവകാശങ്ങളും ഇദ്ദേഹത്തിൽ നിന്നും വിലക്കിയതായും മാനന്തവാടി രൂപത പ്രസ്താവിച്ചു.

കൂടാതെ മാനന്തവാടി രൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും റോബിൻ വടക്കഞ്ചേരിലിന്റെ പേരും മറ്റ് വിവരങ്ങളും ഇന്ന് രാവിലെയോടെ നീക്കം ചെയ്തിട്ടുണ്ട്. സമൂഹത്തെ ഞെട്ടിച്ച പീഡനകേസ്സിൽ ഇരയുടെ പിതാവിനെവരെ വിലക്കെടുക്കുന്ന തരത്തിൽ ക്രിമിനൽ ബുദ്ധി കാണിച്ച റോബിന് ഒടുവിൽ അടിതെറ്റുകയായിരുന്നു. രാഷ്ട്ര ദീപികയുടെ മുൻ ഡയറക്ടർ, മാനന്തവാടി രൂപത മുൻ കോർപ്പറേറ്റ് മാനേജർ, മേരിമാതാ കോളേജ് മുൻ മാനേജർ, ദ്വാരക വിയാനി ഭവൻ ഡയറക്ടർ, ഡീ പോൾ സ്‌ക്കൂൾ അസി.മാനേജർ, ദ്യാരക ഡിപ്പാർട്‌മെന്റ് ഓഫ് യൂത്ത് മിനിസ്ട്രി ഡയറക്ടർ, കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി മാനേജർ തുടങ്ങി നിരവധി സ്ഥാനങ്ങളിൽ നിന്നിരുന്ന റോബിൻ വടക്കഞ്ചേരിലിനെതിരെ മുമ്പും പല ആരോപണങ്ങളും ഉയർന്നിരുന്നൂവെങ്കിലും എഴുതി നൽകാത്ത പരാതികളില്ലാത്തതിനാൽ രൂപത ഇയാളെ കൂടെതന്നെ നിർത്തുകയായിരുന്നു.

പീഡന സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് ഒളിവിൽ പോയ വൈദികനെ തിങ്കളാഴ്ചയാണ് പൊലീസ് തൃശ്ശൂർ ചാലക്കുടിയിൽനിന്ന് പൊലീസ് പിടികൂടിയത്. ഇയാൾ കാനഡയിലേയ്ക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റ പിടിയിലായത്. സഭയുടെ നിയന്ത്രണത്തിലുള്ള കൂത്തുപറമ്പിനു സമീപത്തെ ക്രിസ്തുരാജ ആശുപത്രിയിലാണ് പെൺകുട്ടി ആൺകുഞ്ഞിനെ പ്രസവിച്ചത്. ആശുപത്രി അധികൃതർ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയോ ആവശ്യമായ നടപടക്രമങ്ങൾ പാലിക്കുകയോ ചെയ്തിരുന്നില്ല. പ്രസവ ശേഷം കുഞ്ഞിനെ വയനാട് ജില്ലയിലെ വൈത്തിരിയിൽ കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിലേയ്ക്ക് മാറ്റിയിരുന്നു. ക്രിസ്തുരാജ ആശുപത്രിയും ക്രൈസ്തവ കീഴിലുള്ള ആശുപത്രിയിലാണ്. ഇക്കാര്യങ്ങളെല്ലാം രഹസ്യമാക്കിവച്ചത് ഉന്നത കേന്ദ്രങ്ങളിൽനിന്നുള്ള ഇടപെടലുകളുടെ ഫലമായാണെന്നാണ് പൊലീസ് കരുതുന്നത്.

അതുകൊണ്ട് തന്നെ സഭയിലെ പല പ്രമുഖർക്കും ഇതുമായി ബന്ധമുണ്ടെന്നാണ് സൂചന. റോബിന് രക്ഷപെടുന്നതിന് വിവിധ കേന്ദ്രങ്ങളിൽനിന്ന് സഹായം ലഭിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രക്ഷപെടാൻ സഹായമൊരുക്കിയവർക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസ് ആലോചിക്കുന്നുണ്ട്. കൂടുതൽ പെൺകുട്ടികൾ വൈദികന്റെ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കും. സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നതായും സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പെൺകുട്ടിയുടെ പ്രസവവിവരം മറച്ചുവച്ച കൂത്തുപറമ്പിലെ ക്രിസ്തുരാജ ആശുപത്രിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ മാസം 26നാണ് പെൺകുട്ടി പരാതി നൽകുന്നത്. നേരത്തെ ചൈൽഡ് ലൈൻ പ്രവർത്തകർ അജ്ഞാത ഫോൺകോൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്.

കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ എജെഎം ഹയർസെക്കൻഡറി സ്‌കൂൾ മാനെജരുമായ റോബിൻ വടക്കുംചേരിയുടെ സ്‌കൂളിലെ +1 വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. നേരത്തെയും ഇതെ സ്‌കൂളിൽ നിന്നും സമാനമായ രീതിയിൽ പീഡന ആരോപണം ഉയർന്നിരുന്നു. ഇതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് കണ്ണൂർ എസ്‌പി ശിവവിക്രം വ്യക്തമാക്കിയിട്ടുണ്ട്. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി 20 ദിവസം മുമ്പ് ജന്മംനൽകിയ ആൺകുഞ്ഞിനെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉന്നതതലത്തിൽ നിന്നുള്ള ഇടപെടൽ സംഭവത്തിൽ നടന്നെന്നും വീട്ടുകാരെ സ്വാധീനിച്ച ചിലരാണ് കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റിയതെന്നുമാണ് വിവരം. വയനാട്ടിലെ ഒരു അനാഥാലയത്തിൽ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്.കുഞ്ഞിനെയും മാതാവിനെയും പൊലീസ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി.

ജില്ലാ ചൈൽഡ്ലൈൻ പ്രവർത്തകർക്കു ലഭിച്ച വിവരത്തെത്തുടർന്നാണു പീഡനവിവരം പുറംലോകമറിയുന്നത്. കുട്ടിയുടെ പിതാവാണു പീഡിപ്പിച്ചതെന്ന തരത്തിൽ കേസിനെ വഴിമാറ്റിവിടാനുള്ള നീക്കങ്ങൾ നടന്നെങ്കിലും ഇതെല്ലാം ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടൽ അപ്രസക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP