Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയെ കണ്ടപ്പോൾ മഞ്ജു വാര്യർ പരാതിപെട്ടതനുസരിച്ച് ഗൂഢാലോചന അന്വേഷിക്കാൻ പൊലീസിന് നൽകിയ നിർദ്ദേശം സെൻകുമാർ അക്ഷരംപ്രതി പാലിച്ചു; നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിൽ സിനിമാബന്ധം കണ്ടെത്തിയെന്നു സൂചന; പൾസറിന്റെ മൊഴികൾ സാധൂകരിക്കുന്ന തെളിവും കണ്ടെത്തി

മുഖ്യമന്ത്രിയെ കണ്ടപ്പോൾ മഞ്ജു വാര്യർ പരാതിപെട്ടതനുസരിച്ച് ഗൂഢാലോചന അന്വേഷിക്കാൻ പൊലീസിന് നൽകിയ നിർദ്ദേശം സെൻകുമാർ അക്ഷരംപ്രതി പാലിച്ചു; നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിൽ സിനിമാബന്ധം കണ്ടെത്തിയെന്നു സൂചന; പൾസറിന്റെ മൊഴികൾ സാധൂകരിക്കുന്ന തെളിവും കണ്ടെത്തി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ കാറിലിട്ട് പീഡിപ്പിച്ച കേസുമായി ബന്ധപെട്ടു മലയാള സിനിമാ ലോകത്തെ പ്രമുഖനെ പൊലീസ് ഉടൻ ചോദ്യം ചെയ്യുമെന്ന് സൂചന. പൾസർ സുനി പകർത്തിയ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇത്തരത്തിൽ കാര്യങ്ങളെത്തിച്ചത്. കാറിനുള്ളിൽ വെച്ച് നടി ലൈംഗികമായി അക്രമിക്കപ്പെടുന്ന വീഡിയോ മാത്രമാണ് പ്രമുഖൻ ആവശ്യപ്പെട്ടിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടിയെ പീഡിപ്പിക്കുന്ന വീഡിയോ കോയമ്പത്തൂരിൽേ നിന്ന് സംശയിക്കുന്ന വ്യക്തിയിലേക്ക് അതിന്റെ കോപ്പി എത്തി. ഇതെങ്ങനെയെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ പേരുടേയും മൊഴി പൊലീസ് എടുത്തു കഴിഞ്ഞുവെന്നാണ് സൂചന.

മുകളിൽ നിന്ന് നിർദ്ദേശം കിട്ടിയാൽ ഉടൻ നടസിനിമയിലെ ഉന്നതനെ ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റും. അതിനിടെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ പുരോഗമിക്കുന്നതായും സൂചനയുണ്ട്. പ്രമുഖ നടനെ സ്വാധീനിച്ചാണ് ഈ നീക്കം. നടി ആക്രമിക്കപ്പെടുന്ന വീഡിയോ പൊലീസിന് ലഭിച്ചു കഴിഞ്ഞു എന്നും സൂചനയുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. നടിയെ ആക്രമിച്ചത് ക്വട്ടേഷനാണെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ കിട്ടിക്കഴിഞ്ഞു. ആലുവയിലേയും കാക്കനാട്ടേയും സബ് ജയിലിലുകളിൽ വെച്ചു പൾസർ സുനി ജയിൽ വെൽഫെയർ ഓഫീസർമാരോടും ജയിൽ അധികാരികളോടും പറഞ്ഞ മൊഴികളാണ് നിർണ്ണായകമായത്. നേരത്തെ അന്വേഷണവുമായി പൾസർ സുനി സഹകരിച്ചിരുന്നില്ല. എന്നാൽ ജയിലിലെത്തിയപ്പോൾ ഇത് മാറുകയായിരുന്നു.

സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് നടി ആവർത്തിച്ചിരുന്നു. സിനിമയിലെ വനിതകൾ സംഘടനയുണ്ടാക്കി മുഖ്യമന്ത്രിയെ കണ്ടപ്പോഴും നടിക്ക് നീതി കിട്ടാത്തത് ചർച്ചയായിരുന്നു. ഗൂഢാലോചനക്കാരെ പിടിച്ചേ മതിയാകൂവെന്ന് മഞ്ജു വാര്യരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. ഇതോടെ മുഖ്യമന്ത്രി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരക്കി. അതിവേഗം നിഷ്പക്ഷമായി മുന്നോട്ട് പോകാനായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. പൊലീസ് മേധാവിയായി ചുമതലയിലുള്ള ടിപി സെൻകുമാറും കാര്യങ്ങൾ വിലയിരുത്തി. പൾസർ സുനിയുടെ മൊഴിയും മറ്റും പരിശോധിച്ചതിൽ ഗൂഢാലോചനയിൽ വ്യക്തമായ തെളിവുണ്ടെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. എന്നാൽ വിവാദങ്ങളിൽ പെടാൻ താൽപ്പര്യമില്ലാത്തതിനാൽ കരുതലോടെയാണ് നീക്കം.

നടിയെ ആക്രമിച്ച വിഡീയോ, പ്രമുഖൻ കൈക്കലാക്കിയതിന്റെ കാരണം ഇനിയും വ്യക്തമല്ല. പൾസർ സുനിയിൽ നിന്ന് ഇതു സംബന്ധിച്ച വിരവങ്ങൾ കിട്ടിയിട്ടില്ല. എന്നാൽ പൾസർ സുനിയെ ആവേശത്തിലാക്കി നടിയെ തട്ടിക്കൊണ്ടു വന്നതിന് പിന്നിലെ സിനിമയിലെ അണിയറക്കാർ തന്നെയെന്നത് വ്യക്തമായി കഴിഞ്ഞു. ഇവർ വിഡിയോ അനായാസമായി ലഭിക്കുമെന്നും നടിയെ വേഗത്തിൽ ഭയപ്പെടുത്താൻ സാധിക്കുമെന്നും വഴങ്ങുമെന്നുമുള്ള ധൈര്യം സുനിക്ക് കൊടുത്തിരുന്നു. നടി ഇതൊരിക്കലും പുറത്തു പറയില്ലെന്നായിരുന്നു എല്ലാവരും കരുതിയത്. ഇതാണ് പൊളിഞ്ഞത്. തൃക്കാക്കര എംഎൽഎ പിടി തോമസ് സ്ഥലത്ത് എത്തിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ഒത്തുതീർപ്പ് ശ്രമമെല്ലാം ഇതോടെ പൊളിഞ്ഞു.

അതിനിടെ സംഭവത്തിന്റെ ഗൂഢാലോചനയ്ക്കായി നേരിട്ടും അല്ലാതെയും മൂന്നിലേറെ തവണ പൾസർ സുനിയുമായി ഇയാൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനകളും പൊലീസ് നൽകുന്നു. അതിനിടെ ഉന്നതൻ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും സൂചനയുണ്ട്. എന്നാൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചാൽ പൊതു സമൂഹത്തിന് എല്ലാം മനസ്സിലാകും. അതിനാൽ കേസ് ഒതുക്കി തീർക്കാനുള്ള കരുനീക്കമാണ് നടക്കുന്നത്. ഇതിന് പ്രമുഖ നടന്റെ പിന്തുണയുമുണ്ട്. എല്ലാ തെളിവും അനുകൂലമാക്കിയ ശേഷം മുന്നോട്ട് പോകാനാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഈ സാഹചര്യത്തിൽ മാത്രമാണ് തുടർ നടപടികൾ വൈകുന്നത്. പ്രമുഖ നടി ഓടുന്ന കാറിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. പൾസർ സുനിയാണ് ഒന്നാം പ്രതി. കേസിലാകെ ഏഴു പ്രതികളാണുള്ളത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 375 പേജുള്ള കുറ്റപത്രത്തിൽ 165 സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി 17നാണ് തെന്നിന്ത്യയിലെ പ്രമുഖ നടിയെ ഓടുന്ന കാറിൽ പൾസർ സുനിയും സംഘവും ആക്രമിച്ചത്. നടി സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നിൽ കാറ്ററിങ് വാൻ കൊണ്ടിടിപ്പിച്ച ശേഷമായിരുന്നു ആക്രമണം. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ ആലുവ ജുഡീഷ്യൽ കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. സുനി കുറ്റം സമ്മതിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ച കേസായതിനാൽ തുടരന്വേഷണത്തിലെ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും പൊലീസിന് മുമ്പിലുണ്ട്. ഗൂഢാലോചനയിൽ പ്രത്യേക കുറ്റപത്രം നൽകുന്നതും പരിഗണിക്കും. ഈ പ്രശ്‌നങ്ങളിലെല്ലാം വ്യക്തത വരുത്തിയ ശേഷം മാത്രമേ ഇനി ആരെയെങ്കിലും ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാകൂവെന്നാണ് സൂചന.

നടിയെ ആക്രമിച്ചത് ക്വട്ടേഷനാണെന്നും പിറകിൽ ഒരു സ്ത്രീ ആണെന്നും പൾസർ സുനി നടിയോട് കാറിൽ വച്ച് പറഞ്ഞിരുന്നു. നടി പൊലീസിന് നൽകിയ മൊഴിയിലും ഇക്കാര്യം പറയുന്നുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ പ്രമുഖ നടനല്ല, ഒരു സ്ത്രീയാണെന്ന് ഡബ്ബിങ് ആർട്ടിസ്റ്റും നടിയും ആയ ഭാഗ്യലക്ഷ്മിയും പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിന് ശേഷം ആയിരുന്നു ഭാഗ്യലക്ഷ്മി ഇക്കാര്യം പുറത്ത് പറഞ്ഞത്. എന്നാൽ പിടിയിലായപ്പോൾ സുനി ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പറഞ്ഞതായിരുന്നു അതെല്ലാം എന്നാണ് സുനി പൊലീസിന് നൽകിയ മൊഴി. നടിയെ ക്രൂരമായി ആക്രമിച്ചതിന് ശേഷം പൾസർ സുനി ഒരാളെ ഫോണിൽ വിളിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു എന്ന് മണികണ്ഠൻ മൊഴി നൽകിയിരുന്നു. ഫോണിന്റെ അങ്ങേത്തലക്കൽ ഉണ്ടായിരുന്നത് ആരാണെന്ന് അറിയില്ലെന്നും പറഞ്ഞിരുന്നു.

ഇതിനെല്ലാം ജയിലിൽ വച്ച് പൾസർ സുനി കൃത്യമായ വിവരണം നൽകി. ഗൂഢാലോചനയുടെ പിന്നിലെ പ്രമുഖനടന്റെ സാന്നിധ്യവും കൃത്യ നിർവ്വഹണത്തിന്റെ വിവരണവും തനിക്കു ലഭിച്ച തുകയും പൾസർ സുനി അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സർക്കിൾ ഇൻസ്പെക്ടർ ബൈജു പൗലോസിനോട് പറയുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് മുന്നോട്ട് പോയി. ജയിൽ അധികാരികളോടും ജയിൽ വെൽഫെയർ ഓഫീസറോടും പെട്ടെന്നു പണം ലഭിക്കാൻ വേണ്ടിയാണെന്ന് താൻ ഈ പ്രവർത്തനത്തിന് മുതിർന്നതെന്നും പൾസർ സുനി പറഞ്ഞു. കോടതിയുടെ സംരക്ഷണയിൽ നടക്കുന്ന ചോദ്യം ചെയ്യലിൽ പൊലീസ് കടുത്ത രീതികൾ പ്രയോഗിക്കില്ലെന്നും മറ്റുമുള്ള ഉപദേശം കിട്ടിയതും പ്രമുഖ നടനിൽ നിന്നായിരുന്നു എന്നു പൾസർ സുനി പൊലീസിനോട് പറഞ്ഞു.

ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വസ്തുതാപരവും ശാസ്ത്രീയവുമായ തെളിവു ശേഖരണം അന്തിമ ഘട്ടത്തിലാണെന്നാണ് സൂചനകൾ. പൾസർ സുനിയെ ഇനി കോടതിയിൽ ഹാജരാക്കുമ്പോൾ സ്ത്യം പറയുമോ എന്ന ആശങ്കയും പൊലീസിനുണ്ട്. അങ്ങനെ വന്നാൽ കേസ് അട്ടിമറിച്ചെന്ന ആരോപണവും സജീവമാകും. ഈ സാഹചര്യത്തിലാണ് ഗൂഢാലോചന അന്വേഷണത്തിലേക്ക് പൊലീസ് കടന്നതും തെളിവുകൾ കണ്ടെത്തിയതും. നടി സഞ്ചരിച്ചിരുന്ന കാറിന് പിന്നിൽ വാൻ ഇടിച്ച ശേഷമായിരുന്നു ആക്രമണം. പൾസർ സുനി ഉൾപ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറിൽ ഒരു മണിക്കൂറിലധികം ചെലവഴിച്ചിരുന്നു. ഇതിന് ശേഷം കാർ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു.

ഒരു പ്രമുഖ സംവിധായകന്റെ വീട്ടിലായിരുന്നു നടി അഭയം തേടിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഏറെ ചുറ്റിച്ച ശേഷമാണ് കേസിലെ പ്രധാന പ്രതി പൾസർ സുനിയെ പൊലീസ് പിടികൂടിയത്. ആലുവ ജുഡീഷ്യൽ കോടതിയിൽ കീഴടങ്ങാനെത്തിയ പൾസർ സുനിയേയും കൂട്ടാളിയേയും പൊലീസ് നാടകീയമായി പിടികൂടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP