Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ഛനെ സഹായിക്കാൻ സിലോണിലേക്ക് കുടിയേറിയ മെഗ്രാലിലെ അബ്ദുള്ളാ ഹാജി; സൈന്യത്തിൽ നിന്നും തമിഴർക്ക് രക്ഷയൊരുക്കിയ ധീരൻ; സർക്കാരിനെ പ്രതിരോധത്തിലാക്കാൻ വേലുപ്പിള്ള പ്രഭാകരൻ തട്ടിക്കൊണ്ട് പോയി ബന്ദിയാക്കിയിട്ടത് 29 ദിവസം; പടുത്തയർത്തിയതുകൊളംബോയിൽ ആർക്കും തകർക്കാനാവാത്ത ബിസിനസ് സാമ്രാജ്യം; ലങ്കയിലെ കറുത്ത ഇസ്റ്റർ ജീവനെടുത്ത റസീനയുടെ അച്ഛൻ ശ്രീലങ്കയുടെ ഹൃദയതുടിപ്പിനൊപ്പം ജീവിച്ചയാൾ; കൊളംബോയിലെ ദുരന്തം മലയാളിയുടെ നൊമ്പരമാകുമ്പോൾ

അച്ഛനെ സഹായിക്കാൻ സിലോണിലേക്ക് കുടിയേറിയ മെഗ്രാലിലെ അബ്ദുള്ളാ ഹാജി; സൈന്യത്തിൽ നിന്നും തമിഴർക്ക് രക്ഷയൊരുക്കിയ ധീരൻ; സർക്കാരിനെ പ്രതിരോധത്തിലാക്കാൻ വേലുപ്പിള്ള പ്രഭാകരൻ തട്ടിക്കൊണ്ട് പോയി ബന്ദിയാക്കിയിട്ടത് 29 ദിവസം; പടുത്തയർത്തിയതുകൊളംബോയിൽ ആർക്കും തകർക്കാനാവാത്ത ബിസിനസ് സാമ്രാജ്യം; ലങ്കയിലെ കറുത്ത ഇസ്റ്റർ ജീവനെടുത്ത റസീനയുടെ അച്ഛൻ ശ്രീലങ്കയുടെ ഹൃദയതുടിപ്പിനൊപ്പം ജീവിച്ചയാൾ; കൊളംബോയിലെ ദുരന്തം മലയാളിയുടെ നൊമ്പരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ശ്രീലങ്കയിലെ കറുത്ത ഈസ്റ്ററിൽ മലയാളി വനിത റസീനാ ഖാദർ കൊല്ലപ്പെട്ടത് ഷാങ്ഗ്രില ഹോട്ടലിൽ താമസിച്ചിരുന്ന മുറി ഒഴിയാനെത്തിയപ്പോൾ. ശ്രീലങ്കൻ പൗരത്വമുള്ള റസീനയും കുടുംബവും ഇപ്പോൾ ദുബായിലാണു സ്ഥിരതാമസം. ശ്രീലങ്കൻ പൗരത്വം ആയിരുന്നു റസീനയ്ക്കുണ്ടായിരുന്നത്.

ഭർത്താവ് ഖാദർ കുക്കോടിയെ ജോലിസ്ഥലമായ ദുബായിലേക്ക് യാത്രയയച്ച് ഇവർ താമസിച്ചിരുന്ന ഷാൻഗ്രി-ലാ ഹോട്ടലിൽ മടങ്ങിയെത്തിയതായിരുന്നു റസീന. തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നുവെന്ന് കാസർകോട് മൊഗ്രാൽ പുത്തൂരിലെ ബന്ധുക്കൾ പറഞ്ഞു. ഇവരുടെ പിതാവ് പി.എസ്. അബ്ദുള്ള ഹാജിയും അദ്ദേഹത്തിന്റെ പിതാവ് പി.എസ്. സൈനുദ്ദീനും ശ്രീലങ്കയിൽ ബിസിനസുകാരായിരുന്നു. അബ്ദുള്ള ഹാജിയെ 1989-ൽ കൊളംബോയിൽനിന്ന് എൽ.ടി.ടി.ഇ. പ്രവർത്തകർ തട്ടിക്കൊണ്ടുപോയി 29 ദിവസം കസ്റ്റഡിയിൽ വെച്ചിരുന്നു. ഇവരുടെ പിൻതലമുറക്കാരനായി റസീനയുടെ സഹോദരൻ ബഷന്റാണ് ഇപ്പോൾ കൊളംബോയിൽ ബിസിനസ് നടത്തുന്നത്. പെട്രോളിയം, പൊടിമില്ല്, ഗതാഗതം തുടങ്ങിയവ മേഖലകളിലാണ് ബിസിനസ്.

കെമിക്കൽ എൻജിനീയറായ ഖാദർ കുക്കാടി ദുബായിലും ദക്ഷിണാഫ്രിക്കയിലുമായാണ് ജോലിചെയ്യുന്നത്. ദക്ഷിണാഫ്രിക്കയിൽ ഗബ്ബോണിൽ ഒരു വളംനിർമ്മാണ കമ്പനിയുടെ വൈസ് പ്രസിഡന്റും ഉപദേശകനുമാണ് കർണാടക സൂരത്കൽ സ്വദേശിയായ ഇദ്ദേഹം. റസീനയ്ക്കൊപ്പം പത്തുദിവസം മുമ്പാണ് കൊളംബോയിലെത്തിയത്. ലങ്ക ചുറ്റിക്കാണുകയും സഹോദരന്റെ കൂടെ രണ്ടുദിവസം തങ്ങുകയുമായിരുന്നു റസീനയുടെ ലക്ഷ്യം. ഞായറാഴ്ച രാവിലെ ഖാദറിനെ വിമാനത്താവളത്തിൽ കൊണ്ടുവിടാൻ ബഷീറാണ് പോയത്. മടങ്ങിവന്ന് റസീനയെയും കൂട്ടി വീട്ടിലേക്ക് മടങ്ങാനായിരുന്നു ബഷീറിന്റെ പരിപാടി. കൊളംബോയിലുള്ള ബന്ധുക്കളായ തഹാബ്, ലിയാഖത്തലി എന്നിവരോടും ഹോട്ടലിലെത്താനും അവിടുന്ന് പ്രഭാതഭക്ഷണം കഴിഞ്ഞ് ബഷീറിനൊപ്പം പോകാമെന്നും പറഞ്ഞിരുന്നു.

ഇവരും ബഷീറും എത്താൻ വൈകിയതുകൊണ്ട് റസീന റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനിരുന്നു. അപ്പോഴായിരുന്നു സ്ഫോടനം. ബന്ധുക്കൾ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മതൃതദേഹം തിരിച്ചറിഞ്ഞത്. രണ്ടാഴ്ച മുമ്പ് റസീന മൊഗ്രാൽ പുത്തൂരിൽ വന്നിരുന്നു. അവിടെയും ചെമ്മനാടുമുള്ള ബന്ധുവീടുകളെല്ലാം എത്തിയിരുന്നു. കൊളംബോയിൽനിന്ന് തിരിച്ച് തിങ്കളാഴ്ച മംഗളൂരുവിലെത്താൻ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. അടുത്ത ദിവസങ്ങളിൽ ബന്ധുക്കളെയെല്ലാം ചേർത്തുകൊളംബോയിൽ കുടുംബസംഗമം നടത്താനും റസീനയ്ക്ക് പദ്ധതിയുണ്ടായിരുന്നു. അതിനിടെയാണ് കുടുംബത്തെ ഞെട്ടിച്ച് ദുരന്തമെത്തിയത്.

പുലികളുടെ കേന്ദ്രമായ ജാഫ്നയിൽനിന്ന് 90 കിലോമീറ്ററോളം അകലെയുള്ള വാവുനിയയിൽ യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവായിരുന്നു റസീനയുടെ അച്ഛൻ അബ്ദുള്ള ഹാജി. ശ്രീലങ്കയിലെ തമിഴരുടെ മോചനത്തിനായി പോരാടിയിരുന്ന ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽ.ടി.ടി.ഇ.) എന്ന തമിഴ്പുലികൾ 1989 ഡിസംബർ അവസാനം ഒരു വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ട്രക്കിൽ തോക്കുമായെത്തിയ മൂന്നുപേർ പിടികൂടി കണ്ണുകെട്ടി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കൊടുംകാട്ടിലെ ടെന്റിലാണ് എത്തിച്ചത്. വൻതുക മോചനദ്രവ്യം ആവശ്യപ്പെട്ടു വീട്ടുകാരെ വിവരമറിയിച്ചു.

അബ്ദുള്ള ഹാജിയുടെ പാർട്ടിയായ യു.എൻ.പി.യിലെ പ്രേമദാസയായിരുന്നു അന്ന് ശ്രീലങ്കൻ പ്രസിഡന്റ്. വിദേശകാര്യമന്ത്രി ഷാഹുൽ ഹമീദ്, സ്പീക്കർ എം.എ. മുഹമ്മദ് തുടങ്ങിയവരൊക്കെ അടുത്ത സുഹൃത്തുക്കൾ. മുഴുവൻ സമയവും വൈദ്യുതി പ്രവഹിക്കുന്ന കമ്പിവേലിയുടെ നടുവിൽ കുളിക്കാതെ 29 ദിവസം അദ്ദേഹം കഴിച്ചുകൂട്ടി. ഒടുവിൽ വീട്ടുകാർ വൻതുക കൊടുത്താണ് മോചിപ്പിച്ചത്. തടവിൽ കഴിഞ്ഞപ്പോൾ മുടങ്ങാതെ നിസ്‌കരിച്ചിരുന്നുവെന്നും ദൈവത്തിലുള്ള വിശ്വാസമാണ് തന്നെ രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തടവിൽ കഴിയവെ ഭാര്യ റുഖ്യബി ഷംനാടിന് പലതവണ കത്തയച്ചെങ്കിലും ഒന്നുംകിട്ടിയില്ല. പക്ഷേ, മോചനദിവസം നിശ്ചിതസ്ഥലത്തെത്താൻ റുഖിയാബിക്ക് പുലികൾ കത്തുകൊടുത്തു. അതുപ്രകാരം അവിടെയെത്തി അവർ കൂട്ടിക്കൊണ്ടുപോന്നു. പിന്നീട് ശ്രീലങ്കയിലെ ബിസിനസ് മകൻ ബഷീറിനെ ഏൽപ്പിച്ച് മംഗളുരൂ കുദ്രോളിയിലെ വീട്ടിലേക്ക് മടങ്ങിയ അബ്ദുള്ള ഹാജി 2015-ലാണ് അന്തരിച്ചത്.

1962 മുതൽ വാവുനിയ മുനിസിപ്പാലിറ്റിയിൽ കൗൺസിലറായിരുന്നു അബ്ദുള്ള ഹാജി. സാമൂഹികസേവനത്തിന് ശ്രീലങ്കാ സർക്കാരിന്റെ ജസ്റ്റിസ് ഓഫ് പീസ് ബഹുമതി നേടിയ മലയാളി കേരള അസോസിയേഷന്റെയും ഭാരവാഹിയായിരുന്നു. തമിഴ് വംശീയ പ്രശ്നം കത്തിക്കാളുമ്പോൾ തമിഴർക്ക് തന്റെ വീട്ടിൽ അദ്ദേഹം അഭയം നൽകി. ഒരുഘട്ടത്തിൽ പത്തുകുടുംബങ്ങളെ വീട്ടിൽ പാർപ്പിച്ചു. പിതാവ് സൈനുദ്ദീനെ ബിസിനസിൽ സഹായിക്കാനാണ് 1949-ൽ 15-ാം വയസ്സിൽ മൊഗ്രാൽ പുത്തൂരിൽനിന്ന് ശ്രീലങ്കയിലേക്ക് (അന്നത്തെ സിലോൺ) കുടിയേറിയത്. അവിടെ ചുരുങ്ങിയ കാലംകൊണ്ട് പൊതുരംഗത്ത് ശ്രദ്ധേയനായി. അബ്ദുള്ള ഹാജി ഉപാധ്യക്ഷനായ സിറ്റിസൺസ് കമ്മിറ്റിയാണ് സിംഹളരുടെയും ശ്രീലങ്കൻ സൈന്യത്തിന്റെയും അതിക്രമങ്ങളിൽനിന്ന് വാവുനിയയിലെ തമിഴരേയും രക്ഷിച്ചത്.

ഭർത്താവ് മംഗളൂരു സൂറത്കൽ കുടായ് അബ്ദുൽ ഖാദറിനെ വിമാനത്താവളത്തിൽ വിട്ടശേഷമാണു ഹോട്ടൽ മുറി ഒഴിയാനെത്തിയത്. തുടർന്ന് സഹോദരനൊപ്പം കുടുംബവീട്ടിൽ ഒരു ദിവസം താമസിച്ച ശേഷം നാളെ ദുബായിലേക്കു പോകാനായിരുന്നു തീരുമാനം. മക്കൾ: ഫറ, ഖാൻഫർ (ഇരുവരും യുഎസ്). സഹോദരങ്ങൾ: പി.എസ്.എ ബഷീർ (കൊളംബോ), ഫൗസിൽ ഹിദായ (കോഴിക്കോട്). കബറടക്കം മംഗളൂരുവിലോ കാസർകോട്ടോ നടത്താനാണ് ആലോചന.

റസീനയുടെ സംസ്‌കാരം ശ്രീലങ്കയിൽ

റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയിൽത്തന്നെ സംസ്‌കരിക്കാൻ ബന്ധുക്കൾ തീരുമാനിച്ചു. ശ്രീലങ്കൻ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോർക്ക അധികൃതർ ബസുക്കളെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നോർക്ക അധികൃതർ ഹൈക്കമ്മീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP