Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിൽ ശ്രീരാമന്റെ പേരിൽ വീണ്ടും വിവാദം കൊഴുക്കുമ്പോൾ യൂറോപ്പിൽ രഥയാത്രകളിൽ പങ്കെടുക്കുന്നത് പതിനായിരങ്ങൾ; റോഡുകൾ കീഴടക്കി ആയിരങ്ങൾ ഘോഷയാത്രയിൽ അണിനിരന്നിട്ടും പരാതികൾ ഇല്ലാതെ പോകുന്നത് ഇന്ത്യൻ സംസ്‌ക്കാരത്തെ വിദേശികൾക്ക് ശരിക്കറിയുന്നതു കൊണ്ടാണെന്നു സംഘാടകർ

ഇന്ത്യയിൽ ശ്രീരാമന്റെ പേരിൽ വീണ്ടും വിവാദം കൊഴുക്കുമ്പോൾ യൂറോപ്പിൽ രഥയാത്രകളിൽ പങ്കെടുക്കുന്നത് പതിനായിരങ്ങൾ; റോഡുകൾ കീഴടക്കി ആയിരങ്ങൾ ഘോഷയാത്രയിൽ അണിനിരന്നിട്ടും പരാതികൾ ഇല്ലാതെ പോകുന്നത് ഇന്ത്യൻ സംസ്‌ക്കാരത്തെ വിദേശികൾക്ക് ശരിക്കറിയുന്നതു കൊണ്ടാണെന്നു സംഘാടകർ

പ്രത്യേക ലേഖകൻ

ലണ്ടൻ: ആൾക്കൂട്ട കൊലയിലും മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവരെ നിർബന്ധിപ്പിച്ചു ജയ് ശ്രീറാം വിളിപ്പിക്കുന്നു എന്നുമൊക്കെയുള്ള പരാതികൾ വാർത്തകളിൽ നിറയുകയും വിവാദങ്ങൾ പരക്കുകയും ചെയ്യുമ്പോൾ രാമനാമം മുഴങ്ങുകയാണ് യുകെയിലെ തെരുവുകളിൽ. ഇന്ത്യയിൽ രാമാനവമിയുമായി ബന്ധപ്പെട്ടു പൊതുവെ നടക്കുന്ന രഥയാത്രകളുടെ പകർപ്പാണ് ഏതാനും മാസമായി യുകെയുടെ വിവിധ നഗരങ്ങളിൽ സംഘടിപ്പിക്കപ്പെടുന്നത്. ഇസ്‌കോൺ സൊസൈറ്റിയുടെ നേതൃത്വത്തിൽ അര നൂറ്റാണ്ടായി നടക്കുന്ന രഥയാത്ര കഴിഞ്ഞ ഏതാനും വർഷമായി കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്. പങ്കെടുക്കുന്നവരുടെ എണ്ണം ആയിരങ്ങളിൽ നിന്നും പതിനായിരങ്ങളിലേക്കു വളരുകയും ചെയ്യുന്നു.

ലണ്ടൻ രഥയാത്ര മാത്രം കൂടുതലായി ജനങ്ങളെ ആകർഷിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ബാത്ത്, ലെസ്റ്റർ, വാറ്റ്‌ഫോഡ്, ബർമിങ്ഹാം, മിൽട്ടൺ കെയ്ൻസ് എന്നിവിടങ്ങളിൽ എല്ലാം അനേകായിരങ്ങൾ പങ്കെടുക്കുന്ന രഥയാത്രകളാണ് സംഘടിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ലണ്ടനിലെ ഈസ്റ്റ് ഹാമിൽ മുരുകൻ ക്ഷേത്രത്തിൽ സംഘടിപ്പിക്കപ്പെട്ട രഥയാത്രയിലും അനേകായിരങ്ങളുടെ സാന്നിധ്യമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യയിലെ പൂജാ ചടങ്ങുകൾ അതേവിധം ആവർത്തിക്കുന്നതും ഭക്തി വിശ്വാസത്തിൽ കൂടുതൽ ശ്രദ്ധ നൽകിയുമാണ് യുകെയിൽ രഥയാത്രകൾ സംഘടിപ്പിക്കുന്നത്.

റോഡിലൂടെയുള്ള പ്രചാരണങ്ങളും ഘോഷയാത്രയും ഒന്നും യൂറോപ്യൻ തെരുവുകളിലെ പതിവ് കാഴ്ചകൾ അല്ലെങ്കിലും രഥയാത്രയ്ക്കു പ്രാദേശിക കൗൺസിലുകൾ അനുമതിയും പിന്തുണയും നൽകുന്ന രീതിയാണ് കണ്ടവരുന്നത്. മറ്റു സംസ്‌കാരങ്ങളെ ഉൾക്കൊള്ളുന്നതിന്റെ ഭാഗം കൂടിയായിയാണ് ബ്രിട്ടീഷ് ജനത ഇത്തരം ആഘോഷങ്ങളെ വീക്ഷിക്കുന്നതെന്നു പതിവായി രഥയാത്രയിൽ പങ്കാളിയാകുന്നു സദ്ഗമയ പ്രതിനിധി എപി രാധാകൃഷ്ണൻ സൂചിപ്പിച്ചു. മാത്രമല്ല ഈ ആഘോഷങ്ങളിൽ പങ്കാളികൾ ആകാനും സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണവും മധുരപലഹാരങ്ങളും ആസ്വദിച്ചു ആടിപ്പാടാനും ബ്രിട്ടീഷുകാർ തയ്യാറാകുന്നുവെന്നതും പ്രത്യേകതയാണ്.

യുകെയിൽ ഇന്ത്യൻ കുടിയേറ്റ സമൂഹത്തിന്റെ ആധിപത്യം കൂടുതൽ പ്രകടിപ്പിക്കുന്നതാണ് ഇത്തരം ആഘോഷങ്ങൾ. മുൻപ് ഏതാനും ടൗണുകളിൽ ഒതുങ്ങി നിന്നിരുന്ന ഇന്ത്യൻ മേളകൾ ഇപ്പോൾ മിക്ക നഗരങ്ങളിലും ആയിരങ്ങളെ ആകർഷിച്ചു തുടങ്ങിയിരിക്കുകയാണ്. മാഞ്ചസ്റ്റർ മേളയും മറ്റും സൗത്ത് ഏഷ്യൻ മേള എന്ന പേരിൽ ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളുടെ കൂട്ടായ്മായായി വളരുകയാണ്. മികച്ച ബ്രാൻഡുകളുടെ പിന്തുണയും ഇത്തരം മേളകൾ തേടി എത്തുന്നത് ജനപിന്തുണ വർദ്ധിക്കുന്നതുകൊണ്ടുകൂടിയാണ്.

മതപരമായ ചടങ്ങു എന്നതിനേക്കാൾ ഉപരി സാംസ്‌കാരിക കൂട്ടായ്മയുടെ ഒത്തുചേരൽ ആയും രഥയാത്രകൾ മാറുകയാണ് പലയിടത്തും. നൃത്തവും വാദ്യമേളങ്ങളും ഒരുക്കുന്ന പശ്ചാത്തല വിരുന്നിൽ കൂടുതൽ ആവേശത്തോടെ പങ്കെടുക്കുന്നതും പാശ്ചാത്യരാണ്. ഇന്ത്യൻ വംശജർ ഭക്തിപൂർവ്വം രഥയാത്രകളിൽ പങ്കാളികൾ ആകുമ്പോൾ സാംസ്‌കാരികമായ സമന്വയം കൂടുതൽ ഫലവത്തായി മാറുകയാണ് എന്ന് ചൂണ്ടിക്കാട്ടാനും സംഘാടകർ മറക്കുന്നില്ല.

ഭഗവദ് ദർശനത്തിനായി വിശ്വാസികൾ ക്ഷേത്രത്തിൽ പോകുമ്പോൾ രഥയാത്ര നടക്കുമ്പോൾ ഭഗവൻ വിശ്വാസികളുടെ അടുത്തേക്ക് എന്നതാണ് രഥയാത്ര സങ്കൽപ്പത്തിൽ പ്രധാനം. ഹരേ രാമ, ഹരേ കൃഷ്ണ മന്ത്രങ്ങൾ ഈണത്തിൽ പാടി, തപ്പും താളവുമായാണ് രഥയാത്രകൾ ആവേശം സൃഷ്ടിക്കുന്നത്. പ്രധാന രഥയാത്രകൾ കൂടാതെ ഉത്തരേന്ത്യൻ, തമിഴ്, ശ്രീലങ്കൻ വംശജർ സ്ഥാപിച്ചിരിക്കുന്ന ക്ഷേത്രങ്ങളുടെ വകയായും നൂറുകണക്കിന് ചെറു രഥയാത്രകളും യൂറോപ്പിൽ ഓരോ വർഷവും സംഘടിപ്പിക്കപ്പെടുന്നുണ്ട്.

യുകെയിൽ അനേകം പട്ടണങ്ങളിൽ നടക്കുന്ന രഥയാത്രകളിൽ ഏറ്റവും വലുതാണ് ലണ്ടനിലേത്, ബാത്ത്, വാറ്റ്‌ഫോഡ്, ഈസ്റ്റ്ഹാം, സൗത്താൽ തുടങ്ങിയ സ്ഥലങ്ങളിലും വിപുലമായ രഥയാത്രകൾ ഉണ്ടെങ്കിലും ജനബാഹുല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ലണ്ടനിലാണ്. ഇസ്‌കോൺ എന്ന ഹരേ കൃഷ്ണ പ്രസ്ഥാനമാണ് ലണ്ടനിലെ രഥയാത്രക്ക് നേതൃത്വം നൽകുന്നത്.

എന്നാൽ പതിയിലേറെയും പങ്കാളികൾ ബ്രിട്ടീഷ് വംശജർ ആണെന്നതും ശ്രദ്ധേയമാണ്. മലയാളികളുടെ എണ്ണമാകട്ടെ ഇത്തവണയും രഥയാത്രകളിൽ നാമമാത്രമായിരുന്നു. പാട്ടുപാടിയും നൃത്തം ചവിട്ടിയും വാദ്യോപകരണങ്ങൾ മുഴക്കിയും എല്ലാം ജഗന്നാഥ കീർത്തനങ്ങളും സ്തുതികളും ബ്രിട്ടന്റെ പട്ടണങ്ങളിൽ ജനസഹസ്രങ്ങളെയാണ് ആകർഷിക്കുന്നത്.

പ്രധാനമായും മൂന്നു കൂറ്റൻ ർഥങ്ങളാണ് ഞായറാഴ്ച ഈസ്റ്റ് ഹാമിൽ പ്രധാന കാഴ്ചയായായത്. ജഗനാഥന്റെയും സുബ്രദയുടെയും ബാലരാമന്റെയും രഥങ്ങൾ വലിക്കാൻ ജനം തിക്കി തിരക്കുക ആയിരുന്നു. പഞ്ചാബിയും തെലുങ്കനും മറാത്തിയും തമിഴനും മലയാളിയും ഒക്കെയുള്ള ആ ജനക്കൂട്ടത്തിൽ പലയിടത്തും ഭസ്മവും കുംകുമവും വാരി വിതറി ബ്രിട്ടീഷ് വിശ്വാസികൾ ആവേശം ആകാശത്തോളം ഉയരെയാക്കുകയാണ്. ഇത്തരം ഒരു കൂടിച്ചേരൽ ലണ്ടനിൽ മറ്റെവിടെയും കാണാനാകില്ല. ഏവരും ഒന്നെന്ന ഈശ്വര സങ്കൽപ്പമാണ് രഥയാത്രയിലൂടെ സാധ്യമാകുന്നത്. ഒരിക്കൽ പങ്കെടുക്കുന്നവർ പിന്നീട് ആരുടേയും സമ്മർദ്ദം ഇല്ലാതെ വരും വർഷങ്ങളിൽ പങ്കെടുക്കുന്നതും ഏറെ കൗതുകം ഉണർത്തുന്നു.

ബ്രിട്ടണിലെ പ്രധാന നഗരങ്ങളിലും ഏഴു യൂറോപ്യൻ രാജ്യങ്ങളിലുമായി പതിനഞ്ചോളം രഥയാത്രകളാണ് ഈ വർഷം സംഘടിപ്പിച്ചിരിക്കുന്നത്. ഇവ സെപ്റ്റംബർ പാതിയോടെയാണ് പൂർത്തിയാകുന്നത്. ഇന്ത്യൻ സംസ്‌കാരത്തിന്റെ നേർക്കാഴ്ചകൾ ലോകത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് രഥയാത്രകൾ വഴി ഉദ്ദേശിക്കുന്നത്. എവിടെ നിന്നെക്കെയോ എത്തുന്ന ജനങ്ങൾ ഒരേ മനസോടെ, ഒരേ വികാരത്തോടെ, ഒന്നിച്ചു കൂടി, ഭഗവദ് മന്ത്രങ്ങൾ ചൊല്ലി, ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ ആടിയും പാടിയും ആഘോഷമാക്കുകയാണ് രഥയാത്രകൾ. രഥയാത്രകളിൽ വർദ്ധിച്ചു വരുന്ന ജനക്കൂട്ടത്തെ അത്ഭുതത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.

പ്രധാന രഥയാത്രകളുടെ സമയ പട്ടിക

UK and European Rathayatra Dates in 2019
16th June - London, UK
22nd June - Wrocklaw, Poland
22nd June - Antwerp, Belgium
29th June - Budapest, Hungary
7th July - Paris, France
14th July - Leicester, UK
20th July Carmarthen, Wales
20th July - Berlin, Germany
21st July - Birmingham, UK
27th July - Dublin, Ireland
27th July - Belfast, Northern Ireland TBC
10th Aug - Cardiff, Wales
10th Aug - Amsterdam, Netherlands
1st Sept - Liver, UK
14th Sept - Brighton, UK
15th Sept - Milano, Italy
21st Sept - Torino, Italy

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP