Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൃഷി ചെയ്തുവന്ന സ്ഥലം 64സെന്റ് വിറ്റ് ചികിത്സ നടത്തിയിട്ടും മകളുടെ അസുഖം മാറിയില്ല; ഹൃദയ സംബന്ധമായ അസുഖവും അനാരോഗ്യവും പിതാവിനെയും തളർത്തി; ഐ.ടി.ഐ പഠനം പൂർത്തിയാക്കിയ രണ്ടാമത്തെ മകൻ മഹേഷിനും ശാരീരിക വൈകല്യം; തീരാ ദുരിതം പേമാരിയായ പെയ്തിറങ്ങുന്ന വീട്ടിൽ ജീവിതം കൂട്ടിമുട്ടിക്കാൻ ഓടുന്നത് അമ്മ കമലാക്ഷിയും കുലിപ്പണിക്കാരനായ മൂത്ത മകനും; 13വർഷം മുൻപ് കിട്ടിയ ധനസഹായത്തിന്റെ പേരിൽ വീടിന്റെ അപേക്ഷയും നിരസിക്കപ്പെട്ടു

കൃഷി ചെയ്തുവന്ന സ്ഥലം 64സെന്റ് വിറ്റ് ചികിത്സ നടത്തിയിട്ടും മകളുടെ അസുഖം മാറിയില്ല; ഹൃദയ സംബന്ധമായ അസുഖവും അനാരോഗ്യവും പിതാവിനെയും തളർത്തി; ഐ.ടി.ഐ പഠനം പൂർത്തിയാക്കിയ രണ്ടാമത്തെ മകൻ മഹേഷിനും ശാരീരിക വൈകല്യം; തീരാ ദുരിതം പേമാരിയായ പെയ്തിറങ്ങുന്ന വീട്ടിൽ ജീവിതം കൂട്ടിമുട്ടിക്കാൻ ഓടുന്നത് അമ്മ കമലാക്ഷിയും കുലിപ്പണിക്കാരനായ മൂത്ത മകനും; 13വർഷം മുൻപ് കിട്ടിയ ധനസഹായത്തിന്റെ പേരിൽ വീടിന്റെ അപേക്ഷയും നിരസിക്കപ്പെട്ടു

രഞ്ജിത്ത് ബാബു

കണ്ണൂർ: മട്ടന്നൂരിനടുത്ത കൊതേരിയിൽ ഇളമ്പയിൽ രവീന്ദ്രനും ഭാര്യ പി.കെ. കമലാക്ഷിയും രോഗിയായ മകളെ പരിപാലിച്ച് ദുരിത ജീവിതം നയിക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകാലമായി. ഗുരുതരമായി ഓട്ടിസം ബാധിച്ച 21 കാരിയായ മകൾ സ്നേഹക്ക് വീട്ടിൽ ആരെങ്കിലും തുണയായി വേണം. രവീന്ദ്രൻ ജോലിക്ക് പോയിരുന്ന കാലത്ത് വലിയ പ്രശ്നങ്ങൾ നേരിടാതെ അമ്മ കമലാക്ഷി സ്നേഹക്ക് കൂട്ടായി നിന്നിരുന്നു. എന്നാൽ ഹൃദയ സംബന്ധമായ അസുഖവും അനാരോഗ്യവും കാരണം രവീന്ദ്രന് തൊഴിലെടുക്കാൻ വയ്യാതായി.

കിടക്കയിൽ മാത്രം ജീവിതം തുടരുന്ന മകൾ സ്നേഹയുടെ ചികിത്സക്കായി കൃഷിചെയ്തു വന്ന സ്ഥലങ്ങൾ തുണ്ടം തുണ്ടമായി വിറ്റു. 64 സെന്റ് വിറ്റുകഴിഞ്ഞപ്പോൾ ശേഷിച്ചത് മൺ വീട് നിൽക്കുന്ന അഞ്ച് സെന്റ് മാത്രമായി. അതോടെ കൃഷിയിൽ നിന്നുള്ള വരുമാനവും നിലച്ചു. പത്ത് ലക്ഷം രൂപ ചികിത്സക്കായി വിനിയോഗിച്ചിട്ടും സ്നേഹയുടെ അസുഖത്തിന് മാറ്റമൊന്നുമുണ്ടായില്ല. അച്ഛൻ രവീന്ദ്രനെ കാവലിരുത്തി കമലാക്ഷി ചിലപ്പോൾ തൊട്ടടുത്ത് ജോലിക്ക് പോകും.

മൂത്ത മകൻ വിജിൽ കൂലിപ്പണിക്ക് പോയി ലഭിക്കുന്ന വരുമാനമാണ് ഈ കുടുംബത്തിന് ആകെ ലഭിക്കുന്നത്. രവീന്ദ്രന്റേയും സ്നേഹയുടേയും ചികിത്സയും ഒരാളുടെ വരുമാനം കൊണ്ട് നടത്താനാവുന്നില്ല. പട്ടിണിയാവാതിരിക്കാനാണ് കമലാക്ഷി അടുത്ത സ്ഥലങ്ങളിൽ അത്യാവശ്യം ജോലിക്ക് പോകുന്നത്. ഐ.ടി.ഐ. പഠനം പൂർത്തിയാക്കിയ രണ്ടാമത്തെ മകൻ മഹേഷിനും ശാരീരിക വൈകല്യമുണ്ട്. ഓട്ടോ മൊബൈൽ പഠനം പൂർത്തിയാക്കിയ മഹേഷിന് ദൂരെ പോയി ജോലി ചെയ്യാനാവില്ല.

കാലവർഷം കനത്തപ്പോൾ ഈ കുടുംബത്തിന്റെ ദുരിതവും ഇരട്ടിച്ചു. മൺകട്ടകൊണ്ട് നിർമ്മിച്ച വീട് തകർച്ച നേരിടുന്നു. മുറികളെല്ലാം ചോർന്നൊലിക്കുന്നു. സ്നേഹയുടെ മുറിയിലും വെള്ളം കയറി. കിടന്ന കിടപ്പിൽ മല-മൂത്ര വിസർജ്ജനം നടത്തുന്ന സ്നേഹയുടെ സുരക്ഷിതത്വം പോലും പ്രശ്നത്തിലാണ്. മാസം ഒരു തവണ ഉദരസംബന്ധമായ രോഗത്തിന് സ്നേഹയെ പരിയാരം മെഡിക്കൽ കോളേജ് വരെ കൊണ്ടു പോകണം. വാഹനത്തിൽ കിടത്തി മാത്രമേ പോകാനൊക്കൂ. അതിനും വേണം നല്ലൊരു തുക.

ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വഴി മുട്ടി നിൽക്കുകയാണ് ഈ കുടുംബം. നേരത്തെ ലൈഫ് പദ്ധതി പ്രകാരം വീടിനപേക്ഷിച്ചെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. 13 വർഷം മുമ്പ് 35,000 രൂപയുടെ ധനസഹായം സ്വീകരിച്ചെന്നതിന്റെ പേരിലാണ് ഈ നിഷേധം. പഞ്ചായത്ത് വഴി എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയും ഇനിയില്ല. സ്നേഹയുടെ ചികിത്സക്കുള്ള സഹായവും കെട്ടുറപ്പുള്ള വീടുമാണ് ഈ കുടുംബത്തിന് അത്യാവശ്യം വേണ്ടത്. കരുണയുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് രവീന്ദ്രനും കമലാക്ഷിയും.ph 9544267848

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP