Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിസർവ്വ് ബാങ്കിന് വേണ്ടത് എല്ലാ നിക്ഷേപകരുടേയും വിവരങ്ങൾ; അഞ്ച് ലക്ഷത്തിൽ കൂടുതലുള്ളവരുടെ വിവരങ്ങൾ ലഭിക്കാതെ കേന്ദ്രം പിന്നോട്ട് പോകില്ല; വിവരം കൊടുക്കേണ്ടി വന്നാൽ കുഴപ്പത്തിലാകുന്നത് കള്ളപ്പണക്കാരെക്കാൾ കൂടുതലുള്ള രാഷ്ട്രീയക്കാർ; തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ സഹകരണ ബാങ്കുകളുടെ നിക്ഷേപങ്ങൾ കാണിക്കാത്തത് തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ സ്വാധീനിച്ചേക്കും

റിസർവ്വ് ബാങ്കിന് വേണ്ടത് എല്ലാ നിക്ഷേപകരുടേയും വിവരങ്ങൾ; അഞ്ച് ലക്ഷത്തിൽ കൂടുതലുള്ളവരുടെ വിവരങ്ങൾ ലഭിക്കാതെ കേന്ദ്രം പിന്നോട്ട് പോകില്ല; വിവരം കൊടുക്കേണ്ടി വന്നാൽ കുഴപ്പത്തിലാകുന്നത് കള്ളപ്പണക്കാരെക്കാൾ കൂടുതലുള്ള രാഷ്ട്രീയക്കാർ; തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ സഹകരണ ബാങ്കുകളുടെ നിക്ഷേപങ്ങൾ കാണിക്കാത്തത് തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ സ്വാധീനിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ ബാങ്കുകൾ. രാഷ്ട്രീയ നേതൃത്വങ്ങളുടെ സജീവ ഇടപെടൽ തന്നെയാണ് സഹകരണ മേഖലയുടെ കരുത്ത്. സിപിഎമ്മും ഇടതുപക്ഷവുമെല്ലാം സജീവമായി ഇതിലേക്ക് സമൂഹത്തെ ആകർഷിക്കുന്നു. കൊച്ചു നിക്ഷേപങ്ങൾ മുതൽ കോടികൾ വരെ സഹകരണ മേഖലയിലേക്ക് ഒഴുകിയെത്തി. അങ്ങനെ അത് സമ്പൽസമൃദ്ധവുമായി. പ്രാഥമിക സഹകരണ സംഘങ്ങളെ നിയന്ത്രിക്കാൻ റിസർവ്വ് ബാങ്ക് ശ്രമിച്ചപ്പോഴും ഇടത് വലത് ഒരുമിച്ചു. അതുകൊണ്ട് തന്നെ അത് നടന്നില്ല. ഇതിലൂടെ പുറത്തറിയാതെ പോയത് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ വിവരങ്ങളായിരുന്നു. രണ്ട് ലക്ഷം കോടിയുടെ നിക്ഷേപത്തിന്റെ കണക്കുകൾ ഒളിഞ്ഞിരിക്കുന്നത് ആദായ നികുതി വകുപ്പിനും നഷ്ടക്കച്ചവടമായി. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തിയപ്പോൾ തന്നെ ആദായ നികുതി വകുപ്പ് സഹകരണ സ്ഥാപനങ്ങളെ ലക്ഷ്യം വച്ചു. അപ്പോഴും സംഘടിത ശക്തി ഉപയോഗിച്ച് സഹകരണ സ്ഥാപനങ്ങളിലെ പരിശോധനയെ അട്ടിമറിച്ചു.

ഇതിന് പ്രതികാരമാണ് റിസർവ്വ് ബാങ്ക് തീർക്കുന്നത്. സഹകരണ മേഖലയെ തകർക്കണമെന്ന് കേന്ദ്രമോ റിസർവ്വ് ബാങ്കോ ആഗ്രഹിക്കുന്നില്ല. എന്നാൽ ആർബിഐയ്ക്ക് വിധേയമായി പ്രവർത്തിക്കണം. അതായത് നിക്ഷേപകരുടെ വിവരമെല്ലാം റിസർവ്വ് ബാങ്കിലും ആദായ നികുതി വകുപ്പിനും ലഭ്യമാകണം. ഇതിലൂടെ സഹകരണ പ്രസ്ഥാനങ്ങളുടെ നിക്ഷേപവും നികുതിക്ക് വിധേയമാകും. ഇതിനായി കെ.വൈ.സി(നോ യുവർ കസ്റ്റംമർ) നടപ്പിലാക്കണം. ഇതിലൂടെ സഹകരണ നിക്ഷേപങ്ങളിലെ വ്യക്തികളെ റിസർവ്വ് ബാങ്കിന് അറിയാനാകും. നിലവിൽ എല്ലാ ദേശസാൽകൃത ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും ഈ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. തിരിച്ചറിയിൽ രേഖ എല്ലാ നിക്ഷേപങ്ങൾക്കും നിർബന്ധമാക്കുകയാണ് കെ വൈ സി രീതിയുടെ പ്രത്യേകത. പാൻ നമ്പർ അടക്കമുള്ള വിവരം നൽകണം. ഇതിലൂടെ നിക്ഷേപകനിൽ നിന്നും ആദായ നികുതി പരിവ് സജീവമാക്കാൻ കേന്ദ്ര സർക്കാരിനാകും.

തെരഞ്ഞെടുപ്പ് ഫണ്ടായി വൻ തുക നേതാക്കൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ, പലരും ഈ തുകയിൽ നല്ലൊരു ശതമാനവും ഉപയോഗിക്കുന്നില്ല. ഇങ്ങനെ ഉപയോഗിക്കാത്ത പണം കുമിഞ്ഞു കൂടുന്നുണ്ട്. ഇതെല്ലാം സഹകരണ ബാങ്കുകളിലെ രഹസ്യ നിക്ഷേപമാകുന്നുവെന്ന് കരുതുന്നവരുമുണ്ട്. ഇത്തരക്കാരെ പിടിക്കാനാണ് അസാധുവാക്കിയ നോട്ടുകൾ ഏറ്റെടുക്കാൻ സഹകരണ മേഖലയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകാത്തത്. അഞ്ച് ലക്ഷത്തിൽ അധികം നിക്ഷേപിച്ചവരുടെ വിവരങ്ങൾ പൂർണ്ണമായും നൽകാതെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയുമില്ല. ഭാവിയിൽ കെ വൈ സിയും നിർബന്ധമാക്കണം. ഇത് നടപ്പിലാക്കി നികുതി വരവ് കൂട്ടാനുള്ള തന്ത്രപരമായ സമയമായി നോട്ട് അസാധുവാക്കലിനെ കേന്ദ്ര സർക്കാരും ആർബിഐയും കണ്ടു. അതൊകൊണ്ടാണ് ജില്ലാ സഹകരണ ബാങ്കുകൾക്ക് പോലും പുതിയ നോട്ടുകൾ മാറ്റി നൽകാതെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഈ വിഷയത്തിൽ കോടതി സമീപിച്ചാൽ തീരുമാനം എതിരാകുമെന്ന് സഹകരണ പ്രസ്ഥാനങ്ങൾക്കും അറിയാം. അതുകൊണ്ട് കൂടിയാണ് നിയമപോരാട്ടത്തിന് പോകാതെ രാഷ്ട്രീയ സമരത്തിന് സംസ്ഥാന സർക്കാർ തന്നെ തയ്യാറാകുന്നത്.

ആദായ നികുതി അടയ്ക്കാത്തതെല്ലാം കള്ളപ്പണമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. എന്നാൽ പാവപ്പെട്ടവരുടെ ചെറിയ നിക്ഷേപങ്ങളെ കള്ളപ്പണമായി കാണരുതെന്ന് സഹകാരികളും പറയുന്നു. കെ വൈ സി നൽകിയാൽ ബാങ്കിലുള്ള മുഴുവൻ നിക്ഷേപങ്ങൾക്കും നികുതി അടയ്‌ക്കേണ്ടി വരും. അതിനപ്പുറം മറ്റൊരു പ്രതിസന്ധിയുമുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രീയക്കാർക്കും സഹകരണ പ്രസ്ഥാനങ്ങളിൽ നിക്ഷേപമുണ്ട്. ചെറുതു മുതൽ കോടികൾ വരെ നിക്ഷേപിക്കുന്നവരാണുള്ളത്. കണക്കുകൾ പുറത്തുവന്നാൽ ഈ രാഷ്ട്രീയക്കാരെല്ലാം പ്രതിസന്ധിയിലാകും. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോൾ സ്വത്ത് വെളിപ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഇത് എല്ലാവരും ചെയ്യാറുമുണ്ട്. ഇങ്ങനെ നൽകുന്ന സത്യവാങ്മൂലത്തിൽ മിക്കവരും സഹകരണ പ്രസ്ഥാനങ്ങളിലെ നിക്ഷേപങ്ങൾ കാണിക്കുന്നത് കുറവാണ്. ഇതാണ് രാഷ്ട്രീയ നേതാക്കളെ പ്രതിസന്ധിയിലാക്കും. സഹകരണ ബാങ്കിലെ നിക്ഷേപ വിവരങ്ങൾ പുറത്താകുമ്പോൾ പല രാഷ്ട്രീയക്കാരുടെ പേരുവിവരവും അതിലുണ്ടാകും. അത് തെരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി എതിരാളികൾ ഒത്തുനോക്കുകയും ചെയ്യു. പ്രത്യേകിച്ച് ബിജെപിക്കാർ.

അങ്ങനെ നോക്കുമ്പോൾ പൊരുത്തകേട് കണ്ടെത്തിയാൽ എംഎൽഎമാരുടേയും എംപിമാരുടേയും പഞ്ചായത്ത് അംഗങ്ങളുടേയുമെല്ലാം വിജയങ്ങൾക്കെതിരെ നിയമ നടപടികൾ വരും. സത്യവാങ്മൂലത്തിൽ സ്വത്ത് മറച്ചു വയ്ക്കുന്നത് അയോഗ്യതയ്ക്ക് പോലും കാരണമാകും. അങ്ങനെ സഹകരണ പ്രസ്ഥാനങ്ങളിലെ നിക്ഷേപങ്ങൾ പുറം ലോകത്ത് എത്തിയാൽ കുടുങ്ങുന്ന രാഷ്ട്രീയക്കാർ ഏറെയാണ്. ഈ സാഹചര്യത്തിലാണ് സഹകരണ സ്ഥാപനങ്ങളെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ റിസർവ്വ് ബാങ്കുമായി സഹകരണത്തിന് തയ്യാറാകാത്തത്. നിക്ഷേപകരുടെ വിവരങ്ങൾ അന്വേഷിക്കാനാണ് വെല്ലുവിളി. ഇത് നൽകാമെന്ന് സഹകരണ പ്രസ്ഥാനങ്ങൾ സമ്മതിച്ചാൽ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമായി സഹകരണ പ്രസ്ഥാനങ്ങളേയും ആർബിഐ കാണും. സഹകരണ പ്രസ്ഥാനങ്ങളിലുള്ള നിക്ഷേപങ്ങളുടെ സുതാര്യത ഉറപ്പാക്കി രാജ്യത്തിന്റെ നികുതി സമ്പത്ത് കൂട്ടാനാണ് ആർബിഐയും ആദായ നികുതി വകുപ്പും ശ്രമിക്കുന്നത്. ബിജെപിയുടേത് രാഷ്ട്രീയക്കാരുടെ രഹസ്യമാക്കിയ നിക്ഷേപം പുറത്തു കൊണ്ടു വന്നുള്ള രാഷ്ട്രീയ നേട്ടവും.

ഇതിനൊപ്പം ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്ന വരുമാന നികുതിയും സഹകരണബാങ്കുകളെ സമ്മർദ്ദത്തിലാക്കുന്നു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്ന് കുറഞ്ഞത് പ്രതിവർഷം 1000 കോടിയെങ്കിലും നികുതി ഇനത്തിൽ ഈടാക്കാനാണ് ആദായ നികുതി വകുപ്പിന്റെ നീക്കം. രണ്ട് ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചവരുടെ വിവരങ്ങൾ നൽകണമെന്ന ആദായ നികുതി വകുപ്പിന്റെ ആവശ്യത്തിനെതിരെ കതിരൂർ സഹകരണ ബാങ്കടക്കം 20 ബാങ്കുകൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായില്ല. പക്ഷെ സംസ്ഥാനത്തെ പല സഹകരണബാങ്കുകളും ഇപ്പോഴും ആദായനികുതിവകുപ്പിന് വിവരങ്ങൾ നൽകുന്നില്ല. വിവരങ്ങൾ കിട്ടുമ്പോൾ തൊട്ടുപിന്നാലെ റെയ്ഡ് നടത്തുന്നുവെന്നും ഇത് പണത്തിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കുന്നുവെന്നുമാണ് അതിന് ബാങ്കുകൾ നിരത്തുന്ന ന്യായം.

ഇൻകം ടാക്‌സ് നിയമത്തിലെ 133(6) വകുപ്പനുസരിച്ച് വിവരങ്ങൾ ശേഖരിക്കാനുള്ള അവകാശമുണ്ടെന്ന വാദം സുപ്രി കോടതി ശരിവച്ചെങ്കിലും സംസ്ഥാനത്തെ നാല് സഹകരണബാങ്കുകൾ, പരിശോധനയ്‌ക്കെതിയ ഉദ്യോഗസ്ഥരെ തടഞ്ഞു. ഇരുപതോളം ബാങ്കുകൾ ഉദ്യോഗസഥരോട് സഹകരിച്ചില്ലെന്നും സംഘടനാനേതാക്കൾ പറയുന്നു. സംസ്ഥാനത്ത 1804 സഹകരണബാങ്കുകളുടെയും ശാഖകളുടെയും വരുമാനത്തിൽ നിന്നായി 1000 കോടിയോളം രൂപ പ്രതിവർഷം നികുതി നൽകണമെന്ന ആവശ്യമാണ് ആദായ നികുതി വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. കാർഷികവായ്പാ സംഘങ്ങളായി രജിസ്റ്റർ ചെയ്ത ബാങ്കുകൾ വാണിജ്യ വായ്പകളാണ് കൂടുതൽ നൽകുന്നത്. അതുകൊണ്ട് നികുതി ഇളവ് പിൻവലിക്കണമെന്ന ആവശ്യവും ആദായ നികുതി വകുപ്പ് ഉന്നയിക്കുന്നുണ്ട്. ഇത് നടപ്പായാൽ സഹകരണ പ്രസ്ഥാനങ്ങളിൽ നിന്ന് ഇടപാടുകാർ അകലുകയും ചെയ്യും.

സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളും പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങളും പൂർണമായി പ്രവർത്തന രഹിതമായതോടെ നിലയ്ക്കുന്നത് പ്രതിദിനം 25,000 കോടി രൂപയുടെ ക്രയവിക്രയമാണ്. 14 ജില്ലാ സഹകരണബാങ്കുകൾക്ക് 783 ശാഖകളും 1,604 പ്രാഥമിക സഹകരണസംഘങ്ങൾക്ക് 4,000 ശാഖകളുമാണുള്ളത്. ജില്ലാ സഹകരണബാങ്കുകളിൽ മാത്രമായി 60,000 കോടി രൂപയാണ് മൊത്തം നിക്ഷേപം. പ്രാഥമിക വായ്പാ സഹകരണസംഘങ്ങളിലെമാത്രം നിക്ഷേപം 80,000 കോടി രൂപയാണെന്ന് കണക്കാക്കുന്നു. ഇതിനുപുറമേ 60 അർബൻ സഹകരണ ബാങ്കുകളിലേയും മറ്റ് പലതരം സഹകരണ സംഘങ്ങളിലേതും കൂടിയാകുമ്പോൾ സഹകരണമേഖലയിലെ മൊത്തം നിക്ഷേപം 1.8 ലക്ഷംകോടി രൂപയോളമാകും. ജില്ലാ സഹകരണബാങ്കുകളിലെ മൊത്തം നിക്ഷേപത്തിന്റെ നാല് ശതമാനം റൊക്കം പണമായി അതത് ബാങ്കുകളിൽത്തന്നെയോ അല്ലെങ്കിൽ സംസ്ഥാന സഹകരണബാങ്കിലോ മറ്റ് പൊതുമേഖലാ ബാങ്കുകളിലോ കറന്റ് അക്കൗണ്ടിൽ സൂക്ഷിക്കണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദ്ദേശം. ഇത് 2,400 കോടി രൂപവരും. അതുകൊണ്ട് തന്നെ എത്രമാത്രം ഇടപാടുകൾ നടക്കുന്നുവെന്ന ധാരണ റിസർവ്വ് ബാങ്കിനുണ്ട്.

പ്രാഥമിക കാർഷിക വായ്പാസംഘങ്ങൾ മൊത്തം നിക്ഷേപമായ 80,000 കോടി രൂപയുടെ രണ്ടരശതമാനം തുകയാണ് നീക്കിയിരിപ്പായി കൈവശം സൂക്ഷിക്കുന്നത്. അത്യാവശ്യത്തിന് വായ്പ നൽകുന്നതിന് വരുന്ന കാലതാമസം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. ഏകദേശം 2,400 കോടിയോളം രൂപയാണ് പ്രാഥമികസംഘങ്ങൾ ഇങ്ങനെ സൂക്ഷിക്കുന്നത്. ഇങ്ങനെ ജില്ലാ ബാങ്കുകളിലും പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളിലും സൂക്ഷിക്കുന്ന 4,800 കോടി രൂപയുടെ അഞ്ചിരട്ടി തുകയുടെ വിനിമയമാണ് ഒരോദിവസവും സഹകരണ ബാങ്കുകളുടെ ശൃംഖലയിലൂടെ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP