Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പമ്പയിലെ ജലനിരപ്പുയരാൻ കാരണം ഉരുൾപൊട്ടലാണെന്ന തിയറി സൈബർ സഖാക്കളുടേത്; വെള്ളപ്പൊക്കമുണ്ടാകാൻ തക്ക ഉരുൾപൊട്ടൽ പമ്പാ തീരത്ത് എങ്ങുമുണ്ടായില്ല; സീതത്തോട്ടിലുണ്ടായത് ചെറിയ ഉരുൾപൊട്ടൽ മാത്രം; അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്കത്തിനും കാരണം ഡാം തുറന്നത് തന്നെ; കല്ലാറ്റിലൂടെ ജലം തിരിച്ചൊഴുകി; പമ്പയിലെ വെള്ളപ്പൊക്കത്തിന് കാരണം ഡാം ഷട്ടർ അധികമായി ഉയർത്തിയത് തന്നെ

പമ്പയിലെ ജലനിരപ്പുയരാൻ കാരണം ഉരുൾപൊട്ടലാണെന്ന തിയറി സൈബർ സഖാക്കളുടേത്; വെള്ളപ്പൊക്കമുണ്ടാകാൻ തക്ക ഉരുൾപൊട്ടൽ പമ്പാ തീരത്ത് എങ്ങുമുണ്ടായില്ല; സീതത്തോട്ടിലുണ്ടായത് ചെറിയ ഉരുൾപൊട്ടൽ മാത്രം; അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്കത്തിനും കാരണം ഡാം തുറന്നത് തന്നെ; കല്ലാറ്റിലൂടെ ജലം തിരിച്ചൊഴുകി; പമ്പയിലെ വെള്ളപ്പൊക്കത്തിന് കാരണം ഡാം ഷട്ടർ അധികമായി ഉയർത്തിയത് തന്നെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പമ്പയിലെ വെള്ളപ്പൊക്കത്തിന് കാരണം ഉരുൾപൊട്ടലാണെന്ന വ്യാപക പ്രചാരണം നടത്തിയത് സൈബർ സഖാക്കൾ. ജലനിരപ്പുയരാൻ കാരണമായ തരത്തിൽ വനമേഖലയിൽ ഒരിടത്തും ഉരുൾപൊട്ടലുണ്ടാതായി ആർക്കും വിവരം ലഭിച്ചിട്ടില്ല. ഈ നൂറ്റാണ്ട് കണ്ട മഹാപ്രളയം മനുഷ്യസൃഷ്ടിയാണെന്ന വാദത്തിന്റെ മുനയൊടിക്കാൻ വേണ്ടി സിപിഎം സൈബർ അണികൾ ആഞ്ഞു ശ്രമിക്കുകയാണ്. പമ്പ, ആനത്തോട് ഡാമുകളുടെ വൃഷ്ടി പ്രദേശത്തുണ്ടായ കനത്ത മഴ കെഎസ്ഇബിയുടെ കണക്കു കൂട്ടൽ തെറ്റിക്കുകയായിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് നൂറ് ഇരട്ടിയിലധികമായി.

വൃഷ്ടി പ്രദേശത്ത് രണ്ടു ദിവസമായി കനത്ത മഴ പെയ്തതും ഡാമിൽ ജലനിരപ്പുയർന്നും ഉദ്യോഗസ്ഥർ ഗൗരവത്തിലെടുക്കുകയോ അധികജലം തുറന്നു വിടാൻ തക്കസമയത്ത് തീരുമാനം എടുക്കുകയോ ചെയ്തില്ല. പകരം ഡാം നിറയുമെന്നായപ്പോൾ റെഡ് അലർട്ട് പോലും നൽകാതെ ഒറ്റയടിക്ക് ഷട്ടറുകൾ കൂടുതൽ ഉയർത്തുകയായിരുന്നു. സൈബർ സഖാക്കളുടെ തിയറി ഇതാണ്. ഡാമുകളുടെ വൃഷ്ടിപ്രദേശത്തും പമ്പയുടെ പ്രവാഹ വഴികളിലുമായി 30 ഉരുൾപൊട്ടി. ഇങ്ങനെ വന്ന അധികജലം പ്രളയത്തിന് കാരണമായി. ഈ വാദം തെറ്റാണെന്ന് വ്യക്തമായിരിക്കുകയാണ്. ആകെപ്പാടെ ഒരു ഉരുൾപൊട്ടലാണ് ഉണ്ടായത്. അത് സീതത്തോട് മേഖലയിലാണ്.

അതിനെ ഉരുൾപൊട്ടൽ എന്ന് പറയാൻ കഴിയുകയുമില്ല. മണ്ണിടിച്ചിലാണ് യഥാർഥത്തിലുണ്ടായത്. രണ്ടു പേർ മരിക്കുകയും ചെയ്തു. സഖാക്കളുടെ മറ്റൊരു ചോദ്യം അച്ചൻകോവിലാറ്റിൽ വെള്ളപ്പൊക്കമുണ്ടായത് എങ്ങനെയെന്നാണ്. പമ്പയിലേതു പോലെ രൂക്ഷമായ നാശനഷ്ടമുണ്ടാക്കിയ പ്രളയമല്ല അച്ചൻകോവിലാറിൽ ഉണ്ടായത്. അച്ചൻകോവിലാറ്റിലെ ജലനിരപ്പുയരാൻ ഉരുൾപൊട്ടലും കാരണമായിട്ടില്ല. പമ്പ കവിഞ്ഞൊഴുകിയ ജലം കൈവഴിയായ കല്ലാറ്റിലൂടെ അച്ചൻകോവിലാറിന്റെ ഉത്ഭവസ്ഥാനത്തേക്ക് തിരിച്ചൊഴുകുകയായിരുന്നു. പെരുനാട്, വടശേരിക്കര, മാടമൺ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കിയത് കല്ലാറ്റിലെ വെള്ളമാണ്.

പമ്പാ നദിയിലെ പ്രധാന ജല സംഭരണികളായ പമ്പ, കക്കി അണക്കെട്ടുകളിൽ നൂറു ശതമാനം ജലം സംഭരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ശ്രമമാണ് പ്രളയത്തിന് പ്രധാന കാരണമായത്. മുന്നറിയിപ്പില്ലാതെ അണക്കെട്ടുകൾ തുറന്നു വിടുകയും ചെയ്തു. 15 ന് പുലർച്ചെ മൈക്കിലൂടെ മുന്നറിയിപ്പു കേട്ടാണ് ജനം ഉണർന്നത്. അപ്പോഴേക്കും നാട്ടിലേക്ക് പ്രളയജലം ഇരച്ചെത്തി കഴിഞ്ഞിരുന്നു. 14 ന് രാത്രിയിൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് പമ്പ, കക്കി അണക്കെട്ടുകളുടെ ഷട്ടറുകൾ അധികമായി തുറന്നതെന്ന് വൈദ്യുതി ബോർഡിലെ ജീവനക്കാർ തന്നെ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കലക്ടർക്കു പോലും വ്യക്തമായ അറിവുണ്ടായിരുന്നില്ല. രാത്രി 11ന് ഷട്ടറുകൾ മൂന്നടി ഉയർത്തുന്നതെന്നായിരുന്നു അധികൃതർക്ക് ലഭിച്ച വിവരം. ഇക്കാര്യംപോലും ജനത്തെ അറിയിച്ചതുമില്ല.

14ന് വൈകിട്ട് വരെ പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളിൽ നാലെണ്ണം മാത്രമാണ് തുറന്നിരുന്നത്. രണ്ടെണ്ണം ഒരടി വീതവും രണ്ടെണ്ണം ഒന്നര അടി വീതവും ഉയർത്തിയാണ് തുറന്നിരുന്നത്. കക്കി - ആനത്തോട് സംഭരണിയിലെ നാല് ഷട്ടറുകളിൽ രണ്ടെണ്ണം ഒന്നര അടി വീതം തുറന്നിരുന്നു. അപ്പോൾ തന്നെ ശബരിമല - പമ്പയിൽ ജലനിരപ്പ് നിയന്ത്രണാതീതമായി കഴിഞ്ഞിരുന്നു. മഴ ശക്തമായതോടെ രാത്രി 11ന് സ്ഥിതിഗതികൾ വഷളായി. രാത്രിയിൽ ഷട്ടറുകൾ അപകടകരമായ രീതിയിൽ തുറക്കരുതെന്ന ദുരന്തനിവാരണ അഥോറിറ്റിയുടെ മാർഗ നിർദ്ദേശം പാലിക്കാൻ ഡാം സുരക്ഷാ വിഭാഗത്തിനായില്ല. തുടർന്ന് പത്തനംതിട്ട കലക്ടറേറ്റിലേക്ക് അടിയന്തര സന്ദേശം പോകുകയും രണ്ട് സംഭരണികളുടെയും എല്ലാ ഷട്ടറുകളും രണ്ടടി വരെ ഉയർത്തുകയുമായിരുന്നു. രാവിലെയായിട്ടും ജലനിരപ്പ് നിയന്ത്രണ വിധേയമല്ലെന്നു കണ്ടതോടെ ഷട്ടറുകൾ ആറടി വരെ ഉയർത്തേണ്ട സാഹചര്യമുണ്ടായി. ഇതാണ് പമ്പാനദിയിൽ ജലനിരപ്പ് 12 അടിയോളം ഉയരാൻ പ്രധാന കാരണമായത്.

ഇത്തവണ ജൂൺ മുതൽ തന്നെ മഴ ശക്തമായിരുന്നതിനാൽ സംഭരണികളിലേക്കുള്ള നീരൊഴുക്ക് വർധിച്ചിരുന്നു. ജൂലൈയിൽ തന്നെ പമ്പ, കക്കി സംഭരണികൾ തുറക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഒൻപതിനാണ് കക്കി സംഭരണിയുടെ ഷട്ടറുകൾ 2013-നു ശേഷം ആദ്യം തുറന്നത്. 10 നു രാവിലെ പമ്പയുടെ ഷട്ടറുകളും തുറന്നു. ഒൻപത്, 10 തീയതികളിൽ പമ്പ കരകവിഞ്ഞൊഴുകി. പ്രളയജലം താഴേക്കെത്തി അപ്പർകുട്ടനാടിനെയും കുട്ടനാടിനെയും മുക്കിയിരുന്നു. ഇതോടെ കൂടുതൽ ഷട്ടറുകൾ ഉയർത്തിക്കൊണ്ടിരുന്നു.

ഷട്ടറുകൾ ഉയർത്തുന്ന കണക്കുകൾ ജില്ലാ കലക്ടറെ അറിയിച്ചിരുന്നുവെന്നാണ് ഡാം സുരക്ഷാ അഥോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. ജലനിരപ്പ് 95 ശതമാനത്തിനു മുകളിലെത്തിയതോടെ രണ്ട് സംഭരണികളിലും ഡാം സുരക്ഷാ ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്തിരുന്നു. ഇവർ നൽകുന്ന മുന്നറിയിപ്പുകൾ കെഎസ്ഇബി എൻജിനീയർമാർ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ പരിശോധിച്ചാണ് താഴേക്കു നൽകിയിരുന്നത്. മുന്നറിയിപ്പുകളുണ്ടായിട്ടും ജലനിരപ്പ് ഇത്രയും ഉയരത്തിലാകുമെന്ന ചിന്തയിലേക്ക് ആരും വരാതിരുന്നതാണ് പ്രളയക്കെടുതി വർധിക്കാൻ മറ്റൊരു കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP