Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കള്ളവോട്ട് ചെയ്താലുള്ള ശിക്ഷയെന്തെന്ന് പ്രിസൈഡിങ് ഓഫീസർക്ക് പോലും ധാരണയില്ല; ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന മാസ്റ്റർ ട്രെയിനർമാരുടെ കാര്യവും ബഹുകേമം; തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് പാർട്ടി ഗുണ്ടകളെക്കാൾ വലിയ പങ്ക്; കേരളത്തെ ഞെട്ടിച്ച് വ്യാപക കള്ളവോട്ടുകൾക്ക് കാരണം കാലത്തിനൊത്ത് മാറാത്ത തെരഞ്ഞെടുപ്പ് സംവിധാനം തന്നെ

കള്ളവോട്ട് ചെയ്താലുള്ള ശിക്ഷയെന്തെന്ന് പ്രിസൈഡിങ് ഓഫീസർക്ക് പോലും ധാരണയില്ല; ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന മാസ്റ്റർ ട്രെയിനർമാരുടെ കാര്യവും ബഹുകേമം; തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് പാർട്ടി ഗുണ്ടകളെക്കാൾ വലിയ പങ്ക്; കേരളത്തെ ഞെട്ടിച്ച് വ്യാപക കള്ളവോട്ടുകൾക്ക് കാരണം കാലത്തിനൊത്ത് മാറാത്ത തെരഞ്ഞെടുപ്പ് സംവിധാനം തന്നെ

രഞ്ജിത്ത് ബാബു

കണ്ണൂർ: തെരഞ്ഞെടുപ്പ് സംവിധാനത്തിലെ വീഴ്ചയും പോരായ്മയുമാണ് കള്ളവോട്ടുകളും അതേ തുടർന്നുള്ള പരാതി പ്രളയത്തിനും മുഖ്യകാരണമാകുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ബൂത്ത് തലം മുതൽ ജില്ലാ തലം വരെ നിരവധി ക്ലാസുകൾ നടത്താറുണ്ട്. എന്നാൽ ഇത്തരം ക്ലാസുകളിൽ നേരത്തെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെക്കുറിച്ചും അതിൽ വോട്ട് ചെയ്യുന്ന സംമ്പ്രദായത്തെക്കുറിച്ചും മാത്രമാണ് ക്ലാസുകളിൽ പരാമർശിക്കുകയും പരിശീലനം നൽകുകയും ചെയ്യുന്നത്. വി.വി. പാറ്റ് മിഷ്യൻ രംഗത്ത് വന്നതോടെ അതേക്കുറിച്ചുള്ള പരിശീലനവും ചർച്ചയുമൊക്കെയായി. തെരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റ് കാര്യങ്ങളിളൊന്നും വലിയ പ്രാധാന്യം നൽകാറില്ല. പ്രിസൈഡിങ് ഏഫീസർമാർക്കും അസിസ്റ്റന്റ് പ്രിസൈഡിങ് ഓഫീസർമാർക്കും പരിശീലനം നൽകുന്ന മാസ്റ്റർ ട്രെയിനർമാർക്ക് പോലും വ്യക്തമായ ധാരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റ് കാര്യങ്ങളിൽ ഇല്ല എന്നതാണ് വസ്തുത. 

കള്ളവോട്ടും ഇരട്ട വോട്ടും കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഉൾപ്പെടെ മറ്റ് ജില്ലകളിലും വിവാദങ്ങൾ തൊടുത്തുവിടുമ്പോൾ ഇതേക്കുറിച്ച് ഗൗരവമേറിയ ചർച്ചകളൊന്നും നടക്കുന്നുമില്ല. ജില്ലാ റിട്ടേണിങ് ഓഫീസർമാരായ ജില്ലാ കലക്ടർമാർ പോലും കള്ളവോട്ട് ചെയ്താലുള്ള കുറ്റത്തെക്കുറിച്ചോ ശിക്ഷയെക്കുറിച്ചോ തെരഞ്ഞെടുപ്പിന് മുമ്പ് ഗൗരവമായി പരാമർശിക്കുന്നില്ല. ഒരു ബൂത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുടെ പരമാധികാരി പ്രിസൈഡിങ് ഓഫീസറാണ്. പ്രിസൈഡിങ് ഓഫീസറുടെ അനുമതിയുണ്ടായാൽ മാത്രമേ പൊലീസിന് പോലും അകത്ത് പ്രവേശിക്കാൻ കഴിയുകയുള്ളൂ. എന്നാൽ പാർട്ടി സ്വാധീനമുള്ളവർ ബൂത്തിനകത്ത് പോളിങ് ആരംഭിച്ചതു മുതൽ ഇറങ്ങുകയും പോവുകയും ചെയ്യുന്ന അവസ്ഥ ഇത്തവണയും ഉണ്ടായിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസർമാരെ ഭയപ്പെടുത്തിയും വരുതിയിൽ വരുത്തിയും രാഷ്ട്രീയ പാർട്ടികളാണ് ഇത്തരമൊരു അവസ്ഥക്ക് പ്രധാന കാരണമെങ്കിലും തെരഞ്ഞെടുപ്പിൽ പോളിങ് അവസാനിക്കും വരെയുള്ള ചട്ടങ്ങൾ കാറ്റിൽ പറത്താൻ ഉദ്യോഗസ്ഥന്മാരും കൂട്ടു നിൽക്കുന്ന അവസ്ഥ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉണ്ടായിട്ടുണ്ട്.

കള്ളവോട്ട് ചെയ്താലുള്ള ശിക്ഷയെപ്പറ്റി പോലും മിക്കവാറും പ്രിസൈഡിങ് ഓഫീസർക്ക് അറിവില്ല. ഒരു വ്യക്തി ഇരട്ട വോട്ട് ചെയ്താലും മറ്റൊരാളുടെ വോട്ട് നിഷേധിക്കപ്പെട്ടാലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ശിക്ഷാർഹമാണ്. കള്ളവോട്ട് ചെയ്തവർക്ക് ഒരു വർഷത്തെ തടവും പിഴയും ലഭിക്കാം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 സി.ഡി.എഫ് വകുപ്പുകൾ പ്രകാരമാണ് ശിക്ഷ ചുമത്തുക. സ്വാധീനമുപയോഗിച്ച് മറ്റുള്ളവരുടെ വോട്ടവകാശം നിഷേധിക്കുക, ആൾമാറാട്ടം നടത്തി വോട്ടു ചെയ്യുക ഇവയെല്ലാം ഈ വകുപ്പു പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങളാണ്. കള്ളവോട്ടും ഇരട്ട വോട്ടും ചെയ്താലുള്ള നിയമപ്രശ്നങ്ങളെ പറ്റിയൊന്നും ഭൂരിഭാഗം പോളിങ് ഉദ്യോഗസ്ഥന്മാർക്കും വ്യക്തമായ ധാരണയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും അധികാരമുള്ള ബൂത്ത് ലവൽ ഉദ്യോഗസ്ഥനാണ് പ്രിസൈഡിങ് ഓഫീസർ. എന്നാൽ അധികാരം ഉപയോഗിക്കാൻ ഭയപ്പെടുന്നവരും രാഷ്ട്രീയ അനുഭാവം കൊണ്ട് കൃത്യമായി സേവനം ചെയ്യാത്തവരും പക്ഷപാതം കാട്ടുന്നവരുമായി പ്രിസൈഡിങ് ഓഫീസർമാരിൽ നല്ലൊരു ഭാഗം മാറിയിരിക്കയാണ്.

ഒരു വ്യക്തി ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ വന്നാൽ രാഷ്ട്രീയ പാർട്ടിയുടെ ബൂത്ത് ഏജന്റിന് ചാലഞ്ച് ചെയ്യാൻ വ്യവസ്ഥയുണ്ട്. രണ്ട് രൂപ അടച്ച് ഇങ്ങിനെ ചെയ്യാം. എന്നാൽ ബൂത്തുകളിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒരാളെ മാത്രമേ പ്രതിനിധിയായി അനുവദിക്കപ്പെട്ടിട്ടുള്ളൂ. സ്വതന്ത്രന്മാരും കക്ഷിരഹിതരുമായ സ്ഥാനാർത്ഥികൾ ്അവരുടെ ബൂത്ത് തലം മുതൽ പോളിങ്, കൗണ്ടിങ് ഏജന്റ്മാർ വരെയുള്ള ആനുകൂല്യം സാമ്പത്തിക ലാഭം ഉദ്ദേശിച്ച് വിൽപ്പന നടത്താറാണ് പതിവ്. ഇത്തരം നേട്ടങ്ങൾ ലാക്കാക്കി തെരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കുന്നവർ നിരവധിയാണ്. ഇക്കാരണങ്ങളാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ അനുകൂലികൾ തന്നെ ഒരു ബൂത്തിൽ നിരവധി പേരുണ്ടാകുന്നു. ബൂത്തുകളിലെ ഏജന്റുമാരുടെ അംഗസംഖ്യ എതിർസ്ഥാനാർത്ഥിയുടെ ഏജന്റിനെ നാവടപ്പിക്കാനും പ്രിസൈഡിങ് ഓഫീസറെ നിലക്കു നിർത്താനും ഉപയോഗിക്കപ്പെടുന്നു. ഈ അവസ്ഥ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കയാണ്.

ഒരു ബൂത്തിലെ പ്രിസൈഡിങ് ഓഫീസർ ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും അദ്ദേഹത്തിന്റെ ഡയറിയിൽ ബൂത്തിലെ സാഹചര്യങ്ങൾ എഴുതി ചേർക്കേണ്ടതുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലയിലെ പ്രിസൈഡിങ് ഓഫീസർമാരിൽ ഒട്ടേറെ പേർ ഈ തെരഞ്ഞെടുപ്പിൽ അങ്ങിനെ ചെയ്തിട്ടില്ലെന്നാണ് യാഥാർത്ഥ്യം. പോളിങിനിടെയുള്ള ഭീഷണിപ്പെടുത്തലിൽ എതിരാളികളുടെ ഏജന്റുമാരെ ബൂത്തിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ട്. ഇത് രേഖപ്പെടുത്താത്ത പ്രിസൈഡിങ് ഓഫീസർമാരുമുണ്ട്. കള്ള വോട്ട് ചെയ്തയാളെ പൊലീസിലേൽപ്പിച്ച സംഭവത്തിലും പ്രിസൈഡിങ് ഓഫീസർ പരാതി നൽകാത്ത സംഭവവും നടന്നിട്ടുണ്ട്.

അതേ തുടർന്ന് പൊലീസ് പിടികൂടി വിട്ടയക്കപ്പെടുകയും ചെയ്തു. പ്രിസൈഡിങ് ഓഫീസറുടെ ഡയറി പോളിങ് കഴിഞ്ഞ് തയ്യാറാക്കുന്ന പതിവും ഈ തെരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്. ഒരു വോട്ടർക്ക് വോട്ട് ചെയ്യാനാവാത്ത സാഹചര്യമുണ്ടായാൽ വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടെങ്കിൽ പ്രിസൈഡിങ് ഓഫീസർക്ക് അയാളുടെ വോട്ട് ചെയ്യിക്കാനുള്ള ബാധ്യതയുണ്ട്. എന്നാൽ അപരൻ വോട്ട് ചെയ്തതിന്റെ പേരിൽ വോട്ട് നഷ്ടപ്പെട്ടവർക്ക് മടങ്ങേണ്ടി വന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. അവർക്ക് ടെൻഡർ വോട്ട് അനുവദിച്ച് വോട്ട് ചെയ്യിക്കാം. ഇക്കാര്യത്തിലും പ്രിസൈഡിങ് ഓഫീസർമാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് രീതി കാലോചിതമായി പരിഷ്‌ക്കരിക്കാത്തതിന്റെ ദുരന്തമാണ് ഇപ്പോഴുണ്ടായ കള്ളവോട്ടും ഇരട്ട വോട്ടും കൊണ്ടുള്ള പ്രശ്നങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP