Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം 'വെള്ളം കുടിച്ചുപോയ' പ്രളയകാലത്തും മലയാളികൾ കുടിച്ച് തീർത്തത് 1264 കോടിയുടെ മദ്യം; കഴിഞ്ഞ വർഷം 14508 കോടി രൂപയുടെ മദ്യവിൽപന നടത്തി കേരളത്തിന് വീണ്ടും 'ബീവറേജ് ബോക്‌സോഫീസ് വേട്ട'; കേരളം കൂടുതലായി അടിച്ചു പൂസായത് പ്രളയം താണ്ഡവമാടിയ ഓഗസ്റ്റ് മാസത്തിൽ; നികുതി വരുമാനമായി ലഭിച്ചത് 12424 കോടി; പ്രകടന പത്രികയിലെ വാഗ്ദാനം എൽഡിഎഫ് ലംഘിക്കുകയാണെന്ന് പ്രതിപക്ഷം

കേരളം 'വെള്ളം കുടിച്ചുപോയ' പ്രളയകാലത്തും മലയാളികൾ കുടിച്ച് തീർത്തത് 1264 കോടിയുടെ മദ്യം; കഴിഞ്ഞ വർഷം 14508 കോടി രൂപയുടെ മദ്യവിൽപന നടത്തി കേരളത്തിന് വീണ്ടും 'ബീവറേജ് ബോക്‌സോഫീസ് വേട്ട'; കേരളം കൂടുതലായി അടിച്ചു പൂസായത് പ്രളയം താണ്ഡവമാടിയ ഓഗസ്റ്റ് മാസത്തിൽ; നികുതി വരുമാനമായി ലഭിച്ചത് 12424 കോടി; പ്രകടന പത്രികയിലെ വാഗ്ദാനം എൽഡിഎഫ് ലംഘിക്കുകയാണെന്ന് പ്രതിപക്ഷം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം 'വെള്ളം കുടിച്ചുപോയ' പ്രളയകാലത്ത് മാത്രം മലയാളികൾ കുടിച്ച് തീർത്തത് 1264 കോടി രൂപയുടെ മദ്യം. കഴിഞ്ഞ സാമ്പത്തിക വർഷം കേരളം മദ്യ വിൽപനയിൽ വൻ റെക്കോർഡാണ് സൃഷ്ടിച്ചിരിക്കുന്നത്. 14508 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ വിറ്റത്. ഇതിൽ പ്രളയം താണ്ഡവമാടിയ ഓഗസ്റ്റ് മാസത്തിലാണ് ഏറ്റവുമധികം മധ്യം സംസ്ഥാനത്ത് ഒഴുകിയത്. 1264 കോടി രൂപയുടെ മദ്യമാണ് ഓഗസ്റ്റ് മാസം മാത്രം വിറ്റ് പോയത്.

സംസ്ഥാന ബിറവേജസ് കോർപ്പറേഷന്റെയും കൺസ്യൂമർഫെഡിന്റെയും 306 മദ്യാവിൽപനശാലകളിലൂടെയും 450 ബാറുകളിലൂടെയുമാണ് സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന നടന്നത്. 14504 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിൽ വിൽപന നടന്നത്. ഇതിലൂടെ 12424 കോടി രൂപയുടെ നികുതി വരുമാനമാണ് സംസ്ഥാന സർക്കാരിന് ലഭിച്ചത്. അതിന് മുൻപ് 11024 കോടിയാണ് ഈയിനത്തിൽ ലഭിച്ചത്. എന്നാൽ ബിവറേജസിന്റെ കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്.

എൽഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനത്തിന്റെ ലംഘനമാണ് സംസ്ഥാനത്ത് മദ്യവിവൽപ്പന കുതിക്കാൻ വഴിവച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മദ്യത്തിനെതിരായ ബോധവൽക്കരണം എക്‌സൈസ് വകുപ്പ് വഴി ഒരു വശത്ത് നടക്കുമ്പോൾ തന്നെ ത്രീ സ്റ്റാർ ബാറുകൾക്ക് അനുമതി നൽകി ഉദാരമായ മദ്യനയമാണ് മറുവശത്ത് എൽഡിഎഫ് പുലർത്തി പോന്നത്.

1200 കോടിയുടെ മദ്യമാണ് കേരളത്തിൽ ഒരു മാസം വിൽക്കുന്നത്. പ്രളയം ഏറെ നാശം വിതച്ച ഓഗസ്റ്റ് മാസത്തിലാണ് സംസ്ഥാനത്ത് പോയവർഷം ഏറ്റവുമധികം വിൽപ്പന നടന്നത്. 1264 കോടി. ഈ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഓരോ വർഷവും വിൽക്കുന്ന മദ്യത്തിന്റെ അളവിലും കാര്യമായ വർദ്ധനയുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 216.34 ലക്ഷം കെയ്‌സ് മദ്യമാണ് കേരളത്തിൽ വിറ്റത്. തൊട്ടുമുൻപുള്ള വർഷത്തേക്കാൽ 8 ലക്ഷം കേയ്‌സുകളുടെ വർദ്ധന.

കേരളത്തിലങ്ങോളമിങ്ങോളമുള്ള ബീവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിൽ നട്ടുച്ചയ്ക്കും അച്ചടക്കത്തോടെ ക്യൂ നിൽക്കുന്ന മാന്യന്മാരുടെ വർത്തമാനകാലമാണിത്. കേരളം മദ്യപാനികളുടെ സ്വന്തം നാടായി മാറിയിരിക്കുന്നു. വിദ്യാഭ്യാസ സാക്ഷരത, സ്ത്രീകളുടെ തൊഴിൽ പ്രവേശം, ആരോഗ്യം, ശുചിത്വം, കുറഞ്ഞ ശിശുമരണം തുടങ്ങിയ പല കാര്യങ്ങളിലും ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയായ കേരളം മദ്യപാനത്തിന്റെ പേരിൽ ഒരു പ്രതിമാതൃകയായി തീർന്നിരിക്കുന്നു. കേരളത്തിലെ വാർഷിക ആളോഹരി മദ്യപാനം 8.3 ലിറ്ററാണ്. അനൗദ്യോഗിക കണക്കുകൾ പ്രകാരം മലയാളിയുടെ ആളോഹരി മദ്യപാനം 11 ലിറ്ററാണ്.

മദ്യപിക്കാത്തവരായ മഹാഭൂരിപക്ഷത്തിന്റെ കണക്കിൽ മദ്യപിച്ചു കൂട്ടുന്നവരാണ് മലയാളികൾ എന്നർത്ഥം. ഇന്ത്യയിലെ സ്വദേശീ നിർമ്മിത വിദേശ മദ്യത്തിന്റെ പതിനാലു ശതമാനം കുടിച്ചു വറ്റിക്കുന്നത് മലയാള ദേശമാണ്. ഒരൊറ്റ വർഷം കേരളത്തിലുള്ളവർ മോന്തിക്കുടിച്ചത് മുപ്പത് കോടിയിലധികം ലിറ്റർ മദ്യമാണ്. കേരളത്തിനപ്പുറമുള്ള മലയാളികളുടെ മദ്യപാനം ഈ കണക്കിൽപ്പെടുന്നില്ല. മാറി മാറി വരുന്ന സർക്കാറുകൾ സ്വന്തം പൗരന്മാരെ കുടിപ്പിച്ച് പാപ്പരാക്കുന്നു. ഓരോ വർഷവും കേരളം കുടിക്കുന്ന മദ്യത്തിന്റെ അളവ് പതിനഞ്ച് ശതമാനത്തോളം കൂടുന്നു.

ഓരോ സാമ്പത്തിക വർഷത്തേയും കണക്കെടുക്കുമ്പോൾ പല കാര്യങ്ങളിലും താഴേക്കിറങ്ങുന്ന മലയാളി മദ്യപാനത്തിൽ അതിവേഗം മുന്നോട്ട് കുതിക്കുകയാണ്. മദ്യപാനം കൂടുകയും പ്രത്യാഘാതങ്ങൾ വ്യാപിക്കുകയും ചെയ്യുന്നു എന്നതിന് മദ്യവില്പന മാത്രമല്ല, മദ്യപാനത്താലുള്ള വാഹന അപകടങ്ങൾ, കുറ്റകൃത്യങ്ങൾ, കുടുംബസംഘർഷങ്ങൾ, ആത്മഹത്യകൾ, കൊലപാതകങ്ങൾ എന്നിവയും അനുനിമിഷം കൂടികൊണ്ടിരിക്കുന്നത് കാണാനാവും. സാമൂഹിക ജീവിതത്തിലെ പലവിധ ശിഥിലീകരണങ്ങളും കേരളീയ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്.

മദ്യവില്പന കുത്തക മുതലാളിമാർക്കും സർക്കാർ സ്ഥാപനത്തിനും വരുമാന മാർഗമാണ്. മദ്യവിതരണത്തിന് കേരളത്തിൽ അതിവിപുലമായ സംവിധാനങ്ങളുണ്ട്. അധിക ജോലി ചെയ്യുന്നവർക്ക് ആനുകൂല്യങ്ങളുണ്ടിവിടെ. മറ്റ് പല സ്ഥാപനങ്ങളിലും സർക്കാർ സംഘടനകളിലുമില്ലാത്ത സ്തുത്യർഹമായ സേവനം ബീവറേജസ് കോർപ്പറേഷനിൽ നിന്ന് ലഭിക്കുന്നുണ്ട്. 350 നടുത്ത് റീട്ടെയിൽ മദ്യവില്പനകേന്ദ്രങ്ങൾ ആഴ്ചയിൽ ഏഴ് ദിവസവും പ്രവർത്തിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP