Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആയുസിൽ പകുതിയും തെരുവിൽ അലയുമ്പോൾ മുരളി ആകെ മോഹിച്ചത് സ്വന്തമായി ഒരുവീട്; മോഹം പൊലിഞ്ഞത് ചുവപ്പ് നാട കാട്ടിയുള്ള അധികൃതരുടെ വിരട്ടലിൽ; ഒടുവിൽ ആശയറ്റ് മുരളി ജീവനൊടുക്കിയപ്പോഴും കുടുംബത്തോട് കൊടിയ അവഗണന; രക്ഷയ്ക്കായി ശരണം പ്രാപിച്ച മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിൽ ഇനി അവസാന പ്രതീക്ഷ

ആയുസിൽ പകുതിയും തെരുവിൽ അലയുമ്പോൾ മുരളി ആകെ മോഹിച്ചത് സ്വന്തമായി ഒരുവീട്; മോഹം പൊലിഞ്ഞത് ചുവപ്പ് നാട കാട്ടിയുള്ള അധികൃതരുടെ വിരട്ടലിൽ; ഒടുവിൽ ആശയറ്റ് മുരളി ജീവനൊടുക്കിയപ്പോഴും കുടുംബത്തോട് കൊടിയ അവഗണന; രക്ഷയ്ക്കായി ശരണം പ്രാപിച്ച മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിൽ ഇനി അവസാന പ്രതീക്ഷ

എം പി റാഫി

മലപ്പുറം: കിടപ്പാടത്തിനായി അലഞ്ഞ് കൂര കിട്ടാതെ വന്നതോടെ കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന മുരളിയുടെ മരണത്തിന് ശേഷവും കുടുംബത്തോട് അവഗണന. അധികൃതർ വാക്കുപാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും മുരളിയുടെ ബന്ധുക്കളും രംഗത്തെത്തിയിരിക്കുകയാണ്. തങ്ങൾ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി മുരളിയുടെ മാതാപിതാക്കൾ മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച പരാതിയെ തുടർന്ന് തെന്നല പഞ്ചായത്ത് സെക്രട്ടറിയോട് ഹാജരാകാൻ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

കേരളത്തിൽ ജനിച്ചു വളർന്ന് തെരുവിൽ പതിറ്റാണ്ടുകളായി ജീവിച്ച മുരളിയുടെ ഏക സ്വപ്നമായിരുന്നു ഒരു വീട്. എന്നാൽ ആവശ്യമുന്നയിച്ച് ഓഫീസുകളെല്ലാം കയറി ഇറങ്ങിയ മുരളിക്ക് നിരാശ മാത്രമായിരുന്നു ഫലം. രണ്ട് മാസം മുമ്പായിരുന്നു മുരളിയുടെ മരണം. മുരളിയുടെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ കുടുംബത്തിന് വീട് നൽകാൻ വേണ്ടത് ചെയ്യാമെന്ന് തിരൂരങ്ങാടി തഹസിൽദാർ, പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നെങ്കിലും പിന്നീട് യാതൊരു നടപടിയുമുണ്ടായിരുന്നില്ല. വീട് വെയ്ക്കാൻ ഓരോ സാങ്കേതിക തടസം പറഞ്ഞ് ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറി. ഇതോടെ ഈ കുടുംബം എന്ത് ചെയ്യണമെന്നറിയാതെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.

കുടുംബത്തിന് വീട് അനുവദിക്കാമെന്ന വാഗ്ദാനം പാലിക്കാത്തത് ചൂണ്ടിക്കാട്ടി വീടിനപേക്ഷിച്ച് മടുത്ത് ആത്മഹത്യ ചെയ്തകോഴിച്ചെനയിലെ തമിഴ്‌നാട് സ്വദേശി മുരളിയുടെ മാതാപിതാക്കളായിരുന്നു മനുഷ്യാവകാശ കമ്മീഷനു മുന്നിൽ പരാതിയുമായെത്തിയത്.
മനുഷ്യാവകാശ സംഘടനയുടെ പിന്തുണയോടെ മുരളിയുടെ മാതാവ് വേട്ടക്കാരി, പിതാവ് മനോഹരൻ എന്നിവരാണ് മനുഷ്യാവകാശ കമ്മീഷൻ അംഗം അഡ്വ: മോഹൻകുമാർ മുമ്പാകെ പരാതി ബോധിപ്പിച്ചത്. പരാതി സ്വീകരിച്ച കമ്മീഷൻ അടുത്ത സിറ്റിങിൽ തെന്നല പഞ്ചായത്ത് സെക്രട്ടറിയോട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

പാലക്കാട്- തമിഴ്‌നാട് അതിർത്തി ഗ്രാമത്തിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട മുരളിയുടെ കുടുംബം 30 വർഷങ്ങൾക്ക് മുമ്പാണ് കോഴിച്ചെനയിലെ കണ്ണഞ്ചിറപറമ്പിലെത്തിയത്. മുരളി അടക്കമുള്ളവർ കോഴിച്ചെനയിൽ തന്നെയാണ് ജനിച്ചുവളർന്നത്. പൂക്കിപ്പറമ്പിനടുത്ത ചീനി മരചുവട്ടിലാണ് ഈ കുടംബം ഇപ്പോൾ കഴിയുന്നത്. വീടില്ലാത്തതിനാൽ വഴിയോരത്ത് കുടിൽ കെട്ടി താമസിക്കുന്ന മുരളിയും കുടുംബവും വീടിനായി പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നെന്നും നടപടിയുണ്ടാകാത്തതിൽ മനംനൊന്ത്ജീവനൊടുക്കുകയായിരുന്നുവെന്ന് മുരളിയുടെ പിതാവ് മനോഹരൻ മറുനാടൻ മലയാളിയോടു പറഞ്ഞു.

മുരളിയുടെ ഭാര്യ മഹിളാമന്ദിരത്തിലും കുട്ടി ശിശുക്ഷേമ കേന്ദ്രത്തിലുമാണിപ്പോയുള്ളത്. മരണ ശേഷം സർക്കാർ ഇരുവരേയും ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ മുരളിയുടെ ഭാര്യയേയും കുഞ്ഞിനെയും പരസ്പരം കാണാൻ പോലും പറ്റാത്ത അവസ്ഥ ഈ മാതാപിതാക്കളെ മാനസികമായി തളർത്തുന്നു.

മുരളിയുടെ മരണ ശേഷം അധികൃതർ വീട് നൽകാമെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ കൈ മലർത്തുകയാണ്. ഭൂമിയില്ലെന്നതാണ് അധികൃതർ കൈയൊഴിയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. തെരുവിൽ നാലു പതിറ്റാണ്ടോളം കഴിഞ്ഞ ഈ കുടുംബത്തിന് ഒരു കൂര ലഭിക്കാൻ ഇനി എത്ര ദൂരം സഞ്ചരിക്കണമെന്ന് അധികൃതർക്കും നിശ്ചയമില്ല. സംഭവത്തിൽ പഞ്ചായത്തിന്റെ വിശദീകരണം കേൾക്കാനായി സെക്രട്ടറിയോട് ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുകയാണ് മനുഷ്യാവകാശ കമ്മീഷൻ. ഇതു കേട്ട ശേഷം തുടർ നടപടി കൈകൊള്ളുമെന്ന് കമ്മീഷൻ അംഗം അഡ്വ.മോഹൻകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP