Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വവ്വാക്കാവിലെ കാണിക്ക മോഷണം കണ്ടെത്താൻ കൊണ്ടുവന്നത് ലാബ്രഡോർ ട്രാക്കർ ഡോഗിനെ; മണം പിടിച്ച് നിന്നോടിയ നായ ചെന്ന് നിന്നത് കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമം നടന്ന മറ്റൊരു ക്ഷേത്രത്തിനു മുന്നിൽ; വീണ്ടും ഓട്ടം തുടർന്നപ്പോൾ അറിഞ്ഞത് ചെറിയഴീക്കൽ അമ്പലത്തിൽ ഓടിളക്കി മോഷണം; പുനലൂരിലെ 'കത്തി' കണ്ടെത്തിയതും ഗന്ധം തിരിച്ചറിഞ്ഞ്; ദേവനന്ദയെ തേടി താത്കാലിക നടപ്പാതയിലൂടെ നടന്ന് അക്കരെ പോയി കുത്തിയിരുന്നതും അടയാളം നൽകൽ; കേരളാ പൊലീസിലെ റീനയെന്ന സിഐഡി പട്ടിയുടെ കഥ

വവ്വാക്കാവിലെ കാണിക്ക മോഷണം കണ്ടെത്താൻ കൊണ്ടുവന്നത് ലാബ്രഡോർ ട്രാക്കർ ഡോഗിനെ; മണം പിടിച്ച് നിന്നോടിയ നായ ചെന്ന് നിന്നത് കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമം നടന്ന മറ്റൊരു ക്ഷേത്രത്തിനു മുന്നിൽ; വീണ്ടും ഓട്ടം തുടർന്നപ്പോൾ അറിഞ്ഞത് ചെറിയഴീക്കൽ അമ്പലത്തിൽ ഓടിളക്കി മോഷണം; പുനലൂരിലെ 'കത്തി' കണ്ടെത്തിയതും ഗന്ധം തിരിച്ചറിഞ്ഞ്; ദേവനന്ദയെ തേടി താത്കാലിക നടപ്പാതയിലൂടെ നടന്ന് അക്കരെ പോയി കുത്തിയിരുന്നതും അടയാളം നൽകൽ; കേരളാ പൊലീസിലെ റീനയെന്ന സിഐഡി പട്ടിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കേരള പൊലീസിൽ ഇപ്പോൾ 150 നായ്ക്കളുണ്ട്. കൊലപാതകം, മോഷണം തുടങ്ങിയ കേസുകൾ, ലഹരി വസ്തുക്കൾ, സ്‌ഫോടക വസ്തുക്കൾ എന്നീ വിഭാഗങ്ങളിൽ പരിശീലനം നേടിയവർ. കൊലപാതകവും മോഷണവുമൊക്കെ മണത്തറിയുന്ന ട്രാക്കർ ഡോഗുകൾ. മറ്റുള്ളവർ സ്‌നിഫർ ഡോഗുകൾ. ഇതിൽ റീന കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോർ ഇനത്തിലുള്ള ട്രാക്കർ ഡോഗാണ്.

ഇത്തിക്കരയാറ്റിലെ ദേവനന്ദയുടെ കാണാതാകൽ തേടിയുള്ള റീനയുടെ യാത്ര ചർച്ചയാവുകയാണ്. ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് റീനയുടെ കിറുകൃത്യത പൊലീസും തിരിച്ചറിയുന്നത്. ആറു വയസ്സുള്ള റീന തേടി ഇറങ്ങിയതും കാണാതെ പോയ ആറു വയസ്സുകാരിയെയാണ്. ഓച്ചിറയ്ക്കു സമീപം വവ്വാക്കാവിൽ ക്ഷേത്രമോഷണത്തിലെ പ്രതിയെ കണ്ടെത്തിയ അതേ പൊലീസ് നായ വീണ്ടും മികവ് കാട്ടി. ഇനിയുള്ള അന്വേഷണത്തിലും റീനയുടെ യാത്രയാകും നിർണ്ണായകം,

ഹാൻഡ്ലർമാർ ദേവനന്ദയുടെ ഒരു വസ്ത്രം റീനയ്ക്കു മണപ്പിക്കാൻ കൊടുത്തു. പിന്നെ സമീപത്തു നിന്നവരെപ്പോലും നോക്കാതെ റീന വീടിന്റെ പിൻവാതിൽ വഴി പുറത്തേക്കു നടന്നു. തിരച്ചിലിന് എത്തിയവർ ഉൾപ്പെടെ പിന്നാലെ. വഴിയിലെ പൂട്ടിയിട്ടിരിക്കുന്ന വീടിനു മുന്നിലും പൊന്തക്കാട്ടിലും കയറിയ റീന, ദേവനന്ദയുടെ വീട്ടിൽ നിന്നു 300 മീറ്റർ അപ്പുറം പള്ളിമൺ ആറിന്റെ കരയിൽ എത്തി. കുറുകെയുള്ള താത്കാലിക നടപ്പാതയിലൂടെ നടന്ന് അക്കരെ പോയി കുത്തിയിരുന്നു. ഈ വഴി തന്നെയാണ് ദേവനന്ദ പോയതെന്ന് പൊലീസും തിരിച്ചറിയുന്നു.

നടപ്പാതയുടെ മുകൾ ഭാഗത്തു പൊലീസിന്റെ മുങ്ങൽ വിദഗ്ദ്ധർ അപ്പോൾ തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇന്നലെ പാതയുടെ താഴെ തിരച്ചിൽ നടത്തിയപ്പോഴാണു ദേവനന്ദയുടെ ശരീരം കണ്ടെത്തിയത്. ഓച്ചിറയ്ക്കു സമീപം വവ്വാക്കാവിൽ ക്ഷേത്രമോഷണം നടന്ന സ്ഥലത്തു റീനയെ കൊണ്ടുപോയിരുന്നു. അവിടെ നിന്നോടിയ റീന മറ്റൊരു ക്ഷേത്രത്തിനു മുന്നിൽ നിന്നു. അപ്പോഴാണ് അവിടത്തെ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമം നടന്നിരുന്നെന്നു അറിയുന്നത്.

റീന വീണ്ടും ഓടി മറ്റൊരു ക്ഷേത്രത്തിനു മുന്നിൽ നിന്നു. ആ ക്ഷേത്രം പരിശോധിച്ചപ്പോൾ മോഷ്ടാവ് ഓട് ഇളക്കി അകത്തിറങ്ങാൻ ശ്രമിച്ചെന്നു കണ്ടെത്തി. കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന വിരുതനാണ് അന്ന് പൊലീസ് പിടിയിലായത്. ക്ഷേത്രങ്ങളുടെ വഞ്ചികൾ തുറന്ന് പണം കവരുന്ന ആലപ്പുഴ കളർകോട് സ്വദേശി സുമേഷാണ് പിടിയിലായത്. റീനയ്‌ക്കൊപ്പം ചെറിയഴീക്കൽ ക്ഷേത്രത്തിൽ സ്ഥാപിച്ചരുന്ന സി.സി.ടി.വിയാണ് പ്രതിയെ കുടുക്കിയത്. കരുനാഗപ്പള്ളിക്ക് സമീപമുള്ള വവ്വാക്കാവ് പുലിയംകുളങ്ങര ക്ഷേത്രം, ചെറിയഴീക്കൽ ക്ഷേത്രം ആലപ്പാട് ക്ഷേത്രം ഓച്ചിറ വല്ലം ക്ഷേത്രം തുടങ്ങി ഒട്ടേറേ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു.

ആരും അറിയില്ലെന്നും കാണില്ലെന്നും കരുതി ക്ഷേത്രത്തിന്റെ മേൽക്കുരയിളക്കി കടന്ന കള്ളനാണ് പൊലീസിന്റെ വലയിൽ കുടുങ്ങിയത്. ഇതിന് കാരണം റീനയുടെ മികവായിരുന്നു. ചെറിയഴീക്കൽ ക്ഷേത്രത്തിലെ മോഷണമാണ് അമ്പലക്കള്ളന് പണിയായത്. കൊല്ലം ആലപ്പുഴ ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ രാത്രി കാലങ്ങളിൽ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം നടത്തുന്ന സുമേഷ് നേരത്തേ സമാനമായ കേസിൽ ജയിലിൽ കിടന്നിട്ടുണ്ടായിരുന്നു. രാത്രിയിൽ ആലപ്പുഴയിൽ നിന്ന് ബസിൽ കരുനാഗപ്പള്ളിയിൽ വന്നിറങ്ങുന്ന സുമേഷ് ബസ് സ്റ്റേഷൻ പരിസരത്ത് കഴിച്ചുകൂട്ടിയ ശേഷം അർധരാത്രിയിലോ പുലർച്ചയോ ആണ് മോഷണം നടത്താറുള്ളതെന്നും തെളിഞ്ഞു. പുനലൂരിനടുത്തു നടന്ന കൊലപാതകത്തിന് ഉപയോഗിച്ച കത്തി അര കിലോമീറ്റർ അകലെ നിന്നാണു റീന കണ്ടെത്തിയത്. അന്വേഷണത്തിൽ അതും വഴിത്തിരിവു സൃഷ്ടിച്ചു.

നായ്ക്കുട്ടികളെ 3 മാസം പ്രായമുള്ളപ്പോൾ പൊലീസിലേക്കു റിക്രൂട്ട് ചെയ്യും. കേരളത്തിലെ നായ് വളർത്തുകാരിൽ നിന്നു വാങ്ങുകയാണു രീതി. അപ്പോൾ തന്നെ പൊലീസുകാരിൽ നിന്നു 2 ഹാൻഡ്ലർമാരെയും തിരഞ്ഞെടുക്കും. പിന്നെ 9 മാസം തൃശൂർ പൊലീസ് അക്കാദമയിൽ പരിശീലനം. ആദ്യം ഹാൻഡലറുടെ സോക്‌സോ തൂവാലയോ മണപ്പിക്കാൻ കൊടുക്കും. എന്നിട്ട് ഒളിച്ചിരിക്കുന്ന ഹാൻഡ്‌ലറെ കണ്ടെത്താൻ വിടും. അങ്ങനെ പരിശീലനം. പിന്നെ വിനയവും വിവേകവും പഠിപ്പിക്കും.

പരിശീലനം കഴിഞ്ഞാൽ അവരുടെ വിഭാഗമായ കെ 09 സ്‌ക്വാഡിൽ ജോലി നൽകും. വസ്ത്രമാണു സാധാരണ മണപ്പിക്കാൻ നൽകുന്നത്. അതു ധരിച്ചയാളിന്റെ ചർമാംശം, വിയർപ്പ് എന്നിവയുടെ ഗന്ധം മനസ്സിലാക്കി പ്രയാണം ആരംഭിക്കും. തണുത്തതോ സൂര്യപ്രകാശം ഏൽക്കാത്തതോ ആയ സ്ഥലമാണെങ്കിൽ നായയുടെ വേഗം കൂടും. ഗന്ധം തിരിച്ചറിയാൻ എളുപ്പമാണു തണുപ്പും തണലുമുള്ള സ്ഥലങ്ങളിൽ.

വെയിൽ ഏൽക്കുന്ന പ്രദേശത്തു ഗന്ധത്തിന്റെ രൂക്ഷത കുറയും. അടിവസ്ത്രങ്ങൾ മണപ്പിക്കാനായാലും അന്വേഷണം വേഗത്തിലാകും. ഈ കഠിന പരിശീലന വഴിയിലൂടെയാണ് റീനയും കേരളാ പൊലീസിന്റെ ഭാഗമായത്. കൊലപാതകികളും മോഷ്ടാക്കളും കൃത്യത്തിനുശേഷം മടങ്ങിയപാത തിരിച്ചറിയുന്നതാണ് ട്രാക്കർ വിഭാഗത്തിലുള്ളവയുടെ പ്രത്യേകത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP