Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഊർജിത് പട്ടേലിനെ വിശ്വസിച്ച് ആവേശപൂർവം പ്രഖ്യാപനം നടത്തി; വിമർശനങ്ങളെല്ലാം പുച്ഛിച്ചു തള്ളി നിലപാടിൽ ഉറച്ചുനിന്നു; പറഞ്ഞ കാലയളവായിട്ടും പ്രശ്‌നങ്ങൾ തീരുന്ന ലക്ഷണമില്ല; റിസർവ് ബാങ്കിനെ കുറ്റം പറഞ്ഞ് സർക്കാർ രംഗത്ത്; കുഴപ്പങ്ങളുടെ ഉത്തരവാദിത്തത്തെ ചൊല്ലി തർക്കം തുടങ്ങി

ഊർജിത് പട്ടേലിനെ വിശ്വസിച്ച് ആവേശപൂർവം പ്രഖ്യാപനം നടത്തി; വിമർശനങ്ങളെല്ലാം പുച്ഛിച്ചു തള്ളി നിലപാടിൽ ഉറച്ചുനിന്നു; പറഞ്ഞ കാലയളവായിട്ടും പ്രശ്‌നങ്ങൾ തീരുന്ന ലക്ഷണമില്ല; റിസർവ് ബാങ്കിനെ കുറ്റം പറഞ്ഞ് സർക്കാർ രംഗത്ത്; കുഴപ്പങ്ങളുടെ ഉത്തരവാദിത്തത്തെ ചൊല്ലി തർക്കം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇരുട്ടിവെളുക്കുംമുമ്പ് പട്ടാളം നടത്തുന്ന സർജ്ജിക്കൽ സ്‌ട്രൈക്ക് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് കറൻസി നിരോധനം പ്രഖ്യാപിച്ചത് പ്രധാനമായും റിസർവ് ബാങ്കിനെ മുഖവിലയ്‌ക്കെടുത്തു കൊണ്ടാണ്. പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയതിനുശേഷം അത് ഫലപ്രദമായി, ജനങ്ങൾക്ക് പ്രശ്‌നമുണ്ടാകാതെ, കുറ്റമറ്റ രീതിയിൽ നടപ്പിലാക്കേണ്ട ചുമതല പൂർണമായും റിസർവ് ബാങ്കിനായിരുന്നു.

ധനകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലായിരുന്നു കാര്യങ്ങളുടെ ക്രമീകരണമെങ്കിലും ബാങ്കുകളുടെ പ്രവർത്തനം എങ്ങനെ വേണം, എടിഎമ്മുകളെല്ലാം എങ്ങനെ ക്രമീകരിക്കണം, എന്തെല്ലാം രീതിയിൽ നിയന്ത്രണം കൊണ്ടുവരണം, കറൻസി എത്രത്തോളം എത്തിക്കണം എന്നിങ്ങനെയുള്ള കാര്യത്തിലെല്ലാം നടപടിയെടുക്കേണ്ട ഉത്തരവാദിത്തം ആർബിഐക്കുതന്നെയായിരുന്നു. പക്ഷേ, എട്ടുദിവസത്തിനപ്പുറം മോദി കള്ളപ്പണവേട്ടയ്ക്കായി പ്രഖ്യാപിച്ച കറൻസി നിരോധനത്തിന്റെ പരിധി തീരുമ്പോൾ പ്രതിക്കൂട്ടിലാകുകയാണ് റിസർവ് ബാങ്കും അതിന്റെ മേധാവി ഊർജിത് പട്ടേലും.

മൂന്നുലക്ഷം കോടി മുതൽ അഞ്ചുലക്ഷം കോടിവരെയുള്ള നിരോധിത കറൻസി ബാങ്കുകളിൽ തിരിച്ചെത്തില്ലെന്ന വിലയിരുത്തലായിരുന്നു സർക്കാരിനും റിസർവ് ബാങ്കിനും കറൻസി നിരോധനം പ്രഖ്യാപിക്കുമ്പോൾ ഉണ്ടായിരുന്നത്. ആ പ്രഖ്യാപിത ലക്ഷ്യം പാളിയെന്നു മാത്രമല്ല, ജനങ്ങളെ വലയ്ക്കരുതെന്ന കേന്ദ്രസർക്കാരിന്റെ കർശന നിർദ്ദേശം ഫലപ്രദമായി നടപ്പാക്കുന്നതിൽ റിസർവ് ബാങ്കിന് വീഴ്ചവന്നുവെന്ന വിലയിരുത്തലാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഇതോടെ സർക്കാരും റിസർവ് ബാങ്കും കറൻസി നിരോധനത്തെ ചൊല്ലി രണ്ടുതട്ടിലായിക്കഴിഞ്ഞെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.

നോട്ടുപ്രഖ്യാപനത്തിന് മുമ്പുതന്നെ ആവശ്യത്തിന് കറൻസി എത്തിക്കാമായിരുന്നിട്ടും അതിന് വേണ്ട നടപടികൾ കൈക്കൊള്ളാത്തതുമുതൽ പഴയ നോട്ടുകൾ നിക്ഷേപിക്കുന്ന കാര്യത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിലപാടുകൾ മാറ്റുന്നതുവരെ ആകെ കുത്തഴിഞ്ഞ രീതിയിലാണ് റിസർവ് ബാങ്കിന്റെ നടപടികൾ ഉണ്ടായത്. ഇതിൽ കേന്ദ്രസർക്കാരിന് കടുത്ത അമർഷമുണ്ട്. മാത്രമല്ല, നോട്ടുനിരോധനത്തിന് ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നുവന്നാൽ ബിജെപിക്കും കേന്ദ്രസർക്കാരിനും കനത്ത തിരിച്ചടിയായി മാറും. ഇത്തരത്തിൽ തിരിച്ചടി ഒഴിവാക്കാനാണ് രാജ്യം മുഴുവൻ കള്ളപ്പണ വേട്ടയ്ക്കായി ഇൻകം ടാക്‌സ് വകുപ്പിനെ ഉപയോഗിച്ച് റെയ്ഡുകൾ വ്യാപകമാക്കിയിട്ടുള്ളതെന്നാണ് വിവരം.

നോട്ടുനിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ റിസർവ് ബാങ്ക് ഇടയ്ക്കിടെ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ മാറ്റിയതിനെ ചൊല്ലിയാണ് ധനമന്ത്രാലയത്തിൽ വൻ എതിർപ്പുണ്ടായിരിക്കുന്നത്. ഇത്തരത്തിൽ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകാൻ ആർബിഐ നിർദ്ദേശങ്ങൾ കാരണമാകുന്നുവെന്ന വിമർശനം ശക്തമാകുകയും ചെയ്തു. ഏറ്റവുമൊടുവിൽ അക്കൗണ്ടുകളിൽ ഒറ്റത്തവണായി പരമാവധി 5000 രൂപവരെയേ പഴയ നോട്ടുകൾ നിക്ഷേപിക്കാവൂ എന്നും അതിൽ കൂടുതൽ നിക്ഷേപിക്കുന്നവരെ രണ്ട് ബാങ്കുദ്യോഗസ്ഥർ ചോദ്യം ചെയ്യുമെന്നും അപ്പോൾ ഉറവിടം കൃത്യമായി വ്യക്തമാക്കേണ്ടിവരുമെന്നും എന്തുകൊണ്ട് ഈ പണം നിക്ഷേപിക്കാൻ ഇത്രയും വൈകിയെന്ന് ബോധ്യപ്പെടുത്തണമെന്നും ആർബിഐ ഉത്തരവിറക്കിയിരുന്നു.

ഡിസംബർ 20നായിരുന്നു ഇത്. ഇക്കാര്യത്തിൽ ധനമന്ത്രാലയമാണ് തീരുമാനമെടുത്തത്. എന്നാൽ ഇക്കാര്യം റിസർവ് ബാങ്ക് സർക്കുലറായി ഇറക്കിയപ്പോൾ പണി പാളി. ധനമന്ത്രാലയം നിർദ്ദേശിച്ച പ്രകാരമുള്ള ഉത്തരവല്ല വന്നത്. ഇതു തിരിച്ചറിഞ്ഞതോടെയാണ് ഇതിനു പിന്നാലെ തിരുത്തൽ ഉത്തരവ് വരുന്നതും കെവൈസി മാനദണ്ഡൾ പാലിക്കുന്ന അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നവർക്ക് പരിധിയില്ലെന്നും ചോദ്യം ചെയ്യൽ ഉണ്ടാവില്ലെന്നും അല്ലാത്ത അക്കൗണ്ടുകളിലെ നിക്ഷേപത്തെ മാത്രമാണ് ഉത്തരവിൽ ഉദ്ദേശിച്ചതെന്നും വ്യക്തമാക്കപ്പെടുന്നതും.

അതേസമയം, ഇതിൽ നിന്ന ഭിന്നമാണ് ആർബിഐയുടെ നിലപാട്. കറൻസി നിരോധനത്തിന് ശേഷം സർക്കാർ ഇടയ്ക്കിടെ നിലപാട് മാറ്റുന്നതാണ് പ്രശ്‌നമാകുന്നതെന്ന് ആർബിഐ ഉദ്യോഗസ്ഥർ പറയുന്നു. ആർബിഐയുടെ ഇമേജിനെ തന്നെ ബാധിക്കുംവിധത്തിലാണ് സർക്കാരിന്റെ നിർദ്ദേശങ്ങൾ വരുന്നതെന്നും പുറത്ത് പ്രചരണം നടക്കുന്നതെന്നും എല്ലാത്തിനും ഉത്തരവാദി ആർബിഐ ആണെന്ന് വരുത്തി സർക്കാർ കൈകഴുകാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നുമാണ് അവരുടെ ആക്ഷേപം.
അതേസമയം, നോട്ടുനിരോധനത്തിന് പിന്നാലെ ഒന്നൊന്നായി ഉണ്ടായ പ്രശ്‌നങ്ങളിൽ നേരത്തേ പ്രതീക്ഷിച്ചവയും അല്ലാത്തവയും ഉണ്ടായിരുന്നു. ഇവയോടെല്ലാം നല്ലരീതിയിൽ യഥാസമയം പ്രതികരിക്കുന്നതിന് ആർബിഐക്ക് കഴിഞ്ഞില്ലെന്ന വിലയിരുത്തലും മന്ത്രാലയത്തിൽ നിന്ന് വരുന്നുണ്ട്. ഉദാഹരണത്തിന് വിവാഹ സീസണിലാണ് നോട്ടുനിരോധനം പ്രഖ്യാപിക്കപ്പെട്ടതെന്ന ആക്ഷേപം ഉയർന്നതോടെ തന്നെ ഇതിനായി പണം പിൻവലിക്കൽ ഇളവ് നൽകണമെന്ന് ആദ്യംതന്നെ ആവശ്യമുയർന്നിരുന്നു.

പുതിയ കറൻസിയായി 2.5 ലക്ഷംവരെ വധൂവരന്മാരുടെ വീട്ടുകാർക്ക് പ്രത്യേകം പിൻവലിക്കാൻ അനുമതി നൽകാമെന്ന് സർക്കാർ തീരുമാനിക്കുകയും ചെയ്തു. പക്ഷേ, മൂന്നുദിവസത്തിന് ശേഷമാണ് ആർബിഐ ഉത്തരവിറക്കിയത്. ഇതിനകം തന്നെ ഇക്കാര്യത്തിൽ എതിരാളികൾ സർക്കാരിനെതിരെ പ്രചരണം നടത്തുകയും ചെയ്തു. മാത്രമല്ല, ഈ ഉത്തരവിൽ കടുപ്പിച്ച നിബന്ധനകൾ കൂട്ടിച്ചേർത്താണ് ആർബിഐ നിർദ്ദേശങ്ങൾ വന്നതെന്നതും തിരിച്ചടിയുണ്ടാക്കി.

മറ്റൊരു അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കുന്നത് തിരിച്ചെത്തുന്ന നോട്ടുകളുടെ കാര്യത്തിലാണ്. കഴിഞ്ഞ മാസം അവസാനത്തോടെ തന്നെ 12 ലക്ഷം കോടിയിൽപ്പരം രൂപ തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. ഇത് ശരിയല്ലെന്ന തോന്നലാണ് ധനമന്ത്രാലയത്തിനുള്ളത്. അതിനാൽ ബാങ്കുകളിലെത്തിയ പണം ഡബിൾ ചെക്ക് ചെയ്യണമെന്നും ആവർത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തണമെന്നും ആർബിഐയോടും ബാങ്കുകലോടും സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് നിർദ്ദേശം നൽകിയിരുന്നു.

നിയമപ്രകാരം ടാക്‌സ് ഒടുക്കിയ പണമാണ് ബാങ്കുകളിൽ നിക്ഷേപിക്കുന്നത് എന്ന ഉറപ്പുവരുത്തേണ്ടത് ബാങ്കുകളുടേയും ആർബിഐയുടേയും ഉത്തരവാദിത്തംകൂടിയാണെന്ന തരത്തിൽ കേന്ദ്ര നിർദ്ദേശമുണ്ടായെന്നും വാർത്തകളുണ്ട്. ഇത് പ്രാവർത്തികമല്ലെന്നും ബാങ്കുകളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നതാണെന്നും ആർബിഐയുടെ ഉത്തരവാദിത്തമല്ല ഇതെന്നുമാണ് വാദമുയർന്നിട്ടുള്ളത്.

കാർഡുകളുടെ ഉപയോഗത്തിന് മേൽ ചാർജുകൾ ഈടാക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അത് ആർബിഐ നിർദ്ദേശമായി പുറത്തുവരാനും ഏറെ ദിവസമെടുത്തുവെന്നതിനെ ചൊല്ലിയും രണ്ടുതട്ടിലാണ് കേന്ദ്രസർക്കാരും ആർബിഐയും. ഏതായാലും നോട്ടുനിരോധനത്തിൽ സർക്കാരിന്റെ മുഖച്ഛായ രക്ഷിക്കാനുള്ള ബാധ്യത റിസർവ് ബാങ്ക് നിറവേറ്റിയില്ലെന്ന് സർക്കാരും തിരിച്ച് തങ്ങളുടെ പരിമിതികൾ ചൂണ്ടിക്കാട്ടി റിസർവ് ബാങ്കും രണ്ടു തട്ടിലാണിപ്പോളെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച അമ്പതുദിവസത്തെ കാലാവധി പൂർത്തിയാകുമ്പോൾ ഈ അകൽച്ച കൂടുമോ എന്ന സംശയമാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP