Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'തെക്കനെയും മൂർഖനെയും' എന്നത് പ്രളയകാലത്തെ വ്യാജ പ്രചാരണം മാത്രം; മലബാറിലേക്ക് തെക്കൻ ജില്ലകളിൽനിന്ന് ഇന്നലെ മാത്രം എത്തിച്ചത് മുന്നൂറ് ടണ്ണോളം സാധനങ്ങൾ; തെക്ക് വടക്ക് എന്നുള്ള വേർതിരിവ് മലയാളികൾക്ക് ഇല്ലെന്ന തെളിവാണ് ഇതെന്നും തിരുവനന്തപുരം മേയർ; ദുരിതത്തിൽ കേരളം കൈകോർക്കുന്നത് പ്രാദേശിക ഭേദമില്ലാതെ

'തെക്കനെയും മൂർഖനെയും' എന്നത് പ്രളയകാലത്തെ വ്യാജ പ്രചാരണം മാത്രം; മലബാറിലേക്ക് തെക്കൻ ജില്ലകളിൽനിന്ന് ഇന്നലെ മാത്രം എത്തിച്ചത് മുന്നൂറ് ടണ്ണോളം സാധനങ്ങൾ; തെക്ക് വടക്ക് എന്നുള്ള വേർതിരിവ് മലയാളികൾക്ക് ഇല്ലെന്ന തെളിവാണ് ഇതെന്നും തിരുവനന്തപുരം മേയർ; ദുരിതത്തിൽ കേരളം കൈകോർക്കുന്നത് പ്രാദേശിക ഭേദമില്ലാതെ

സുവർണ്ണ പി എസ്

തിരുവനന്തപുരം: 'തെക്കനെയും മൂർഖനെയും കണ്ടാൽ ആദ്യം ആരെ തല്ലണം.' - മലബാർ പ്രളയത്തിൽ പകച്ചു നിൽക്കുമ്പോൾ ചിലർ അഴിച്ചു വിട്ട ഒരു കുപ്രചാരണം ആയിരുന്നു തെക്കൻ ജില്ലക്കാർ വടക്കൻ ഭാഗങ്ങളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നില്ല എന്നത്. കഴിഞ്ഞ തവണ കേരളത്തിന്റെ തെക്കൻ ഭാഗങ്ങൾ പ്രളയക്കെടുതിയിൽ മുങ്ങിയപ്പോൾ മുൻപിൻ നോക്കാതെ ഓടിയെതതിയത് മലബാറുകൾ ആണെന്നും ഇപ്പോൾ തെക്കന്മാർ ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും, അവശ്യസാധനങ്ങൾ അയച്ചുകൊടുക്കുന്നില്ലെന്നും ചിലർ സംഘടിതമായി പ്രചാരണം നടത്തിയിരുന്നു. എന്നാൽ ആദ്യ ദിനങ്ങളിലെ മന്ദതക്കുശേഷം മലബാറിലേക്കുള്ള ദുരിതാശ്വാസം ഇപ്പോൾ തലസ്ഥാന നഗരത്തിൽനിന്ന് അടക്കം പ്രവഹിക്കയാണ്.

രണ്ടാം ദിവസം മുതൽ നിരവധി ലോഡുകളാണ് തിരുവനന്തപുരം നഗരസഭയിൽ നിന്നും ദുരിതബാധിത പ്രദേശങ്ങളിലേയ്ക്ക് പോയത്. ലോഡ് ഒരുക്കുന്നതിനായ് വൊളന്റിയർമാർക്കൊപ്പം മേയർ വി.കെ പ്രശാന്ത് എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ സമാഹരിക്കുന്നതിനും അവ അടുക്കിവയ്ക്കുന്നതിനും വാഹനങ്ങളിൽ സുരക്ഷയോടെ കയറ്റി അയച്ച് കൃത്യ സമയത്ത് അവിടെയെത്തുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതും ചെറുപ്പക്കാരാണ്. കഴിഞ്ഞ അഞ്ച് ദിവസം സജീവ പ്രവർത്തനങ്ങളുമായി ചെറുപ്പക്കാർ മേയർക്കൊപ്പം തന്നെയുണ്ട്.

തെക്കൻ ജില്ലകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നില്ലെന്നുള്ള കുപ്രചരണങ്ങൾ തെറ്റാണെന്ന് തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് പറയുന്നു. മാത്രമല്ല കഴിഞ്ഞ പ്രളയകാലത്ത് മലയാളികൾ കാണിച്ച കൂട്ടായ്മയും ഐക്യവുമാണ് പ്രളയത്തെ അതിജീവിക്കാൻ നമ്മളെ സഹായിച്ചതെന്നും. അന്ന് ഉണ്ടാക്കിയ ഐക്യത്തെ തകർക്കാനായുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായി എന്നും എന്നാൽ അതെല്ലാം മലയാളികൾ തള്ളിക്കളഞ്ഞുവെന്നും മേയർ പറയുന്നു. അതിന്റെ തെളിവാണ് കളക്ഷൻ സെന്ററിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സഹായങ്ങൾ. ഏകദേശം മുന്നൂറ് ടണ്ണോളം സാധനങ്ങളാണ് പ്രളയബാധ്യതമേഖലകളിലേയ്ക്ക് കയറ്റി അയച്ചത്.

തിരുവനന്തപുരം നഗരസഭയുടെ വഹനങ്ങൾ അവിടെയ്ക്ക് എത്തുമ്പോൾ മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും തെക്ക് വടക്ക് എന്നുള്ള വേർതിരിവ് മലയാളികൾക്ക് ഇല്ലെന്നുള്ളതിന്റെ തെളിവാണ് ഇതെന്നും പറയുന്ന മേയർ ഇത്തരം കുപ്രചരണങ്ങൾ നടത്തിയവരെല്ലാം ഇതിൽ നിന്നും പിന്നീട് പിന്മാറിയെന്നും പറയുന്നു. ഇതിന് പുറമേ പല ആളുകളും സഹായവുമായി എത്തുന്നുണ്ട്. അതെല്ലാം തന്നെ സിഎംഡിആർഎഫിലേക്കുള്ള തുകകൾ നഗരസഭയുടെ കേന്ദ്രത്തിലെത്തിക്കാൻ വന്നിട്ടുള്ളതാണ്. ഇതുപോലെ ഇനിയും ധാരാളം ആളുകൾ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ എത്തണമെന്നാണ് മോയർ പറയുന്നത്. അതിനോടൊപ്പം തന്നെ ഇനിയും സാധനസാമഗ്രികൾ തരണമെന്ന് ആഗ്രഹിക്കുന്നവർ ശുദ്ധീകരണ സാധനങ്ങൾ തരണമെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആ പൈസ നൽകാമെന്നും മേയർ പറയുന്നു.

ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ സമാഹരിക്കുന്നതിനായി നഗരസഭയിൽ തുറന്നിരിക്കുന്ന ക്യാമ്പിൽ നിരവധിയാളുകളാണ് സാധനങ്ങൾ എത്തിക്കുന്നത്. അവശ്യസാധനങ്ങൾ എല്ലാം കിട്ടുന്നുണ്ടെന്നും എന്നാൽ ഡോക്റ്റിസൈക്ലിനും ക്ലീനിംങ് ഐറ്റംസും ബേബി സ്വറ്ററുമാണ് ഇനി ആവശ്യമുള്ള പ്രധാന സാധനങ്ങളെന്നും പ്രവർത്തകർ പറയുന്നു. അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോഴെക്കും നിരവധി വാഹനങ്ങളാണ് ദുരിതാശ്വാസ മേഖലകളിലേക്ക് സാധനങ്ങളുമായ് പോയിരിക്കുന്നത്. വൊളന്റിയർമാർ 24 മണിക്കൂറും കളക്ഷൻ സെന്ററുകളിൽ നിന്ന് പ്രവർത്തിക്കുകയാണ്. കൂടുതലും ചെറുപ്പക്കാരാണ് പ്രവർത്തനങ്ങൾക്കായി സജീവമായി നിൽക്കുന്നത്. നഗരസഭയിൽ മാത്രമല്ല തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായി നിരവധി കളക്ഷൻ സെന്ററുകളാണ് പ്രവർത്തിക്കുന്നത്.

അതേസമയം സർക്കാരിന്റെ കീഴിലുള്ള ക്യാമ്പുകളിലേയ്ക്ക് അല്ലാതെ അധികം ആരും എത്തിപ്പെടാത്ത സ്ഥലങ്ങളിലേയ്ക്ക് അവശ്യസാധനങ്ങൾ എത്തിക്കുകയാണ് ബിഗ് എഫ് എമ്മിന്റെ കീഴിലുള്ള കൂട്ടായിമ. ബിഗ് എഫ് എമ്മിന്റെ കീഴിലുള്ള 25 ഓർഗനൈസേഷനുകൾ ഒരുമിച്ച് നിന്നുകൊണ്ട് ബിഗ് ഫ്രണ്ട്‌സ് എന്ന പേരിലാണ് കൂട്ടായിമയുടെ പ്രവർത്തനം. തിരുവനന്തപുരം ബേക്കറി ജംഗ്ക്ഷന് സമീപം പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിലേക്ക് നിരവധി സാധനങ്ങളാണ് എത്തുന്നത്. സാധനങ്ങൾ എത്തിക്കാൻ കഴിയാത്തവർ വിളിച്ച് പറയുന്നതിന് അനുസരിച്ച് ബിഗ് എഫ്എം പ്രവർത്തകർ നേരിട്ട് ചെന്ന് സാധനങ്ങൾ കളക്റ്റ് ചെയ്യുന്നുമുണ്ട്. അതേസമയം ബിഗ് എഫ്എമ്മിന്റെ കീഴിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിലെ വൊളന്റിയേർസെല്ലാം വളരെ റിസ്‌ക്കെടുത്താണ് സാധനങ്ങൾ ക്യാമ്പുകളിൽ എത്തിക്കുന്നതെന്നും. കൂടാതെ അഞ്ചും ആറും കിലോമീറ്റർ നടന്നാണ് വൊളന്റിയേഴ്‌സ് സാധനങ്ങൾ ക്യാമ്പുകളിലും വീടുകളിലും എത്തിക്കുന്നതെന്നും ബിഗ് എഫ്എം പ്രവർത്തകൻ വിനോദ് പറയുന്നു. ഓരോ ദിവസവും രണ്ടും മൂന്നും കണ്ടെയ്‌നറുകളാണ് സാധനങ്ങളുമായ് ദുരിതമേഖലകളിലേയ്ക്ക് പോകുന്നത്.

പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായ് കേരളം ഒന്നിച്ച് നിന്ന് പ്രവർത്തിക്കുന്ന കാഴ്‌ച്ചയാണ് ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ജാതിയും മതവും സമ്പത്തും പ്രദേശവുമൊന്നും ഇതിനൊരു തടസമാകുന്നില്ല. കഴിഞ്ഞ പ്രളയത്തിൽ കേരളം ഒന്നിച്ച് നിന്ന് പ്രവർത്തിച്ചതിന്റെ ഫലമായാണ്് പ്രളയത്തിൽ നിന്ന് ഒരു നാടിനെ പെട്ടെന്ന് രക്ഷപ്പെടുത്തിയെടുക്കാൻ സഹായിച്ചത്. ഇത്തവണയും അങ്ങനെ തന്നെ നിന്നുകൊണ്ട് പ്രളയത്തിൽ നിന്ന് കരകയറാനാകുമെന്ന് തെളിയിക്കുകയാണ് കേരളീയർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP