Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്താം ക്ലാസുകാരൻ പണം കൊടുത്ത് പിഎച്ച്ഡി വാങ്ങി എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലായി! വ്യാജ പിഎച്ച്ഡി സർട്ടിഫിക്കറ്റ് വിലക്ക് വാങ്ങിയവരിൽ മതനേതാക്കൾ മുതൽ വ്യവസായികൾ വരെ; 'പ്രാഞ്ചിയേട്ടന്മാരായവരിൽ' കൂടുതലും പ്രവാസികൾ

പത്താം ക്ലാസുകാരൻ പണം കൊടുത്ത് പിഎച്ച്ഡി വാങ്ങി എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലായി! വ്യാജ പിഎച്ച്ഡി സർട്ടിഫിക്കറ്റ് വിലക്ക് വാങ്ങിയവരിൽ മതനേതാക്കൾ മുതൽ വ്യവസായികൾ വരെ; 'പ്രാഞ്ചിയേട്ടന്മാരായവരിൽ' കൂടുതലും പ്രവാസികൾ

ണം നൽകിയാൽ ഇന്നത്തെ കാലത്ത് എന്തും വിലയ്ക്കു വാങ്ങാം. ഡോക്ടറേറ്റ് പോലും പണം കൊടുത്തുവാങ്ങാവുന്ന അവസ്ഥയിലാണ് ഇന്ന് നമ്മുടെ നാട്. കൊളംബോ ഓപ്പൺ സർവകലാശാലയുടേതെന്ന പേരിൽ ലഭിച്ച വ്യാജ പിഎച്ച്ഡി പണം നൽകി സ്വന്തമാക്കിയ മലയാളികൾ നിരവധിയാണ്. മനോരമ ന്യൂസാണ് വാർത്ത പുറത്തുവിട്ടത്. മതനേതാക്കളുൾപ്പെടെയുള്ളവർ വ്യാജ പിഎച്ച്ഡി സ്വന്തമാക്കിയവരുടെ കൂട്ടത്തിലുണ്ടെന്ന് ചാനൽ പറയുന്നു. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ മനോരമ ന്യൂസ് റിപ്പോർട്ടർ വെളിപ്പെടുത്തിയിട്ടില്ല. 

പത്താം ക്ലാസ് യോഗ്യത മാത്രമുള്ളയാൾ പിഎച്ച്ഡി പണംകൊടുത്ത് വാങ്ങിയശേഷം എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ വരെയായ സംഭവവും ഉണ്ടായിട്ടുണ്ട്. യോഗ്യത 'വാങ്ങി'യവരിൽ അധികവും പ്രവാസി മലയാളികളായ ബിസിനസുകാരാണെന്നും ചാനൽ റിപ്പോർട്ട് ചെയ്യുന്നു. പൊതുപ്രവർത്തകർ സാമൂഹ്യസേവനത്തിലും ജൂവലറിക്കാർ ജെമ്മോളജിയിലുമാണ് പിഎച്ച്ഡി വാങ്ങിയത്. വ്യാപാരികൾക്ക് ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിലും പിഎച്ച്ഡി വാങ്ങാനാകുമെന്നാണ് വെളിപ്പെടുത്തൽ.

മൂന്നുലക്ഷം രൂപ നൽകിയാൽ സ്‌കൂളിന്റെ പടിപോലും കണ്ടിട്ടില്ലാത്ത ആർക്കും ഡോക്ടറേറ്റ് ലഭിക്കുമെന്നതാണ് അവസ്ഥ. പണത്തിനൊപ്പം ഒരൊപ്പും മൂന്നു ഫോട്ടോയും മാത്രം ഇടനിലക്കാരന് കൈമാറിയാൽ മതി. പിഎച്ച്ഡി സർട്ടിഫിക്കറ്റ് റെഡി. ഇടനിലക്കാരനായ പ്രദീപിന് കൊല്ലത്ത് ഇതിനായി ഒരു ഓഫീസ് തന്നെയുണ്ട്. പിഎച്ച്ഡി സർട്ടിഫിക്കറ്റ് എപ്പോൾ എവിടെ ആർക്കുവേണമെങ്കിലും ലഭ്യമാക്കുമെന്ന് പ്രദീപ് പറയുന്നു.

എന്നാൽ, കൊളംബോ യൂണിവേഴ്‌സിറ്റിയുടേതെന്ന പേരിൽ നൽകുന്ന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന കാര്യം പലർക്കും അറിയില്ലെന്നും ചാനൽ പറയുന്നു. മതനേതാക്കളും വ്യവസായികളുമെല്ലാം ഈ പട്ടികയിൽ വരുന്നുണ്ട്. ആലപ്പുഴ നൂറനാട് അർച്ചന എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ കൊച്ചി സ്വദേശി സതീഷ് കുമാറാണ് പിഎച്ച്ഡി പണംകൊടുത്തുവാങ്ങിയത്. പിഎച്ച്ഡി വാങ്ങിയവരിൽ കൂടുതലും വ്യവസായ രംഗത്തുള്ള പ്രവാസി മലയാളികളാണ്.

ഗൈഡില്ലാതെയും ഗവേഷണം നടത്താതെയും പിഎച്ച്ഡി സർട്ടിഫിക്കറ്റ് ലഭിക്കും എന്നതിനാൽ തന്നെ സംഭവം വ്യാജമാണെന്ന് മനസിലാക്കാമെങ്കിലും ആരും പിന്നീട് ഇതെക്കുറിച്ച് തിരക്കാറില്ല. സർട്ടിഫിക്കറ്റ് ലഭിച്ചാൽ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെടാനോ ഇത് യഥാർഥമാണോ എന്ന് അന്വേഷിക്കാൻ പോലും ആരും മെനക്കെടാറില്ല. ഈ പഴുതുകൾ മുതലെടുത്താണ് വ്യാജ സർട്ടിഫിക്കറ്റുകൾ എത്തുന്നത്.

പണംകുന്നുകൂടുമ്പോൾ എന്തുവില കൊടുത്തും പദവികൾ സ്വന്തമാക്കി പ്രശസ്തിയിലേക്ക് കുതിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് വ്യാജന്മാരുടെ പിടിയിൽ പെടുന്നത്. വിവിധ പരിപാടികളിൽ പങ്കെടുക്കുമ്പോഴും പൊതുജനമധ്യത്തെത്തുമ്പോഴും പേരിനു മുന്നിൽ 'ഡോക്ടർ' എന്നു കൂടി ചേരുമ്പോഴുണ്ടാകുന്ന ഗമയ്ക്കുവേണ്ടിയാണ് എത്ര പണം വേണമെങ്കിലും ഇക്കാര്യത്തിൽ മുടക്കാൻ ഇവർ തയ്യാറാകുന്നത്.

നോട്ടീസുകളിലും പോസ്റ്ററുകളിലുമെല്ലാം പേരിനുമുന്നിൽ ഡോക്ടർ എന്നു ചേർത്ത് നാടൊട്ടുക്ക് പ്രചാരണം നടത്താനുള്ള ആഗ്രഹമാണ് വ്യാജന്മാരുടെ പിടിയിൽ ഇത്തരക്കാർ ചെന്നുപെടാൻ കാരണം. പണം കൊടുത്താൽ എന്തും വാങ്ങാൻ കിട്ടും എന്ന വിശ്വാസമാണ് ഇവരെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്.

വ്യാജനാണെങ്കിലും ആരും അറിയാൻ പോകുന്നില്ലല്ലോ എന്ന ആശ്വാസമായിരുന്നു പലർക്കും. കേരളത്തിലും വിദേശത്തുമുള്ള വ്യാപാരികളടക്കം ഇരുനൂറിലേറെ പേരാണ് ഇത്തരത്തിൽ വ്യാജ പിഎച്ച്ഡി വാങ്ങിയത്.

ലോകത്തൊരു സർവകലാശാലയും ഇത്തരത്തിൽ ഡോക്ടറേറ്റ് നൽകാറില്ല എന്ന വസ്തുത അറിയാതെയോ അറിയില്ലെന്ന് നടിച്ചോ ആണ് പലരുടെയും പിഎച്ച്ഡി 'വാങ്ങൽ'. സാമൂഹ്യ സേവനത്തിന് ഡി ലിറ്റ് പോലുള്ള ബിരുദങ്ങൾ മാത്രമേ പ്രമുഖ സർവകലാശാലകളെല്ലാം നൽകാറുള്ളൂ. ഈ വസ്തുതകളൊന്നും 'ഡോക്ടറേറ്റി'നായുള്ള നെട്ടോട്ടത്തിൽ ഇവരാരും ഓർക്കാറില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP