Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളുടെ പെണ്ണുകാണൽചടങ്ങിന് എല്ലാം ഒരുക്കി അദ്ധ്യാപക ദമ്പതികൾ കാത്തിരുന്നു; അപ്രതീക്ഷിതമായി ഇളയമകളുടെ വിളിയെത്തിയപ്പോൾ വർക്കിയും മേരിയും തളർന്നു വീണു; ആയൂരിലെ അപകടം തട്ടിയെടുത്തത് വിവാഹ സ്വപ്‌നങ്ങളുമായി ടെക്‌നോപാർക്കിൽ നിന്ന് ബസിൽ കയറിയ രമ്യയുടെ ജീവൻ; ടെക്കിയുടെ മരണത്തിൽ വിതുമ്പി കുറുപ്പംപടി

മകളുടെ പെണ്ണുകാണൽചടങ്ങിന് എല്ലാം ഒരുക്കി അദ്ധ്യാപക ദമ്പതികൾ കാത്തിരുന്നു; അപ്രതീക്ഷിതമായി ഇളയമകളുടെ വിളിയെത്തിയപ്പോൾ വർക്കിയും മേരിയും തളർന്നു വീണു; ആയൂരിലെ അപകടം തട്ടിയെടുത്തത് വിവാഹ സ്വപ്‌നങ്ങളുമായി ടെക്‌നോപാർക്കിൽ നിന്ന് ബസിൽ കയറിയ രമ്യയുടെ ജീവൻ; ടെക്കിയുടെ മരണത്തിൽ വിതുമ്പി കുറുപ്പംപടി

പ്രകാശ് ചന്ദ്രശേഖർ

കുറുപ്പംപടി: രമ്യയെ മരണം തട്ടിയെടുത്തത് പെണ്ണുകാണൽ ചടങ്ങിന് ഒരുക്കങ്ങൾ നടക്കുന്നതിനിടെ. ആഹ്‌ളാദാരവങ്ങൾ നിറഞ്ഞു നിന്ന വീട്ടിൽനിന്നും ഇപ്പോൾ ഉയരുന്നത് അലമുറകളും ദീനരോധനങ്ങളും മാത്രം. നാളെയായിരുന്നു കൊല്ലം ആയൂർ അകമൺ പാലത്തിന് സമീപമുണ്ടായ ബസ് അപകടത്തിൽ മരണമടഞ്ഞ കുറുപ്പംപടി കൊട്ടിക്കൽ വീട്ടിൽ വർക്കി -മേരി ദമ്പതികളുടെ മകൾ രമ്യയുടെ പെണ്ണുകാണൽ ചടങ്ങ് നിശ്ചയിച്ചിരുന്നത്.മ ുബൈയിൽ ജോലിയുള്ള പുത്തൻകുരിശ് സ്വദേശിയാണ് രമ്യയെ കാണാനെത്തുമെന്നറിയിച്ചിരുന്നത്.

പെണ്ണുകാണലിനായി മുംബൈയിൽ നിന്നും ഇന്നലെ നാട്ടിലേക്കുള്ള യാത്രക്കിടെയാണ് ഇയാൾ രമ്യയുടെ മരണവാർത്ത അറിയുന്നതെന്നും ഇതേത്തുടർന്ന് യുവാവ് ഏറെ ദുഃഖിതനാണെന്നും രമ്യയുടെ അമ്മാവൻ ജേക്കബ്ബ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം ഉച്ചയോടെ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കുന്ന മൃതദ്ദേഹം പിന്നീട് ഫ്രീസറിൽ സൂക്ഷിക്കുമെന്നും സംസ്‌കാര ചടങ്ങുകൾ നാളെനടത്തുമെന്നുമാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഒപ്പമുണ്ടായിരുന്ന രമ്യയുടെ സഹോദരി അമ്മുവിനും പരിക്കേറ്റു. കൈയുടെ അസ്ഥിക്ക് പൊട്ടലേറ്റ അമ്മു ഇപ്പോഴും അപകടത്തിന്റെ ആഘാതത്തിൽ നിന്നും മുക്തയായിട്ടില്ല.

റിട്ടേർഡ് അദ്ധ്യാപകരായ വർക്കി-മേരി ദമ്പതികൾക്ക് നാല് പെൺമക്കളായിരുന്നു ആകെയുണ്ടായിരുന്ന മൂലധനം. ഇവർക്കെല്ലാം മികച്ച വിദ്യാഭ്യസം നൽകുന്നതിനായിരുന്നു ഇവർ സമ്പാദ്യത്തിലേറെയും ചിലവഴിച്ചത്. ഇവരിൽ അദ്ധ്യപികയായ മൂത്തമകൾ രേഖയും അയർലണ്ടിൽ നേഴ്‌സായ രണ്ടാമത്തെ മകൾ രശ്മിയും വിവാഹിതരാണ്. മൂന്നാമത്തെ മകളാണ് മരണമടഞ്ഞ രമ്യ. ഇളയമകൾ അമ്മുവും രമ്യക്കൊപ്പം ടെക്ക് നോപാർക്കിൽ ഇൻഫോസിസിൽ ജോലിചെയ്തുവരികയായിരുന്നു. ഇന്നലെ രാത്രി 7.30 തോടെ അമ്മുവാണ് അപകട വാർത്ത വീട്ടിലറിയിച്ചത്. ഇതോടെ വർക്കിയും മേരിയും തളർന്നു വീണു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ഇവരെ ആശ്വസിപ്പിച്ചു.

മകളുടെ വിയോഗം താങ്ങാനായില്ലെങ്കിലും മനസാന്നിധ്യം ഇവർ വീണ്ടെടുത്തു. ഉടൻ മാതാപിതാക്കൾ സംഭവസ്ഥലത്തേക്ക് തിരിച്ചു. വെഞ്ഞാറമൂട് ഗോകുലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മകളുടെ മൃതശരീരം കണ്ടതോടെ അലമുറയിടാൻ തുടങ്ങിയ ഈ വയോധികദമ്പതികളെ ഏറെപാടുപെട്ടാണ് ബന്ധുക്കളും കണ്ടുനിന്നവരും തിരിച്ച് വാഹനത്തിലെത്തിച്ചത്. ഇവർ രാത്രി തന്നെ വീട്ടിൽ തിരിച്ചെത്തി. കുടുമ്പത്തിന്റെ ദുഃഖം പങ്കിടാൻ അയൽവാസികളും നാട്ടുകാരിൽ ഒട്ടേറെപേരും കൊട്ടിക്കൽ തറവാട്ടിൽ ഒത്തുകൂയിട്ടുണ്ട്. എം.സി. റോഡിൽ ആയൂരിനടുത്ത് കമ്പങ്കോട് പാലത്തിനുസമീപം സൂപ്പർ ഫാസ്റ്റും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ സൂപ്പർ ഫാസ്റ്റിന്റെ ഡ്രൈവർ സീറ്റ് ഒഴിച്ചുള്ള ഭാഗം നിശ്ശേഷം തകർന്നു. സീറ്റുകൾ ഇളകിമാറി. സ്വകാര്യ ബസിന്റെയും മുൻഭാഗം തകർന്നു. ഇവിടെ സഹോദരിക്കൊപ്പമാണ് രമ്യ യാത്രയ്ക്കായി ഇരുന്നത്. സൈഡ് സീറ്റിലായിരുന്നു രമ്യയെന്നാണ് സൂചന. രമ്യയ്‌ക്കൊപ്പം ഇൻഫോസിസിൽ ജോലി ചെയ്തിരുന്ന ലിൻസ് തോമസും മരിച്ചു. യുഎസ്‌ടി ഗ്ലാബലിലെ ജീവനക്കാരനായ റോമി ജോർജിന്റെ ജീവനും ദുരന്തമെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP