Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സർക്കാർ ഉത്തരവ് ഉണ്ടെന്ന് പറഞ്ഞ് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ചെയ്യാതെ ആളുകളെ ഇറക്കി വിടുകയാണ്; വീട്ടിലേക്ക് പോകാൻ സർക്കാർ തന്നെ നിർബന്ധിക്കുന്നു; ഗർഭിണികളും രോഗികളും ഉള്ളത് കാരണം വീട്ടിലേക്ക് മടങ്ങാൻ ആളുകൾക്ക് പേടിയും; സ്‌കൂളുകളിൽ സൗകര്യം ഒരുക്കിയാൽ വാടക കൊടുക്കേണ്ട..ഭക്ഷണച്ചെലവ് മാത്രമേയുള്ളു; സിപിഎമ്മിന് ഇത് ചെയ്യാമെങ്കിലും ആലത്തൂർ എംപി പറഞ്ഞാൽ അത് വലിയ കുഴപ്പം; സൈബർ ആക്രണത്തിന് മറുപടിയുമായി രമ്യ ഹരിദാസ്

സർക്കാർ ഉത്തരവ് ഉണ്ടെന്ന് പറഞ്ഞ് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ചെയ്യാതെ ആളുകളെ ഇറക്കി വിടുകയാണ്; വീട്ടിലേക്ക് പോകാൻ സർക്കാർ തന്നെ നിർബന്ധിക്കുന്നു; ഗർഭിണികളും രോഗികളും ഉള്ളത് കാരണം വീട്ടിലേക്ക് മടങ്ങാൻ ആളുകൾക്ക് പേടിയും; സ്‌കൂളുകളിൽ സൗകര്യം ഒരുക്കിയാൽ വാടക കൊടുക്കേണ്ട..ഭക്ഷണച്ചെലവ് മാത്രമേയുള്ളു; സിപിഎമ്മിന് ഇത് ചെയ്യാമെങ്കിലും ആലത്തൂർ എംപി പറഞ്ഞാൽ അത് വലിയ കുഴപ്പം; സൈബർ ആക്രണത്തിന് മറുപടിയുമായി രമ്യ ഹരിദാസ്

എം മനോജ് കുമാർ

തിരുവനന്തപുരം: ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ എന്ന പദപ്രയോഗം നടത്തിയ ആലത്തൂരിന്റെ പെങ്ങളുട്ടിക്ക് നേരെ സിപിഎം സൈബർ ആക്രമണം. 'പെങ്ങളൂട്ടിക്ക് ഇതേ കുറിച്ച് വലിയ ബോധ്യമില്ലേ.' എന്ന് പരിഹസിച്ചാണ് ട്രോളുകൾ സിപിഎം സൈബർ കേന്ദ്രങ്ങൾ തൊടുത്തു വിടുന്നത്. കേരളത്തിന്റെ നിലവിലെ അവസ്ഥ കണ്ടിട്ടാണ് ഇന്നലെ ചാനൽ ചർച്ചയിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ എന്ന പദപ്രയോഗം നടത്തിയത്. കേരളത്തിൽ പല നിയോജകമണ്ഡലങ്ങളിലും ഈ രീതിയിലുള്ള ക്വാറന്റീൻ സംവിധാനം നടപ്പിലാക്കുന്നുണ്ട്. എങ്കിൽ പിന്നെ അത് വ്യാപകമാക്കിക്കൂടെ എന്നാണ് ആലത്തൂർ എംപി രമ്യാ ഹരിദാസ് ചോദിച്ചത്. പാലക്കാട് വാളയാറിൽ ഗർഭിണികളും കുട്ടികളും അടങ്ങുന്നവർ തമിഴ്‌നാട് കടത്തിവിട്ടിട്ടും കേരള സർക്കാരിന്റെ കനിവ് തേടുകയായിരുന്നു. പാസിന്റെ പ്രശ്‌നവും ക്വാറന്റീൻ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ വന്ന കാലതാമസവും കാരണം തമിഴ്‌നാട് കടത്തിവിട്ടിട്ടും കേരളത്തിലുള്ളവർക്ക് കേരള സർക്കാർ എൻട്രി അനുവദിച്ചിരുന്നില്ല. തുടർന്നു ഈ കാര്യത്തിൽ ഹൈക്കോടതി ഇടപെടൽ വരെ ഇന്നലെ വന്നിരുന്നു.

തമിഴ്‌നാട്ടിൽ നിന്നും എത്തിയ കേരളക്കാർക്ക് ഇന്നലെ വാളയാർ ബോർഡറിൽ തമിഴ്‌നാട് സർക്കാർ തന്നെ താത്കാലിക താമസ സൗകര്യം ഒരുക്കി നൽകിയിരുന്നു. കേരളക്കാർക്ക് കേരള സർക്കാർ തന്നെ എൻട്രി അനുവദിക്കാതിരിക്കുകയും അവർക്ക് തമിഴ്‌നാട് സർക്കാർ അഭയ കേന്ദ്രമാകുന്ന അവസ്ഥയും ചൂണ്ടിക്കാട്ടിയാണ് ഇവരെ കേരളം തന്നെ ഏറ്റെടുത്ത് സ്‌കൂളുകൾ ക്വാറന്റീൻ കേന്ദ്രങ്ങളാക്കി ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ നടത്തിക്കൂടെ എന്ന് രമ്യാ ഹരിദാസ് ചോദിച്ചത്. പല നിയോജകമണ്ഡലങ്ങളിലും ഇങ്ങനെ സ്‌കൂളുകൾ ക്വാറന്റീൻ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. എങ്കിൽ പിന്നെ ഈ രീതിയിലുള്ള ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ വ്യാപകമാക്കിക്കൂടെ എന്നാണ് രമ്യാ ഹരിദാസ് ചോദിച്ചത്. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ എംപി എന്ന പദവി ഉപയോഗിച്ച് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ താൻ നടപ്പിലാക്കാൻ തയ്യാറാണെന്നും എംപി പറഞ്ഞിരുന്നു. ഇതോടെയാണ് എംപിയുടെ വാക്കുകൾക്ക് നേരെ സിപിഎം സൈബർ കേന്ദ്രങ്ങൾ ആക്രമണം തുടങ്ങിയത്. സിപിഎം ചെയ്യുന്ന കാര്യം അവർ ചെയ്താൽ ശരി കോൺഗ്രസ് ചെയ്താൽ തെറ്റ് എന്ന് പറയുന്നതിന് എന്ത് അടിസ്ഥാനമാണെന്ന് രമ്യാ ഹരിദാസ് ചോദിച്ചു. സിപിഎം സൈബർ ആക്രമണങ്ങളെ തുടർന്നു മറുനാടനോട് പ്രതികരിക്കുകയായിരുന്നു ആലത്തൂർ എംപി.

പ്രളയത്തിനു സ്‌കൂളുകൾ ഉപയോഗിച്ചു. പല സ്‌കൂളുകളും ആളുകൾക്ക് താമസിക്കാനുള്ള ഇടങ്ങളാക്കി പ്രളയസമയത്ത് മാറ്റിയിരുന്നു. അതേ രീതിയിൽ ഇപ്പോഴും സ്‌കൂളുകളെ ഉപയോഗിക്കാം എന്നാണ് ചാനൽ ചർച്ചയിൽ താൻ പറഞ്ഞത്. സാമൂഹിക അകലം പാലിച്ച് ഇത് നടപ്പിലാക്കാൻ വിഷമമില്ല എന്നാണ് ഞാൻ പറഞ്ഞത്. ഒരു പഞ്ചായത്തിലേക്ക് അൻപത് പേരെ വരുകയുള്ളൂ. അത്ര അത്യാവശ്യം ഉള്ളവരാകും ഈ ആളുകൾ. ഇത് തെറ്റായി വ്യാഖ്യാനിച്ച് സിപിഎം സൈബർ ആക്രമണങ്ങൾ തുടരുകയായിരുന്നു. ചാനൽ ചർച്ചയിൽ ഉണ്ടായിരുന്നത് ഞാനും നൗഷാദ് എംഎൽഎയുമായിരുന്നു. ട്രെയിനിൽ വരുന്ന ആളുകളെ ക്വാറന്റീനിൽ വയ്ക്കാൻ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ഉപയോഗപ്പെടുത്താം. വാളയാർ പ്രശ്‌നം കാരണമാണ് ഇത് ഞാൻ ഉന്നയിച്ചത്. വാളയാറിൽ വന്നിറങ്ങിയ സ്ത്രീകളും കുട്ടികളും അടങ്ങിയ ആളുകൾ വളരെയധികം പ്രയാസത്തിലായിരുന്നു. പാലക്കാടൻ ചൂട്. ആ ചൂടിന്റെ നടുവിൽ തമിഴ്‌നാടിനും കേരളത്തിനും മധ്യേയാണ് അവർ ഉണ്ടായിരുന്നത്. തമിഴ്‌നാട് പൊലീസ് കടത്തിവിട്ടു. കേരള പൊലീസ് കടത്തിവിടുന്നില്ല. പാസ് നൽകുന്ന കാര്യത്തിൽ സർക്കാർ അലംഭാവം കാണിച്ചു. രണ്ടു ദിവസം പാസ് നൽകുന്ന സർവർ സർക്കാർ ഓഫ് ചെയ്ത് വെച്ചു. ബംഗളൂരു പഠിക്കുന്ന കുട്ടികൾ. ഹോസ്റ്റൽ അടച്ചാൽ അവർ ബസ് പിടിക്കും. ആ ബസിൽ തൃശൂർ, എറണാകുളം തുടങ്ങി വിവിധ ജില്ലകളിലെ കുട്ടികൾ ഉണ്ടാകും. ഓൺലൈൻ വഴി ചിലർക്ക് പാസ് ലഭിക്കുമ്പോൾ മറ്റു ചിലർക്ക് ലഭിക്കുന്നില്ല.

തൃശൂര് നിന്ന് ഒരിടപെടലും വന്നില്ല. ഞാനും ടിഎൻ പ്രതാപൻ എംപിയും തൃശൂർ കളക്ടറേറ്റിനു മുൻപിൽ കുത്തിയിരുന്നു സമരം നടത്തി. തൃശൂർ വളരെ മോശമായിരുന്നു. എംപിമാർക്ക് വരെ വിവരം ലഭിക്കുന്നില്ല. കുട്ടികൾ വഴിയിൽ കുടുങ്ങിയപ്പോൾ ഞങ്ങൾ അത് വിഷയമാക്കി. വാളയാറിൽ കേരള സർക്കാർ സ്‌കൂളുകൾ ഒരുക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ വിളിച്ചിട്ടും എ.കെ.ബാലനെ വിളിച്ചിട്ടും ഈ കുട്ടികളെ കേരളത്തിൽ പ്രവേശിപ്പിക്കാൻ ഇവർ തയ്യാറാകുന്നില്ല. തമിഴ്‌നാട് സർക്കാരാണ് കനിവ് കാണിച്ചത്. അവർ ഒരുക്കിയതും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സംവിധാനം. ഒരു സ്‌കൂൾ അവർ സജ്ജമാക്കി. അതും കേരളത്തിലെ ആളുകൾക്ക് വേണ്ടി. എങ്കിൽ പിന്നെ കേരള സർക്കാരിനു അത് ചെയ്തു കൂടെ? പാലക്കാട് എംപി ശ്രീകണ്ഠൻ എംപി ഇവർക്ക് പഴവും ഭക്ഷണവും ഒക്കെ വിതരണം ചെയ്തിരുന്നു. ഇതാണ് ചർച്ചയ്ക്ക് ഞങ്ങൾ വിഷയമാക്കിയത്. സ്‌കൂളുകൾ നമ്മൾ സജ്ജമാക്കണം. പഞ്ചായത്തുകൾക്ക് ചുമതല നൽകണം. ത്രിതല പഞ്ചായത്ത് സംവിധാനം നടപ്പിലാക്കണം എന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. സ്‌കൂളുകൾ ഒട്ടും ഹൈജീനിക്കല്ല. സ്‌കൂളുകളിൽ സംവിധാനം ഒരുക്കാൻ കഴിയില്ലെന്ന് നൗഷാദ് എംഎൽഎ പറഞ്ഞു. ഇതാണ് എനിക്കെതിരെ ട്രോളുകളായി സിപിഎം എയ്ത് വിടുന്നത്. കടുത്ത സൈബർ ആക്രമണങ്ങളാണ് നേരെ വന്നത്. മന്ത്രിമാർ ഇടപെട്ടിട്ട് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ആക്കിയത് സ്‌കൂളുകളാണ്. ഇതവർ പറയുന്നില്ല. കമ്മ്യൂണിറ്റി കിച്ചൻ ഏർപ്പെടുത്തിയതിലും ക്വാറന്റൈനിൽ കിടന്നവർക്ക് ഭക്ഷണം നൽകുന്നതിലും കേരള സർക്കാരിനു നയാ പൈസ ചെലവ് വന്നിട്ടില്ല. സംഘടനകളും വ്യക്തികളുമാണ് പലപ്പോഴും ഇതിന്റെ ചെലവ് വഹിച്ചത്.

പ്രവാസികൾ കൂടുതലായി എത്തിയാൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനു വേണ്ടി സംസ്ഥാന സർക്കാർ സജ്ജമാക്കുന്നത് സ്‌കൂളുകൾ, കോളേജുകൾ, പൊളിടെക്‌നിക്ക് തുടങ്ങിയ ഇടങ്ങൾ തന്നെയാണ്. ഇത് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ആണ്. ആലത്തൂർ പാർലമെന്റ് മണ്ഡല പരിധിയിൽ മന്ത്രി എ.കെ.ബാലൻ, എ.സി.മൊയ്തീൻ എന്നിവർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ആക്കിയത് സ്‌കൂളുകൾ തന്നെയാണ്. അപ്പോൾ സ്‌കൂളുകൾ ക്വാറന്റീൻ സെന്റർ ആയി ഉപയോഗിക്കാം എന്ന് പറഞ്ഞതിൽ ഒരു തെറ്റുമില്ല. സോഷ്യൽ ഡിസ്റ്റൻസിങ് മാത്രം നമ്മൾ പാലിച്ചാൽ മതി. ടോയിലേറ്റ് സംവിധാനങ്ങളും ആവശ്യമായി വന്നാൽ കൂടുതൽ ഒരുക്കി നൽകണം. ആലത്തൂർ പാർലമെന്റ് മണ്ഡല പരിധിയിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സംവിധാനം ഒരുക്കാൻ പലരും വിമുഖത കാണിക്കുന്നുണ്ട്.

ആളുകളെ വീടുകളിലേക്ക് പോകാൻ സർക്കാർ തന്നെ നിർബന്ധിക്കുകയാണ്. പക്ഷെ സർക്കാർ ഇടപെട്ട് ഇവരെ വീടുകളിൽ ക്വാറന്റൈൻ ചെയ്യാതെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സംവിധാനം ഏർപ്പെടുത്തണം. സിപിഎമ്മിന് ഇത് ചെയ്യാം. സിപിഎം മന്ത്രിമാർക്ക് ഇത് ചെയ്യാം. പക്ഷെ ആലത്തൂർ എംപി പറഞ്ഞാൽ അത് വലിയ കുഴപ്പം. പിന്നീട് വന്നത് സൈബർ ആക്രമണവും. ഇതാണ് നേരിട്ട് താൻ തന്നെ രംഗത്ത് വരാൻ കാരണം. ചില ആളുകൾക്ക് ഇന്നലെ പ്രശ്‌നം വന്നു. വീടുകളിൽ ക്വാറന്റൈൻ ചെയ്യാൻ സർക്കാർ പറഞ്ഞു. പക്ഷെ ചിലർക്ക് അത് പറ്റില്ല. പ്രായമായവരും ഗർഭിണികളും കൂട്ടത്തിലുണ്ട്. അവർക്ക് വീട്ടിലേക്ക് പോകാൻ കഴിയില്ല. ഇത് മനസിലാക്കിയപ്പോൾ ഇവരേ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ചെയ്യാൻ ജനപ്രതിനിധികൾ എന്ന രീതിയിൽ ഞങ്ങൾ ആവശ്യപ്പെട്ടു. മരുന്നുകളും ഭക്ഷണവും ഏർപ്പെടുത്തി നല്കിയാൽ മതി. അതിനു ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയാൽ മതി. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ചെയ്താൽ സ്‌കൂളുകൾക്ക് വാടക നൽകേണ്ട. ഭക്ഷണത്തിന്റെ ചെലവ് മാത്രം മതി. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ചെയ്യുന്നവർക്ക് ഭക്ഷണം നൽകാൻ ഗ്രാമപഞ്ചായത്തുകൾക്ക് മടിയുണ്ടെങ്കിൽ ആലത്തൂർ പാർലമെന്റ് പരിധിയിൽ ഇവർക്ക് ഭക്ഷണം നൽകാൻ എംപി എന്ന നിലയിൽ താൻ തയ്യാറാണ്. യാഥാർത്ഥ്യം പറഞ്ഞതിനാണ് എനിക്ക് നേരെ സൈബർ ആക്രമണം നടക്കുന്നത്-രമ്യാ ഹരിദാസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP