Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരുമന്ത്രിയുടെയും പേര് വച്ചായിരുന്നില്ല ആ ഫേസ്‌ബുക്ക് പോസ്റ്റ്; താനൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് വന്നപ്പോഴാണ് കേസ് എടുത്തെന്ന് മനസ്സിലായത്; മരട് ഫ്‌ളാറ്റ് പൊളിക്കൽ വിഷയത്തിന്റെ മറവിൽ ശൈലജ ടീച്ചർ, എം.എം.മണി പ്രശ്‌നങ്ങൾ മറന്നു പോകരുത് എന്ന് ഓർമ്മിപ്പിക്കാനായിരുന്നു പോസ്റ്റ്; മന്ത്രിയുടെ പരാതിയിൽ മലപ്പുറം താനൂരിലെ രഞ്ജിത്ത് അറസ്റ്റിലായത് ഇങ്ങനെ

ഒരുമന്ത്രിയുടെയും പേര് വച്ചായിരുന്നില്ല ആ ഫേസ്‌ബുക്ക് പോസ്റ്റ്; താനൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് വന്നപ്പോഴാണ് കേസ് എടുത്തെന്ന് മനസ്സിലായത്; മരട് ഫ്‌ളാറ്റ് പൊളിക്കൽ വിഷയത്തിന്റെ മറവിൽ ശൈലജ ടീച്ചർ, എം.എം.മണി പ്രശ്‌നങ്ങൾ മറന്നു പോകരുത് എന്ന് ഓർമ്മിപ്പിക്കാനായിരുന്നു പോസ്റ്റ്; മന്ത്രിയുടെ പരാതിയിൽ മലപ്പുറം താനൂരിലെ രഞ്ജിത്ത് അറസ്റ്റിലായത് ഇങ്ങനെ

എം മനോജ് കുമാർ

 മലപ്പുറം: ആരുടെ പേരും പറയാതെ ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടപ്പോൾ അതിന്റെ പേരിൽ അറസ്റ്റ് വരുമെന്ന് കരുതിയില്ല മലപ്പുറം താനൂർ സ്വദേശിയായ രഞ്ജിത്ത്. മന്ത്രിമാരായ എം.എം.മണിയെയും കെ.കെ.ശൈലജ ടീച്ചറെയും ഉദ്ദേശിച്ച് നടത്തിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് ആയിരുന്നു ഇത്. മരട് ഫ്‌ളാറ്റ് പൊളിക്കുന്നതും സുപ്രീംകോടതി വിധിയും വന്നപ്പോൾ ചില പ്രശ്‌നങ്ങൾ അതിന്റെ മറവിൽ കേരളം മറക്കരുത് എന്ന് മാത്രമാണ് ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇടുമ്പോൾ കരുതിയത്. എന്നാൽ താനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും കോൾ വന്നു. പൊലീസുകാർ തിരക്കി വരുകയും ചെയ്തു. നിങ്ങളുടെ പേരിൽ ഒരു കേസ് ഉണ്ട്. സ്റ്റേഷനിൽ വരണം എന്നാണ് പൊലീസുകാർ പറഞ്ഞത്. അന്വേഷിച്ചപ്പോൾ ശൈലജ ടീച്ചറുടെ മകന്റെ പ്രശ്‌നത്തിൽ നടത്തിയ ഫെയ്‌സ് ബുക്ക് പോസ്റ്റിങ് ആണ് പ്രശ്‌നമെന്നു മനസിലായത്. ഡിജിപിയുടെ ഓഫീസിലെ സൈബർ സെൽ പ്രകാരമുള്ള കേസ് ആണ്. നിങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തുകയാണ്. ഇതാണ് പൊലീസ് പറഞ്ഞത്. പിന്നെ രണ്ടു പേരുടെ ആൾ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ജാമ്യം കിട്ടുന്ന വകുപ്പ് പ്രകാരമുള്ള കേസ് ആണ് പൊലീസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബർ പതിനേഴിനാണ് രഞ്ജിത്ത് ഫെയ്‌സ് ബുക്ക് പോസ്റ്റിങ് നടത്തിയത്. പോസ്റ്റ് പക്ഷെ ശൈലജ ടീച്ചറെയും സിപിഎം വൃത്തങ്ങളെയും പ്രകോപിപ്പിക്കുകയായിരുന്നു. 'മരടിലെ വിഷയങ്ങൾക്കിടയിൽ ശുണ്ഠിക്കാരന്റെ നന്മമരമായ ഭാര്യയുടെ പിടിപാടിൽ റാങ്ക് ലിസ്റ്റിലുള്ള ആദ്യ മുപ്പത്തിനാല് പേരെ മറികടന്നു സ്വന്തം മകന് ജോലി നല്കിയതും, നാടൻ ശുണ്ഠിക്കാരന്റെ അനിയൻ നാലേക്കറോളം വരുന്ന സർക്കാർ ഭൂമി വ്യാജ രേഖ ചമച്ച് കയ്യേറിയതും മറന്നു കളയല്ലേ.. വെറുതെ അല്ല പിണറായി സർക്കാരിനു കിയാലിൽ സിഎജിയെ കാണുമ്പോൾ ചതുർഥി കണ്ടത് പോലെയാകുന്നത്'' ഇതാണ് രഞ്ജിത്ത് നടത്തിയ ഫെയ്‌സ് ബുക്ക് പോസ്റ്റിങ്. ഈ പോസ്റ്റിങ് ആണ് ഇപ്പോൾ കേസിൽ കലാശിച്ചിരിക്കുന്നത്. മന്ത്രിയുടെ മകൻ കണ്ണൂർ എയർപോർട്ടിൽ അനധികൃതമായ ജോലി നേടിയെന്ന തരത്തിൽ വ്യാജ പോസ്റ്റിട്ടതിനെ തുടർന്നാണ് നടപടിയെന്നാണ് പൊലീസ് പ്രതികരിച്ചത്. മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

കേസിനെക്കുറിച്ച് രഞ്ജിത്ത് പറയുന്നത് ഇങ്ങനെ:

മരട് മുന്നിലുള്ളപ്പോൾ ശൈലജ ടീച്ചർ, എം.എം.മണി പ്രശ്‌നങ്ങൾ മറന്നു പോകരുത് എന്ന് ഓർമ്മിപ്പിക്കാനാണ് ഇത്തരം ഒരു പോസ്റ്റിങ് നടത്തിയത്. ഒരു മന്ത്രിയുടെയും പേര് വെച്ചിട്ടില്ല. എം.എം.മണിയുടെ സഹോദരന്റെ ഭൂമി കയ്യേറ്റം അങ്ങിനെ മുങ്ങിപ്പോകരുത്, കണ്ണൂർ എയർപോർട്ടിൽ ശൈലജ ടീച്ചറുടെ മകന് ജോലി കിട്ടിയത് മറന്നു പോകരുത്. മരടിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇത് രണ്ടും മുങ്ങിപ്പോകുന്നോ എന്ന് തോന്നി. അതിനാലാണ് പേര് വയ്ക്കാതെ ഇങ്ങിനെ ഒരു പോസ്റ്റിങ് നടത്തിയത്. പക്ഷെ പിന്നീട് ഈ കാര്യത്തിൽ കേസ് വന്നതാണ് പിന്നെ അറിഞ്ഞത്. താനൂർ പൊലീസ് വീട്ടിൽ തിരഞ്ഞു വരുകയായിരുന്നു. ചെറിയ കേസുണ്ട്. സ്റ്റേഷനിൽ ഹാജരാകണം. പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് ഞാൻ ഹാജരായത്. ജാമ്യമുള്ള വകുപ്പ് പ്രകാരമാണ് കേസ്. ഐപിസി 153, 110 വകുപ്പുകൾ പ്രകാരമാണ് കേസ് എന്നാണ് പറഞ്ഞത്. രണ്ടു പേരെ ജാമ്യത്തിനായി വിളിച്ചു വരുത്തി. അങ്ങിനെയാണ് ജാമ്യം ലഭിച്ചത്. ന്യൂസിൽ വന്ന സംഭവം പോസ്റ്റാക്കി എന്ന് മാത്രമേയുള്ളൂ. ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. വാർത്തകൾ വന്നു എന്നത് സത്യമായ കാര്യമാണ്. അതിനെ ആധാരമാക്കിയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ് ക്രിയേറ്റ് ചെയ്തത്. പിന്നീട് വന്നത് കേസാണ്-രഞ്ജിത്ത് പറയുന്നു.

കണ്ണൂർ എയർപോർട്ടിലെ ഉദ്യോഗത്തിനുവേണ്ടി നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്കോടെയാണ് ലസിത് നിയമനം നേടിയത്. കണ്ണൂർ എയർപോർട്ടിൽ ഐ.ടി. ഡിപ്പാർട്ട്മെന്റിലെ ആദ്യത്തെ നിയമനവുമായിരുന്നു ഇത്. ഇതോടെയാണ് നിയമനം മാധ്യമ ശ്രദ്ധ നേടിയത്. നിയമന വിവാദം വന്നതിനെ തുടർന്ന് ആദ്യമേ തന്നെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എം.ടെക് ബിരുദധാരിയായിട്ടുള്ള മകൻ ലസിത് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ഐ.ടി ഡിപ്പാർട്ട്മെന്റിൽ ജൂനിയർ എക്സിക്യൂട്ടീവ് ഇലക്ട്രോണിക്സ് ആയി നിയമനം നേടി. മുൻ ഗവൺമെന്റിന്റെ കാലത്ത് 2015 ൽ പ്രധാനപ്പെട്ട ഡിപ്പാർട്ട്മെന്റുകളിലേക്കുള്ള അപേക്ഷ ക്ഷണിക്കുകയും ഐ.ബി.പി.എസ് എന്ന ഏജൻസി മുഖേന പരീക്ഷ നടത്തുകയും ചെയ്തു. ഈ പരീക്ഷയിൽ ലസിത് ഒന്നാം റാങ്ക് കരസ്ഥമാക്കി.

റിസൾട്ട് നെറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. 2015 സെപ്റ്റംബർ 18 നാണ് നിയമനം ലഭിച്ചത്. ആ സമയത്ത് ഇടതുപക്ഷ ഭരണം ആയിരുന്നില്ല. ലസിത് എല്ലാ യോഗ്യതകളും നേടിയത് മെറിറ്റ് അടിസ്ഥാനത്തിലാണ്. ശിവപുരം എയിഡഡ് സ്‌കൂളിൽ പത്താംക്ലാസ്സ് വിദ്യാഭ്യാസവും മട്ടന്നൂർ ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ലസ്ടുവും പൂർത്തിയാക്കി ത്രിവത്സര എഞ്ചിനീയറിങ് ഡിപ്ലോമക്കു ശേഷം കൊല്ലം ടി.കെ.എം.എഞ്ചിനീയറിങ് കോളേജിൽ നിന്നും മെറിറ്റ് സീറ്റിൽ ബി.ടെക് ബിരുദം നേടി. പിന്നീട് കേന്ദ്ര ഗവൺമെന്റിന്റെ ഗേറ്റ് സ്‌കോളർഷിപ്പോടെ ബിരുദാനന്തര ബിരുദം(എം.ടെക്) നേടുകയും ചെയ്തു. ഇന്റർ നാഷണൽ ജേർണലിൽ എഞ്ചിനീയറിങ് സംബന്ധമായ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കോ -ഓപ്പറേറ്റീവ് എഞ്ചിനീയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ഒന്നര വർഷം ജോലി ചെയ്തിരുന്നു. അതിനിടയിലാണ് എയർപോർട്ടിന്റെ തൊഴിൽ സംബന്ധിച്ച് പരസ്യം ശ്രദ്ധയിൽ പെട്ടതും അപേക്ഷിച്ചതും-വാർത്താക്കുറിപ്പിൽ അന്ന് വിശദമാക്കിയിരുന്നു. പക്ഷെ നിയമനം ഇപ്പോഴും വാർത്തകൾക്കും സോഷ്യൽ മീഡിയാ ട്രോളുകൾക്കും ശരവ്യമായി തുടരുകയാണ്. ഇതാണ് ആരോഗ്യമന്ത്രിയെ പ്രകോപിച്ചതും മുഖ്യമന്ത്രിക്ക് പരാതി നല്കുന്നതിലേക്ക് നയിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP