Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാധാരണ കുടുംബത്തിൽ നിന്ന് പഠിച്ച് എൻട്രൻസ് എഴുതി ഗവൺമെന്റ് മെഡിക്കൽ കോളജിൽ കയറാനുള്ള റാങ്ക് നേടി; അതിനു ശേഷം ഡോക്ടറായി; അവിടെനിന്ന് വീണ്ടും പഠിച്ച് ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാൻ തൽക്കാലം താങ്കൾ പോരാ...; നവോത്ഥാനം വീമ്പിളക്കുന്ന സിപിഎമ്മിനെ കടന്നാക്രമിച്ച് സോഷ്യൽ മീഡിയ; എംഎൽഎയെ തള്ളി പറഞ്ഞ് സിപിഐയും; സബ് കളക്ടറുടെ റിപ്പോർട്ടിൽ ഹൈക്കോടതി നിരീക്ഷണവും നിർണ്ണായകം; രേണുരാജിനെ അധിക്ഷേപിച്ച രാജേന്ദ്രൻ എംഎൽഎ ഊരാക്കുടക്കിൽ

സാധാരണ കുടുംബത്തിൽ നിന്ന് പഠിച്ച് എൻട്രൻസ് എഴുതി ഗവൺമെന്റ് മെഡിക്കൽ കോളജിൽ കയറാനുള്ള റാങ്ക് നേടി; അതിനു ശേഷം ഡോക്ടറായി; അവിടെനിന്ന് വീണ്ടും പഠിച്ച് ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാൻ തൽക്കാലം താങ്കൾ പോരാ...; നവോത്ഥാനം വീമ്പിളക്കുന്ന സിപിഎമ്മിനെ കടന്നാക്രമിച്ച് സോഷ്യൽ മീഡിയ; എംഎൽഎയെ തള്ളി പറഞ്ഞ് സിപിഐയും; സബ് കളക്ടറുടെ റിപ്പോർട്ടിൽ ഹൈക്കോടതി നിരീക്ഷണവും നിർണ്ണായകം; രേണുരാജിനെ അധിക്ഷേപിച്ച രാജേന്ദ്രൻ എംഎൽഎ ഊരാക്കുടക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മൂന്നാർ പഞ്ചായത്തിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ ദേവികുളം സബ് കളക്ടർ രേണു രാജ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിർമ്മാണം അനധികൃതമാണെന്നും സ്റ്റോ മെമോ കൊടുത്ത ഉദ്യോഗസ്ഥരെ തടഞ്ഞെന്നും ഹൈക്കോടതിയെ അറിയിക്കാനാണ് തീരുമാനം. അതിനിടെ എസ് രാജേന്ദ്രൻ എംഎൽഎ സബ് കളക്ടറെ അധിക്ഷേപിച്ചത് വലിയ ചർച്ചയായി കഴിഞ്ഞു. ഇക്കാര്യവും സബ് കളക്ടർ റിപ്പോർട്ടിൽ സൂചിപ്പിക്കും. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറിൽ നിർമ്മാണം പാടില്ലെന്നും നിയമവിരുദ്ധമായ നിർമ്മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും രണ്ടായിരത്തിപ്പത്തിൽ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടർ റിപ്പോർട്ട് നൽകുന്നത്.

സ്ത്രീശാക്തീകരണത്തിന്റെ പക്ഷത്തെന്ന് അവകാശപ്പെടുന്ന സർക്കാരിൽനിന്നു തിരുവനന്തപുരത്ത് ഡി.സി.പി. ചൈത്ര തെരേസ ജോണിനുണ്ടായ ദുരനുഭവത്തിനു പിന്നാലെ സബ് കലക്ടർ രേണുവിനെ സിപിഎം. എംഎ‍ൽഎയായ രാജേന്ദ്രൻ അധിക്ഷേപിച്ചതു സാമൂഹിക മാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. ലൈഫ് മിഷന്റെ മുൻ സിഇഒ അദിലാ അബ്ദുള്ളയ്ക്ക് പ്രസവാവധി നിഷേധിച്ചതും വ്യാപക ചർച്ചയായി. ഇതിന് പിന്നാലെയാണ് രേണുരാജിനെ ആക്രമിക്കുന്ന എംഎൽഎയുടെ നിലപാട് എത്തിയത്. സ്ത്രീയെന്നതുകൊണ്ട് മാത്രമാണ് ഇത്രയും വലിയ അധിക്ഷേപം രേണു രാജിന് നേരിടേണ്ടി വന്നതെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ രാജേന്ദ്രൻ എംഎൽഎ പൂർണ്ണമായും കൈവിടാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുകയുമില്ല. അതിനാൽ ഇലയ്ക്കും മുള്ളിനും പ്രശ്‌നം വരാത്ത വണ്ണമുള്ള പ്രതിവിധിയാണ് ആലോചിക്കുന്നത്. ദേവികുളത്ത് നിന്ന് രേണുരാജിനെ സ്ഥലം മാറ്റുന്നതിനുള്ള സാധ്യതയും മുഖ്യമന്ത്രിയുടെ ഓഫീസ് ആരായുന്നുണ്ട്. സിപിഐ വിഷയത്തിൽ രേണുരാജിന് അനുകൂല നിലപാട് എടുത്തതും സർക്കാരിനെ വെട്ടിലാക്കുന്നുണ്ട്.

ഇന്നു തിരുവനന്തപുരത്തു ചേരുന്ന എൽ.ഡി.എഫ്. യോഗത്തിൽ ഇക്കാര്യം സിപിഐ. ഉന്നയിക്കുമെന്നാണു സൂചന. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ ആവശ്യ പ്രകാരമാകും ഇത്. ഇതിനിടെ രാജേന്ദ്രനെ സിപിഎം ശിസിക്കുമെന്നും സൂചനയുണ്ട്. സബ് കളക്ടറുടെ റിപ്പോർട്ടിൽ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് എംഎൽഎയ്‌ക്കെതിരെ പരാമർശമുണ്ടായാൽ അത് കൂടുതൽ പ്രശ്‌നമാകുമെന്ന് സിപിഎമ്മിന് അറിയാം. എന്നാൽ റിപ്പോർട്ട് കൊടുക്കാതിരിക്കാൻ സബ് കളക്ടറിൽ നടത്തിയ സമ്മർദ്ദവും ഫലിച്ചില്ല. ഈ സാഹചര്യത്തിൽ ഹൈക്കോടതിയിൽ നിന്ന് പ്രതികൂല പരാമർശം ഉണ്ടാകുമോ എന്ന് കാക്കുകയാണ് സർക്കാരും സിപിഎമ്മും.

ദേവികുളം സബ് കലക്ടർ ഡോ. രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തിൽ എസ്. രാജേന്ദ്രൻ എംഎ‍ൽഎയുടെ ഖേദപ്രകടനവും വിവാദ ചർച്ചകൾക്ക് അവസാനമിട്ടിട്ടില്ല,. സിപിഎമ്മും സിപിഐയും തള്ളിപ്പറഞ്ഞതോടെ, 'അവൾ' എന്നതു മോശം വാക്കാണെന്നു കരുതുന്നില്ലെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെന്നു രാജേന്ദ്രൻ ആവർത്തിച്ചു. പഴയ മൂന്നാറിലെ ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് വക സ്ഥലത്ത് റവന്യു വകുപ്പിൽനിന്ന് ആവശ്യമായ അനുമതി നേടാതെ നടത്തുന്ന കെട്ടിടനിർമ്മാണം തടഞ്ഞതിന്റെ പേരിലാണ് 'അവൾ ബുദ്ധിയില്ലാത്തവൾ..., ഐ.എ.എസ്. കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്കുന്നു...' എന്നിങ്ങനെ രാജേന്ദ്രൻ അധിക്ഷേപിച്ചത്. രേണു രാജ് ഇക്കാര്യം ഉടനടി റവന്യു വകുപ്പിലെ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ജില്ലാ കലക്ടർ എന്നിവർക്ക് ഇന്നലെ രേഖാമൂലം റിപ്പോർട്ട് നൽകി. ഇതിന്റെ തുടർച്ചയായയാകും ഹൈക്കോടതിയേയും കാര്യങ്ങൾ ധരിപ്പിക്കുന്നത്.കെട്ടിടനിർമ്മാണത്തിന് റവന്യു വകുപ്പിന്റെ അനുമതി വേണമെന്ന 2010-ലെ ഹൈക്കോടതി ഉത്തരവ് പഞ്ചായത്ത് അവഗണിച്ചതും ജനപ്രതിനിധികൾ അതിനു കൂട്ടുനിന്നതുമടക്കമുള്ള സംഭവങ്ങൾ വിശദമാക്കിയാകും ഹൈക്കോടതിക്കു റിപ്പോർട്ട് നൽകുന്നതെന്ന് രേണു രാജ് പറഞ്ഞു. എംഎ‍ൽഎക്കെതിരേ താൻ യാതൊരു പരാമർശവും നടത്തിയിട്ടില്ലെന്നും തനിക്കെതിരേയുണ്ടായ പരാമർശങ്ങളെല്ലാം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

സ്ഥിതി ഗതികൾ വഷളായതു കൊണ്ട് സിപിഎം. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും സിപിഐ. ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും രാജേന്ദ്രനെ തള്ളിപ്പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തെത്തുടർന്ന്, രാജേന്ദ്രനോടു വിശദീകരണം ചോദിച്ചു ജയചന്ദ്രൻ കത്ത് നൽകി. കൈയേറ്റങ്ങൾക്കെതിരെ സ്വീകരിക്കുന്ന നിയമനടപടികളിൽ പാർട്ടി ഇടപെടില്ലെന്നു ജില്ലാ സെക്രട്ടറി വ്യക്തമാക്കി. വിശദീകരണം ചോദിക്കാൻ സിപിഎം. സംസ്ഥാന നേതൃത്വവും തീരുമാനിച്ചതോടെയാണ് ഗത്യന്തരമില്ലാതെ രാജേന്ദ്രൻ ഖേദപ്രകടനം നടത്തിയത്. അപ്പോഴും, സബ് കലക്ടറുടെ പേര് പരാമർശിച്ചില്ല.
ഉദ്യോഗസ്ഥരോടു മോശം പരാമർശം നടത്തിയതായി രാജേന്ദ്രനെതിരേ മുമ്പും ആരോപണമുയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിവാദങ്ങൾ അവസാനിപ്പിക്കാൻ രാജേന്ദ്രനെതിരെ താക്കീതെന്ന നടപടിയെടുക്കാൻ സിപിഎം ആലോചിക്കുന്നത്. അവൾ എന്നത് മോശം പദമാണെന്നു കരുതുന്നില്ല. പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. മൂന്നാർ പഞ്ചായത്തിന്റെ കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ല. നിർമ്മാണം തടയാൻ ഉദ്യോഗസ്ഥരെത്തിയാൽ അനുവദിക്കില്ലെന്ന് രാജേന്ദ്രൻ ആവർത്തിക്കുന്നുണ്ട്.

അതിനിടെ രേണു രാജിനോട് അപമര്യാദയായി പെരുമാറിയ എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ സമൂഹമാധ്യമങ്ങളിലും രോഷം പുകയുകയാണ്. കലക്ടറെ പിന്തുണച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ തന്റെ സഹപ്രവർത്തകയായിരുന്ന രേണുരാജിനെ പിന്തുണച്ച് ഡോ. നെൽസൺ പങ്കുവച്ച കുറിപ്പും ശ്രദ്ധനേടുകയാണ്. 'അതായത്, പ്രിയപ്പെട്ട ജനപ്രതിനിധീ, സാധാരണ കുടുംബത്തിൽ നിന്ന് പഠിച്ച് എൻട്രൻസ് എഴുതി ഗവൺമെന്റ് മെഡിക്കൽ കോളജിൽ കയറാനുള്ള റാങ്ക് നേടി, അതിനു ശേഷം ഡോക്ടറായി, അവിടെനിന്ന് വീണ്ടും പഠിച്ച് ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാൻ തൽക്കാലം താങ്കൾ പോരാ...' അദ്ദേഹം കുറിച്ചു.

വൈറലാകുന്ന ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കുറെക്കാലമായി തിരക്കുകളിൽപ്പെട്ട് കാണാതെ പോവുന്ന ചില മുഖങ്ങൾ വീണ്ടും കാണുമ്പൊ ഒരു സന്തോഷമാണ്. പ്രത്യേകിച്ച് അവർ നമുക്ക് എത്താൻ കഴിയാത്ത ഉയരങ്ങളിലെത്തിനിൽക്കുന്നത് കാണുമ്പൊ. അങ്ങനെ സന്തോഷം തോന്നിയ ഒരു മുഖമാണ് രേണുവിന്റേത്.

അങ്ങനെ പറഞ്ഞാൽ ചിലപ്പൊ നിങ്ങളറിഞ്ഞെന്ന് വരില്ല. ഡോ.രേണു രാജ് ഐ.എ.എസ് എന്ന് പറഞ്ഞാൽ ചിലപ്പൊ അറിഞ്ഞെന്ന് വരും. ഒരു അഞ്ച് വർഷം മുൻപ് സോഷ്യൽ മീഡിയയും പ്രിന്റ് മീഡീയയും ഒരേപോലെ ആഘോഷിച്ച സിവിൽ സർവീസ് പരീക്ഷയിലെ രണ്ടാം റാങ്കുകാരി. ഇന്ന് പക്ഷേ വാർത്തയിൽ ആ മുഖം കണ്ടത് അതുപോലെയൊരു നല്ല കാരണത്തിന്റെ പേരിലല്ല. വാർത്തയുടെ ചുരുക്കം ഇതാണ്. മൂന്നാറിൽ പുഴയോരം കയ്യേറിയുള്ള പഞ്ചായത്തിന്റെ കെട്ടിടനിർമ്മാണം പരിസ്ഥിതിപ്രവർത്തകരുടെ പരാതിയെത്തുടർന്ന് റവന്യൂ വകുപ്പ് സ്റ്റോപ് മെമോ നൽകി. അതെത്തുടർന്ന് എംഎ‍ൽഎ എസ്.രാജേന്ദ്രൻ ഇങ്ങനെ പറഞ്ഞു.

' അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്.. ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്ക്ന്ന്.. കളക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കളക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ ' ഈ സബ് കളക്ടർക്ക് മാത്രമാണ് പ്രശ്‌നമെന്ന് ഇടുക്കിയുടെ ചരിത്രവും ഭൂമിശാസ്ത്രവും നോക്കിയിട്ടുള്ളവർക്ക് ഏതാണ്ടൊരു ബോധമുണ്ടാവും. ഇതിനു മുൻപത്തെ സബ് കളക്ടറുടെയും അതിനു മുൻപ് എലിയെ പിടിക്കാൻ വിട്ട പൂച്ചകളെന്ന് വിളിക്കപ്പെട്ടവരുടെയുമൊക്കെ കഥ വായിച്ചറിഞ്ഞതാവുമല്ലോ.

ഈ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല എങ്കിലും കുറച്ച് കാര്യങ്ങൾ പറയാം.
ഡോ.രേണുവിനെ ആദ്യമായി കാണുന്നത് 2006 ലാണ്. സെപ്റ്റംബറിൽ കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ച പുതിയ എം.ബി.ബി.എസ് ബാച്ചിലെ ഒരു വരുംകാല യുവഡോക്ടർമാരിലൊരാളായിട്ട്. പിന്നീട് എട്ടാം നമ്പർ ഡിസക്ഷൻ ടേബിളിൽ അയൽവക്കമായിട്ടും വാർഡിൽ യൂണിറ്റിലൊരാളായിട്ടും അഞ്ചര വർഷം. അന്നും ഐ.എ.എസിനെക്കുറിച്ച് ചിന്തയും ആഗ്രഹവുമുണ്ടായിരുന്നു. അത് ഒടുവിൽ നേടിയെടുക്കുകയും ചെയ്തു

അതായത്, പ്രിയപ്പെട്ട ജനപ്രതിനിധീ, സാധാരണ കുടുംബത്തിൽ നിന്ന് പഠിച്ച് എൻട്രൻസ് എഴുതി ഗവൺമെന്റ് മെഡിക്കൽ കോളജിൽ കയറാനുള്ള റാങ്ക് നേടി, അതിനു ശേഷം ഡോക്ടറായി, അവിടെനിന്ന് വീണ്ടും പഠിച്ച് ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാൻ തൽക്കാലം താങ്കൾ പോരാ. ജനാധിപത്യം ജനങ്ങളുടെ മേലുള്ള ആധിപത്യമെന്നല്ല അർഥമെന്നും ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതിനിധി മാത്രമാണെന്നും ആരുടെമേലും - അത് ഇലക്ട്രിസിറ്റി ഓഫീസിലെ ലൈൻ മാനായാലും ടോൾ പ്ലാസയിലെ തൊഴിലാളിയായാലും സർക്കാരാശുപത്രിയിലെ ജീവനക്കാരിയായാലും ആരുടെമേലും കുതിരകയറാനുള്ള ലൈസൻസല്ലെന്നും ജനപ്രതിനിധികളും മനസിലാക്കണം. അത്രമാത്രം സബ് കളക്ടർ നിയമവിരുദ്ധമായി പ്രവർത്തിച്ചെങ്കിൽ നിയമം കൊണ്ട് നേരിടണം എംഎ‍ൽഎ ( അയ്യോ സോറി. അങ്ങനെ വിളിച്ചെന്നാല്ലോ അടുത്ത പരാതി ) അല്ലാതെ വായിൽ തോന്നുന്നത് പറഞ്ഞ് ഗ്രാമത്തിന്റെ തലയിൽ വയ്‌ക്കേണ്ട. ഡോ.രേണുവിനു സർവ പിന്തുണയും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP