Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൈനികരെ ഉപയോഗിച്ച് മണൽ വാരലും മരംമുറിയും; ഡി എസ് സി മേധാവിക്ക് എതിരെ വിമുക്ത ഭടന്മാരുടെ സംഘടന; ബേബി ബീച്ചിൽ നിന്ന് മണൽ വാരിയതും മരംവെട്ടിയതും സേനാകേന്ദ്രത്തിൽ നിന്ന് അനുമതി ഇല്ലാതെയെന്ന് ആക്ഷേപം; പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും പരാതി നൽകാൻ സംഘടന

സൈനികരെ ഉപയോഗിച്ച് മണൽ വാരലും മരംമുറിയും; ഡി എസ് സി മേധാവിക്ക് എതിരെ വിമുക്ത ഭടന്മാരുടെ സംഘടന; ബേബി ബീച്ചിൽ നിന്ന് മണൽ വാരിയതും മരംവെട്ടിയതും സേനാകേന്ദ്രത്തിൽ നിന്ന് അനുമതി ഇല്ലാതെയെന്ന് ആക്ഷേപം; പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും പരാതി നൽകാൻ സംഘടന

രഞ്ജിത്ത് ബാബു

കണ്ണൂർ: സൈനികരെ ഉപയോഗിച്ച് മണൽ വാരലും മരം മുറിയും നടത്തിയ ഡി.എസ്.സി. മേധാവിക്കെതിരെ വിമുക്ത ഭടന്മാരുടെ സംഘടന രംഗത്ത്. കണ്ണൂർ ആസ്ഥാനമായ ഡിഫൻസ് സെക്യൂരിറ്റി കോർ കമാന്റ്ന്റിന്റെ നിർദ്ദേശ പ്രകാരം 30 ലേറെ സൈനികർ ബേബി ബീച്ചിൽ നിന്നും മണൽ വാരുകയും സേനാ കേന്ദ്രത്തിൽ നിന്ന് അനുമതിയില്ലാതെ മരം മുറിക്കുകയും ചെയ്തതിന് എതിരെയാണ് നാഷണൽ എക്സ് സർവ്വീസ് മെൻ കോ-ഓഡിനേഷൻ കമ്മിറ്റി രംഗത്ത് വന്നിരിക്കുന്നത്.

രാജ്യാതിർത്തി കാത്തു സൂക്ഷിക്കേണ്ട സൈനികരെ കൊണ്ട് ഇത്തരം തരം താണ പ്രവൃത്തികൾ ചെയ്യിക്കുന്നത് സൈനികർക്കും മുൻ സൈനികർക്കും അപമാനകരമാണെന്ന് എക്സ് സർവ്വീസ്മെൻ കോ-ഓഡിനേഷൻ സംസ്ഥാന സമിതി ജനറൽ സെക്രട്ടറി വിജയൻ പാറാലി മറുനാടൻ മലയാളിയോട് പറഞ്ഞു.

രാത്രിയുടെ മറവിൽ മണൽ വാരലും മരം മുറിക്കലും നടത്താൻ സൈനികരെ ഉപയോഗിച്ച സൈനിക മേധാവിക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും പരാതി നൽകുമെന്നും വിജയൻ പാറാലി പറഞ്ഞു. കോ-ഓഡിനേഷൻ കമ്മിറ്റി കണ്ണൂർ ജില്ലാഘടകവും സൈനികരെ കൊണ്ട് ഇത്തരം കൃത്യം ചെയ്യിച്ചതിനെതിരെ പ്രതിഷേധിച്ചു. ഇത്തരം നടപടികൾ ആരിൽ നിന്ന് ഉണ്ടായാലും ശിക്ഷ നൽകണമെന്ന് പ്രസിഡണ്ട് ടി.ഡി. ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.

കണ്ണൂർ ബേബി ബീച്ചിൽ നിന്നും 35 ഓളം സൈനികർ കടൽ മണൽ ഈറ്റുകയും സൈനിക ആസ്ഥാനത്തു നിന്ന് മരം കടത്തുകയും ചെയ്ത വിവരം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. അതേ തുടർന്ന് ജില്ലാ കലക്ടറും ഡിസാസ്റ്റർ മാനേജ്മെന്റ് ഡപ്യൂട്ടി കലക്ടറും ഇതിന്റെ നിജസ്ഥിതി പരിശോധിച്ച് വരികയാണ്. സൈനികരെ കൊണ്ട് അർദ്ധ രാത്രി 12 മണിയോടെയാണ് കടലിലെ മണൽ വാരിക്കുന്നത്.

വലിയ ബക്കറ്റിൽ കോരിയെടുക്കുന്ന മണൽ പരസ്പരം കൈമാറി കരയിൽ നിർത്തിയിട്ട ട്രക്കിൽ കയറ്റുകയാണ് പതിവ്. ദിനം പ്രതി രണ്ട് ലോഡ് മണൽ ഇങ്ങിനെ എടുത്തു കൊണ്ടു പോകാറുണ്ട്. കടലിലൂടെ മത്സ്യ ബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിലാണ് ഇത് ആദ്യം പെട്ടത്. രാത്രിയുടെ മറവിൽ മണൽ കടത്തുന്നത് അവരിൽ ദുരൂഹത സൃഷ്ടിച്ചിരുന്നു.

കടലിൽ നിന്നോ പുഴയിൽ നിന്നോ സ്വകാര്യ വ്യക്തികളായാലും പൊതു സ്ഥാപനമായാലും മണലെടുക്കുന്നത് നിയമവിരുദ്ധമാണ്. അതിന് ഉപയോഗിച്ച വണ്ടിയും മണൽ വാരുന്നവരേയും കസ്റ്റഡിയിലെടുത്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാൻ വ്യവസ്ഥയുണ്ട്. എന്നാൽ പൂർണ്ണമായും പട്ടാളത്തിന്റെ ഭരണത്തിൻ കീഴിലായ കരപ്രദേശത്ത് പൊതു ജനങ്ങൾക്ക് കടന്നു പോകാൻ അനുമതിയില്ല.

അതുകൊണ്ടു തന്നെ അവിടെ നടക്കുന്ന ഒരു കാര്യവും ബാഹ്യലോകം അറിയാറില്ല. നേരത്തെ ബേബി ബീച്ചിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കപ്പെട്ടിരുന്നു എന്നാൽ ഓരോ സൈനിക മേധാവികൾ വരുമ്പോഴും വ്യത്യസ്ത നിയമങ്ങൾ അടിച്ചേൽപ്പിക്കും.അതോടെ പൂർണ്ണമായും ഈ പ്രദേശം സൈനികരുടെ കീഴിലായി. ഇക്കാരണങ്ങളാലാണ് മണൽ വാരലും മരം വെട്ടും ആദ്യം ബാഹ്യലോകം അറിയാതെ പോയത്.

കണ്ണൂർ ജില്ലയിൽ മണൽ ആവശ്യമുള്ളവർ അഴീക്കൽ പോർട്ടിന് സമീപത്തെ അഞ്ച് പഞ്ചായത്തുകളിൽ നിന്നാണ് മണൽ അനുവദിക്കാറുള്ളത്. ദേശീയ പാത ഉൾപ്പെടെയുള്ള പൊതു നിർമ്മാണ പ്രവർത്തനങ്ങൾക്കും സ്വകാര്യ നിർമ്മാണ പ്രവർത്തനത്തിനും പാസ് നൽകി മണൽ അനുവദിക്കുന്നുണ്ട്. ജില്ലാ കലക്ടർ മുഖേന അപേക്ഷിച്ചാൽ സൈനിക ആസ്ഥാനത്തേക്ക് മണൽ ലഭിക്കുന്നതാണ്.

എന്നാൽ അത്തരം അപേക്ഷയൊന്നും നൽകാതെ കടലിൽ നിന്നും യഥേഷ്ടം മണലെടുത്ത് ചില നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് നിയമ ലംഘനമാണ്. ഡി.എസ്.സി. കേന്ദ്രത്തിലേക്ക് മണലുൾപ്പെടെയുള്ള വസ്തുക്കൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിൽ നിന്നും വർഷാവർഷം തുക ലഭിക്കുന്നുണ്ട്. എന്നിട്ടും ഇത്തരം പ്രവർത്തികൾ അരങ്ങേറുന്നതിന്റെ പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP