Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട്ടിൽ ജനിച്ച് പുനെയിൽ പഠിച്ചു; കൊൽക്കത്തയിൽ സേവനം ചെയ്തു; 16 വർഷം മുമ്പ് യുകെയിൽ എത്തി; ഇതാ ഒടുവിൽ ചരിത്രം തിരുത്തി ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മെത്രാനുമായിരിക്കുന്നു: ആംഗ്ലിക്കൻ ബിഷപ്പാകുന്ന ആദ്യത്തെ ഇന്ത്യക്കാരനായി റവ. ഡോ. ജോൺ പെരുമ്പാലത്തിനെ നിയമിച്ച് എലിസബത്ത് രാജ്ഞി

വയനാട്ടിൽ ജനിച്ച് പുനെയിൽ പഠിച്ചു; കൊൽക്കത്തയിൽ സേവനം ചെയ്തു; 16 വർഷം മുമ്പ് യുകെയിൽ എത്തി; ഇതാ ഒടുവിൽ ചരിത്രം തിരുത്തി ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മെത്രാനുമായിരിക്കുന്നു: ആംഗ്ലിക്കൻ ബിഷപ്പാകുന്ന ആദ്യത്തെ ഇന്ത്യക്കാരനായി റവ. ഡോ. ജോൺ പെരുമ്പാലത്തിനെ നിയമിച്ച് എലിസബത്ത് രാജ്ഞി

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: സമസ്തമേഖലകളും പ്രതിഭ തെളിയിച്ചു ഇംഗ്ലീഷ് മുഖ്യധാരാ സമൂഹത്തിന്റെ അഭിവാജ്യഘടകമായി മാറിയ യുകെയിലെ മലായാളി സമൂഹത്തിന്റെ കിരീടത്തിൽ തുന്നിച്ചേർക്കാൻ ഒരു പൊൻതൂവൽകൂടി. രാജ്ഞിയുടെ ബ്രിട്ടീഷ് എംപയർ പുരസ്‌കാരം വരെ നേടിയ മലയാളികളുടെ വാർത്തക്ക് പിന്നാലെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആണിക്കല്ലായ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഒരു രൂപതയുടെ ബിഷപ്പായി ഒരു മലയാളി നിയമിതനാകുന്നത്. വയനാടുകാരനായ റവ. ഡോ. ജോൺ പെരുമ്പാലത്തിനെ ബ്രാഡ്വെൽ ആസ്ഥാനമായ ചെംസ്ഫോർഡ് രൂപതയുടെ സഹായ മെത്രാനായി നിയമിച്ചുകൊണ്ട് എലിസബത്ത് രാജ്ഞി ഇന്നലെ ഉത്തരവിറക്കി.

ഇന്ത്യയിൽ നിന്നും വ്യത്യസ്തമായി ബ്രിട്ടീഷ് സർക്കാർ തന്നെയാണ് ആംഗ്ലിക്കൻ മെത്രാന്മാരെ നിയമിക്കുന്നത്. ഈ മെത്രാന്മാർ ഹൗസ് ലോർഡ്് അംഗങ്ങളുമാണ്. അതുകൊണ്ട് തന്നെ രാജ്ഞിക്ക് വേണ്ടി സർക്കാരാണ് നിയമന ഉത്തരവ് ഇറക്കുന്നത്. ബ്രിട്ടനിലെ ഔദ്യോഗിക മതവും മതഭൂരിപക്ഷവും വരുന്ന ജനങ്ങളുടെ മതവുമാണ് ചർച്ച് ഓഫ് ഇംഗ്ലണ്ട്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗമായി ഇന്ത്യയിൽ ഉണ്ടായ സഭകളാണ് ചർച്ച് ഓഫ് സൗത്ത് ഇന്ത്യയും (ഇടക), ചർച്ച് ഓഫ് നോർത്ത് ഇന്ത്യയും.

ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫീസ് ആയ നമ്പർ10, ഡൗണിങ് സ്ട്രീറ്റ് വെള്ളിയാഴ്ച ഔദ്യോഗിക പത്ര കുറിപ്പിലൂടെ നിയമനം അറിയിക്കുകയായിരുന്നു. ബ്രിട്ടീഷ് പാർലമെന്റിന്റെ വെബ്സൈറ്റിലും ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 3 ന് ഡോ. ജോൺ ബിഷപ്പായി അഭിഷിക്തനാകും. ആംഗ്ലിക്കൻ സഭ തലവനും കാന്റർബറി ആർച്ച് ബിഷപ്പുമായ റവ. ജസ്റ്റിൻ വെംബ്ലിയാണ് മെത്രാഭിഷേക ചടങ്ങുകൾക്ക് നേതൃത്വം നൽകുക. കേരളത്തിൽ നിന്നും സിഎസ്ഐ മോഡറേറ്റർ അടക്കമുള്ള പ്രമുഖർ ചടങ്ങിലെത്തും.

വയനാട്ടിൽ ജനിച്ചു പൂണെയിലെ യുണൈറ്റഡ് ബൈബിളിക്കൽ സെമിനാരിയിൽ പഠനം നടത്തി സെർമാബൂരിൽ പഠിപ്പിച്ച ശേഷം 1995ൽ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ വൈദികനായി അഭിഷിക്തനായ റവ. ജോൺ കൊൽക്കത്തയടക്കമുള്ള സ്ഥലങ്ങളിൽ വൈദികനായി നേരത്തെ സേവനമനുഷ്ഠിച്ചിരുന്നു. 2002ലാണ് യുകെയിലേയ്ക്ക് സുവിശേഷ വേലക്കായി നിയമിക്കപ്പെട്ടത്. റോചെസ്റ്റർ രൂപതയിലെ സെന്റ് ജോർജ്സ് ബെക്കൻഹാം പള്ളിയിലെ അസോസിയേറ്റ് വികാരിയായായിരുന്നു തുടക്കം. പിന്നീട് നോർത്ത് ഫ്ളീറ്റ് ആൻഡ് റോഷർവില്ലെ ഇടവകയിൽ 2005 മുതൽ 2008 വരെ സേവനം ചെയ്തു. തുടർന്ന് ആൾ സെയ്ന്റ്സ് പെറി സ്ട്രീറ്റ് ആൻഡ് ഡയോസിസിൽ 2008 മുതൽ 1013 വരെയും വികാരിയായിരുന്നു. 2013 ലാണ് ബെർക്കിങിനെ ആർച്ച്ഡീക്കൻ ആയി നിയമിതനാകുന്നത്.

നിലവിൽ ബാർക്കിംഗിൽ ആർച്ച് ഡീക്കനായി സേവനമനുഷ്ഠിക്കവയെയാണ് പുതിയ പദവിയിലേക്ക് നിയുക്തനാകുന്നത്. കേരളത്തിലെ പുരാതന സിറിയൻ ക്രിസ്ത്യൻ കുടുംബാംഗമായ ഡോ. ജോൺ പൂനയിലെ യൂണിയൻ ബിബ്‌ളിക്കൽ സെമിനാരിയിലാണ് പഠനം പൂർത്തിയാക്കിയത്. ആഅ, ആഉ, ങഅ, ങഠവ, ജവഉ ബിരുദങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ഡോ. ജോൺ പെരുമ്പാലത്ത് യൂത്ത് വർക്കറായും തിയോളജിക്കൽ എഡ്യൂക്കേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ജനറൽ സിനഡിൽ അംഗമാണ് ഡോ. ജോൺ.

സിനഡിന്റെ മിഷൻ ആൻഡ് പബ്ലിക് അഫയേഴ്‌സ് കൗൺസിലിലും അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റിയിലും ഇപ്പോൾ അദ്ദേഹം ചുമതല വഹിക്കുന്നുണ്ട്. വെസ്റ്റ്‌കോട്ട് ഹൗസ് ട്രസ്റ്റി ബോർഡ് മെമ്പറായ അദ്ദേഹം തിയോളജിക്കൽ കോളജ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, നാഷണൽ കമ്മിറ്റി ഫോർ എത്‌നിക് മൈനോറിറ്റീസ്, ലണ്ടൻ ചർച്ചസ് റെഫ്യൂജിസ് നെറ്റ് വർക്ക് എന്നീ സ്ഥാപനങ്ങളിലും വിവിധ റോളുകൾ കൈകാര്യം ചെയ്യുന്നുണ്ട്.

ആംഗ്ലിക്കൻ മിഷൻ ഏജൻസിയുടെ മുൻ ട്രസ്റ്റിയായ ഡോ.ജോൺ ആംഗ്ലിക്കൻ കമ്യൂണിയന്റെ വിവിധ പ്രോവിൻസുകളിലെ സ്ഥിരം പ്രഭാഷകനാണ്. ബിഷപ്പാകാനുള്ള ക്ഷണം എളിമയോടെ സ്വീകരിക്കുന്നുവെന്നും പുതിയ പദവിയിൽ സന്തോഷമുണ്ടെന്നും ഡോ.ജോൺ പെരുമ്പാലത്ത് പറഞ്ഞു. ബാർക്കിംഗിലെ അഞ്ചു വർഷത്തെ സേവനത്തിനു ശേഷം ലഭിച്ചിരിക്കുന്ന പുതിയ അവസരം വെല്ലുവിളികളുടെ പുതിയ മേഖലയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെംസ്‌ഫോർഡ് ബിഷപ്പ്, സ്റ്റീഫൻ കോട്‌റൽ പുതിയ ബിഷപ്പിന്റെ നിയമനത്തിൽ തന്റെ സന്തോഷം പങ്കുവെച്ചു. പ്രഗത്ഭനായ തിയോളജിയനും അതിബുദ്ധിമാനായ പാസ്റ്ററുമാണ് ഡോ.ജോൺ എന്ന് ബിഷപ്പ് പറഞ്ഞു.

ഇടവകാംഗങ്ങളുടെ സ്‌നേഹവും വിശ്വാസവും നേടിയെടുക്കാൻ ഡോ. ജോണിന് കഴിഞ്ഞെത്തും കൂടുതൽ ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിൽ ഭരമേൽപ്പിക്കപ്പെടുകയാണെന്നും പുതിയ പദവിയിൽ മുന്നേറുന്നതിനുള്ള അനുഗ്രഹങ്ങൾക്കായി ഡോ. ജോണിനും അദ്ദേഹത്തിന്റെ പത്‌നി ജെസിക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്നും ബിഷപ്പ് സ്റ്റീഫൻ കോട്‌റൽ വിശ്വാസ സമൂഹത്തോട് അഭ്യർത്ഥിച്ചു.

ജൂലൈയിൽ മരണമടഞ്ഞ ബിഷപ്പ് ജോൺ വ്‌റോയുടെ പിൻഗാമിയായാണ് ഡോ. ജോൺ പെരുമ്പാലത്ത് അഭിഷിക്തനാക്കുന്നത്. 1966 ൽ ജനിച്ച ഡോ.ജോൺ 1995 ൽ വൈദികപട്ടം സ്വീകരിച്ചു. പത്‌നി ജെസി മാത്സ് അദ്ധ്യാപിക ആണ്. ഏകമകൾ അനുഗ്രഹ മെഡിക്കൽ സ്റ്റുഡന്റാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP