Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

1600 മീറ്റർ 5.40 മിനിറ്റിൽ ഓടിയത് ബാഡ്മിന്റൺ കളി ശീലമാക്കിയതിലൂടെ കിട്ടിയ ശാരീരിക ക്ഷമതാ കരുത്തിൽ; തോക്കെടുത്തും മതഗ്രന്ഥങ്ങൾ കൂടതൽ ആഴത്തിൽ പഠിച്ചും പട്ടാളക്കാരനായി; ജൂനിയർ കമ്മിഷൻഡ് ഓഫീസർ റാങ്കിൽ ആത്മീയ പുരോഹിതനായി ഫാ ജിസ് ജോസ് കിഴക്കേൽ സൈന്യത്തിൽ എത്തുന്നതും ദൈവ നിശ്ചയം; സിറോ മലബാർ സഭയ്ക്ക് അഭിമാനമായി കോതമംഗലം രൂപതക്കാരൻ; പട്ടാളത്തിലെ മലയാളി അച്ചന്റെ കഥ

1600 മീറ്റർ 5.40 മിനിറ്റിൽ ഓടിയത് ബാഡ്മിന്റൺ കളി ശീലമാക്കിയതിലൂടെ കിട്ടിയ ശാരീരിക ക്ഷമതാ കരുത്തിൽ; തോക്കെടുത്തും മതഗ്രന്ഥങ്ങൾ കൂടതൽ ആഴത്തിൽ പഠിച്ചും പട്ടാളക്കാരനായി; ജൂനിയർ കമ്മിഷൻഡ് ഓഫീസർ റാങ്കിൽ ആത്മീയ പുരോഹിതനായി ഫാ ജിസ് ജോസ് കിഴക്കേൽ സൈന്യത്തിൽ എത്തുന്നതും ദൈവ നിശ്ചയം; സിറോ മലബാർ സഭയ്ക്ക് അഭിമാനമായി കോതമംഗലം രൂപതക്കാരൻ; പട്ടാളത്തിലെ മലയാളി അച്ചന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പട്ടാളത്തിലും ഇനി മലയാളി അച്ചൻ! സിറോ മലബാർ സഭയ്ക്ക് അഭിമാന നിമിഷം സമ്മാനിച്ച് ഫാ. ജിസ് ജോസ് കിഴക്കേൽ പട്ടാളത്തിൽ ചേർന്നു. ജൂനിയർ കമ്മിഷൻഡ് ഓഫീസറായാണ് നിയമനം. ജൂനിയർ കമ്മിഷൻഡ് ഓഫീസർ റാങ്കിൽ ആത്മീയ പുരോഹിതനായാണ് നിയമനം. സിറോ മലബാർ സഭയിൽ നിന്ന് ഈ തസ്തികയിലെത്തുന്ന ആദ്യത്തെയാൾ. വൈദികർക്ക് കേന്ദ്രസർക്കാർ നൽകുന്ന ഏക ജോലിയാണിത്. ഒരേ സമയം വൈദികനും സൈനികനുമാകാം. ഔദ്യോഗിക സൈനിക ചടങ്ങുകളിലൊഴികെ പുരോഹിത വേഷം ധരിക്കാം.

സൈനികർക്കിടയിൽ മതസ്പർധയുണ്ടാകാതിരിക്കാനും സാഹോദര്യവും സഹവർത്തിത്വവും മതേതരത്വവും ഉറപ്പാക്കാനുമാണ് മത പുരോഹിതരെ നിയമിക്കുന്നത്. എല്ലാ മതങ്ങളുടെയും ആഘോഷങ്ങൾ ഒരുമിച്ച് കൊണ്ടാടുക, മതഗ്രന്ഥങ്ങൾ ശരിയായി വ്യാഖ്യാനിക്കുക, മൂല്യങ്ങൾ പകർന്നു നൽകുക തുടങ്ങിയവയാണ് അടിസ്ഥാന ജോലി. 19 പേരുടെ ബാച്ചാണ് ഫാ. ജിസിന്റെത്. 16 പണ്ഡിറ്റുമാർ, ഒരു ബുദ്ധമത സന്ന്യാസി, ഒരു സിഖ് പുരോഹിതൻ എന്നിവരാണ് ഒപ്പമുള്ളതെന്ന് ഫാ. ജിസ് പറഞ്ഞു.

വിവിധ മതങ്ങളുടെ പുരോഹിതരെ സൈന്യത്തിൽ നിയമിക്കാറുണ്ട്. പരസ്യം നൽകിയാണ് പുരോഹിതരെ കണ്ടെത്തുന്നത്. യാദൃച്ഛികമായാണ് ഇടുക്കി കാഞ്ചിയാർ ജോൺ പോൾ മെമോറിയൽ കോളേജിലെ വൈസ് പ്രിൻസിപ്പലായിരുന്ന ഫാ. ജിസ് ജോസ് കിഴക്കേൽ പരസ്യം കണ്ടത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നതിനാൽ അപേക്ഷ നൽകി. കർണാടകയിലെ ബഗാൽകോട്ടായിരുന്നു ഫിസിക്കൽ ടെസ്റ്റ്. 1600 മീറ്റർ 5.40 മിനിറ്റിൽ ഓടണമായിരുന്നു ജോലി കിട്ടാൻ.

ബാഡ്മിന്റൺ കളിക്കാരനായ അച്ചന് ഇത് നേടിയെടുത്തു. കുട്ടിക്കാലം തൊട്ട് തന്നെ ബാഡ്മിന്റൺ കളി അച്ചന്റെ ശീലമായിരുന്നു. തുടർന്ന് എൻട്രൻസ് പരീക്ഷ ജയിച്ചതോടെ ഏഴാഴ്ച നീണ്ട കഠിന ശാരീരിക പരിശീലനവും കിട്ടി. സ്വയരക്ഷയ്ക്ക് തോക്കുപയോഗിക്കാനുള്ള പരിശീലനം വരെ. അതു കഴിഞ്ഞപ്പോൾ 11 ആഴ്ച നീണ്ട ആത്മീയ പരിശീലനം. മറ്റ് മതഗ്രന്ഥങ്ങൾ, ആചാരങ്ങൾ, ആഘോഷങ്ങൾ, രീതികൾ തുടങ്ങി എല്ലാം പഠിപ്പിച്ചു. പുണെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇന്റഗ്രേഷനിലായിരുന്നു പരിശീലനം.

ഇതെല്ലാം വിജയകരമായി പൂർത്തിയാക്കിയതോടെ ജൂനിയർ കമ്മിഷൻഡ് ഓഫീസറായി (മതാധ്യാപനം) നിയമനം കിട്ടി. 32-കാരനായ ജിസ് 2015 ജനുവരിയിലാണ് വൈദിക പട്ടം നേടിയത്. എറണാകുളം ജില്ലയിലെ വാഴക്കുളം കല്ലൂർക്കാട് സെയ്ന്റ് അഗസ്റ്റിൻസ് പള്ളി ഇടവകാംഗമാണ്. കോതമംഗലം രൂപതക്കാരൻ. എം.സി.എ. ബിരുദധാരിയും സി.എസ്.ടി. സന്ന്യാസ സഭാംഗവുമാണ്. സൈന്യത്തിലെ റിലീജിയസ് ടീച്ചർ എന്ന ദൗത്യമാണ് ഫാ. ജിസ് ഇനി നിർവഹിക്കുക. 15 വർഷക്കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൈനിക യൂണിറ്റുകളിൽ അദ്ദേഹം സേവനം ചെയ്യും.

2015 ജനുവരി മൂന്നിനു പൗരോഹിത്യം സ്വീകരിച്ച ഫാ. ജിസ് ആർമിയിലെ സുഹൃത്തുക്കളുടെ പ്രോത്സാഹനങ്ങളോടും സിഎസ്ടി സുപ്പീരിയറിന്റെ അനുമതിയോടും കൂടിയാണു സൈന്യത്തിൽ ചേരാൻ തീരുമാനിച്ചത്. തുടർന്നു കരസേനയിൽ നായിബ് സുബേദാർ (ജൂണിയർ കമ്മീഷൻഡ് ഓഫീസർ) തസ്തികയിലാണു സൈനികസേവനം ആരംഭിച്ചത്. പതിനെട്ടു മാസത്തെ കായിക, അനുബന്ധ പരിശീലനങ്ങൾ പൂർത്തിയാക്കി പൂന നാഷണൽ ഇന്റഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പാസിങ് ഔട്ട് പരേഡ്. രോഗീസന്ദർശനം നടത്തുക, സേനാംഗങ്ങൾക്കു ധാർമികവും ആത്മീയവുമായ ഊർജം പകരുക, വിശ്വാസപരമായ ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും നേതൃത്വം നൽകുക, മതസൗഹാർദം വളർത്തുക, സ്ട്രസ് മാനേജ്മെന്റ്, കൗൺസലിങ്, എന്നിവയെല്ലാം ഇനി അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. എല്ലാ ദിവസവും ദിവ്യബലിയർപ്പിക്കാനും വിശ്വാസ ആവശ്യങ്ങൾ നിർവഹിക്കാനും ഈ പദവിയിൽ ഫാ. ജിസിന് അവസരമുണ്ടെന്നതും ശ്രദ്ധേയമാണ്.

കോതമംഗലം രൂപതയിലെ കല്ലൂർക്കാട് ഇടവകയിലെ പരേതനായ ജോസ് വർഗീസും വൽസ ജോസിന്റെയും മകനാണ് ഫാ. ജിസ് കിഴക്കേൽ. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഫോണിലൂടെ അനുമോദനം അറിയിച്ചിട്ടുണ്ട്. വൈദികനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയായിലും അഭിനന്ദന പ്രവാഹമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP