Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരി ഇറക്കുന്നതിനിടെ ലോഡിങ് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം; പരിശോധനയിൽ കണ്ടെത്തിയത് അരിച്ചാക്കുകൾക്കിടയിലെ കീടനാശിനിയുടെ കവറുകൾ; ഏറ്റുമാനൂർ പേരൂർ കവലയിലെ കൊച്ചുപുരയ്ക്കൽ ട്രേഡേഴ്‌സിൽ കണ്ടെത്തിയത് 0.15 ഗ്രാം ഉള്ളിലെത്തിയാൽ ആരോഗ്യവാനായ ഒരാളെ മരണത്തിലേക്കു തള്ളിയിടാൻ കരുത്തുള്ള മാരകവിഷമായ അലുമിനിയം ഫോസ്‌ഫൈഡ്: പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

അരി ഇറക്കുന്നതിനിടെ ലോഡിങ് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം; പരിശോധനയിൽ കണ്ടെത്തിയത് അരിച്ചാക്കുകൾക്കിടയിലെ കീടനാശിനിയുടെ കവറുകൾ; ഏറ്റുമാനൂർ പേരൂർ കവലയിലെ കൊച്ചുപുരയ്ക്കൽ ട്രേഡേഴ്‌സിൽ കണ്ടെത്തിയത് 0.15 ഗ്രാം ഉള്ളിലെത്തിയാൽ ആരോഗ്യവാനായ ഒരാളെ മരണത്തിലേക്കു തള്ളിയിടാൻ കരുത്തുള്ള മാരകവിഷമായ അലുമിനിയം ഫോസ്‌ഫൈഡ്: പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഏറ്റുമാനൂർ പേരൂർ കവലയിലെ കൊച്ചുപുരയ്ക്കൽ ട്രേഡേഴ്‌സ് എന്ന അരി വ്യാപാര സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരുന്ന അരിച്ചാക്കുകളുടെ മുകളിൽ വിതറിയിരുന്നത് അതിസുരക്ഷയിൽ കൈകാര്യം ചെയ്യേണ്ടിയിരുന്ന കീടനാശിനി. 0.15 ഗ്രാം ഉള്ളിലെത്തിയാൽ ആരോഗ്യവാനായ ഒരാളെ മരണത്തിലേക്കു തള്ളിയിടാൻ കരുത്തുള്ള മാരകവിഷം.

വായുസഞ്ചാരം കുറവുള്ള ക്യാബിനുകളിൽ തുണിയിൽ പൊതിഞ്ഞ് സുരക്ഷിതമായി മൂലകളിൽ മാത്രം സൂക്ഷിക്കേണ്ട മരുന്നാണ് അലുമിനിയം ഫോസ്‌ഫൈഡ്. കേരളത്തിൽ അലുമിനിയം ഫോസ്‌ഫൈഡ് സൂക്ഷിക്കാൻ നിലവിൽ ഒരു വ്യാപാരിക്കു മാത്രമേ ലൈസൻസ് ഉള്ളൂ. പെസ്റ്റ് കൺട്രോൾ ഓപ്പറേറ്റർമാർക്ക് മാത്രം വിൽക്കാനുള്ള അനുമതിയാണ് ഈ സ്ഥാപനത്തിനുള്ളത്. അലുമിനിയം ഫോസ്‌ഫൈഡ് ഉപയോഗിക്കുന്നതിനും പെസ്റ്റ് കൺട്രോൾ ഓപ്പറേറ്റർമാർക്കു മാത്രമാണ് അനുമതി. ഈ കീടനാശിനിയാണ് അരിച്ചാക്കുകളിൽ വാരി വിതറിയ നിലയിൽ കണ്ടെത്തിയത്. അരി വ്യാപാര സ്ഥാപനങ്ങളിൽ ഇത്തരത്തിലുള്ള കീടനാശിനികൾ ഉപയോഗിക്കുന്നുണ്ടെന്ന വസ്തുതയാണ് ഏറ്റുമാനൂർ പേരൂർ കവലയിലെ കൊച്ചുപുരയ്ക്കൽ ട്രേഡേഴ്‌സ് എന്ന അരി വ്യാപാര സ്ഥാപനങ്ങളിലെ കാഴ്ചകൾ വ്യക്തമാക്കുന്നത്.

കൊച്ചുപുരയ്ക്കൽ ട്രേഡേഴ്‌സിന്റെ അതിരമ്പുഴയിലെ ഗോഡൗണിൽ നിന്ന് ലോറിയിൽ എത്തിച്ച അരി ഇറക്കുന്നതിനിടെ ലോഡിങ് തൊഴിലാളികൾക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു കീടനാശിനിയുടെ കവറുകൾ അരിച്ചാക്കുകൾക്ക് അടിയിൽ നിന്നു കണ്ടെത്തിയത്.നഗരസഭാധികൃതർ ആണ് ഭക്ഷ്യ സുരക്ഷാ അധികൃതരെ വിവരം അറിയിച്ചത്. ഭക്ഷ്യസുരക്ഷാ വിഭാഗം ഏറ്റുമാനൂർ സർക്കിൾ ഓഫിസർ ഡോ.തെരസിലിൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ചു. അലുമിനിയം ഫോസ്‌ഫൈഡ് അരിച്ചാക്കുകളിൽ വിതറി എന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. പരിശോധന രാത്രി 10.30 വരെ നീണ്ടു. കൊച്ചുപുരയ്ക്കൽ ട്രേഡേഴ്‌സിന്റെ അതിരമ്പുഴയിലെ 5 ഗോഡൗണുകളും ഒരു ഔട്ട്ലെറ്റും പൂട്ടിച്ചു. എന്നാൽ ഗോഡൗണിലെ പരിശോധനയിൽ കീടനാശിനിയുടെ പ്രയോഗം കണ്ടെത്തിയിട്ടില്ല. ഏത് ഗോഡൗണിൽ നിന്നാണ് ഏറ്റുമാനൂരിലെ കടയിലേക്ക് അരി എത്തിയത് എന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

പരിശോധനകളിൽ 81 ചാക്കുകളിലായി 1660 കിലോഗ്രാം അരിയിലാണ് കീടനാശിനിയുടെ അംശം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗം കടയുടെ ലൈസൻസ് റദ്ദാക്കുകയും താൽക്കാലികമായി പൂട്ടുകയും ചെയ്തു. സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായി ഭക്ഷ്യസുരക്ഷാ വിഭാഗം ഏറ്റുമാനൂർ സർക്കിൾ ഓഫിസർ ഡോ.തെരസിലിൻ ലൂയിസ് അറിയിച്ചു. പരിശോധനാഫലം കിട്ടിയതിന്റെ ശേഷം കർശനമായ തുടർനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. അതീവ മാരകമാണ് അലുമിനിയം ഫോസ്‌ഫൈഡ്. ഈ മേഖലയിൽ വിദഗ്ധരായവർക്കു പോലും ഈ കീടനാശിനി തിരിച്ചറിയാൻ പ്രയാസമാണ്.

മനംമടുപ്പിക്കുന്ന മണം. തരിയോടു കൂടിയ ക്രിസ്റ്റൽ രൂപം. അടച്ചിട്ട മുറിയിൽ കിടക്കുന്ന 4 പേരെ 2 മണിക്കൂറിനുള്ളിൽ മയക്കാൻ 2 ക്യാപ്‌സൂളുകൾ മാത്രം മതി.സെൽഫോസ്, ഫോസ്‌ടോക്‌സ്, ഫ്യുമിടോക്‌സിൻ തുടങ്ങി പല പേരുകളിൽ അറിയപ്പെടുന്ന താരതമ്യേന വിലക്കുറവുള്ള ഈ കീടനാശിനി ധാന്യസംഭരണ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നതാണ്. ഇത് വെള്ളവുമായോ അന്തരീക്ഷത്തിലെ ജലാംശവുമായോ കൂടിക്കലർന്നാൽ രാസപ്രക്രിയയിലൂടെ അതീവ മാരകമായ ഫോസ്‌ഫൈൻ എന്ന വാതകമായി മാറും. 0.15 ഗ്രാം അലുമിനിയം ഫോസ്‌ഫൈഡിൽ നിന്നുണ്ടാകുന്ന വാതകം പോലും ജീവനു ഭീഷണിയാണ്.

ധാന്യങ്ങൾ വലിയ തോതിൽ ശേഖരിച്ചു വയ്ക്കുന്ന കേന്ദ്രങ്ങളിൽ വലിയ തോതിലുണ്ടാകുന്ന ജീവികളുടെ ആക്രമണങ്ങളെ ചെറുക്കാൻ അലുമിനിയം ഫോസ്‌ഫൈഡ് ഉപയോഗിക്കുന്നത് പതിവാണ്. കപ്പലുകളും കണ്ടെയ്‌നറുകളും പോലെയുള്ള വായു കടക്കാത്ത ചേംബറുകളിലും വലിയ ഗോഡൗണുകളിലുമാണ് ഇത് ഉപയോഗിക്കുന്നത്. തുണിയിൽ പൊതിഞ്ഞ് സുരക്ഷിതമായി മൂലകളിൽ മാത്രം സൂക്ഷിച്ചുവച്ചാണ് ഉപയോഗിക്കേണ്ടത്. പ്രയോഗിച്ച ഭാഗങ്ങൾ ധാന്യങ്ങൾ മാറ്റിയ ശേഷം ഇടവേളകളിൽ കഴുകി വൃത്തിയാക്കണം. സൂക്ഷിച്ച ധാന്യങ്ങൾ ഏറെ നേരം തുറന്നു വച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ.

ആരോഗ്യമുള്ള മനുഷ്യനെ മണിക്കൂറുകൾക്കുള്ളിൽ വധിക്കാൻ ഈ മാരക വിഷത്തിനു സാധിക്കുമെന്നതിനാലാണ് ഈ മുൻകുരതലെടുക്കുന്നത്. ഒരു കാരണവശാലും ഭക്ഷ്യ വസ്തുക്കളുമായി സമ്പർക്കമുണ്ടാകാനോ കലരാനോ പാടില്ല. ശ്വാസത്തിലൂടെയോ വായിലൂടെയോ 0.15 ഗ്രാമിലധികം ഉള്ളിലെത്തിയാൽ രക്തത്തിൽ കലരുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്ത് മരണം സംഭവിക്കാമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP