Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർദ്ദിനാളിനെ വിമർശിച്ച് സർക്കുലർ പള്ളികളിൽ വായിച്ചതോടെ സിറോ-മലബാർ സഭയിൽ ഭിന്നത അതിർവരമ്പുകൾ ലംഘിച്ച് പുറത്തേക്ക്; വ്യാജ രേഖ കേസിൽ രണ്ടുമെത്രാന്മാർ പ്രതിസ്ഥാനത്ത് വന്നതോടെ കർദ്ദിനാളിനെതിരെ എറണാകുളം രൂപത തുറന്ന യുദ്ധത്തിന്; വൈകാതെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ തെക്കൻ വിഭാഗവും വടക്കൻ വിഭാഗവുമായി സഭ പിളർന്നേക്കും: സീറോ-മലബാർ സഭയിലെ ആഭ്യന്തര കലഹം സൂചിപ്പിക്കുന്നത് യാക്കോബായ-ഓർത്തഡോക്‌സ് പ്രശ്‌നത്തിന് സമാനമായ സാഹചര്യം

കർദ്ദിനാളിനെ വിമർശിച്ച് സർക്കുലർ പള്ളികളിൽ വായിച്ചതോടെ സിറോ-മലബാർ സഭയിൽ ഭിന്നത അതിർവരമ്പുകൾ ലംഘിച്ച് പുറത്തേക്ക്; വ്യാജ രേഖ കേസിൽ രണ്ടുമെത്രാന്മാർ പ്രതിസ്ഥാനത്ത് വന്നതോടെ കർദ്ദിനാളിനെതിരെ എറണാകുളം രൂപത തുറന്ന യുദ്ധത്തിന്; വൈകാതെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ തെക്കൻ വിഭാഗവും വടക്കൻ വിഭാഗവുമായി സഭ പിളർന്നേക്കും: സീറോ-മലബാർ സഭയിലെ ആഭ്യന്തര കലഹം സൂചിപ്പിക്കുന്നത് യാക്കോബായ-ഓർത്തഡോക്‌സ് പ്രശ്‌നത്തിന് സമാനമായ സാഹചര്യം

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: വ്യാജരേഖാ കേസിനെ ചൊല്ലി സിറോ-മലബാർ സഭയിൽ ഭിന്നത രൂക്ഷമായി. തെറ്റായ പ്രചാരണങ്ങൾക്ക് തടയിടുന്നതിന് വേണ്ടി സഭ ഇറക്കിയ വിശദീകരണ കുറിപ്പ് ഇപ്പോൾ കർദ്ദിനാളിനെതിരെയുള്ള യുദ്ധപുറപ്പാടായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. എറണാകുളം-അങ്കമാലി അതിരൂപതകളിലെ പള്ളികളിൽ ഞായറാഴ്ച വായിച്ച സർക്കുലറാണ് തർക്കം രൂക്ഷമായത്. പള്ളികളിൽ വായിക്കുന്നതിനായി അതിരൂപത വികാരി ജനറൽ ഫാ.വർഗീസ് പൊട്ടയ്ക്കലാണ് വിശദീകരണ കുറിപ്പ് തയ്യാറാക്കിയത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പേരെടുത്ത് വിമർശിക്കുന്നതാണ് സർക്കുലർ.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പ്രത്യക്ഷമായി തന്നെ വിമർശിച്ചു കൊണ്ടുള്ളതാണ് വിശദീകരണ കുറിപ്പ്. സഭയിലെ ചില മൈത്രാന്മാരുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖ ഒരു യുവാവ് അയാളുടെ ജോലിക്കിടയിൽ കണ്ടെത്തി. ഇത് അതീവ രഹസ്യമായി കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് കൈമാറി.എന്നിട്ടും എന്നിട്ടും രേഖ കൈമാറിയ ഫാ.പോൾ തേലക്കാട്ടിനെയും ബിഷപ്പ് ജേക്കബ്ബ് മനത്തോട്ടത്തിനെയും പ്രതികളാക്കി കേസെടുത്തു. ഇത് പിൻവലിക്കാമെന്ന് കർദ്ദിനാൾ നൽകിയ ഉറപ്പ് പാലിച്ചില്ല. ഈ രേഖ വ്യാജമാണെന്ന് മൊഴി നൽകണമെന്നാവശ്യപ്പെട്ട് ഇത് കണ്ടെത്തിയ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും വികാരി ജനറൽ കുറിപ്പിൽ ആരോപിക്കുന്നു

കേസന്വേഷണം ശരിയായ ദിശയിലല്ലെന്നും ജുഡിഷ്യൽ അന്വേഷണത്തിലുടെ മാത്രമെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കഴിയൂവെന്ന് പറയുന്ന കുറിപ്പിൽ സഭയിലെ ഒരു വൈദികനും വ്യാജ രേഖ ഉണ്ടാക്കിയിട്ടില്ലെന്നും വ്യക്തമാക്കുന്നു. വ്യാജരേഖയുടെ ഉറവിടം കണ്ടെത്താൻ സഭാ സിനഡ് നൽകിയ പരാതിയിലാണ് ഫാ.പോൾ തേലക്കാട്ടിനെയും ബിഷപ്പ് ജേക്കബ് മനന്തോട്ടത്തിലിനെയും പ്രതികളാക്കിയത്. എന്നാൽ വ്യാജരേഖയുടെ ഉറവിടം കണ്ടെത്തുകയല്ലാതെ, ഇവരെ പ്രതി ചേർക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് കർദ്ദിനാൾ മാർ ആലഞ്ചേരി പറയുന്നത്. എന്നാൽ, കർദ്ദിനാൾ പറയുന്നതിന് വിരുദ്ധമായാണ് കാര്യങ്ങൾ നടക്കുന്നതെന്നാണ് എതിർവിഭാഗത്തിന്റെ വിമർശനം.

രേഖകൾ ഉണ്ടാക്കിയതല്ലെന്നും അതിരൂപതാംഗമായ യുവാവിന് തന്റെ ജോലിക്കിടയിൽ ലഭിച്ചതാണെന്നും സർക്കുലർ ആവർത്തിക്കുന്നുണ്ട്. വ്യാജമെന്ന് ആരോപിക്കപ്പെടുന്ന ഈ രേഖകളുടെ സത്യാവസ്ഥ ഒരു ജുഡീഷ്യൽ അന്വേഷണം വഴിയോ സിബിഐ. അന്വേഷണത്തിലൂടെയോ പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യാജരേഖയുണ്ടാക്കിയെന്നാരോപിച്ച് പൊലീസ് അറസ്റ്റുചെയ്ത ആദിത്യ (ആദിത്യൻ) എന്ന 24-കാരനെ കൈയൊഴിയുകയായിരുന്നു എളുപ്പമാർഗമെങ്കിലും അത് ചെയ്യാതെ അവനെ ചേർത്തുപിടിച്ചതിലൂടെ വലിയ കാര്യമാണ് അതിരൂപത ചെയ്തിരിക്കുന്നതെന്ന് ഒരു വൈദികൻ പറഞ്ഞു. എന്നാൽ ആദിത്യയെ ഒപ്പം നിർത്തിയില്ലെങ്കിൽ അവൻ കൂടുതൽ പേരുകൾ പറയുമായിരുന്നുവെന്നാണ് എതിർപക്ഷത്തിന്റെ വാദം.
ആലഞ്ചേരിക്കെതിരായ കുറിപ്പ് സഭാവിരുദ്ധമാണെന്നാരോപിച്ചാണ് ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധവുമായെത്തിയത്. ഇവർ കഴിഞ്ഞ ദിവസം ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും വിശദീകരണ കുറിപ്പ് കത്തിക്കുകയും ചെയ്തിരുന്നു.

വിശ്വാസികളുടെ പ്രതിഷേധം ഭയന്ന് പലയിടത്തും സർക്കുലർ വായിച്ചില്ലെന്ന് ഇന്ത്യൻ കാത്തലിക് ഫോറം ആരോപിച്ചു. ആദിത്യയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കുന്നുണ്ട്. വൈദികരായ ടോണി (ആന്റണി) കല്ലൂക്കാരനും പോൾ തേലക്കാട്ടും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുമുണ്ട്.

സിറോ മലബാർ സഭയെ പ്രതിസന്ധിയിലാക്കിയ വ്യാജരേഖക്കേസ് ഒത്തുതീർക്കുകയോ പിൻവലിക്കുകയോ ചെയ്യേണ്ടെന്ന് സഭാ സിനഡ്. ചർച്ച ചെയ്യാൻ കാക്കനാട് സഭാ ആസ്ഥാനത്ത് ചേർന്ന അടിയന്തരസിനഡിലാണ് തീരുമാനം. ഭൂമി വിവാദത്തിന് പിന്നാലെ സിറോ മലബാർ സഭയെ ഉലച്ച വ്യാജ രേഖാ വിവാദം ചർച്ച ചെയ്യാനാണ് അടിയന്തരമായി സിനഡ് വിളിച്ചു ചേർത്തത്. കേസിൽ പ്രതിചേർക്കപ്പെട്ട അപ്പോസ്തലിക് അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തും സിനഡിൽ പങ്കെടുത്തിരുന്നു.

കേസ് പിൻവലിച്ച് ഒത്തുതീർപ്പിന് സാധ്യതയുണ്ടോ എന്ന കാര്യം ആദ്യം സിനഡ് പരിഗണിച്ചിരുന്നു. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാണ് ഇത്തരമൊരു ചർച്ച വന്നത്. എന്നാൽ ഒത്തു തീർപ്പോ കേസ് പിൻവലിക്കലോ വേണ്ടെന്നും വ്യാജരേഖ എവിടെ നിന്ന് വന്നു എന്ന കാര്യം കണ്ടെത്തണമെന്നും സിനഡിൽ അഭിപ്രായമുയർന്നു. തുടർന്നാണ് കേസിൽ ഒരു ഒത്തുതീർപ്പും വേണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നും തീരുമാനമായത്.കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസിൽ അപ്പോസ്തലിക് അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയും സത്യദീപം എഡിറ്റർ ഫാദർ പോൾ തേലക്കാടിനെ ഒന്നാം പ്രതിയാക്കിയും പൊലീസ് കേസെടുത്തിരുന്നു. പരാതിക്കാരനായ വൈദികൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വ്യാജ ബാങ്ക് രേഖയുണ്ടാക്കിയെന്നാരോപിച്ചായിരുന്നു സിറോ മലബാർ സഭ എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിന്റെ എഡിറ്റർ ഫാദർ പോൾ തേലക്കാടിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്. തൊട്ടു പിന്നാലെയാണ് പരാതിക്കാരനായ വൈദികന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അപ്പോസ്തലിക് അഡ്‌മിനിസ്‌ട്രേറ്ററായ ബിഷപ് മാർ ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയത്. ഫാദർ പോൾ തേലക്കാട് നിർമ്മിച്ച വ്യജ ബാങ്ക് രേഖ അപ്പോസ്തലിക് അഡ്‌മിനിസ്‌ട്രേറ്ററായ ബിഷപ്പ് ജേക്കബ് മനത്തോടത്ത് വഴി സിനഡിന് മുന്നിൽ ഹാജരാക്കിയെന്നായിരുന്നു വൈദികന്റെ മൊഴി. കർദ്ദിനാൾ ആലഞ്ചേരിയെ അഴിമതിക്കാരനായി ചിത്രീകരിക്കാനായിരുന്നു നടപടിയെന്നാണ് മൊഴിയിലുള്ളത്.

സിറോ മലബാർ സഭ ഐടി മിഷൻ ഡയറക്ടറായ ഫാദർ ജോബി മാപ്രക്കാവിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫാദർ പോൾ തേലക്കാട് ഒന്നാം പ്രതിയും അപ്പോസ്തലിക് അഡ്‌മിനിസ്‌ട്രേറ്റർ രണ്ടാം പ്രതിയുമായത്. ബിഷപ്പിനെതിരെ വ്യാജരേഖ ചമയ്ക്കൽ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

പരാതിക്കാരന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ബിഷപ്പിനെയും വൈദികനൊപ്പം പ്രാഥമികമായി പ്രതി ചേർത്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ബിഷപ്പ് സിനഡിന് സമർപ്പിച്ചത് വ്യാജരേഖയാണോ ബിഷപ്പിനും വൈദികനും ഇക്കാര്യത്തിൽ അറിവുണ്ടോ എന്നതെല്ലാം അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളൂ. അതേസമയം, കർദ്ദിനാളിനെതിരായ വ്യാജ രേഖാ കേസിൽ തന്നെക്കൂടി പ്രതി ചേർത്തതിൽ കടുത്ത എതിർപ്പിലാണ് അപ്പോസ്തലിക് അഡ്‌മിനിസ്‌ട്രേറ്ററായ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്.

വൈദികരുടെ ഓൺഗോയിങ് ഫോർമേഷൻ യോഗത്തിൽ സംഭവം ഖേദകരമായിപ്പോയെന്ന് ബിഷപ്പ് അറിയിച്ചു. താൻ വ്യാജ രേഖ ചമച്ചിട്ടില്ലെന്നാണ് ഫാദർ പോൾ തേലക്കാടും വിശദീകരിക്കുന്നത്. സഭയിൽ വിവാദമായ ഭൂമി ഇടപാടിൽ കർദ്ദിനാളിനെതിരായ നിലപാടെടുത്ത വിമത വൈദികർക്കൊപ്പമായിരുന്നു പോൾ തേലക്കാട്. ഇപ്പോഴത്തെ പരാതി ഇതിലുള്ള പ്രതികാരമായാണ് ഒരു വിഭാഗം വൈദികർ കാണുന്നത്.
ഏതായാലും ആഭ്യന്തര കലഹം മൂർ്ചഛിച്ചൽ അത് യാക്കോബായ-ഓർത്തഡോക്‌സ് തർക്കം പോലെ തുറന്നയുദ്ധത്തിന് വഴിവയ്ക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP