Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വത്തുക്കളെ ചൊല്ലി തർക്കമോ ഗ്വാ.. ഗ്വാ വിളികളോ ഇല്ല; റോയ്സ് കൈവശം വെച്ചിരുന്ന റിമിയുടെ സ്വത്തുക്കൾ തിരികെ നൽകി; ഒത്തുപോകാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ഇരുവർക്കും ആവശ്യം നിയമപരമായ വേർപിരിയൽ മാത്രം; പരസ്പ്പരം ചെളിവാരി എറിയാൻ നിൽക്കാതെ മാന്യമായി വേർപിരിഞ്ഞ് റിമി ടോമിയും റോയ്‌സും; വിവാഹമോചന ഹർജി അംഗീകരിച്ചു എറണാകുളം കുടുംബ കോടതിയും; മലയാള സിനിമാ ലോകത്തെ ഒരു വിവാഹമോചന കേസിനു കൂടി അവസാനമായി

സ്വത്തുക്കളെ ചൊല്ലി തർക്കമോ ഗ്വാ.. ഗ്വാ വിളികളോ ഇല്ല; റോയ്സ് കൈവശം വെച്ചിരുന്ന റിമിയുടെ സ്വത്തുക്കൾ തിരികെ നൽകി; ഒത്തുപോകാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ഇരുവർക്കും ആവശ്യം നിയമപരമായ വേർപിരിയൽ മാത്രം; പരസ്പ്പരം ചെളിവാരി എറിയാൻ നിൽക്കാതെ മാന്യമായി വേർപിരിഞ്ഞ് റിമി ടോമിയും റോയ്‌സും; വിവാഹമോചന ഹർജി അംഗീകരിച്ചു എറണാകുളം കുടുംബ കോടതിയും; മലയാള സിനിമാ ലോകത്തെ ഒരു വിവാഹമോചന കേസിനു കൂടി അവസാനമായി

എം മനോജ് കുമാർ

കൊച്ചി: ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും തമ്മിലുള്ള വേർപിരിയലിന് ഔദ്യോഗിക അംഗീകാരമായി. പരസ്പരം വേർപിരിയാനുള്ള ഇവരുടെ അപേക്ഷ എറണാകുളം കുടുംബകോടതി അംഗീകരിച്ചു. ഒരു പതിറ്റാണ്ടായി തുടരുന്ന ഭാര്യാ ഭർതൃബന്ധത്തിനാണ് ഇന്നലെത്തോടെ അവസാനമായത്. മലയാള സിനിമാ രംഗത്ത് നിന്ന് വന്ന ഈയിടെ ഏറ്റവും അവസാനമായി വന്ന വിവാഹമോചന വാർത്തയിലാണ് ഇന്നലെ തീരുമാനം വന്നത്. പ്രണയവും ആലോചനകളും വിവാഹത്തിൽ എത്തുകയും അല്പകാലം കൊണ്ട് തന്നെ അത് വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്യുന്ന വാർത്തകളാണ് മലയാള സിനിമാ ലോകത്ത് നിന്നും എത്തുന്നത്.

സിനിമാ ലോകവുമായി ബന്ധമില്ലാത്ത ഒരാളാണ് റിമിയുടെ ഭർത്താവായി എത്തുന്നത് എന്നതിനാൽ ഈ വിവാഹമെങ്കിലും തകരാതെ പോകുമെന്നായിരുന്നു റിമിയുടെ വിവാഹവേളയിൽ സിനിമാലോകത്ത് നിന്നും വന്നിരുന്ന വിലയിരുത്തൽ. ഒരു പതിറ്റാണ്ടോളം ഈ തീരുമാനം ശരിയായി വന്നെങ്കിലും ഈ അടുത്ത കാലത്ത് ഈ വിവാഹവും തകിടം മറിയുന്ന ലക്ഷണങ്ങൾ വന്നിരുന്നു. ഈ വാർത്തകൾക്ക് ഒടുവിലായാണ് ഇവർ വേർപിരിയലിന് കുടുംബകോടതിയിൽ അപേക്ഷ നൽകിയതായി വാർത്ത വന്നത്. വൈകാതെ തന്നെ അതിനു സ്ഥിരീകരണവും വന്നു. ആ സ്ഥിരീകരണമാണ് ഇപ്പോൾ കുടുംബകോടതിയുടെ കൂടെ അംഗീകാരം വന്നത്. ഒപി 879/2019 എന്ന കേസ് നമ്പറിനാണ് വിധി വന്നതെന്ന് റോയ്‌സിന് വേണ്ടി ഹാജരായ കെ.കെ.നാസർ മറുനാടൻ മലയാളിയോട് പറഞ്ഞു.

രണ്ടാഴ്ചയ്ക്ക് മുൻപ് ഇവർ നൽകിയ അപേക്ഷയിലാണ് ഇപ്പോൾ തീർപ്പ് വന്നത്. രണ്ടു വർഷമായി ഇവർ വേർപിരിഞ്ഞു മുന്നോട്ട് പോയതിനാൽ ആറുമാസത്തെ സാവകാശം പോലും ആവശ്യമായി വന്നില്ല. ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനമായതിനാൽ ഒരു കാര്യത്തിനും ഇവർക്കിടയിൽ അഭിപ്രായവ്യത്യാസം വന്നില്ല. റോയ്സിന്റെ കൈവശമുണ്ടായിരുന്ന റിമിയുടെ സ്വത്തുക്കൾ മുഴുവൻ റിമിക്ക് തന്നെ റോയ്സ് തിരികെ നൽകി. രണ്ടു വർഷമായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. വിവാഹിതരായെങ്കിലും റിമിയുടെ സ്വത്തുക്കൾ റിമിയുടെ കൈവശമായിരുന്നു. അതിന്റെ അവകാശം റോയ്‌സിന്റെ കയ്യിലേക്ക് വന്നു ചേർന്നിരുന്നില്ല. അതുകൊണ്ട് തന്നെ സ്വത്തുക്കൾ തമ്മിലുള്ള തർക്കം ഇവർക്കിടയിൽ വന്നിരുന്നില്ല. റിമിയും റോയ്‌സും വേർപിരിയുന്നു എന്ന വാർത്ത ഈയിടെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.

വിവാഹമോചനത്തിനെക്കുറിച്ച് ഈ കഴിഞ്ഞ ദിവസം റോയ്സ് അടുത്ത സുഹൃത്തുക്കളോട് മനസ് തുറന്നിരുന്നു. റിമിയുമായുള്ള തന്റെ ദാമ്പത്യത്തിൽ തനിക്ക് നഷ്ടമായത് പന്ത്രണ്ടു കൊല്ലമാണെന്നും അതൊരിക്കലും തിരിച്ചുകിട്ടില്ലെന്നുമാണ് റോയ്സ് പറഞ്ഞത്. ആകെക്കൂടി തിരിച്ചുകിട്ടിയത് റിമിയുടെ മുൻ ഭർത്താവ് എന്ന ഒരനാവശ്യ മേൽവിലാസം മാത്രമാണ്. റിമിയുമായുള്ള ദാമ്പത്യം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളുമാണ്. റിമി പെട്ടെന്ന് വാക്കുകൾ മാറ്റിപ്പറയും. അവൾ ഇന്നുപറഞ്ഞതല്ല നാളെ പറയുക. അങ്ങനെ കാര്യങ്ങൾ മാറ്റിപ്പറയുന്നതിൽ റിമിക്ക് യാതൊരുവിധ മനസാക്ഷിക്കുത്തും ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളിൽ റിമി തനിക്കെതിരേയും ആരോപണങ്ങൾ നിരത്തിവയ്ക്കാമെന്നാണ് റോയ്‌സ് സുഹൃത്തുക്കളോട് പറഞ്ഞത്.

തനിക്ക് റിമിയെ ആക്രമിക്കുന്നതിനോ അവരുടെ പ്രശസ്തിയെ കളങ്കപ്പെടുത്തുന്നതിനോ ഉദ്ദേശമില്ല. ഇളയരാജ പോലും നല്ല പാട്ടുകാരി എന്ന് റിമിയെ സാക്ഷ്യപ്പെടുത്തിയതും റോയ്‌സ് ഓർത്തെടുത്തിരുന്നു. അവൾ നല്ല പാട്ടുകാരിയാണ്. അതേസമയം റിമിയുടെ പ്രൊഫെഷനുവേണ്ടി ദാമ്പത്യ ജീവിതവും സ്വന്തം ബിസിനസ്സും ബലികൊടുത്തുകൊണ്ട് താൻ നഷ്ടപ്പെടുത്തിയ, തന്റെ ജിവിതത്തിലെ ഒരിക്കലും തിരിച്ചുകിട്ടാത്ത ആ പന്ത്രണ്ടു കൊല്ലമാണ്. ഈ വിഷയത്തിൽ താൻ പരമാവധി ആത്മസംയമനം പാലിച്ചിട്ടുണ്ട്-റോയ്‌സ് പറഞ്ഞിരുന്നു. താൻ പറയുന്നത് ആരോപണങ്ങളല്ല; മറിച്ച് പച്ച പരമാർത്ഥങ്ങളാണെന്നും റോയ്‌സ് പറയുന്നുണ്ട്.

വിവാഹത്തിന്റെ ആദ്യ മൂന്നുവർഷം മാത്രമാണ് താൻ അവളുടെ വലുതല്ലാത്ത സമ്പാദ്യം കൈകാര്യം ചെയ്തിട്ടുള്ളൂ. പിന്നീട് റോയ്‌സ് കൂടി പരിശ്രമിച്ചിട്ടാണ് റിമി പ്രശസ്തയായത്. അങ്ങനെ സമ്പാദ്യം വളർന്നു വലുതായതോടെ താൻ അതെല്ലാം അവൾ ആവശ്യപ്പെട്ടതനുസരിച്ച് അവൾക്കുതന്നെ വിട്ടുകൊടുക്കുകയായിരുന്നു. വേർപിരിയുമ്പോഴും രണ്ടുപേർക്കുമിടയിൽ യാതൊരുവിധ സാമ്പത്തിക തർക്കങ്ങളുമില്ല. റിമിക്ക് ഡിവോഴ്‌സ് നിർബന്ധമായിരുന്നില്ല. തനിക്ക് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നതുകൊണ്ടാണ് ഇപ്പോൾ ഡിവോഴ്‌സ് നടന്നത്.

സഹിക്കാവുന്നതിന്റെ പരമാവധി സഹിക്കുകയും താഴാവുന്നതിന്റെ പരമാവധിയും താഴ്ന്നതിനുശേഷം മാത്രമാണ് ഗത്യന്തരമില്ലാത്ത ഈ ഡിവോഴ്‌സ് എന്നും റോയ്‌സ് മനസ്സ് തുറന്നിരുന്നു. 'റിമിയുടെ ഈ താരപരിവേഷം വെറും പൊള്ളയാണ്. പ്രഹസനമാണ്. ടെലിവിഷനിൽ പറയുന്നതുപോലെയല്ല കാര്യങ്ങൾ. ഞങ്ങളുടെ കുടുംബജീവിതം താറുമാറാണെന്നും പ്രേക്ഷക സമൂഹം അറിയേണ്ടതുണ്ട്; അറിയിക്കേണ്ടതുണ്ട്. ഞങ്ങൾക്ക് ഒരു കുഞ്ഞില്ലാതെ പോയതും അതുകൊണ്ടാണ്. അതെന്റെ അമ്മയുടേയും കുടുംബത്തിന്റെയും കൂടി വേദനയാണ്; ദുഃഖമാണ്. ഇതൊക്കെ നിങ്ങൾ കൂടി അറിഞ്ഞിരിക്കണം.' റോയ്‌സ് തൃശൂരിലെ സുഹൃത്തുക്കളോട് പറഞ്ഞുവച്ചു. എന്തായാലും ഇവരുടെ കുടുംബപരമായ എല്ലാ ബന്ധങ്ങൾക്കും കുടുംബകോടതി അവസാനമിട്ടുകഴിഞ്ഞു. വന്നതെല്ലാം റോയ്സ് പറഞ്ഞിട്ടുള്ള കാര്യങ്ങൾ മാത്രമാണ്. വേർപിരിയലിൽ റിമി മനസ് തുറക്കുമോ? ഈ ആകാംക്ഷയിലാണ് സിനിമാ രംഗത്തുള്ളവരും റിമിയുടെ സുഹൃത്തുക്കളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP