Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയോട് യാത്രപറഞ്ഞ് ഇറങ്ങിയവൾ തിരികെ എത്തിയത് ചലനമറ്റ് ജഡമായി; 'എന്റെ പൊന്നു മോളെ' എന്നു അലറിക്കരഞ്ഞുള്ള അമ്മയുടെ ആർത്തനാദം കണ്ടു നിൽക്കൻ സാധിക്കാതെ നാട്ടുകാരും ബന്ധുക്കളും; കാനഡയിൽ പോയി പഠിക്കാനും ജോലി നേടാനും ആഗ്രഹിച്ച ഈവയെ ഓർത്ത് തേങ്ങി പിതാവും; പ്രാർത്ഥനയോടെ കണ്ണീരിൽ കുതിർന്ന യാത്ര പറയാൻ സഹപാഠികളും സുഹൃത്തുക്കളുമെത്തി; വരട്ട്പാറയിൽ കൊലപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനിക്ക് നാടിന്റെ അന്ത്യാജ്ഞലി

അമ്മയോട് യാത്രപറഞ്ഞ് ഇറങ്ങിയവൾ തിരികെ എത്തിയത് ചലനമറ്റ് ജഡമായി; 'എന്റെ പൊന്നു മോളെ' എന്നു അലറിക്കരഞ്ഞുള്ള അമ്മയുടെ ആർത്തനാദം കണ്ടു നിൽക്കൻ സാധിക്കാതെ നാട്ടുകാരും ബന്ധുക്കളും; കാനഡയിൽ പോയി പഠിക്കാനും ജോലി നേടാനും ആഗ്രഹിച്ച ഈവയെ ഓർത്ത് തേങ്ങി പിതാവും; പ്രാർത്ഥനയോടെ കണ്ണീരിൽ കുതിർന്ന യാത്ര പറയാൻ സഹപാഠികളും സുഹൃത്തുക്കളുമെത്തി; വരട്ട്പാറയിൽ കൊലപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനിക്ക് നാടിന്റെ അന്ത്യാജ്ഞലി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്ലസ് ടു പരീക്ഷയെഴുതിയതിനു ശേഷം കാനഡയിൽ പോയി ബാക്കി പഠിക്കണമെന്നായിരുന്നു ഈവയുടെ ആഗ്രഹം. എന്നാൽ ആ ആഗ്രഹമെല്ലാം തല്ലിക്കെടുത്തുകയായിരുന്നു സഫർ ഷാ എന്ന കൊടും ക്രൂരൻ. അമ്മയോട് അവസാനമായി യാത്ര പറഞ്ഞു പോയവർ തിരികെ എത്തിയത് ചലനമറ്റ് ജഢമായിട്ടായിരുന്നു. ഇതേക്കുറിച്ച് ആലോചിച്ച് കണ്ണീരിൽ കുതിർന്ന അവസ്ഥയിലാണ് മാതാവ്. മലക്കപ്പാറയ്ക്കു സമീപം വരട്ട്പാറയിൽ കൊലപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം ആംബുലൻസിൽനിന്ന് വീട്ടിലേക്ക് എത്തിച്ചപ്പോൾ 'എന്റെ പൊന്നു മോളെ' എന്നു അലമുറയിട്ടു നിലവിളിച്ച അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ആർക്കും അറിവില്ലായിരുന്നു. 

കരഞ്ഞു തളർന്ന ആ അമ്യെ ആശ്വസിപ്പിക്കാൻ ചുറ്റഉ നിന്നവർക്കും സാധിച്ചില്ല. ഇന്നലെ രാവിലെ മുതൽ ആളുകളോട് സംസാരിച്ച് റോഡിൽ കാത്തുനിന്ന അവളുടെ അച്ഛൻ മകളുടെ അനക്കമില്ലാത്ത ശരീരം മുറ്റത്തെ വെള്ളവിരിയിലേക്ക്‌ െവച്ചപ്പോൾ തളർച്ചയോടെ സുഹൃത്തിന്റെ ചുമലിലേക്ക് ചാഞ്ഞു. പ്ലസ് ടു പരീക്ഷയെഴുതിയതിനു ശേഷം കാനഡയിൽ പോയി ബാക്കി പഠിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. ഈ ഓർമ്മകളിൽ തേങ്ങുകയായിരുന്നു ആ പിതാവ്. അതൊന്നും നടന്നില്ലല്ലോ, അതിനുമുൻപെ എന്റെ മോളെ അവൻ കൊന്നുകളഞ്ഞില്ലേ... നിറഞ്ഞുവന്ന കണ്ണുകളെ ആരെയും കാണിക്കാൻ തയ്യാറാകാതെ ആ അച്ഛൻ എല്ലാവരിൽ നിന്നും മാറുകയായിരുന്നു. വീട്ടിൽ വന്ന എല്ലാവരെയും തന്റെ സാന്നിധ്യം അറിയിച്ച് സംസാരിച്ചു നടന്ന അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആയില്ല.

പ്രാർത്ഥനയോടെ കണ്ണീരിൽ കുതിർന്ന യാത്ര പറച്ചിലിനായി അവളുടെ സഹപാഠികളും അദ്ധ്യാപകരും സുഹൃത്തുക്കളും സമീപവാസികളും വീട്ടിലെത്തിയിരുന്നു. പെൺകുട്ടിയുടെ മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കുമെന്ന് പറഞ്ഞിരുന്നതിനാൽ സുഹൃത്തുക്കളും ബന്ധുക്കളും രാവിലെ മുതലെ വീട്ടിലെത്തിയിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരം നാലു മണിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം കലൂരിലെ വാടക വീട്ടിലെത്തിച്ചത്. അര മണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിന്‌ െവച്ചു. ശവസംസ്‌കാര ശുശ്രൂഷകൾക്കു ശേഷം മൃതദേഹം ആലപ്പുഴ ചേന്നവേലിയിൽ പള്ളിയിലേക്ക് കൊണ്ടുപോയി.

അതേസമയം കലൂർ താന്നിപ്പിള്ളി വീട്ടിൽ വിനോദ് എന്ന ആന്റിണിയുടെ മകൾ ഈവയെ കൊലപ്പെടുത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് കാമുകൻ നെട്ടൂർ കുറ്റേത്തുപറമ്പ് മസ്ജീദ് റോഡിൽ പൂതേപ്പാടത്ത് സഫർ ഷാ ഇന്നലെ രാത്രി കൊച്ചി സെൻട്രൽ സി ഐ എസ് വിജയശങ്കറിനോട് കുറ്റസമ്മതം നടത്തിയ കൂസൽ ഏതുമില്ലാതെയാണ്. നേരത്തെ നടത്തിയ പ്രാഥമീക ചോദ്യം ചെയ്യലിൽ തന്നേ തേയ്ച്ചിട്ടുപോകുമോ എന്ന സംശയമാണ് അരുംകൊല നടത്താൻ പ്രേരിപ്പിച്ചതെന്ന് സഫർ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രിയിൽ നടത്തിയ വിശദമായ മൊഴിയെടുക്കലിലാണ് ഈവയെ കൊലപ്പെടുത്തിയതിന്റെ കാരണത്തെക്കുറിച്ചും കൊലനടത്തിയ രീതിയെക്കുറിച്ചുമെല്ലാം സഫർ പൊലീസിനോട് വ്യക്തമാക്കിയത്.

കൊലയ്ക്കുപയോഗിച്ച കത്തി ഇന്നലെ നടത്തിയ തെളിവെടുപ്പിൽ കണ്ടെടുക്കാനായില്ല. മരണം ഉറപ്പാക്കിയശേഷം കത്തി ദൂരേയ്‌ക്കെറിഞ്ഞെന്നും ഇരുട്ടായിരുന്നതിനാൽ കത്തി വീണ സ്ഥലം കൃത്യമായി അറിയില്ലെന്നുമാണ് സഫർ പൊലീസിനെ അറിയിച്ചിരുന്നത്. മലക്കപ്പാറ -പൊള്ളാച്ചി പാതയിൽ ഷോളയാർ ഡാമിന് സമീപം വരട്ടുപാറയിലെ തേയിലത്തോട്ടത്തിലാണ് ഈവയുടെ മൃതദ്ദേഹം കിടന്നിരുന്നത്. കാർ നിർത്തിയ ശേഷം കത്തിയെടുത്ത് ഈവയുടെ നെഞ്ചിൽ പലവട്ടം ആഞ്ഞുകുത്തിയെന്നാണ് സഫർ പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്. സ്‌കൂൾ വിടുന്ന സമയത്ത് സഫർ പലവട്ടം കാറുമായെത്തി ഈവയെ കൂട്ടിക്കൊണ്ടുപോയിരുന്നതായി അന്വേഷണത്തിൽ പൊലീസിന് വ്യക്തമായിട്ടുണ്ട്. കൊല നടന്ന ദിവസവും സഫർ കാറിലെത്തി ഈവയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

സഫർ നിരന്തരം തന്റെ മകളെ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട ഗോപികയുടെ അച്ഛൻ വിനോദ് പറഞ്ഞു. പല തവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും വിനോദ് പറഞ്ഞു. താക്കീത് ചെയ്തപ്പോൾ ശല്യം ചെയ്യില്ലെന്ന് സഫർ ഉറപ്പ് നൽകിയതാണ് എന്നും അച്ഛൻ പ്രതികരിച്ചിരുന്നു. ഇതോടെ വീട്ടുകാർ ബന്ധത്തിന് എതിർപ്പാണെന്ന് സഫർ തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെ സൗഹൃദം തുടരാൻ താൽപര്യമില്ലെന്ന് കുട്ടി അറിയിക്കുകയും ചെയ്തു. എന്നാൽ വീണ്ടും സഫർ പെൺകുട്ടിയുമായി അടുത്തു. ഇതിനിടെയാണ് വിദേശ സ്വപ്നങ്ങൾ പങ്കുവയ്ക്കുന്നത്. ഇത് തന്നെ ഒഴിവാക്കാനുള്ള തന്ത്രമായും സഫർ കരുതി.

തൃശൂർ മലക്കപ്പാറയിൽ പ്ലസ്ടു വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായകമായത് ഒരു കാറിന് പിന്നാലെ പോയ പൊലീസ് അന്വേഷണം ആയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് തൃശൂരിൽ സുഹൃത്തുകൊന്ന് കാട്ടിൽ തള്ളിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. വാൽപ്പാറ തേയിലത്തോട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മരട് സ്വദേശിയായ ഗോപിക (ഈവ) യെ കാണാനില്ലെന്ന വിവരം അതിരപ്പള്ളി പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അതിരപ്പള്ളി വഴി ഒരു കാറ് പോയിരുന്നുവെന്നും കാറിൽ ഒരു യുവാവും പെൺകുട്ടിയും ഉണ്ടായിരുന്നുവെന്നും വിവരം ലഭിച്ചു. മലക്കപ്പാറയെത്തിപ്പോൾ രണ്ട് പേരും കാറിലുണ്ടായിരുന്നു. കാറിന്റെ നമ്പറും പൊലീസിന് ലഭിച്ചു.

സർവീസ് ചെയ്യാനെത്തിച്ച കാർ മോഷണം പോയതായി സഫർ ജോലി ചെയ്യുന്ന എറണാകുളം മരടിലെ സർവീസ് സ്റ്റേഷൻ അധികൃതർ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം മരട് പൊലീസിൽ പരാതി നൽകിയിരുന്നു. സഫറിനെയും കാണാനില്ലെന്നു പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയിലെ അന്വേഷണത്തിനിടെ, സഫറിന്റെ മൊബൈൽ ലൊക്കേഷൻ പൊലീസ് തിരഞ്ഞു. അതേ സമയം തന്നെയാണ് ഗോപികയുടെ പിതാവ് ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്.പക്ഷേ, പരാതിയിൽ സഫറിന്റെ കാര്യം പരാമർശിച്ചിരുന്നില്ല. സെൻട്രൽ പൊലീസ് അപ്പോൾ തന്നെ കേസെടുക്കുകയും മറ്റു സ്റ്റേഷനുകളിലേക്കു വിവരം കൈമാറുകയും ചെയ്തു. മരടിൽ നിന്നു മോഷണം പോയ കാർ മലക്കപ്പാറ ചെക്പോസ്റ്റ് കടന്നു തമിഴ്‌നാട്ടിലേക്കു പോയതായി മലക്കപ്പാറ പൊലീസിന് 7 മണിയോടെ വിവരം ലഭിച്ചു. സഫറിന്റെ മൊബൈൽ ലൊക്കേഷൻ വച്ചാണ് ഇതു മനസ്സിലാക്കിയത്. മലക്കപ്പാറ പൊലീസ് പിന്നാലെ പാഞ്ഞു. തമിഴ്‌നാടിന്റെ ഭാഗമായ വാൽപ്പാറ ചെക്പോസ്റ്റിലും പൊലീസിനും സന്ദേശം കൈമാറി.

വാൽപ്പാറ ചെക് പോസ്റ്റെത്തുന്നതിനു മുൻപു തന്നെ, 8 മണിയോടെ, വാട്ടർഫാൾ പൊലീസ് കാർ തടഞ്ഞു. പരിശോധനയിൽ, കാറിൽ പെൺകുട്ടിയെ കണ്ടെത്തിയില്ല. കാറിൽ രക്തക്കറ കണ്ടെത്തിയതോടെ അവർ സഫറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലക്കപ്പാറയിൽ നിന്നുള്ള പൊലീസ് സംഘം, സഫറിനെയും കൂട്ടി 4 മണിക്കൂറോളം നടത്തിയ തിരച്ചലിലാണു മൃതദേഹം കണ്ടെത്തിയത്. കേരള അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയ തോട്ടം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് കുട്ടിയുടെ മാതാപിതാക്കൾ. ഒരു സഹോദരിയുണ്ട്. കുട്ടിയെ കൊല്ലാനുറപ്പിച്ചു തന്നെയാണ് സഫർ കൂട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. സൗഹൃദം ഉപേക്ഷിക്കും മുമ്പ് ചില കാര്യങ്ങൾ പറയാനുണ്ടെന്നും വൈകിട്ടു തന്നെ തിരികെ കൊണ്ടുവിടാമെന്നും പറഞ്ഞ് അനുനയിപ്പിച്ചാണ് സഫർ കുട്ടിയെ വാഹനത്തിൽ കയറ്റിയത്. കൊല്ലാനുള്ള കത്തിയടക്കം വാങ്ങിയാണ് സഫർ കൊച്ചിയിൽ നിന്ന് പോയതെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP