Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിണറായി സർക്കാരിന്റെ ഭരണപരിഷ്‌കാരങ്ങൾ ഒക്കെ വാചകം അടിയിൽ ഒതുങ്ങുമോ? എക്‌സൈസ് കമ്മീഷണർ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെയെല്ലാം പടി കിട്ടുന്ന തസ്തികയിലേക്ക് വീണ്ടും മാറ്റി മന്ത്രിയുടെ ഓഫീസ്; ചട്ടം നോക്കി ഉത്തരവിറക്കിയ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർക്കും സ്ഥലംമാറ്റം; ഒന്നും കണ്ടില്ലെന്ന് നടിച്ച് പാവം സിങ്കം

പിണറായി സർക്കാരിന്റെ ഭരണപരിഷ്‌കാരങ്ങൾ ഒക്കെ വാചകം അടിയിൽ ഒതുങ്ങുമോ? എക്‌സൈസ് കമ്മീഷണർ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെയെല്ലാം പടി കിട്ടുന്ന തസ്തികയിലേക്ക് വീണ്ടും മാറ്റി മന്ത്രിയുടെ ഓഫീസ്; ചട്ടം നോക്കി ഉത്തരവിറക്കിയ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർക്കും സ്ഥലംമാറ്റം; ഒന്നും കണ്ടില്ലെന്ന് നടിച്ച് പാവം സിങ്കം

എം എസ് സനിൽകുമാർ

തിരുവനന്തപുരം : ഋഷിരാജ് സിംഗിനെ കാഴ്ചക്കാരനാക്കി എക്‌സൈസ് ഇൻസ്‌പെക്ടർമാരുടെ സ്ഥാനമാറ്റം. മന്ത്രിഓഫീസിൽ നിന്നാണ് പുതിയ ലിസ്റ്റ് ഇറങ്ങിയിരിക്കുന്നത്. അഴിമതിക്ക് പേരുകേട്ട തസ്തികകളിലാണ് സ്ഥലംമാറ്റം നടന്നിരിക്കുന്നത്. കഴിഞ്ഞ 27നു കമ്മിഷണറേറ്റിലെ ഡപ്യൂട്ടി കമ്മിഷണറുടെ നിർദ്ദേശപ്രകാരം അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസർ ഇറക്കിയ ഉത്തരവാണു തിങ്കളാഴ്ച മന്ത്രി ഓഫിസിൽ നിന്നുള്ള നിർദ്ദേശപ്രകാരം മാറ്റിയത്. തൊട്ടുപിന്നാലെ, ഉത്തരവിറക്കിയ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസർ രാകേഷ് ധരണിയെ മാറ്റി. എക്‌സൈസ് കമ്മിഷണറെ മറികടന്നാണ് ഇതെല്ലാം. 

വ്യവസായ വകുപ്പിലെ എംഡി, ജനറൽ മാനേജർ നിയമനങ്ങൾക്ക് സമാനായി എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് നിയമനമെന്നാണ് ആരോപണം. അഴിമതിക്ക് സാധ്യതയുള്ള സീറ്റുകളിൽ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് സ്ഥലം മാറ്റം നടത്തുന്നതിൽ ഋഷിരാജ് സിംഗിനും അതൃപ്തിയുണ്ട്. കമ്മിഷണറേറ്റിൽ ഇൻസ്‌പെക്ടർമാരുടെ 18 തസ്തികകളാണുള്ളത്. കമ്മിഷണർ ഋഷിരാജ് സിങ് രണ്ടാഴ്ച മുൻപ് ഇവിടെയുള്ളവരെ പുറത്തേക്കും പുറത്തുള്ളവരെ അകത്തേക്കും മാറ്റി. കമ്മിഷണറേറ്റിൽ ആരൊക്കെ ഏതൊക്കെ കസേരകളിൽ ഇരിക്കണമെന്ന് ഉത്തരവിറക്കുന്നത് അവിടത്തെ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസറാണ്. അതിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർമാരായ എസ്.മോഹനൻ, കെ.ആർ.കൃഷ്ണകുമാർ, ബി.എൽ.ഷിബു, രഘുനാഥൻ ആചാരി, ബി.രമേശ് കുമാർ എന്നിവരെ ഇവിടെ നിയമിച്ചു.

ഡപ്യൂട്ടി കമ്മിഷണറുടെ നിർദ്ദേശപ്രകാരമുള്ള പട്ടികയായിരുന്നു ഇത്. യു ഡി എഫ് സർക്കാരിന്റെ കാലം മുതൽ തുടരുന്ന ആളാണ് ഡെപ്യുട്ടി കമ്മീഷണർ . ഇതിനു തൊട്ടു പിന്നാലെ , മന്ത്രിയുടെ ഓഫിസിൽ നിന്നു പുതിയ പട്ടികയുമെത്തി. അതുപ്രകാരം സലിം കുമാർ ദാസ്, എസ്.രതീഷ് കുമാർ, എച്ച്.കൃഷ്ണകുമാർ എന്നിവരെ ഉൾപ്പെടുത്തി തിങ്കളാഴ്ച വീണ്ടും കസേരകളിൽ മാറ്റം വരുത്തി.എക്‌സൈസ് ആസ്ഥാനത്തെ സി 2, സി 3, സി 6 വകുപ്പുകളിലെ ഇൻസ്‌പെക്ടർമാരുടെ ഇരിപ്പടങ്ങൾക്ക് എന്നും പിടിവലിയാണ്. സി 2 വിൽ രമേശ്കുമാർ , സി 4 ഇൽ കൃഷ്ണകുമാർ, സി 6 ഇൽ സലിംകുമാർ ദാസ് എന്നിവരെയാണ് പുതിയതായി നിയമിച്ചിരിക്കുന്നത്.

ബീയർ, വൈൻ പാർലർ ലൈസൻസ് പുതുക്കൽ, ബീവറേജസ് കോർപറേഷനുകളിൽ നിന്നു ബീയർ കൊണ്ടുപോകാനുള്ള പെർമിറ്റ് നൽകൽ എന്നിങ്ങനെ അബ്കാരികൾ കയറിയിറങ്ങുന്ന വകുപ്പാണിത്. മുൻപ്, ബാർ ലൈസൻസ് പുതുക്കലും ഇവിടെയായിരുന്നു. വേണ്ടപ്പെട്ടവർക്ക് അതേ ദിവസം പെർമിറ്റും പടി നൽകാത്തവർക്ക് ആഴ്ചകൾ കഴിഞ്ഞു പെർമിറ്റും നൽകുന്ന സ്ഥലമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. അതിനാൽ, ആരെയും വെറുപ്പിക്കാതിരിക്കാൻ ഇവിടെയുള്ള പല ഉദ്യോഗസ്ഥർക്കും മാസപ്പടി ലഭിക്കുമെന്ന് എക്‌സൈസ് ഇന്റലിജൻസും നേരത്തെ കണ്ടെത്തിയതാണ്. ഒരു മാസം 50,000 മുതൽ ഒരു ലക്ഷം രൂപ വരെയാണു റാങ്ക് അനുസരിച്ചുള്ള നിരക്ക്.

ഇതിന്റെ തുടർച്ചയായി രാത്രിയോടെ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസർ രാകേഷിനെ അവിടെ നിന്നു മാറ്റി സുരക്ഷാ മിഷനിൽ നിയമിച്ചു. പകരം, അനിൽ പി.ആന്റണിയെ കമ്മിഷണറേറ്റിൽ അ്ഡമിനിസ്‌ട്രേറ്റിവ് ഓഫിസറാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP