Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വധേരയുടെ ഡിഎൽഎഫ് ബന്ധം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തക; വധഭീഷണി നേരിട്ടപ്പോഴും കുലുങ്ങിയില്ല; എക്കണോമിക് ടൈംസ് - ബിജെപി ബന്ധത്തിന്റെ പേരിൽ ഒതുക്കിയപ്പോൾ പൊളിറ്റിക്കൽ എഡിറ്റർ സ്ഥാനം രാജിവെച്ച് 'ദ വയറിൽ'; അമിത്ഷായുടെ മകനെ കുരുക്കിയ റിപ്പോർട്ടുമായി രംഗത്തെത്തിയ റോഹിണി സിംഗിന്റെ കഥ

വധേരയുടെ ഡിഎൽഎഫ് ബന്ധം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തക; വധഭീഷണി നേരിട്ടപ്പോഴും കുലുങ്ങിയില്ല; എക്കണോമിക് ടൈംസ് - ബിജെപി ബന്ധത്തിന്റെ പേരിൽ ഒതുക്കിയപ്പോൾ പൊളിറ്റിക്കൽ എഡിറ്റർ സ്ഥാനം രാജിവെച്ച് 'ദ വയറിൽ'; അമിത്ഷായുടെ മകനെ കുരുക്കിയ റിപ്പോർട്ടുമായി രംഗത്തെത്തിയ റോഹിണി സിംഗിന്റെ കഥ

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: രണ്ടാം യുപിഎ സർക്കാറിന്റെ ഭരണകാലം. ഡോ. മന്മോഹൻ സിങ് പ്രധാനമന്ത്രി ആണെങ്കിലും സൂപ്പർ പവറായി സോണിയ ഗാന്ധി കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന കാലം. ഇതിനിടെയാണ് ഡിഎൽഎഫ് എന്ന കോർപ്പറേറ്റ് കമ്പനി അതിവേഗം വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറിയത്. ഐപിഎൽ എന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ മുഖ്യ സ്‌പോൺസർമാരായി ഈ കമ്പനി മാറി. കള്ളപ്പണം വെളിപ്പിക്കൽ ബന്ധം വരെ ഐപിഎല്ലിന്റെ മറവിൽ ഉണ്ടായി. അന്ന് ഡിഎൽഎഫും സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുമായി രംഗത്തെത്തിയത് റോഹിണി സിങ് എന്ന മാധ്യമപ്രവർത്തകയായിരുന്നു. പതിവുപോലെ ഭരിക്കുന്ന കക്ഷിയുടെ പ്രമുഖനെ ബന്ധപ്പെടുത്തുന്ന റിപ്പോർട്ടുകൾ തൊടാൻ എല്ലാവരും ഭയന്നു. ഭീഷണികൾ ഇഷ്ടം പോലെ ഉണ്ടായപ്പോഴും കുലുങ്ങാതെ നിന്നു റോഹിണി. പിന്നീട് യുപിഎയുടെ തകർച്ചക്ക് തന്നെ ഇടയാക്കിയ വാർത്താ റിപ്പോർട്ടായി ഇത് മാറി. മറ്റ് മാധ്യമങ്ങളും ക്രമേണ ഈ വിഷയം ഏറ്റുപിടിച്ചു. ബിജെപി തന്നെ ആയുധമാക്കി.

ഇന്ന് മോദി സർക്കാർ സർവത്ര ശക്തരായി അധികാരത്തിലിരിക്കുന്നു. അടുത്ത തവണ മോദിക്ക് അധികാരം പിടിച്ചു നൽകാൻ വേണ്ടി പതിനെട്ട് അടവും പയറ്റി രംഗത്തെത്തിയിരിക്കയാണ് അദ്ദേഹത്തിന്റെ ഉറ്റചങ്ങാതി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. പാർട്ടിയിൽ തന്നെ എതിരാളികളില്ലാതെ മുന്നേറുന്ന അമിത് ഷായെ പ്രതിരോധത്തിലാക്കുന്ന റിപ്പോർട്ടുമായി കഴിഞ്ഞ ദിവസം 'ദി വയർ' എന്ന വെബ്‌സൈറ്റ് രംഗത്തെത്തി. അമിത് ഷായുടെ മകന്റെ സ്ഥാപനത്തിന്റെ വരുമാനം 16,000 ഇരട്ടി വർധിച്ചു എന്ന വാർത്തയാണ് പുറത്തുവിട്ടത്. ഈ റിപ്പോർട്ട് എഴുതിയതും എക്കണോമിക്‌സ് ടൈംസിന്റെ മുൻ പൊളിറ്റിക്കൽ എഡിറ്റർ കൂടിയായ റോഹിണി സിംഗായിരുന്നു.

വിഷയം പ്രതിപക്ഷ കക്ഷികൾ ആയുധമാക്കിയപ്പോഴും രാഹുൽ ഗാന്ധി ഒരു ട്വീറ്റിൽ കാര്യങ്ങൾ ഒതുക്കിയതിൽ നിന്നും കാര്യം വ്യക്തമാണ്. റോഹിണിയുടെ റിപ്പോർട്ടുകൾ രാഷ്ട്രീയക്കാർക്ക് അത്രയ്ക്ക് ദഹിക്കാറില്ലെന്ന് വ്യക്തം. അമിത് ഷായുടെ കമന്റെ അവിശ്വസനീയമായ സാമ്പത്തിക വളർച്ച എങ്ങനെയെന്ന മറുപടി പറയേണ്ട അവസ്ഥയിലാണ് ബിജെപി നേതൃത്വം ഇപ്പോൾ. വാർത്ത ചർച്ചയായതിന് പിന്നാലെ പ്രതികരണവുമായി രോഹിണി രംഗത്തെത്തിയിരിക്കുകയാണ്.

സത്യം പറയുകയാണ് തന്റെ തൊഴിലെന്നും താൻ വാർത്ത ചെയ്യുന്നത് ധീരയായതു കൊണ്ടല്ല, തന്റെ തൊഴിൽ മാധ്യമ പ്രവർത്തനമായതുകൊണ്ടാണെന്നായിരുന്നു രോഹിണിയുടെ പ്രതികരണം. ഫേസ്‌ബുക്കിലൂടെയായിരുന്നു രോഹിണി തന്റെ പ്രതികരണം അറിയിച്ചത്.
'മറ്റ് മാധ്യമ പ്രവർത്തകർ എന്തുചെയ്യണമെന്ന് സ്റ്റാറ്റസ് ഇടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, എനിക്കു വേണ്ടി മാത്രമേ എനിക്ക് സംസാരിക്കാൻ കഴിയൂ. എന്റെ പ്രഥമ ദൗത്യം സത്യം പറയുക എന്നാണ്. ഗവൺമെന്റിനെ ചോദ്യം ചെയ്യുക. എന്നാണ്.' രോഹിണി പറയുന്നു.

വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ചും രോഹിണി പറയുന്നു. 2011 ൽ റോബർട്ട് വധേരായ്ക്ക് ഡി.എൽ.എഫുമായുള്ള ബന്ധത്തെ കുറിച്ചു വാർത്ത നൽകിയപ്പോൾ ഇന്നുണ്ടായ പോലുള്ള പ്രതികരണങ്ങൾ ഉണ്ടായതായി താൻ ഓർക്കുന്നില്ലെന്ന് രോഹിണി പറയുന്നു. മീറ്റിംഗുകളുടെ ലൊക്കേഷൻ ഇരുട്ടറകൾ പോലുള്ള കഫേകളിലേക്ക് മാറ്റുന്നതോ, വാട്സ് അപ്പ, ഫേസ്ടൈം ഓഡിയോ സന്ദേശങ്ങൾ മാത്രമേ ഇപ്പോൾ തരാൻ പറ്റൂ എന്നെന്നോ അന്ന് പറയില്ലായിരുന്നുവെന്നും രോഹിണി പറയുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള അപവാദ പ്രചരണവും ഇല്ലായിരുന്നുവെന്ന് അവർ പറയുന്നു.

മാധ്യമ പ്രവർത്തകരെ കീഴ്പ്പെടുത്താനുള്ള അധികാരമുള്ളവരുടെ മാർഗ്ഗമാണ് അപമാനിക്കലെന്നും രോഹിണി പോസ്റ്റിൽ കുറിക്കുന്നു. 'ഒരു പ്രശ്സതനായ ആൾ പറഞ്ഞത് ഞാൻ ഓർക്കുന്നു, ഒളിപ്പിച്ച് വെക്കുന്നതാണ് വാർത്ത മറ്റെല്ലാം പരസ്യങ്ങളാണ്, മറ്റുള്ളവരുടെ കാര്യമെനിക്ക് അറിയില്ല, പക്ഷെ ഞാൻ അതു തന്നെ ചെയ്തു കൊണ്ടിരിക്കും. അതിൽ നിന്നും ഞാൻ ഒരിക്കലും വ്യഥി ചലിക്കില്ല.' രോഹിണി പറയുന്നു.
തനിക്ക് ചുറ്റമുള്ള മാധ്യമ പ്രവർത്തനം ചെയ്യുന്നതിനേക്കാൾ മാധ്യമ പ്രവർത്തനം ഉപേക്ഷിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അവർ വ്യക്തമാക്കുന്നു.

നേരത്തെ, നരേന്ദ്ര മോദി അധികാരത്തിലേറിയശേഷം അമിത് ഷായുടെ മകന്റെ കമ്പനിക്ക് 16,000 മടങ്ങ് വരുമാന വർധനയുണ്ടായെന്ന് ദ വയർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജെയ് അമിത് ഷായുടെ കമ്പനി കഴിഞ്ഞ രണ്ടുവർഷത്തിനിടെ ലാഭം 16,000 ഇരട്ടിയാക്കി ഉയർത്തിയെന്ന വാർത്തയാണ് പുറത്തുവിട്ടത്. മോദി അധികാരമേൽക്കുകയും അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തതിനു ശേഷം അമിത്ഷായുടെ മകൻ ജയ് അമിത് ഭായ് ഷായുടെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ലാഭം 16,000 ഇരട്ടിയായി വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസിൽ സമർപ്പിച്ച രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ജെയ് ഷായുടെ കമ്പനിയായ ഷാസ് ടെംമ്പിൾ എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ്, 2013-2014 സാമ്പത്തിക വർഷത്തിൽ കമ്പനി രജിസ്റ്റാർ ഓഫീസിൽ നൽകിയ വാർഷിക റിപ്പോർട്ടും അവിടെ സമർപ്പിച്ച ബാലൻസ് ഷീറ്റിലും നൽകിയ കണക്കുകൾ പ്രകാരം 6,23,01,724 രൂപയുടെ നഷ്ടത്തിലായിരുന്നു.

എന്നാൽ 2014ൽ മോദി അധികാരത്തിലെത്തിയ ആദ്യസാമ്പത്തികവർഷം 2014-2015 വാർഷിക റിപ്പോർട്ടിൽ പറയുന്നത് ഷാ കമ്പനിക്ക് ആ ഒരു വർഷം 18,728 രൂപ ലാഭം ലഭിച്ചുവെന്നാണ്. ആദ്യ വർഷം 18,728 രൂപ ലാഭമുണ്ടാക്കിയ കമ്പനി തൊട്ടടുത്തവർഷം പൂർത്തിയാക്കിയത് 80.5 കോടി ലാഭത്തിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2015-16 സാമ്പത്തിക വർഷത്തിൽ സമർപ്പിച്ച കണക്കുകൾ പ്രകാരമാണ് കമ്പനി 80.5 കോടിയുടെ ലാഭം നേടിയിരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളിൽ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകാവുന്ന വിഷയമായി ഇത് മാറിയിരിക്കുകയാണ്.

രാജ്യസഭ എംപിയും റിലയൻസ് ഉന്നത ഉദ്യോഗസ്ഥനുമായ പരിമാൾ നത്വാനിയുടെ മരുമകൻ രാജേഷ് കന്തവാലയുടെ ധനകാര്യസ്ഥാപനത്തിൽ നിന്നും 15.78 കോടി രൂപ വായ്പ എടുത്ത സമയത്താണ് ഷാ കമ്പനിക്ക് ഏറ്റവും വലിയ ലാഭമുണ്ടാക്കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു വർഷം കഴിഞ്ഞ് ഒക്ടോബർ 2016ൽ കമ്പനി വൻ നഷ്ടത്തിലാണെന്ന് കാണിച്ച് ജെയ് ഷാ കമ്പനി പൂട്ടുകയായിരുന്നു. 1.4 കോടി രൂപയുടെ നഷ്ടമാണ് ആ വർഷം കമ്പനിക്കുണ്ടായതെന്ന് വ്യക്തമാക്കിയാണ് കമ്പനി പൂട്ടിയത്. അമിത് ഷായുടെ മകൻ ജയ് ഷായും, ജിതേന്ദർ ഷായുമാണ് കമ്പനി ഡയറക്ടർമാർ.

ഒപ്പം അമിത് ഷായുടെ ഭാര്യ സോന ഷായ്ക്കും കമ്പനി ഓഹരിയിൽ ഉടമസ്ഥതയുണ്ട്. കമ്പനിയുടെ ആസാമാന്യമായ ഈ സാമ്പത്തിക വളർച്ചയുടെ വിശദാംശങ്ങൾ മനസിലാക്കുന്നതിനു വേണ്ടി ദ വയറിന്റെ റിപ്പോർട്ടർ ജെയ് ഷായെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ യാത്രയിലായതിനാൽ ഷാ കൃത്യമായി മറുപടി നല്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ആരോപണങ്ങൾ തള്ളിയ ജയ് ഷാ വ്യാജ വാർത്ത ഉന്നയിച്ച ദ വയർ മാധ്യമത്തിനെതിരെ മാനനഷ്ട കേസ് ഫയ ചെയ്തിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ഉന്നയിച്ചത് തനിക്ക് മാനഹാനി ഉണ്ടാക്കിയതിനാൽ വാർത്ത എഴുതിയ ആൾ , എഡിറ്റർമാർ , ഉടമസ്ഥർ എന്നിവർക്കെതിരെയാണ് മാനനഷ്ട കേസ് നൽകിയത്.

ദ ഹിന്ദുവിലെ എഡിറ്ററായിരുന്ന സിദ്ധാർത്ഥ് വരദരാജൻ നേതൃത്വം നൽകുന്ന ദ വയർ എന്ന ഓൺലൈൻ മാധ്യമത്തിനെതിരെയാണ് കേസ് നൽകിയത്. എക്കണോമിക്‌സ് ടൈംസിൽ നിന്നും രാജിവെച്ച ശേഷമാണ് റോഹിണി അടുത്തിടെ വയറിൽ ജോലി ചെയ്തു തുടങ്ങിയത്. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് സംഘടിപ്പിച്ച എകണോമിക് ടൈംസ് ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ നിന്നും ബിജെപി നേതാക്കൾ വിട്ടു നിന്നതിന് പിന്നിൽ രാഷ്ട്രീയ തന്ത്രം ഉണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനമായി ചൂണ്ടിക്കാട്ടപ്പെടുന്നത് കഴിഞ്ഞ ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ ടൈംസ്, ഇകണോമിക് ടൈംസ് തുടങ്ങി ടൈംസ് ഗ്രൂപ്പിലെ പത്രങ്ങളുടെ റിപ്പോർട്ടിങ് എങ്ങനെയായിരുന്നു എന്നതും അതിൽ തന്നെ അഖിലേഷ് യാദവ് സർക്കാരിനോടുള്ള സമീപനവുമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പൊളിറ്റിക്കൽ എഡിറ്ററായിരുന്ന റോഹിണി സ്ഥാപനവുമായി ഉരസി രാജിവെക്കുകയായിരുന്നു. അതിന് ശേഷമാണ് റോഹിണി ഓൺലൈൻ മാധ്യമവുമായി ചേർന്നു പ്രവർത്തിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP