Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അക്രമത്തിൽ അഴിഞ്ഞാടുന്നത് യന്ത്രത്തോക്കുകളുമേന്തി; നോക്കി നിൽക്കവേ അഗ്നി വിഴുങ്ങി സ്ഥാപനങ്ങളും വാഹനങ്ങളും; കേരളത്തിൽ നിന്നടക്കമുള്ള ട്രെയിനുകളും റദ്ദാക്കി; അഞ്ച് കോടി അനുയായികളോടും നിരത്തിൽ ഇറങ്ങാൻ ആഹ്വാനം; പൊലീസ് പരമാവധി ശ്രമിച്ചിട്ടും ഉത്തരേന്ത്യ മുഴുവൻ കലാപത്തിന്റെ പിടിയിൽ

അക്രമത്തിൽ അഴിഞ്ഞാടുന്നത് യന്ത്രത്തോക്കുകളുമേന്തി; നോക്കി നിൽക്കവേ അഗ്നി വിഴുങ്ങി സ്ഥാപനങ്ങളും വാഹനങ്ങളും; കേരളത്തിൽ നിന്നടക്കമുള്ള ട്രെയിനുകളും റദ്ദാക്കി; അഞ്ച് കോടി അനുയായികളോടും നിരത്തിൽ ഇറങ്ങാൻ ആഹ്വാനം; പൊലീസ് പരമാവധി ശ്രമിച്ചിട്ടും ഉത്തരേന്ത്യ മുഴുവൻ കലാപത്തിന്റെ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പഞ്ച്കുള: ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹിം സിങ്ങിന്റെ അറസ്റ്റിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമം ഉത്തരേന്ത്യയാകെ നിശ്ചലമാക്കി. അറസ്റ്റിനെ തുടർന്നുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. ആയിരത്തോളം പേർക്ക് പരുക്കേറ്റു. നൂറു കണക്കിന് വാഹനങ്ങൾക്ക് തീയിട്ടു. പ്രശ്‌നബാധിത മേഖലകളിലെല്ലാം സൈന്യത്തിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. അക്രമം തടയുന്നതിൽ വീഴ്ച പറ്റിയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തുറന്നു സമ്മതിച്ചു. പഞ്ചാബിലും ഹരിയാനയിലും സൈന്യത്തെ വിന്യസിച്ചു. തിങ്കളാഴ്ച വരെ കാവൽ തുടരും. പഞ്ചാബിലെ മലോട്, ബലൗണ റയിൽവേ സ്റ്റേഷനുകൾക്ക് തീയിട്ടു. പഞ്ചാബ്, ഹരിയാന വഴിയുള്ള 250 ട്രെയിനുകൾ റദ്ദാക്കി. ഇതിൽ കേരളത്തിൽ നിന്നുള്ള ട്രയിനുകളും ഉൾപ്പെടും. ജ്യോതിനഗറിലും ഉത്തർപ്രദേശിലെ ഗസ്സിയാബാദിലും ബസുകൾക്ക് തീയിട്ടു.

തോക്കുമായാണ് ഗുർമീതിന്റെ അനുയായികൾ തെരുവിലിറങ്ങിയത്. യന്ത്രത്തോക്കുകളും മറ്റും എവിടെ നിന്ന് ഇവർക്ക് കിട്ടിയെന്നത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. പിടിയിലായ ദേര സച്ചാ സൗദ പ്രവർത്തകരിൽ നിന്ന് റൈഫിളുകളും പിസ്റ്റളുകളും വെടിയുണ്ടകളും ലഹരിവസ്തുക്കളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. 65 വാഹനങ്ങളിൽ നിന്നായിരുന്നു ഇവ പിടിച്ചെടുത്തത്. ഗുർമീത് റാം റഹിം സിങ്ങിന്റെ സ്വകാര്യ അംഗരക്ഷകരെന്ന് അവകാശപ്പെട്ട ആറു പേരെയും ആയുധങ്ങൾ സഹിതം പൊലീസ് പിടികൂടി. ഒരു പിസ്റ്റളും 25 വെടിയുണ്ടകളുമാണ് പിടിച്ചെടുത്തത്. പഞ്ച്കുളയിലെ അക്രമത്തിനു ശേഷം ചണ്ഡിഗഢിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ഇവർ പിടിയിലായത്.

മറ്റ് സംസ്ഥാനങ്ങളിലേക്കും അക്രമം പടർന്നതിനെത്തുടർന്ന് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. ഡൽഹി ആനന്ദ് വിഹാറിൽ രണ്ട് ട്രെയിൻ ബോഗികൾ അഗ്‌നിക്കിരയാക്കി. ഡൽഹി മെട്രോയിലെ സുരക്ഷ സിഐഎസ്എഫ് ശക്തമാക്കി; മെട്രോ പാതയിലുടനീളം ധ്രുതകർമസേനയുടെ സഹകരണത്തോടെ പട്രോളിങ് നടത്തുന്നുണ്ട്. ഡൽഹിലാഹോൽ ബസ് സർവീസുകൾ ട്രാൻസ്‌പോർട് കോർപറേഷൻ റദ്ദാക്കി. സെൻട്രൽ, നോർത്ത് ഡൽഹിയിലൊഴികെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലും നിരോധനാജ്ഞയുണ്ട്. അതിനിടെ അഞ്ച് കോടി അനുയായികളോടും തെരുവിലിറങ്ങാൻ ആഹ്വാനം ഗുർമീത് രഹസ്യമായി നൽകിയതായും സൂചനയുണ്ട്.

റാം റഹിമിനെ കുറ്റക്കാരനാണെന്നു വിധിച്ചതോടെ കോടതിയിലുണ്ടായിരുന്ന ഗുർമീതിനെ അറസ്റ്റ് ചെയ്തു റോത്തക്കിലെ താൽക്കാലിക ജയിലിലേക്കു മാറ്റി. പൊലീസ് ട്രെയിനിങ് സെന്ററിൽ താൽക്കാലിക ജയിൽ സജ്ജമാക്കിയിരുന്നു. അക്രമങ്ങളിൽ ഏർപ്പെടുന്ന അനുയായികളെ പാർപ്പിക്കാനായി മൂന്നു ജില്ലകളിലും താൽക്കാലിക ജയിലുകൾ സജ്ജീകരിച്ചിരുന്നു. സെക്ടർ 16ലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറമെ ചണ്ഡിഗഡ് താവു ദേവിലാൽ സ്റ്റേഡിയം കോംപ്‌ളക്‌സ്, സിർസയിലെ ദർബീർ സിങ് ഇൻഡോർ സ്റ്റേഡിയം എന്നിവയാണു താൽക്കാലിക ജയിലുകളായി പ്രഖ്യാപിച്ചത്. രാവിലെ ഇരുനൂറിലേറെ കാറുകളുടെ അകമ്പടിയോടെയാണ് സിർസയിലെ ആശ്രമത്തിൽ നിന്നു ഗുർമീത് കോടതിയിലേക്കു പുറപ്പെട്ടത്. അനുയായികൾക്കു പുറമേ മകളും ഒപ്പമുണ്ടായിരുന്നു. സിബിഐ ജഡ്ജി ജഗ്ദീപ് സിങ്ങിന്റെ വിധി ഗുർമീത് കേട്ടതു അക്ഷോഭ്യനായാണ്. അനുയായികൾ സമാധാനം കാത്തുസൂക്ഷിക്കണമെന്നും ഗുർമീത് നേരത്തേ അഭ്യർത്ഥിച്ചിരുന്നു.

ഗുർമീത് റാം റഹിം സിങ്ങിനുള്ള ശിക്ഷ 28നു പ്രഖ്യാപിക്കുന്നതു വിഡിയോ കോൺഫറൻസിങ്ങിലൂടെ. റോത്തക്കിലെ താൽക്കാലിക ജയിലിലാണു ഗുർമീതിനെ ഇപ്പോൾ പാർപ്പിച്ചിട്ടുള്ളത്. ഇയാളെ 28നു കോടതിയിൽ ഹാജരാക്കാതെ വിഡിയോ കോൺഫറൻസിങ്ങിലൂടെയാകും നടപടികൾ പൂർത്തിയാകുക. കോടതിയിൽ കൊണ്ടുവന്നാലുള്ള പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞാണ് ഇത്. ശിക്ഷ വിധിക്കുന്നതും കൂടുതൽ അക്രമം ഉണ്ടാക്കുമെന്ന് പൊലീസ് കരുതുന്നു. അതുകൊണ്ട് തന്നെ അന്നും പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്നലെ വിധി വരുന്നതിനു മുൻപ് റാം റഹീമിന്റെ അനുയായികളെ പഞ്ച്കുളയിൽ നിന്നു മാറ്റിയതാണ്. പക്ഷേ ആൾക്കൂട്ടം വൻതോതിൽ എത്തിയതോടെ സ്ഥിതി നിയന്ത്രണാതീതമാകുകയായിരുന്നു. ആൾക്കൂട്ടത്തിലേക്കു നുഴഞ്ഞു കയറിയ ചിലരാണ് അക്രമത്തിനു കാരണമെന്ന് ഹരിയാനാ മുഖ്യമന്ത്രി പറയുന്നു. അക്രമങ്ങൾക്ക് ഇരയായവർക്കെല്ലാം നഷ്ടപരിഹാരം നൽകുമെന്നും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും മാധ്യമപ്രവർത്തകുടെ ചോദ്യത്തിനു മറുപടിയായി ഖട്ടർ വ്യക്തമാക്കി. ഹരിയാനയിലെ ജില്ല തിരിച്ചുള്ള ക്രമസമാധാന റിപ്പോർട്ട് മുഖ്യമന്ത്രിയോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമസാധ്യതയെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും ഒന്നര ലക്ഷം പേർ എങ്ങനെ ഇവിടെയെത്തിയെന്ന് വിശദീകരണം നൽകണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിട്ടും ജനം പിരിഞ്ഞു പോയില്ല. തുടർന്നായിരുന്നു സൈന്യത്തിന്റെ വരവ്. അഞ്ചു മണിയോടെ പഞ്ച്കുളയിൽ സൈന്യമിറങ്ങി. അക്രമം തടയാൻ നടപടിയെടുക്കണമെന്ന് കോടതി നിർദ്ദേശം വരുമ്പോഴേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും അക്രമം പടർന്നിരുന്നു. ഹരിയാനയിലെ സിർസയിലെ ദേര ആശ്രമത്തിൽ 15 വർഷം മുൻപ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണു റാം റഹിം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.

ഗുർമീത് റാം റഹിമിനെ ജയിലിലേക്ക് മാറ്റിയത് ഹെലികോപ്ടറിൽ

അതിനിടെ, കനത്ത സുരക്ഷാ സന്നാഹത്തോടെ ഗുർമീത് റാം റഹിമിനെ റോഹ്തക് ജയിലിലേക്കു മാറ്റി. അക്രമം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചതിനെ തുടർന്ന് വ്യോമമാർഗമാണ് ഇയാളെ ജയിലിലെത്തിച്ചത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുകൾ നശിപ്പിച്ച് ഗുർമീത് അനുയായികൾ അഴിഞ്ഞാട്ടം തുടരുന്ന സാഹചര്യത്തിൽ, നഷ്ടപരിഹാരമായി ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഹൈക്കോടതി നിർദ്ദേശം നൽകി. സ്വത്തുക്കൾ വിറ്റ് നാശനഷ്ടങ്ങൾക്ക് പരിഹാരം കാണണമെന്നാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവ്. ഗുർമീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കു പിന്നാലെ ഹരിയാനയിലും ചണ്ഡിഗഢിലും ഉടലെടുത്ത സംഘർഷമാണ് വൻ കലാപമായി വളർന്നിരിക്കുന്നത്. വിധിക്കു പിന്നാലെ സുരക്ഷാ സേനയും ഗുർമീതിന്റെ അനുയായികളും തമ്മിൽ പഞ്ച്കുല പ്രത്യേക സിബിഐ കോടതിക്കു മുന്നിലും സമീപ പ്രദേശങ്ങളിലും ഏറ്റുമുട്ടി. വിധി പുറത്തുവന്നയുടൻ കോടതിക്കു പുറത്ത് സൈന്യം ഫ്‌ലാഗ് മാർച്ച് നടത്തി.

കൂടാതെ, കോടതിക്കു പുറത്തു തടിച്ചുകൂടിയിരുന്ന അനുയായികളെ പൊലീസ് നീക്കി. പഞ്ച്കുളയുടെ വിവിധ മേഖലകളിലെ വൈദ്യുത ബന്ധവും ഇന്റർനെറ്റ് കണക്ഷനും വിച്ഛേദിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിയുമടക്കമുള്ളവ ഉപയോഗിച്ചു. പഞ്ചാബിലെ മാൻസയിൽ പ്രതിഷേധക്കാർ രണ്ട് പൊലീസ് വാഹനങ്ങൾ അഗ്‌നിക്കിരയാക്കി. വിവിധ മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങൾക്കു നേരെയും മാധ്യമപ്രവർത്തകർക്കു നേരെയും അതിക്രമമുണ്ടായി. ഫിറോസ്പുർ, ഭട്ടിൻഡ എന്നിവിടങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു.

കലാപം ഉണ്ടായത് അഞ്ച് ജില്ലകളിൽ

കോടതി വിധിയെ തുടർന്നുണ്ടായ കലാപം അഞ്ചു സംസ്ഥാനങ്ങളിലേക്കു വ്യാപിച്ചു. ഹരിയാന, പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. കിഴക്കൻ ഡൽഹിയിലെ അതിർത്തി മേഖലയായ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ ദേര അനുയായികൾ രണ്ടു കോച്ചുകൾക്കു തീയിട്ടു.

വടക്കു കിഴക്കൻ ഡൽഹിയിലെ ലോനി ചൗക്കിൽ ദേര പ്രവർത്തകർ ബസ് കത്തിച്ചു. പഞ്ചാബിലെ മാലൗത്ത്, ബലുന റെയിൽവേ സ്റ്റേഷനുകൾക്കു തീയിട്ടു. അക്രമത്തെ തുടർന്ന് ഈ സംസ്ഥാനങ്ങളിലേക്കുമുള്ള പൊതു ഗതാഗതം നിർത്തിവച്ചു. റോത്തക്ക് വഴിയുള്ള 250ലേറെ ട്രെയിനുകൾ റദ്ദാക്കി.

കലാപസാധ്യത മുൻകൂട്ടിക്കണ്ടു കനത്ത പൊലീസ്, സൈനികസുരക്ഷ ഒരുക്കിയിരുന്നെങ്കിലും അക്രമികളെ നിയന്ത്രിക്കാൻ സാധിച്ചില്ല. 15,000 അർധസൈനികരെ പഞ്ച്കുളയിൽ വിന്യസിച്ചിരുന്നു. പതിനായിരക്കണക്കിനു പൊലീസുകാരും സ്ഥലത്തെത്തി. പഞ്ചാബിലും ഹരിയാനയിലും സംസ്ഥാനങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു ദിവസത്തേക്കു മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ നിരോധിച്ചു.

യോഗം വിളിച്ച് രാജ് നാഥ് സിങ്

അക്രമങ്ങൾ തടയുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഇന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് യോഗം വിളിച്ചു. ഉത്തരേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽ അക്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരസ്യമായി പിന്താങ്ങിയ പ്രസ്ഥാനമാണു ദേരാ സച്ചാ സൗദ. കേന്ദ്രത്തിലും ഹരിയാനയിലും രാജസ്ഥാനിലും ബിജെപിയാണു ഭരണത്തിൽ. അക്രമം തടയാൻ ശക്തമായ നടപടി കൈക്കൊണ്ടില്ലെന്ന പരാതിക്കിടയിലാണു യോഗം.

അക്രമസംഭവങ്ങൾ രാജ്യതലസ്ഥാനത്തേക്കും വ്യാപിച്ചു. നഗരത്തിൽ അതീവജാഗ്രതാ നിർദ്ദേശം നൽകി. ഡൽഹിയുടെ അതിർത്തി മേഖലയിലുള്ള ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന റേവ എക്സ്‌പ്രസിന്റെ രണ്ടു കോച്ചുകൾ കത്തിനശിച്ചു. ജഹാംഗീർപുരിയിലും കിഴക്കൻ ഡൽഹിയിലെ ലോനി ചൗക്കിലും ദേര പ്രവർത്തകർ ബസ് കത്തിച്ചു. ഡൽഹി - ഹരിയാന അതിർത്തി പ്രദേശങ്ങളായ ഗുരുഗ്രാം, ഫരീദാബാദ് മേഖലകളിൽ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സംവിധാനങ്ങൾ നിരോധിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കു കോടതിവിധി എത്തിയതിനു പിന്നാലെ ഗുരുഗ്രാമിലെയും മറ്റും ഓഫിസുകൾ പലതും പ്രവർത്തനം അവസാനിപ്പിച്ചു.

മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. അതിർത്തി പ്രദേശമായ നോയിഡയിലേക്കും അക്രമം വ്യാപിക്കുന്നതായാണു സൂചന. സംസ്ഥാനാന്തര ബസ് സർവീസുകളും ഏതാനും ദിവസത്തേക്കു റദ്ദാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹി ലഹോർ ബസ് സർവീസും താത്കാലികമായി നിർത്തിവച്ചു.

രാജസ്ഥാനിലും സുരക്ഷ ശക്തമാക്കി

രാജസ്ഥാനിലെ രണ്ടു ജില്ലകളിലും സുരക്ഷാക്രമീകരണം ശക്തമാക്കി. പഞ്ചാബ്, ഹരിയാന അതിർത്തി ജില്ലകളായ ശ്രീഗംഗാനഗർ, ഹനുമാൻഗഡ് എന്നിവിടങ്ങളിലാണു സുരക്ഷ ശക്തമാക്കിയത്. ചില പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ഹരിയാനയിലേക്കും പഞ്ചാബിലേക്കുമുള്ള ബസ് സർവീസുകളും റദ്ദാക്കി. ഇരു ജില്ലകളിലും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും റദ്ദാക്കി. ഇരു ജില്ലകളിലും ദേര അനുഭാവികളായ ധാരാളം ആളുകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP