Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദിവാസികൾ പീലാണ്ടിയെന്ന് പേരിട്ട കാട്ടാനയുടെ പേര് കോടനാട് ആനവളർത്തുകേന്ദ്രത്തിൽ ചന്ദ്രശേഖരൻ എന്നാക്കി മാറ്റിയത് ഹൈന്ദവത്ക്കരണം; മനുഷ്യാവകാശ പ്രവർത്തകരും ദലിത് ബുദ്ധിജീവികളും ഇടപെട്ടതോടെ പ്രശ്നം ജാതിവിവേചനം കൂടിയായി; മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും വനം വകുപ്പിനും പരാതി കിട്ടിയതോടെ കാര്യങ്ങൾ സങ്കീർണ്ണമായി; ഒടുവിൽ 'പീലാണ്ടി ചന്ദ്രു'വെന്ന് പേരുമാറ്റി തടിയൂരി അധികൃതർ

ആദിവാസികൾ പീലാണ്ടിയെന്ന് പേരിട്ട കാട്ടാനയുടെ പേര് കോടനാട് ആനവളർത്തുകേന്ദ്രത്തിൽ ചന്ദ്രശേഖരൻ എന്നാക്കി മാറ്റിയത് ഹൈന്ദവത്ക്കരണം; മനുഷ്യാവകാശ പ്രവർത്തകരും ദലിത് ബുദ്ധിജീവികളും ഇടപെട്ടതോടെ പ്രശ്നം ജാതിവിവേചനം കൂടിയായി; മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും വനം വകുപ്പിനും പരാതി കിട്ടിയതോടെ കാര്യങ്ങൾ സങ്കീർണ്ണമായി; ഒടുവിൽ  'പീലാണ്ടി ചന്ദ്രു'വെന്ന് പേരുമാറ്റി തടിയൂരി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: എന്തിലും ഏതിലും മതവും ജാതിയും കലരുന്ന കാലമാണിത്. പക്ഷേ ഒരു മൃഗത്തിന്റെ പേരിൽപ്പോലും ജാതിപ്പോര് ഉണ്ടാവുകയെന്നത്, പ്രബുദ്ധമെന്ന് പറയുന്ന കേരളം എവിടെ നിൽക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്. അട്ടപ്പാടി വനമേഖലയിൽനിന്ന് പിടികൂടി കോടനാട് ആനവളർത്തുകേന്ദ്രത്തിൽ എത്തിച്ച, ഏഴു പേരെ കൊലപ്പെടുത്തുകയും പതിവായി കൃഷിഭൂമി നശിപ്പിക്കുകയും ചെയ്ത, പീലാണ്ടി എന്ന് ആദിവാസികൾ പേരിട്ട കാട്ടാനയുടെ പേരിലാണ് ജാതിപ്പോര് തകർത്തത്. അക്രമിയാണെങ്കിലും പാലക്കാട് അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രിയങ്കരനായ കൊമ്പനാണ് കഥയിലെ നായകൻ. ആനയുമായി ചങ്ങാത്തത്തിലായ ആദിവാസികൾ അതിന് നൽകിയ പേരാണ് പീലാണ്ടി. കാടു വിട്ട് പതിവായി വെളിയിൽ വരുന്ന ആന ഇതിനകം ഏഴുപേരെ കൊലപ്പെടുത്തിയിട്ടുണ്ട്. കൃഷിഭൂമി നശിപ്പിക്കുന്നതും പതിവാണ്. എന്നിട്ടും ആനയെ വെറുക്കാത്ത ആദിവാസികൾ ആനയെ സ്‌നേഹിക്കുകയും വീട്ടിൽ പീലാണ്ടിയുടെ പ്രതിഷ്ഠയുണ്ടാക്കി അതിൽ പൂജ നടത്തുന്നതും പതിവായി ചെയ്തു വരികയാണ്.

പീലാണ്ടി കൃഷി നശിപ്പിക്കുന്നെന്ന് നാട്ടുകാരിൽ നിന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് പ്രശ്‌നത്തിൽ വനംവകുപ്പ് ഇടപെട്ടത്. എന്നാൽ ആദിാവാസികൾ പീലാണ്ടിയെക്കുറിച്ച് പരാതി നൽകിയിരുന്നില്ല. കൃഷിയിടങ്ങളിൽ ആന പതിവായി എത്താൻ തുടങ്ങിയതോടെ പരാതിയുമായി താമസക്കാർ വരികയും വനംവകുപ്പ് 2017 മെയ് 30 ന് പീലാണ്ടിയെ പിടിക്കുകയും ചെയ്തു. തുടർന്ന് ആനയെ വനം വകുപ്പ് എറണാംകുളത്തെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റുകയും അവിടെ ചട്ടം പഠിക്കാൻ ആരംഭിക്കുകയും ചെയ്തു. കുറേ നാളായി പീലാണ്ടിയെ കാണാതായ ആദിവാസികൾ 2017 ജൂൺ 6 ന് കോടനാട് ആനക്കൂട്ടിൽ എത്തിയതോടെയാണ് ജാതിപ്പോരിന്റെ കഥ തുടങ്ങുന്നത്.

കരിമ്പ് ഉൾപ്പെടെ പീലാണ്ടിക്ക് ഏറെ ഇഷ്ടപ്പെട്ട ആഹാര വസ്തുക്കളും സമ്മാനങ്ങളുമായി അട്ടപ്പാടിയിൽ നിന്നും 11 കുട്ടികൾ ഉൾപ്പെടെ 54 പേർ വാഹനം വാടകയ്ക്ക് എടുത്ത് 180 കിലോമീറ്റർ താണ്ടി തങ്ങളുടെ പ്രിയപ്പെട്ട ആനയെ തേടി കോടനാട് എത്തി. സന്ദർശനത്തിനിടയിലാണ് തങ്ങളുടെ പീലാണ്ടി, 'കോടനാട് ചന്ദ്രശേഖരൻ' എന്ന് പുനനാമകരണം ചെയ്യപ്പെട്ടതായി അറിഞ്ഞത്. ആദിവാസികളിൽനിന്ന് ഈ വിവരം ചില ദലിത് ആക്റ്റീവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും അറിഞ്ഞതോടെയാണ് വിഷയം കത്തിയത്. പീലാണ്ടി എന്ന പേര് മാറ്റിയത് ഹൈന്ദവവത്ക്കരണത്തിന്റെ ഭാഗമെന്നായി ഇവർ. ആദിവാസികൾ ആരാധിക്കുന്ന ആനയുടെ പേര് മാറ്റിയത് ഗോത്രസ്വത്വത്തെ തകർക്കുന്ന നടപടിയാണെന്നും, ചന്ദ്രശേഖരൻ എന്ന സവർണ്ണ പേരിലേക്ക് മാറ്റിയത് ജാതി വിവേചനമാണെന്ന ഇവർ ആരോപിച്ചു. പ്രശ്‌നത്തിൽ ഇടപെട്ട മനുഷ്യാവകാശ പ്രവർത്തകർ ജാതിബോധം വിവേചനം തുടങ്ങിയ ആരോപണം ഉയർത്തി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വനം വകുപ്പിനും പരാതി നൽകി.

ഇതോടെ വനം വകുപ്പ് പുലിവാൽ പിടിച്ചു. ആനയുടെ പേര് മാറ്റിയത് ബോധപൂർവമല്ലെന്നും ഇത്തരം പേരുകളാണ് കാട്ടിൽ നിന്ന് പിടിക്കുന്ന ആനകൾക്ക് സാധാരണ നൽകാറുള്ളതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടും ആരും ചെവികൊണ്ടില്ല. ഒടുവിൽ കഴിഞ്ഞ ദിവസം ആനയുടെ പേര് പീലാണ്ടി എന്നാണെന്ന് കാട്ടി വനംവകുപ്പ് നിർദ്ദേശം പുറത്തിറക്കി. ഇപ്പോൾ ആനയുടെ ഔദ്യോഗിക നാമം 'പീലാണ്ടി ചന്ദ്രു' എന്നാക്കി മാറ്റിയിരിക്കുകയാണ്. ഇതോടെ വിവാദങ്ങൾ അവസാനിക്കുമെന്നാണ് വനം വകുപ്പ് അധികൃതർ കരുതുന്നത്. തന്റെ പേരിൽ നടക്കുന്ന ജാതി -മത പേരാട്ടം ഒന്നും അറിയാതെ പീലാണ്ടി ചന്ദ്രു കോടനാട് ആന വളർത്തുകേന്ദ്രത്തിൽ കഴിയുകയാണ്. അതേസമയം നവ മാധ്യമങ്ങങ്ങളിൽ ഇതേ ചൊല്ലി കടുത്ത വിമർശനവും വരുന്നുണ്ട്. ഒരു ആനയുടെപേരിൽ പോലും ജാതി കാണാൻ കഴിയുന്ന രീതിയിൽ നമ്മുടെ സമൂഹം പിന്തിരിപ്പനായിപ്പോയോ എന്നാണ് പലരും ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP