Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അവസാന തീയതി കഴിഞ്ഞ് ഒരാഴ്ച ആയിട്ടും കുഞ്ഞ് പിറക്കാതെ വന്നപ്പോൾ അതീവ രഹസ്യമായി ഞായറാഴ്ച ആശുപത്രിയിലേക്ക് മാറ്റി; ഇന്നലെ രാവിലെ 5.26ന് മേഗന് കുഞ്ഞ് പിറന്നത് ലോകം അറിഞ്ഞപ്പോൾ സന്ധ്യയായി; ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏഴാം കിരീടാവകാശിയെ ഒരു നോക്ക് കാണാൻ കൊട്ടാര പരിസരത്ത് ആയിരങ്ങൾ

അവസാന തീയതി കഴിഞ്ഞ് ഒരാഴ്ച ആയിട്ടും കുഞ്ഞ് പിറക്കാതെ വന്നപ്പോൾ അതീവ രഹസ്യമായി ഞായറാഴ്ച ആശുപത്രിയിലേക്ക് മാറ്റി; ഇന്നലെ രാവിലെ 5.26ന് മേഗന് കുഞ്ഞ് പിറന്നത് ലോകം അറിഞ്ഞപ്പോൾ സന്ധ്യയായി; ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏഴാം കിരീടാവകാശിയെ ഒരു നോക്ക് കാണാൻ കൊട്ടാര പരിസരത്ത് ആയിരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കാത്ത് കാത്തിരുന്ന് ക്ഷമയുടെ നെല്ലിപ്പലക കണ്ടതിനൊടുവിൽ ആ സന്തോഷവാർത്ത പുറത്ത് വന്നിരിക്കുകയാണ്. ഹാരി രാജകുമാരന്റെയും മേഗന്റെയും കടിഞ്ഞൂൽ ആൺ സന്തതി പിറന്നുവെന്ന വാർത്ത അവസാനം പുറത്ത് വന്നിരിക്കുകയാണ്. അവസാന തീയതി കഴിഞ്ഞ് ഒരാഴ്ച ആയിട്ടും കുഞ്ഞ് പിറക്കാതെ വന്നപ്പോൾ അതീവ രഹസ്യമായി മേഗനെ ഞായറാഴ്ച ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ 5.26ന് മേഗന് കുഞ്ഞ് പിറന്നത് ലോകം അറിഞ്ഞപ്പോൾ സന്ധ്യയാവുകയും ചെയ്തു. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏഴാം കിരീടാവകാശിയെ ഒരു നോക്ക് കാണാൻ കൊട്ടാര പരിസരത്ത് ആയിരങ്ങൾ പ്രവഹിച്ചിരുന്നു.

ആശുപത്രിയിൽ പോകാതെ വീട്ടിൽ വച്ച് കുട്ടിക്ക് ജന്മമേകുകയെന്ന മേഗന്റെ സ്വപ്നം ഇതോടെ സഫലമാകാതെ പോവുകയും ചെയ്തു. മേഗനെ ലണ്ടനിലെ ആശുപത്രിയിലെത്തിക്കാൻ ഹാരിയെ സഹായിക്കാൻ സ്‌കോട്ട്ലൻഡ് യാർഡ് സെക്യൂരിറ്റി ടീമും രംഗത്തിറങ്ങിയിരുന്നു. പോർട്ട്ലാൻഡ് ഹോസ്പിറ്റലിൽ വച്ചാണ് മേഗൻ പ്രസവിച്ചിരിക്കുന്നതെന്നും അവിടെ അടിസ്ഥാന പ്രസവച്ചെലവ് 15,000 പൗണ്ട് വരുമെന്നും സൂചനയുണ്ട്. ബക്കിങ്ഹാം പാലസ് ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ലെങ്കിലും രാജകുടുംബത്തോട് അടുത്ത ഉറവിടങ്ങൾ മേഗൻ ആശുപത്രിയിൽ വച്ചാണ് പ്രസവിച്ചിരിക്കുന്നതെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

സാധാരണ രാജകുടുംബത്തിൽ സന്തതി പിറന്നാൽ കഴിയുന്നതും വേഗത്തിൽ കുഞ്ഞിനെ പൊതുജനത്തെ കാണിക്കുന്ന പരമ്പരാഗത രീതിയുണ്ട്. എന്നാൽ ഒരു കുടുംബമെന്ന നിലയിൽ കുഞ്ഞ് പിറന്നത് ആഘോഷിച്ചതിന് ശേഷം മാത്രമേ ഈ വിവരം പുറത്ത് പറയുകയുള്ളുവെന്ന് കഴിഞ്ഞ മാസമായിരുന്നു ഹാരിയും മേഗനും പ്രഖ്യാപിച്ചിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അതീവ രഹസ്യമായിട്ടായിരുന്നു മേഗനെ ഫ്രോഗ്മോറിൽ നിന്നും ആശുപത്രിയിലെത്തിച്ചിരുന്നത്. ഹാരിയും മേഗന്റെ അമ്മ ഡോറിയയും കൂടെയുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

കുട്ടി പിറന്നത് യഥാർത്ഥത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം 1.49നായിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. എന്നാൽ മേഗൻ ലേബർ യൂണിറ്റിലേക്ക് പോയെന്ന വിവരം ബക്കിങ്ഹാം പാലസ് പുറത്ത് വിട്ടിരുന്നില്ല. എന്നാൽ ഇന്നലെ 2.40നാണ് ദമ്പതികൾക്ക് മകൻ പിറന്നുവെന്ന വാർത്ത പുറത്ത് വന്നത്. വൈകുന്നേരം 4.45ന് കുട്ടിയുടെ ജനനത്തോട് അനുബന്ധിച്ച് സ്ഥാപിക്കുന്ന പരമ്പരാഗത ചിത്രപീഠം ബക്കിങ് ഹാം പാലസിൽ ഉയർത്തിയിരുന്നു. കുഞ്ഞിന് നാല് കിലോയ്ക്കടുത്ത് മാത്രമേ തൂക്കമുള്ളൂവെന്നും മേഗനെ പോലെ നിറം കുറഞ്ഞ കുഞ്ഞാണിതെന്നും സൂചനകൾ പുറത്ത് വന്നിട്ടുണ്ട്.

പുതിയ കിരീടാവകാശിയെ കാണാൻ കൊട്ടാര പരിസരത്തേക്ക് ആയിരങ്ങൾ ഒഴുകിയെത്തി

ഹാരിയുടെയും മേഗന്റെയും കുഞ്ഞിന്റെ പിറവി ആഘോഷിക്കുന്നതിനും സാധിച്ചാൽ കുഞ്ഞിനെ ഒരു നോക്ക് കാണാൻ കഴിയുമെന്ന പ്രതീക്ഷയാലും ആയിരക്കണക്കിന് രാജഭക്തരാണ് വിൻഡ്സർ കാസിൽ, ബക്കിങ്ഹാം പാലസ് എന്നിവിടങ്ങളിലേക്ക് ഇന്നലെ ഒഴുകിയെത്തിയിരുന്നത്. ഇതിന് പുറമെ ലോകമെങ്ങുമുള്ള രാജഭക്തർ സോഷ്യൽ മീഡിയയിലൂടെ ആശംസകൾ ചൊരിഞ്ഞ് കൊണ്ടിരിക്കുന്നുമുണ്ട്. തങ്ങൾക്ക് ആൺകുട്ടി പിറന്നുവെന്ന വാർത്ത ഹാരിയും മേഗനും ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചപ്പോൾ അതിന് ഒരു മില്യൺ ലൈക്കുകളാണ് ഒരു മണിക്കൂറിനകം ലഭിച്ചിരിക്കുന്നത്.

ആയിരക്കണക്കിന് പേർ കമന്റിട്ടിട്ടുമുണ്ട്. ഷാപെയിൻ ബോട്ടിലുകൾ പൊട്ടിച്ച് കൊണ്ടാണ് ആളുകൾ രാജകീയ പിറവി ആഘോഷിച്ചത്. രാജകുടുംബങ്ങൾ പാർക്കുന്ന ഇടങ്ങളിലെല്ലാം ആഘോഷം അരങ്ങേറിയിരുന്നു. ചിലർ കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളും ഉയർത്തിപ്പിടിച്ചായിരുന്നു ആഘോഷം കൊഴുപ്പിച്ചിരുന്നത്. ബിടി ടവറിൽ മേഗനും ഹാരിക്കും ആശംസ അറിയിച്ച് കൊണ്ടുള്ള ലൈറ്റിങ് സജ്ജമാക്കിയിരുന്നു. ഇതിനായി ഇ കാർഡുകൾ സജ്ജമാക്കി അയക്കാനും നിരവധി പേർ രംഗത്തെത്തിയിരുന്നു. ലേബർ നേതാവ് ജെറമി കോർബിൻ സ്‌കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്ടർജൻ, പ്രധാനമന്ത്രി തെരേസ തുടങ്ങിയ നിരവധി പ്രമുഖർ മേഗനും ഹാരിക്കും ആശംസകൾ നേർന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP